യുദ്ധം അവസാനിപ്പിക്കൂ; ഇസ്രായേലിൽ പ്രതിഷേധം വ്യാപിക്കുന്നു- 21 പേർ അറസ്റ്റിൽ
text_fieldsതെൽഅവീവ്: ഇസ്രായേലും യു.എസും സംയുക്തമായി ആരംഭിച്ച യുദ്ധത്തിൽ ശക്തമായ തിരിച്ചടികൾ ലഭിക്കാൻ തുടങ്ങിയതോടെ ഇസ്രായേലിൽ യുദ്ധവിരുദ്ധ പ്രതിഷേധങ്ങൾ വ്യാപകമാവുന്നു. വിരലിലെണ്ണാവുന്ന ആളുകളിൽ നിന്ന് ആരംഭിച്ച പ്രതിഷേധങ്ങളിൽ ഇപ്പോൾ ആയിരങ്ങളാണ് അണിനിരക്കുന്നത്. യുദ്ധം രണ്ടാമത്തെ മാസത്തിലേക്ക് കടന്നതോടെ പ്രതിഷേധങ്ങളും വ്യാപകമായി. തെൽ അവീവ്, ഹൈഫ, ജെറുസലേം എന്നീ പ്രധാന നഗരങ്ങളിലെല്ലാം വൻ പ്രിതിഷേധങ്ങൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്.
ശനിയാഴ്ച രാത്രി ഇസ്രായേലിലുടനീളം 21 പ്രകടനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. തെൽ അവീവിൽ 13 പ്രതിഷേധക്കാരും ഹൈഫയിൽ എട്ട് പേരുമാണ് അറസ്റ്റിലായത്. സർക്കാർ വിരുദ്ധ ഗ്രൂപ്പുകളും പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകുന്നുണ്ട്.അതേസമയം യുദ്ധത്തിൽ ഇരുഭാഗത്തും ആക്രമണങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇസ്രായേലിലേക്ക് യമനിലെ ഹൂതികളും ആക്രമണം ആരംഭിച്ചു. ഹിസ്ബുല്ലയോടൊപ്പം ഹൂതികൾ കൂടി യുദ്ധത്തിൽ പങ്കാളികളായതോടെ മേഖലയിലെ സംഘർഷം കൂടുതൽ വ്യാപിക്കുമെന്ന് ഉറപ്പായി. മധ്യപൂർവദേശത്തെ യു.എസ് സർവകലാശാലകൾ ലക്ഷ്യമിടുമെന്ന് ഇറാൻ റവലൂഷനറി ഗാർഡ് (ഐ.ആർ.ജി.സി) മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
യു.എസ്-ഇസ്രായേൽ സഖ്യം ഇറാനിലെ സർവകലാശാലകൾ ആക്രമിച്ചതിനു പിന്നാലെയാണ് ഇറാന്‍റെ ഭീഷണി. ഇറാനിൽ കരയുദ്ധത്തിന് തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ മേഖലയിലേക്ക് കൂടുതൽ യു.എസ് സൈന്യവും എത്തുന്നത് ആശങ്ക വർധിപ്പിച്ചു. ഇസ്രായേലിലേക്ക് മിസൈലുകളും ഡ്രോണുകളും അയച്ച ഹൂതികൾ, വരുംദിവസങ്ങളിലും ആക്രമണം തുടരുമെന്ന് വ്യക്തമാക്കി. ഇറാനുനേരെയുള്ള സൈനിക നടപടി തുടർന്നാൽ വരുംദിവസങ്ങളിൽ കൂടുതൽ ആക്രമണം നടത്തുമെന്നും ഹൂതികൾ മുന്നറിയിപ്പ് നൽകി.
മേഖലയിലെ അമേരിക്കൻ സർവകലാശാലകളിലെ ജീവനക്കാരോടും വിദ്യാർഥികളോടും അധ്യാപകരോടും കാമ്പസിന്‍റെ ഒരുകിലോമീറ്റർ ദൂരത്തേക്ക് മാറി താമസിക്കണമെന്നും നിർദേശം നൽകി.യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പത്ത് ദിവസം കൂടി ഇറാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചുവെങ്കിലും, ഇസ്രായേൽ ആക്രമണം തുടർന്നതാണ് ഹൂതികളെ പ്രകോപിപ്പിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോക എണ്ണ വ്യാപാരത്തിന്റെ പ്രധാന പാതകളിലൊന്നായ ഹുർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചതിനു പിന്നാലെ പശ്ചിമേഷ്യയിലെ രണ്ടാംപാതയായ ബാബുൽ മന്ദബ് നിയന്ത്രിക്കാൻ ശേഷിയുള്ള ഹൂതികൾ സംഘർഷത്തിൽ നേരിട്ട് ഇടപെടുന്നതോടെ എണ്ണ പ്രതിസന്ധി രൂക്ഷമാകും. എന്നാൽ, ഇറാനിൽ കരയാക്രമണമുണ്ടാകില്ലെന്നും യുദ്ധം ‘ആഴ്ചകൾക്കുള്ളിൽ’ അവസാനിക്കുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക് റൂബിയോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

