ലൈംഗികതൊഴിലാളികളെ ഹോട്ടലിലെത്തിച്ച് കൊള്ളയടിച്ച സംഭവത്തിൽ ഇന്ത്യക്കാർക്ക് സിംഗപ്പൂരിൽ അഞ്ച് വർഷം തടവുശിക്ഷ
text_fieldsസിംഗപ്പൂർ: ലൈംഗികതൊഴിലാളികളെ ഹോട്ടലിൽ വിളിച്ചുവരുത്തി കൊള്ളയടിച്ച സംഭവത്തിൽ രണ്ട് ഇന്ത്യൻ പൗരൻമാർക്ക് തടവുശിക്ഷ. അഞ്ച് വർഷവും ഒരു മാസവുമാണ് ഇവർക്ക് തടവുശിക്ഷ വിധിച്ചത്. ആരോഗ്യസാമി ഡെയ്സൺ, രാജേന്ദ്ര മയിലരസൺ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ട് ശിക്ഷിച്ചത്. ലൈംഗികതൊഴിലാളികളെ അക്രമിക്കുകയും അവരെ കൊള്ളയടിക്കുകയും ചെയ്തതിനാണ് ശിക്ഷയെന്ന് സിംഗപ്പൂർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഏപ്രിൽ 24നാണ് അവധിയാഘോഷത്തിനായി ഇരുവരും സിംഗപ്പൂരിലെത്തിയത്. രണ്ട് ദിവസത്തിന് ശേഷം ലിറ്റിൽ ഇന്ത്യയിൽ വെച്ച് അജ്ഞാതനായ ഒരാളിൽ നിന്നും ഇരുവരും രണ്ട് ലൈംഗിക തൊഴിലാളികളുടെ നമ്പർ സംഘടിപ്പിക്കുകയായിരുന്നു. തുടർന്ന് ഇവരെ ഹോട്ടൽ റൂമിലേക്ക് വിളിച്ച് വരുത്തി പണം കവരുകയായിരുന്നു. തങ്ങൾക്ക് പണം ആവശ്യമുള്ളതിനാൽ അതിന് വേണ്ടി തയാറാക്കിയ പദ്ധതിയായിരുന്നു ഇതെന്ന് ഇരുവരും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
റൂമിൽ ആദ്യമെത്തിയ സ്ത്രീയെ മർദിച്ചതിന് ശേഷം കെട്ടിയിട്ട് അവരുടെ ആഭരണങ്ങളും 2,000 സിംഗപ്പൂർ ഡോളറും പാസ്പോർട്ടും ബാങ്ക് കാർഡും ഇരുവരും ചേർന്ന് കവർന്നു. രണ്ടാമത് റൂമിലേക്ക് എത്തിയ ആളിൽ നിന്നും 800 സിംഗപ്പൂർ ഡോളറും രണ്ട് മൊബൈൽ ഫോണുകളും പാസ്പോർട്ടുമാണ് കവർന്നത്. ലൈംഗികതൊഴിലാളികളിലൊരാൾ ഇക്കാര്യം സുഹൃത്തിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
തന്റെ പിതാവ് മരിച്ചുവെന്നും മൂന്ന് സഹോദരിമാരുണ്ടെന്നും സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് മോഷണം ആസൂത്രണം ചെയ്തതെന്നും ആരോഗ്യസാമി പറഞ്ഞു. ഇന്ത്യയിൽ ഭാര്യയും കുഞ്ഞും മാത്രമാണുള്ളതെന്നും അതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നുമായിരുന്നു രാജേന്ദ്രയുടെ ആവശ്യം. മോഷണത്തിനിടെ പരിക്കേൽപ്പിക്കുന്നത് സിംഗപ്പൂരിൽ അഞ്ച് മുതൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

