കനിഷ്‍ക വിമാനത്തിൽ ബോംബ് വെച്ച് 329 പേരെ കൊലപ്പെടുത്തിയ സംഭവം: പ്രതിയെ വധിച്ചയാൾക്ക് ജീവപര്യന്തം
text_fields1985ൽ ബോംബ് സ്ഫോടനത്തിൽ തകർന്ന എയർ ഇന്ത്യ- 182 വിമാനം
ഓട്ടവ: 1985ൽ 329 പേർ കൊല്ലപ്പെട്ട എയർ ഇന്ത്യ വിമാന സ്‌ഫോടനക്കേസിലെ (കനിഷ്‍ക വിമാനം) പ്രതിയെന്ന് സംശയിക്കുന്ന സിഖ് വ്യവസായി റിപുദമാൻ സിങ് മാലിക്കിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റസമ്മതം നടത്തിയ യുവാവ് ടാനർ ഫോക്സിന് കനേഡിയൻ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. വിമാനത്തിൽ ബോംബ് വെച്ച കേസിൽ മാലിക്കിനെ കേസിൽ കുറ്റമുക്തനാക്കിയിരുന്നു. 20 വർഷം പരോളില്ലാത്ത ശിക്ഷയാണ് ബ്രിട്ടീഷ് കൊളംബിയ സുപ്രീംകോടതി വിധിച്ചത്.
2022 ജൂലൈ 15ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ കാറിൽ ഇരിക്കുമ്പോഴാണ് മാലിക് വെടിയേറ്റ് മരിച്ചത്. 2005ലാണ് കാനഡ കോടതി എയർ ഇന്ത്യ വിമാന ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കൂട്ടക്കൊല, ഗൂഢാലോചന എന്നീ കുറ്റങ്ങളിൽനിന്ന് മാലിക്കിനെയും കൂട്ടുപ്രതി അജയ്ബ് സിങ് ബഗ്രിയെയും വെറുതെവിട്ടത്. മാലിക്കിന്റെ കൊലപാതകത്തിന് രണ്ടാഴ്ചക്കുശേഷമാണ് ഫോക്സിനെയും കൂട്ടാളി ജോസ് ലോപ്പസിനെയും വാൻകൂവറിനടുത്തുനിന്ന് കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തത്. ലോപ്പസിന്റെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും. മാലിക്കിനെ വധിക്കാൻ ഇരുവരെയും വാടകക്കെടുത്തതാണെന്ന് ‘ഗ്ലോബൽ ന്യൂസ്’ റിപ്പോർട്ട് ചെയ്തു. എന്നാൽ, ആരാണ് തങ്ങളെ നിയോഗിച്ചത് എന്നകാര്യം ഇവർ വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യം വെളിപ്പെടുത്തണമെന്ന് മാലിക്കിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
കാനഡയിൽനിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ- 182 വിമാനം ഐറിഷ് തീരത്താണ് പൊട്ടിത്തെറിച്ചത്. വിമാനമപ്പോൾ അറ്റ്ലാന്റിക് സമുദ്രത്തിന് 31,000 അടി ഉയരത്തിൽ പറക്കുകയായിരുന്നു. സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന 329 പേരും കൊല്ലപ്പെട്ടു.
യാത്രക്കാരിൽ ഭൂരിഭാഗവും കനേഡിയൻ പൗരന്മാരായിരുന്നു. കനേഡിയൻ ചരിത്രത്തിലെയും എയർ ഇന്ത്യ വിമാനക്കമ്പനിയുടെ ചരിത്രത്തിലെയും ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നാണ് ഈ ബോംബാക്രമണം. മോൺട്രിയൽ-ലണ്ടൻ-ഡൽഹി-മുംബൈ റൂട്ടിൽ പറന്ന വിമാനമാണിത്. കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖലിസ്ഥാനി ഭീകരവാദികളായിരുന്നു ആക്രമണത്തിന് പിന്നിൽ.
ഇതിന്റെ സൂത്രധാരൻ എന്ന് കരുതുന്നത് ബ്രിട്ടീഷ്-കനേഡിയൻ പൗരത്വമുള്ള ഇന്ദർജിത് സിങ് റായത്തും തൽവീന്ദർ സിങ് പർമാറുമാണ്. പർമാർ ‘ബബ്ബാർ ഖൽസ’ ഗ്രൂപ്പിലെ പ്രധാനിയും കാനഡ പൗരനുമാണ്.
ഈ ബോംബാക്രമണം നടന്ന അതേസമയം ജപ്പാനിൽനിന്ന് പറന്നുയരേണ്ട വിമാനത്തിലും ആക്രമണം പദ്ധതിയിട്ടിരുന്നെങ്കിലും ബോംബ് ടോക്യോയിലെ നരിത വിമാനത്താവളത്തിൽവെച്ചുതന്നെ പൊട്ടുകയും ബാഗേജ് കൈകാര്യം ചെയ്യുന്ന രണ്ടുപേർ മരിക്കുകയും ചെയ്തിരുന്നു. 1984ലെ സുവർണക്ഷേത്രത്തിലെ തീവ്രവാദി വിരുദ്ധ നടപടിയോടുള്ള പ്രതികാരമെന്ന നിലക്കാണ് വിമാനത്തിൽ ബോംബുവെച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.