ഉടൻ വിട്ടോണം, ഇല്ലെങ്കിൽ അഴിയെണ്ണും...; അനധികൃതമായി അമേരിക്കയിൽ തങ്ങുന്ന വിദേശികളോട് ട്രംപ്
text_fieldsവാഷിങ്ടൺ: 30 ദിവസത്തിൽ കൂടുതൽ അമേരിക്കയിൽ താമസിക്കുന്ന വിദേശ പൗരന്മാർ സർക്കാറിൽ രജിസ്റ്റർ ചെയ്യണമെന്നും അല്ലെങ്കിൽ പിഴയും തടവും അനുഭവിക്കേണ്ടിവരുമെന്നും ആഭ്യന്തര സുരക്ഷാ വകുപ്പ്. എച്ച്-1 ബി അല്ലെങ്കിൽ സ്റ്റുഡന്‍റ് പെർമിറ്റ് പോലുള്ള വിസകളിൽ യു.എസിലുള്ളവരെ ഈ തീരുമാനം നേരിട്ട് ബാധിക്കില്ല. എന്നാൽ, എച്ച്-1 ബി വിസയിലുള്ള വ്യക്തിക്ക് ജോലി നഷ്ടപ്പെട്ടാൽ നിർദ്ദിഷ്ട കാലയളവിനകം രാജ്യം വിട്ടില്ലെങ്കിലും നടപടി നേരിടേണ്ടി വന്നേക്കാം.
30 ദിവസത്തിൽ കൂടുതൽ യു.എസിൽ താമസിക്കുന്ന വിദേശ പൗരന്മാർ ഫെഡറൽ ഗവൺമെന്‍റിൽ രജിസ്റ്റർ ചെയ്യണം. ഇത് പാലിക്കുന്നതിൽ പരാജയപ്പെടുന്നത് പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണ്. നിയമവിരുദ്ധരായ വിദേശികൾക്ക് ട്രംപ് നൽകുന്ന വ്യക്തമായ സന്ദേശമിതാണ്: ഇപ്പോൾ തന്നെ പോകൂ, സ്വയം നാടുകടക്കുക -ട്രംപിന്‍റെ ഓഫീസിനെയും വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോയമിനെയും ടാഗ് ചെയ്ത് ആഭ്യന്തര സുരക്ഷാ വിഭാഗം എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
വിദേശ പൗരന്മാർ അംഗീകാരമില്ലാതെ യു.എസിൽ തങ്ങുന്നത് തടയുന്നതിനുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ ഒരുങ്ങുകയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ട്രംപിന്‍റെ നിർദേശം തള്ളിയ ഹാർവാർഡിനുള്ള ഗ്രാന്‍റ് മരവിപ്പിച്ചു
കാമ്പസ് ആക്ടിവിസത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ഡോണൾഡ് ട്രംപിന്‍റെ നിർദേശം തള്ളിയ പ്രശസ്തമായ ഹാർവാർഡ് സർവകലാശാലക്കെതിരെ നടപടി. സർവകലാശാലക്ക് നൽകിയിരുന്ന 2.2 ബില്യൺ ഡോളറിന്‍റെ ഗ്രാന്‍റ് ട്രംപ് ഭരണകൂടം മരവിപ്പിച്ചു. കൂടാതെ, സർവകലാശാലക്ക് നൽകിയിരുന്ന 60 മില്യൺ ഡോളറിന്‍റെ കരാറും താൽക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്.
സർവകലാശാലയുടെ ഫെഡറൽ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും സർവകലാശാലയുടെ സ്വയംഭരണത്തിലും ഭരണഘടന അവകാശത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്നും ഹാർവാർഡ് പ്രസിഡന്‍റ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.