യു.എസിൽ കാർഗോ വിമാനം തകർന്നുവീണ് അഗ്നിഗോളമായി, അപകടം ടേക്ക് ഓഫിനു പിന്നാലെ; മൂന്നു മരണം -വിഡിയോ
text_fieldsവാഷിങ്ടൺ: യു.എസിലെ കെന്റക്കിയിൽ കാർഗോ വിമാനം തകർന്നു വീണ് മൂന്നു മരണം. 11 പേർക്ക് പരിക്കേറ്റു. യുനൈറ്റഡ് പാഴ്സൽ സർവിസിന്റെ (യു.പി.എസ്) വിമാനമാണ് ലൂയിസ്വില്ലയിലെ മുഹമ്മദ് അലി രാജ്യാന്തര വിമാനത്താവളത്തിൽനിന്നു പറന്നുയർന്നതിനു പിന്നാലെ തകർന്ന് വീണ് അഗ്നിഗോളമായത്.
വിമാനം കത്തിയമരുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനത്തിൽ മൂന്നു ജീവനക്കാരാണുണ്ടായിരുന്നതെന്ന് യു.പി.എസ് കമ്പനി അറിയിച്ചു. പ്രാദേശിക സമയം വൈകീട്ട് 5.15നാണ് അപകടം. വിമാനത്തിൽ വൻ തോതിൽ ഇന്ധനം ഉണ്ടായിരുന്നു. വിമാനത്താവളത്തിനു സമീപത്തെ വ്യവസായ മേഖലയിലേക്കാണ് വിമാനം തകർന്നു വീണത്. നിരവധി കെട്ടിടങ്ങളിലേക്ക് തീ പടർന്നു.
സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഉയർന്നേക്കാമെന്ന് കെന്റക്കി ഗവർണർ ആൻഡി ബേഷർ അറിയിച്ചു. പറന്നുയർന്നതിനു തൊട്ടുപിന്നാലെ ഇടതുഭാഗത്തെ എൻജിനിൽനിന്ന് തീ ഉയർന്ന വിമാനം നിമിഷങ്ങൾക്കുള്ളിലാണ് കത്തിയമർന്നത്. വിമാനത്താവളത്തിന് വടക്കുള്ള ഒഹായോ നദി വരെയുള്ള എല്ലാ പ്രദേശങ്ങളിലേക്കും ഷെല്‍ട്ടര്‍-ഇന്‍-പ്ലേസ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന് ലൂയിസ്വില്ല മെട്രോ എമര്‍ജന്‍സി സര്‍വിസസ് പറഞ്ഞു.
യു.പി.എസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള മക്‌ഡൊണല്‍ ഡഗ്ലസ് എംഡി-11 വിമാനമാണ് കത്തിയതെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ ഏറ്റവും വലിയ കാർഗോ യൂനിറ്റാണ് ലൂയിസ്വില്ലയിലേത്. ദിനംപ്രതി 300 കാർഗോ വിമാനങ്ങളാണ് ഇവിടുന്ന് സർവിസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

