റഷ്യൻ അധിനിവേശം-കിയവിൽ കൊല്ലപ്പെട്ടത് 228 പേരെന്ന് യുക്രെയ്ൻ
text_fieldsകിയവ്: യുക്രെയ്നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം കിയവിൽ നാല് കുട്ടികളുൾപ്പടെ 228 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ. കിയവ് സ്റ്റേറ്റ് അഡ്മിനിസ്ട്രേഷനാണ് കണക്കുകൾ ഫേസ്ബുക്ക് വഴി പുറത്തു വിട്ടത്.
റിപ്പോർട്ട് പ്രകാരം 16 കുട്ടികളുൾപ്പടെ 912 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബോംബാക്രമണങ്ങളിൽ റെസിഡൻഷ്യൽ കെട്ടിടങ്ങളും ഒരു അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടവും തകർന്നതായി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ആക്രമണങ്ങളിൽ വീടുകൾ തകർന്നവരെ സഹായിക്കുന്നതിന് പ്രവർത്തനങ്ങൾ തുടരുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തെക്കൻ യുക്രെയ്ൻ നഗരമായ മരിയുപോളിൽ ശക്തമായ തെരുവ് യുദ്ധമാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് മേയർ പറഞ്ഞു. മരിയുപോളിലെ ഡ്രാമ തിയേറ്ററിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി അടുത്തിടെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ആയിരക്കണക്കിന് അഭയാർഥികൾ താമസിക്കുന്ന കെട്ടിടത്തിന് നേരെ വ്യാഴാഴ്ചയാണ് ആക്രമണമുണ്ടായത്. എന്നാൽ തിയറ്ററിന് കീഴിലുള്ള ബങ്കറുകൾ ആക്രമണത്തിൽ നിന്നും ആളുകളെ സംരക്ഷിച്ചതായും ആരും തന്നെ മരിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
യു.എൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ആക്രമണം ആരംഭിച്ചതിനുശേഷം 64 കുട്ടികൾ ഉൾപ്പെടെ 847 പേർ കൊല്ലപ്പെട്ടതായാണ് വിവരം. എന്നാൽ യഥാർത്ഥ കണക്കുകൾ ഇതിലും കൂടിയേക്കാമെന്നാണ് പറയുന്നത്. 3.3 ദശലക്ഷത്തിലധികം അഭയാർഥികൾ പടിഞ്ഞാറൻ അതിർത്തിയിലൂടെ യുക്രെയ്‌നിൽ നിന്ന് പലായനം ചെയ്‌തുവെന്നാണ് കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

