മ്യാൻമറിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ക്യാമ്പിൽ സൈന്യത്തിന്റെ ആക്രമണം: 29 മരണം
text_fieldsബാങ്കോക്ക്: വടക്ക് കിഴക്കൻ മ്യാൻമറിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസകേന്ദ്രത്തിലുണ്ടായ സൈനിക ആക്രമണത്തിൽ 13 കുട്ടികൾ ഉൾപ്പെടെ 29 പേർ കൊല്ലപ്പെട്ടു. 56 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ 44 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈനീസ് അതിർത്തിയോട് ചേർന്ന ലൈസ എന്ന ചെറുനഗരത്തിന് സമീപമുള്ള മോങ് ലായി ഖേത് ക്യാമ്പിലാണ് തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് ആക്രമണമുണ്ടായത്.
സ്വയംഭരണത്തിനുവേണ്ടി വർഷങ്ങളായി പോരാടുന്ന പ്രാദേശിക സായുധ സംഘങ്ങളിലൊന്നായ കച്ചിൻ ഇൻഡിപെൻഡൻസ് ഓർഗനൈസേഷന്റെ (കെ.ഐ.ഒ) നിയന്ത്രണത്തിലുള്ള പ്രദേശത്താണ് ക്യാമ്പ്. കൊല്ലപ്പെട്ടവരെല്ലാം സിവിലിയൻമാരാണെന്ന് കെ.ഐ.ഒ വക്താവ് പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിെന്റ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടു. ഒരു വർഷത്തിലേറെയായി കെ.ഐ.ഒ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ സൈന്യം ആക്രമണം ശക്തമാക്കിയിരിക്കുകയാണെന്ന് കച്ചിൻ അധികൃതർ പറഞ്ഞു. സൈനിക ഭരണകൂടത്തിനെതിരെ പോരാടുന്ന സായുധ വിഭാഗങ്ങളെ പിന്തുണക്കുന്നതിെന്റ പേരിലാണ് സൈന്യം മേഖലയിൽ രൂക്ഷമായ ആക്രമണം നടത്തുന്നത്.
2021ൽ ഓങ്സാൻ സൂചിയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ ശേഷം, 10,000ത്തോളം ആളുകളെയാണ് കച്ചിൻ സംസ്ഥാനത്തുനിന്ന് കുടിയിറക്കിയത്. സൈനിക അട്ടിമറിയെ തുടർന്നുണ്ടായ രക്തരൂഷിത കലാപത്തിൽ മ്യാൻമറിൽ 4100 പേർ കൊല്ലപ്പെട്ടിരുന്നു. ആയിരങ്ങളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

