ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു; രണ്ടുപേർ കൂടി കൊല്ലപ്പെട്ടു
text_fieldsജറൂസലം: കഴിഞ്ഞ ദിവസത്തെ ആക്രമണത്തിന്റെ തുടർച്ചയായി ബുധനാഴ്ച പുലർച്ചയും ഗസ്സയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം. മറ്റൊരു സംഭവത്തിൽ അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ തോക്ക് ധാരികളായ രണ്ട് ഫലസ്തീനികളെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. സൈന്യത്തിനുനേരെ ഇവർ വെടിയുതിർത്തപ്പോഴാണ് തിരിച്ച് വെടിവെച്ചതെന്ന് സൈന്യം പറഞ്ഞു. കഴിഞ്ഞ ദിവസത്തെ വ്യോമാക്രമണത്തിൽ ഇസ്‍ലാമിക് ജിഹാദിന്റെ മൂന്ന് നേതാക്കൾ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടിരുന്നു. മരിച്ച സിവിലിയന്മാരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്.
അതേസമയം, ഇസ്രായേൽ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഗസ്സയിൽനിന്ന് റോക്കറ്റാക്രമണമുണ്ടായി. തെക്കൻ ഇസ്രായേൽ ലക്ഷ്യമിട്ടാണ് 60ഓളം റോക്കറ്റുകൾ അയച്ചത്. ആക്രമണത്തിൽ ആളുകൾക്ക് പരിക്കേറ്റതായോ കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായതായോ റിപ്പോർട്ടുകളില്ല. റോക്കറ്റാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ബോംബ് ഷെൽട്ടറുകൾക്കുസമീപം കഴിയണമെന്ന് ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടു. മുൻകരുതലെന്ന നിലയിൽ സ്കൂളുകൾ രണ്ടാം ദിവസവും അടച്ചിട്ടു. ഇസ്‍ലാമിക് ജിഹാദിെന്റ ഭൂഗർഭ റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങൾ ആക്രമണത്തിൽ തകർത്തതായും സൈന്യം അറിയിച്ചു.
ഹമാസുമായി ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് ശ്രമമെന്ന് ഇസ്രായേൽ പറഞ്ഞു. ഇസ്‍ലാമിക് ജിഹാദുമായുള്ള ഏറ്റുമുട്ടൽ തുടരുകയും ചെയ്യും. എന്നാൽ, ഹമാസ് ഇസ്‍ലാമിക് ജിഹാദിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സംഘർഷം തുടരുകയാണെങ്കിൽ പൂർണതോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങിയേക്കാമെന്നും ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

