ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി യു.എസിൽ വെടിയേറ്റ് മരിച്ചു
text_fieldsആദിത്യ അദ്ലാഖ
വാഷിങ്ടൺ: ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി യു.എസിലെ ഒഹായോയിൽ വെടിയേറ്റ് മരിച്ചു. ഡൽഹി സ്വദേശിയായ യൂനിവേഴ്സിറ്റി ഓഫ് സിൻസിനാറ്റി മെഡിക്കൽ സ്കൂളിലെ നാലാം വർഷ വിദ്യാർഥി ആദിത്യ അദ്ലാഖയെ (26) ആണ് കാറിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. വെടിയേറ്റ് ചില്ല് തുളച്ച കാർ ശ്രദ്ധയിൽപെട്ട മറ്റൊരു ഡ്രൈവർ പൊലീസിനെ അറിയിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച യുവാവ് രണ്ടു ദിവസത്തിന് ശേഷം മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
ഡൽഹി സർവകലാശാലയിലെ രാംജാസ് കോളജിൽനിന്ന് സുവോളജിയിൽ ബിരുദവും ന്യൂഡൽഹി എയിംസിൽനിന്ന് ഫിസിയോളജിയിൽ പി.ജിയും എടുത്ത ശേഷമാണ് യു.എസിൽ മെഡിക്കൽ പഠനത്തിന് പോയത്.

