സാദിസ് ബുബ 30 കാരനോ, 16കാരനോ? നൈജീരിയയിൽ ചർച്ച ചൂടുപിടിക്കുന്നു
text_fieldsഅബൂജ: പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പ്രതിനിധിസഭയിലേക്ക് മത്സരിക്കാൻ സീറ്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു 'കുട്ടി'യുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ നൈജീരിയയിൽ പ്രധാന ചർച്ച. കണ്ടാൽ ചെറിയ കുട്ടി എന്ന് തോന്നിപ്പിക്കുന്ന മഹ്മൂദ് സാദിസ് ബുബ ആണ് തെരഞ്ഞെടുപ്പിൽ പ്രതിനിധിസഭയിലേക്ക് ഭരണ കക്ഷിയായ ഓൾ പ്രോഗ്രസീവ്സ് കോൺഗ്രസ് (എപിസി) ടിക്കറ്റിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ഇതോടെ ഇത്രയും ചെറിയ കുട്ടി മത്സരിക്കുകയോ എന്നായി ആളുകൾ. എന്നാൽ തനിക്ക് 30 വയസ്സായി എന്നും ഭരണഘടനാ ചട്ടങ്ങൾ പ്രകാരം തനിക്ക് മത്സരിക്കാൻ കഴിയുമെന്നുമായിരുന്നു ബുബയുടെ മറുപടി. ശരീര വലിപ്പക്കുറവ് കുള്ളൻ രോഗമാണെന്നും ഇത് തന്റെ പിതൃപിതാവിൽ നിന്ന് പാരമ്പര്യമായി ലഭിച്ചതായി അദ്ദേഹം അവകാശപ്പെടുന്നു. ദേശീയ അസംബ്ലിയിൽ സേവനമനുഷ്ഠിക്കാനുള്ള തന്റെ കഴിവിനെ തന്റെ ഉയരം ഒരിക്കലും ബാധിക്കില്ലെന്നും അദ്ദേഹം വാദിച്ചു.
ബുബയെ പിന്തുണച്ചും ആളുകൾ രംഗത്തെത്തി. എന്നാൽ രേഖകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ ബുബക്ക് 16 വയസ്സ് മാത്രമാണുള്ളതെന്ന് കണ്ടെത്തിയതായി പീപ്പിൾസ് ഗസറ്റ് റിപ്പോർട്ട് ചെയ്തു. ഇതോടെ കാര്യങ്ങൾ കൈവിട്ടുപോയി. ബുബ പുതിയ രാഷ്ട്രീയ വിവാദത്തിന്റെ കേന്ദ്രബിന്ദുവായി മാറി. പിന്നീട് ബുബ മത്സരത്തിൽ നിന്ന് പിന്മാറിയതായി ബിബിസി റിപ്പോർട്ട് ചെയ്തു.
മറ്റൊരു അഭിമുഖത്തിൽ തനിക്ക് 25 വയസ്സുണ്ടെന്നും മത്സരിക്കാൻ യോഗ്യനാണെന്ന് അദ്ദേഹം അവകാശപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഇതിനിടെ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളും ചോർന്നു. 2010ലാണ് ബുബ ജനിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ 1995ലാണ് താൻ ജനിച്ചതെന്നായിരുന്നു ബുബയുടെ അവകാശവാദം. അതിനിടെ പാർട്ടി സ്ക്രീനിങ്ങിനിടെ ബുബ തനിക്ക് 30 വയസ്സുണ്ടെന്ന് വാദിക്കുന്ന വീഡിയോയും പുറത്തുവന്നു. ഇതോടെ നൈജീരിയയിലെ സ്ഥാനാർഥി നിർണയ പ്രക്രിയയെക്കുറിച്ച് കടുത്ത വിമർശങ്ങളും ഉയർന്നു. എന്നാൽ ചോർന്ന പേപ്പറുകളുടെ ആധികാരികത ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നൈജീരിയയിൽ പാർലമെന്റിലേക്ക് മത്സരിക്കാൻ 25 വയസ്സ് പൂർത്തിയാകണം.
കടുനയിലെ സബോൺ ഗാരി മണ്ഡലത്തിൽ നിന്നുള്ള ബുബ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് ഡ്രൈവറായി ജോലി ചെയ്തിരുന്നതായും അവകാശവാദമുണ്ട്. പിന്നീട് എ.പി.സിക്ക് വേണ്ടി പൊതുരംഗത്തിറങ്ങുകയും പ്രാദേശികമായി ആളുകളെ സംഘടിപ്പിച്ച് ശ്രദ്ധ നേടുകയും ചെയ്തു. സാരിയയുടെ അത്ഭുതം എന്നാണ് ബുബയെ പിന്തുണക്കുന്നവർ വിശേഷിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

