Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅശാന്തം, ഗൾഫ് ആകാശം;...

അശാന്തം, ഗൾഫ് ആകാശം; ഇറാന്‍ ആക്രമണത്തിൽ ബഹ്റൈനിൽ കുട്ടികളടക്കം 32 പേർക്ക് പരിക്ക്

text_fields
bookmark_border
അശാന്തം, ഗൾഫ് ആകാശം; ഇറാന്‍ ആക്രമണത്തിൽ ബഹ്റൈനിൽ കുട്ടികളടക്കം 32 പേർക്ക് പരിക്ക്
cancel

ബഹ്റൈനു മേലുള്ള ഇറാന്‍ ആക്രമണത്തിൽ കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ 12.30ഓടെ സിത്രയിലെ താമസ മേഖലയിൽ പതിച്ച ഡ്രോൺ ആണ് വലിയ ആഘാതത്തിന് കാരണമായത്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രണ്ട് മാസം പ്രായമുള്ള കുഞ്ഞിനടക്കം 32ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. 17 വയസ്സുകാരിക്ക് തലയ്ക്കും കണ്ണിനും ഗുരുതര പരിക്കേറ്റു. ഏഴും എട്ടും വയസ്സുള്ള രണ്ട് കുട്ടികളുടെ കാലുകൾക്ക് സാരമായ പരിക്കുണ്ട്.

പരിക്കേറ്റവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. ഇവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ രാജ്യത്തെ പ്രധാന എണ്ണ ശുദ്ധീകരണ ശാലയായ ബാപ്കോ റിഫൈനറി ലക്ഷ്യമിട്ടും ആക്രമണമുണ്ടായി. ആക്രമണത്തിൽ ഒരു ഓയിൽ ടാങ്കിന് സാരമായ കേടുപാടുകൾ സംഭവിച്ചു. തുടർന്നുണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് സംഘം ദ്രുതഗതിയിൽ നിയന്ത്രണവിധേയമാക്കി. വിദേശ കരാറുകളിൽ തടസ്സങ്ങൾ നേരിട്ടേക്കാമെങ്കിലും, രാജ്യത്തെ പ്രാദേശിക ഇന്ധന വിതരണത്തെ ഇത് ബാധിക്കില്ലെന്ന് ബാപ്കോ അധികൃതർ അറിയിച്ചു. ആക്രമണത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

കുവൈത്ത് വ്യോമാതിർത്തിയിൽ കണ്ടെത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ വിജയകരമായി തടഞ്ഞതായി കുവൈത്ത് ആർമി അറിയിച്ചു. കുവൈത്തിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ മിസൈലുകളുടെയും ഡ്രോണുകളുടെയും തടയുന്നതിന്റെ ഫലമാണെന്നും അറിയിച്ചു. നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഖത്തറിനുനേരെ 17 ബാലിസ്റ്റിക് മിസൈലുകൾ

ഖത്തറിനുനേരെ തിങ്കളാഴ്ച വീണ്ടും ആക്രമണം. തിങ്കളാഴ്ച ഉച്ചവരെ 17 ബാലിസ്റ്റിക് മിസൈലുകളും ആറു ഡ്രോണുകളുമാണ് ഇറാൻ ഖത്തറിനു നേരെ തൊടുത്തത്. എല്ലാ ആക്രമണ ശ്രമങ്ങളെയും വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുലർച്ചെ പ്രാദേശിക സമയം 3.30 ഓടെയാണ് ആദ്യം ആക്രമണ ശ്രമം നേരിട്ടത്. സുരക്ഷാ ഭീഷണിയെ തുടർന്ന് വീടിനുള്ളിൽ തന്നെ തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, മിനിറ്റുകൾക്കുള്ളിൽ തുടർച്ചയായി ആക്രമണം ഉണ്ടായി. ഖത്തറിനു നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ വിശ്വാസ വഞ്ചന നേരിട്ടതായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി. ഇറാന് എതിരായ യുദ്ധത്തിൽ പങ്കുചേരില്ലെന്ന് മേഖലയിലെ രാജ്യങ്ങൾ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ആക്രമണം ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യു.എ.ഇയിൽ പ്രവാസികൾക്ക് പരിക്ക്

