ഫ്ലോറിഡ സർവകലാശാലയിൽ വെടിവെപ്പിൽ രണ്ടുമരണം; അക്രമി മുൻ പൊലീസ് ഉദ്യോഗസ്ഥയുടെ മകൻ
text_fieldsവാഷിങ്ടൺ: യു.എസിലെ ഫ്ലോറിഡ സര്‍വകലാശാലയില്‍ മുൻ വിദ്യാർഥി നടത്തിയ വെടിവെപ്പിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് പരിക്കേറ്റു.
അക്രമിയായ 20കാരൻ ഫീനിക്സ് ഇക്നറെ പൊലീസ് കീഴ്പ്പെടുത്തി. മുൻ പൊലീസ് ഉദ്യോഗസ്ഥയുടെ മകനാണ്. അമ്മയുടെ തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. കൊല്ലപ്പെട്ടത് സർവകാലശാല വിദ്യാർഥികൾ അല്ലെന്ന് പൊലീസ് മേധാവി സ്ഥിരീകരിച്ചു. വെടിവെപ്പിന് പിന്നാലെ കാമ്പസ് താൽക്കാലികമായി അടച്ചു.
കാമ്പസിൽ ഉടനീളം അടിയന്തര മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. വിദ്യാർഥികൾ, ഫാക്കൽറ്റി, ജീവനക്കാർ എന്നിവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് സർവകലാശാല ആവശ്യപ്പെട്ടു. മുൻകരുതൽ എന്ന നിലയിൽ ക്ലാസുകളും പരിപാടികളും റദ്ദാക്കി. അക്രമിയുടെ മാതാവ് സർവിസ് കാലയളവിൽ ഉപയോഗിച്ചതാണ് തോക്ക്. ഈ തോക്ക് പിന്നീട് നിയമപരമായി അവർ വാങ്ങുകയായിരുന്നു.
ഇതിനിടെ ഫീനിക്സ് ഇക്നർ ഫ്ലോറിഡ സർവകലാശാലയിൽ ട്രംപ് വിരുദ്ധ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫ്ലോറിഡയിലെ 12 പൊതുസർവകലാശാലകളിൽ ഒന്നാണ് ഫ്ലോറിഡ സ്റ്റേറ്റ് യൂനിവേഴ്സിറ്റി. 2014ൽ കാമ്പസിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

