അദാനി ഗ്രൂപ്പിന്റെ 265 മില്യൺ ഡോളർ തട്ടിപ്പ്: ഇന്ത്യ അനുകൂലമായി പ്രതികരിക്കുന്നില്ലെന്ന് യു.എസ് കമീഷൻ കോടതിയിൽ
text_fieldsവാഷിംങ്ടൺ: 265 മില്യൺ ഡോളർ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് എക്സിക്യൂട്ടിവുകൾക്ക് സമൻസ് അയക്കണമെന്ന അഭ്യർഥനയോട് ഇന്ത്യൻ അധികൃതർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്ന് യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷൻ അമേരിക്കൻ കോടതിയെ അറിയിച്ചു. കമീഷൻ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സമർപ്പിച്ച രേഖകളിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അദാനി ഗ്രൂപ്പ് സ്ഥാപകൻ ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കും നിയമപരമായ രേഖകൾ നൽകുന്നതിനായി ഇന്ത്യയുടെ നിയമ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെട്ടതായും എസ്.ഇ.സി ന്യൂയോർക്ക് ജില്ലാ കോടതിയെ അറിയിച്ചു. മന്ത്രാലയവുമായുള്ള അവരുടെ ഏറ്റവും പുതിയ ആശയവിനിമയം സെപ്റ്റംബർ 14 നായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യൻ അധികൃതരിൽനിന്നും അതിർത്തി കടന്നുള്ള സഹകരണം ഉറപ്പാക്കാൻ യു.എസ് റെഗുലേറ്റർ നടത്തിയ ഉന്നതതല ശ്രമങ്ങളിലൊന്നാണിത്.
എസ്.ഇ.സി ഇന്ത്യൻ നിയമ, നീതിന്യായ മന്ത്രാലയവുമായി ആശയവിനിമയം തുടരുകയും ഹേഗ് സർവിസ് കൺവെൻഷൻ വഴി പ്രതികളെ രാജ്യത്തിലേക്ക് കൊണ്ടുവരുന്നതിനായി ശ്രമിക്കുകയും ചെയ്യുമെന്ന് രേഖകളിൽ പറയുന്നു. അദാനി ഗ്രൂപ്പ് എക്സിക്യൂട്ടിവുകൾ ആരും യു.എസ് കസ്റ്റഡിയിലില്ല. ഇരുവരും നിലവിൽ ഇന്ത്യയിലാണ്.
അദാനി ഗ്രൂപ്പിന്റെ ഒരു യൂനിറ്റായ അദാനി ഗ്രീൻ എനർജി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാൻ ഇന്ത്യൻ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താൻ അദാനി കൈക്കൂലി നൽകിയെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം ബ്രൂക്ലിനിലെ യു.എസ് പ്രോസിക്യൂട്ടർമാർ ഒരു കുറ്റപത്രം സമർപ്പിച്ചിരുന്നു.
കമ്പനിയുടെ അഴിമതി വിരുദ്ധ നടപടികളെക്കുറിച്ച് ഉറപ്പ് നൽകുന്ന വിവരങ്ങൾ നൽകി എക്സിക്യൂട്ടിവുകൾ യു.എസ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചുവെന്ന് എസ്.ഇ.സി പരാതിയിൽ ആരോപിച്ചു.
എന്നാൽ, പുതിയ ആരോപണങ്ങളോട് അദാനി ഗ്രൂപ്പും ഇന്ത്യയുടെ നിയമ-നീതിന്യായ മന്ത്രാലയവും പ്രതികരിച്ചില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നേരത്തെ അദാനി ഗ്രൂപ്പ് ആരോപണങ്ങളെ ‘അടിസ്ഥാനരഹിതം’ എന്ന് തള്ളിക്കളയുകയും സാധ്യമായ എല്ലാ നിയമപരമായ മാർഗങ്ങളും പിന്തുടരുമെന്ന് പറയുകയും ചെയ്തിരുന്നു. ആരോപണങ്ങൾ പരിശോധിക്കാൻ സ്വതന്ത്ര നിയമ സ്ഥാപനങ്ങളെ നിയോഗിച്ചായി അദാനി ഗ്രീൻ എനർജി കഴിഞ്ഞ ജനുവരിയിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

