ഉസ്മാൻ ഹാദി വധക്കേസ് പ്രതികൾ ഇന്ത്യയിലെത്തിയെന്ന് ധാക്ക പൊലീസ്; നിഷേധിച്ച് ഇന്ത്യൻ അധികൃതർ
text_fieldsന്യൂഡൽഹി: ബംഗ്ലാദേശ് രാഷ്ട്രീയവകാശ പ്രവർത്തകൻ ഉസ്മാൻ ഹാദിയുടെ വധക്കേസിലെ പ്രതികൾ രണ്ട് പേരും ഇന്ത്യയിലെത്തിയെന്ന് ധാക്ക പൊലീസ്. ഡെയിലി സ്റ്റാറാണ് വാർത്ത പുറത്ത് വിട്ടത്. കേസിലെ പ്രതികളെന്ന് സംശയിക്കുന്ന ഫൈസൽ കരിം മസൗദ്, അലിമിഗിർ ഷേയ്ഖ് എന്നിവർ മേഘാലയ അതിർത്തി വഴി ഇന്ത്യയിലെത്തിയെന്നാണ് അഡീഷണൽ കമീഷണർ എസ്.എൻ നാസറുൽ ഇസ്‍ലാം ആരോപിക്കുന്നത്.
പൂർത്തി, സാമി എന്നീ പേരുകളിലുള്ള രണ്ട് പേരുടെ സഹായത്തോടെയാണ് ഇരുവരും അതിർത്തി കടന്ന് മേഘാലയിലെ ടുര സിറ്റിയിലെത്തിയതെന്ന് നാസറുൽ ഇസ്‍ലാം ആരോപിച്ചു. ഇവരെ അതിർത്തി കടക്കാൻ സഹായിച്ച രണ്ട് പേരും ഇന്ത്യൻ പൊലീസിന്റെ പിടിയിലായെന്നും ധാക്ക കമീഷണർ ആരോപിച്ചു. എന്നാൽ, ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ഇന്ത്യ.
ഇതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശുമായി ഒരുവിധ ആശയവിനിമയവും നടന്നിട്ടില്ലെന്ന് മേഘാലയ പൊലീസ് അറിയിച്ചു. ഗാരോ ഹിൽസിൽ ബംഗ്ലാദേശ് പൊലീസ് ആരോപിക്കുന്ന ആരും എത്തിയതായി വിവരമില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു ഇന്റലിജൻസ് വിവരവും ലഭിച്ചിട്ടില്ലെന്നും മേഘാലയ പൊലീസും കേന്ദ്രസർക്കാർ വൃത്തങ്ങളും അറിയിച്ചു.
2024ലെ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനിയും ഇങ്ക്വിലാബ് മഞ്ച നേതാവുമായ ശരീഫ് ഉസ്മാൻ ഖാദി വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്ന് ബംഗ്ലാദേശിൽ വ്യാപക സംഘർഷം. തെരുവിലിറങ്ങിയ യുവാക്കൾ സംഘംചേർന്ന് മാധ്യമ സ്ഥാപനങ്ങൾക്കുൾപ്പെടെ തീയിട്ടു. ഈ മാസം 12നാണ് ധാക്കയിൽ പ്രചാരണ റാലിക്കിടെ ഉസ്മാൻ ഖാദിക്ക് നേരെ അജ്ഞാതൻ വെടിയുതിർത്തത്. തുടർന്ന് വിദഗ്ധ ചികിത്സക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോയ ഉസ്മാൻ ഖാദി വ്യാഴാഴ്ചയാണ് മരിച്ചത്. ഇതിനു പിന്നാലെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

