കാനഡയിലെ സ്വർണക്കവർച്ച: ഇന്ത്യയിലേക്ക് കടന്ന മുഖ്യപ്രതിയെ കൈമാറണമെന്നാവശ്യപ്പെട്ട് കാനഡ
text_fieldsഒട്ടാവ: കാനഡയിലെ ഏറ്റവും വലിയ സ്വർണക്കവർച്ചയിലെ മുഖ്യ പ്രതിയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് കാനഡ. കേസിലെ പ്രധാന പ്രതിയായ സിമ്രാൻ പ്രീത് പനേസാറിനെ കൈമാറണമെന്നാണ് ആവശ്യപ്പെട്ടത്. മോഷണത്തിന് ശേഷം മുങ്ങിയ പ്രീത് നിലവിൽ ഇന്ത്യയിലാണുള്ളതെന്ന് കനേഡിയൻ ഏജൻസികൾ കണ്ടെത്തിയിരുന്നു.
ഇതിനിടെ കേസിലെ മറ്റൊരു പ്രതിയായ അർസലാൻ ചൗധരിയെ രണ്ട് ദിവസം മുമ്പ് ടൊറന്റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പീൽ റീജിയണൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 2023ൽ സ്വിറ്റ്സർലന്റിലെ സൂറിച്ചിൽ നിന്ന് ടൊറന്റോ വിമാനത്താവളത്തിൽ കാർഗോയായി എത്തിയ 400 കിലോ സ്വർണമാണ് കവർച്ചക്കാർ മോഷ്ടിച്ചത്. ഏകദേശം 180 കോടിയിലേറെ വിലവരുന്ന സ്വർണക്കട്ടികൾ അപ്രത്യക്ഷമായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാനഡയിലെ ഏറ്റവും വലിയ സ്വർണക്കൊള്ള പുറംലോകമറിഞ്ഞത്.
കവർച്ചയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ എയർകാനഡയിലെ മുൻ ജീവനക്കാരനായിരുന്ന സിമ്രാനാണ് കൊള്ളയുടെ മുഖ്യ ആസൂത്രിതനെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. വിമാനക്കമ്പനിയിലെ സംവിധാനങ്ങളിൽ തിരമറി നടത്തി സ്വർണക്കട്ടികൾ വഴിതിരിച്ചു വിട്ടതിൽ സിമ്രാന് പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. നിലവിൽ സിമ്രാൻ പ്രീതിനെതിരെ കാനഡയിലുടനീളം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
ആർചിത് ഗ്രോവർ, പ്രാംപാൽ സിദ്ധു, മുൻ എയർകാനഡ ജീവനക്കാരനായ അമിത് ജലോഝ, പ്രശാന്ത് പരമലിംഗം, അലി റാസ, അമ്മാദ് ചൗധരി, ദുരന്തേ കിങ് മക്ക്ലീൻ എന്നിവരാണ് കവർച്ചയുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായവർ. ഇവർക്കെതിരെ 5000 ഡോളറിന് മുകളിലുള്ള മോഷണം, ക്രിമിനൽ ഗൂഢാലോചന, കുറ്റകൃത്യത്തിലൂടെ ലഭിച്ച മുതൽ കൈവശംവെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

