സ്വന്തം സംസ്കാരത്തിനിടെ ഞെട്ടിയുണർന്ന് മൂന്നുവയസുകാരി; പിന്നാലെ മരണം
text_fieldsസ്വന്തം ശവസംസ്കാരത്തിനിടെ ഞെട്ടിയുണർന്ന പെൺകുട്ടി തൊട്ടുപിന്നാലെ മരിച്ചു. വയറിലെ അണുബാധയെ തുടർന്ന് മരിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ചതിന് ശേഷമാണ് മൂന്ന് വയസുകാരി സ്വന്തം ശവസംസ്കാര ചടങ്ങിൽ ഉണർന്നത്. മധ്യ മെക്സിക്കോയിലാണ് സംഭവം. കാമില റൊക്സാന മാർട്ടിനെസ് മെൻഡോസ എന്ന കൊച്ചു പെൺകുട്ടി ആഗസ്റ്റ് 17ന് മരിച്ചതായി ഡോക്ടർമാർ വിധിയെഴുതിയിരുന്നു.
സെൻട്രൽ മെക്‌സിക്കോയിലെ സാൻ ലൂയിസ് പോട്ടോസി സംസ്ഥാനത്തെ സലീനാസ് ഡി ഹിൽഡാൽഗോ കമ്മ്യൂണിറ്റി ഹോസ്പിറ്റലിലാണ് വിചിത്രമായ സംഭവം നടന്നത്. കുഞ്ഞിന് ഛർദ്ദിയും വയറുവേദനയും പനിയും ഉണ്ടായിരുന്നുവെന്ന് കാമിലയുടെ അമ്മ മേരി ജെയിൻ മെൻഡോസ പറഞ്ഞു. അവർ അവളെ ജന്മനാടായ വില്ല ഡി റാമോസിലെ ഒരു ശിശുരോഗവിദഗ്ദ്ധന്റെ അടുത്ത് കൊണ്ടുപോയി. കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ പീഡിയാട്രീഷ്യൻ കാമിലയുടെ മാതാപിതാക്കളോട് പറഞ്ഞു. നിർജ്ജലീകരണം മൂലം അവൾക്ക് ചികിത്സ നൽകുകയും പാരസെറ്റമോൾ നിർദ്ദേശിക്കുകയും ചെയ്തു.
കാമിലയുടെ നില വീണ്ടും വഷളായി. അവളുടെ മാതാപിതാക്കൾ വീണ്ടും അതേ ആശുപത്രിയിലേക്ക് എത്തി. അവളെ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു. കാമിലയുടെ ശവസംസ്കാര ചടങ്ങിൽ, ശവപ്പെട്ടിയിലെ ഗ്ലാസ് പാനലിൽ നനവ് മേരി ശ്രദ്ധിച്ചു.
കാമിലയുടെ കണ്ണുകൾ ചലിക്കുന്നത് മേരിയുടെ അമ്മായിയും ശ്രദ്ധിച്ചു. കുടുംബാംഗങ്ങൾ കാമിലയുടെ പൾസ് പരിശോധിച്ച് അവൾ ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിച്ചു. പെൺകുട്ടിയെ വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം വിശദമായി കേസ് അന്വേഷിക്കുമെന്ന് ജനറൽ സ്റ്റേറ്റ് അറ്റോർണി ജോസ് ലൂയിസ് റൂയിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