അബൂദബിയിൽ രണ്ടിടത്തായി അവശിഷ്ടങ്ങൾ വീണ് രണ്ട് പ്രവാസികൾക്ക് പരിക്കേറ്റതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കുന്നതിനിടെയാണ് അപകടം. ജോർഡൻ, ജൗജിപ്ത് പൗരൻമാർക്കാണ് പരിക്കേറ്റത്. യു.എ.ഇയിലെ കിഴക്കൻ എമിറേറ്റായ ഫുജൈറയിൽ വ്യോമ പ്രതിരോധ നടപടിക്കിടെ തീപിടിത്തവുമുണ്ടായി. ഇത് പിന്നീട് അഗ്നിശമന സേനാംഗങ്ങളെത്തി നിയന്ത്രണത്തിലാക്കി. ഇറാനിൽ നിന്ന് ആക്രമണങ്ങൾ തുടർന്ന തിങ്കളാഴ്ച15 ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തിയതിൽ 12 എണ്ണം വിജയകരമായി തടഞ്ഞുവീഴ്ത്തിയെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മൂന്ന് മിസൈലുകൾ കടലിൽ പതിച്ചതായും രാജ്യത്തിന് നേരെ വന്ന 18 ഡ്രോണുകളിൽ 17 എണ്ണം പ്രതിരോധിച്ചു.

സൗദിയിൽ മരിച്ചത് ഇന്ത്യക്കാരല്ല

സൗദി അറേബ്യയിലെ തന്ത്രപ്രധാനമായ സൈനിക-സാമ്പത്തിക കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ടുണ്ടായ ഡ്രോൺ-ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ സൗദി പ്രതിരോധ സേന വിജയകരമായി പരാജയപ്പെടുത്തി. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയുമായി നടന്ന വിവിധ ആക്രമണശ്രമങ്ങളിലായി രണ്ട് ബാലിസ്റ്റിക് മിസൈലുകളും 30-ലധികം ഡ്രോണുകളും സൈന്യം വെടിവെച്ചിട്ടു.

ഞായറാഴ്ച്ച വൈകിട്ട് ആൽഖർജിൽ അമീർ സുൽത്താൻ എയർബേസ് ലക്ഷ്യമാക്കി എത്തിയ മിസൈൽ ലക്ഷ്യം തെറ്റി സമീപത്തെ പാർപ്പിട കേന്ദ്രത്തിൽ പതിച്ചു മരിച്ച രണ്ടുപേരും ബംഗ്ലാദേശ് പൗരന്മാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ ഇന്ത്യൻ പൗരനാണെന്ന രീതിയിൽ ആദ്യം പുറത്തുവിട്ട വാർത്ത പ്രതിരോധ മന്ത്രാലയം തിരുത്തുകയായിരുന്നു. പരിക്കേറ്റവരിൽ ഒരാൾ ഇന്ത്യാക്കാരനാണ്.

ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു. തിങ്കളാഴ്ച പുറത്തിറക്കിയ പുതിയ സർക്കുലർ പ്രകാരം, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.നേരത്തെ മാർച്ച് ഒമ്പത്, 10, 11 തീയതികളിലെ പരീക്ഷകളും മാറ്റിവെച്ചിരുന്നു. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ സ്കൂളുകൾക്ക് ഈ തീരുമാനം ബാധകമാണ്. 14-ന് നടക്കുന്ന അവലോകന യോഗത്തിന് ശേഷം മാർച്ച് 16-ന് ശേഷമുള്ള പരീക്ഷകളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsBahrainMiddle East ConflictUS Attack on Iran
News Summary - 32 people, including children, injured in Iranian attack in Bahrain
Next Story