യു.എസിൽ എയർ ഷോക്കിടെ രണ്ട് നാവികസേനാ ജെറ്റ് വിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നു
text_fieldsവാഷിങ്ടൺ: യു.എസിലെ ഐഡഹോയിൽ മൗണ്ടൻ ഹോം എയർഫോഴ്സ് ബേസിൽ വ്യോമ പ്രദർശനത്തിനിടെ രണ്ട് നാവികസേനാ ജെറ്റ് വിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നു. വിമാനങ്ങളിലുണ്ടായിരുന്ന നാല് ക്രൂ അംഗങ്ങളും സുരക്ഷിതമായി രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു.
വാഷിങ്ടണിലെ വിഡ്ബേ ഐലൻഡിൽ നിന്നുള്ള ഇലക്ട്രോണിക് അറ്റാക്ക് സ്ക്വാഡ്രൺ 129ൽ പെട്ട രണ്ട് യു.എസ് നേവി ഇ.എ-18ജി ഗ്രൗളർ വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. വ്യോമാഭ്യാസ പ്രകടനം നടത്തുന്നതിനിടെയാണ് വിമാനങ്ങൾ കൂട്ടിയിടിച്ചത്. സൈനിക താവളത്തിലുണ്ടായിരുന്ന മറ്റ് ആർക്കും പരിക്കേറ്റിട്ടില്ല. രണ്ട് ജെറ്റുകളിലെയും നാല് ക്രൂ അംഗങ്ങൾ പുറത്തേക്ക് ചാടിയതായും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും യു.എസ് പസഫിക് ഫ്ലീറ്റിലെ നേവൽ എയർഫോഴ്സ് വക്താവ് പറഞ്ഞു. ജീവനക്കാരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യോമാഭ്യാസ പ്രകടനത്തിനിടെ വിമാനങ്ങൾ പരസ്പരം തട്ടുകയും തുടർന്ന് വായുവിൽ ഒരുമിച്ച് കറങ്ങി താഴേക്ക് പതിക്കുകയുമായിരുന്നു. നിലത്തു വീണയുടൻ വിമാനങ്ങൾക്ക് തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് മിലിട്ടറി ബേസ് അടച്ചുപൂട്ടുകയും എയർ ഷോയുടെ ബാക്കി പ്രകടനങ്ങൾ റദ്ദാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

