യു.എസ് നടുങ്ങി; സ്കൂളിൽ വെടിവെപ്പ്: 19 കുട്ടികൾ ഉൾപ്പെടെ 21 മരണം
text_fieldsഹ്യൂസ്റ്റൻ: നടുക്കമുണ്ടാക്കി യു.എസ് സ്കൂളിൽ വീണ്ടും കൂട്ടക്കുരുതി. ടെക്സസിലെ യുവാൾഡി ടൗൺ എലമെന്ററി സ്കൂളിൽ അക്രമി നടത്തിയ വെടിവെപ്പിൽ 19 കുട്ടികൾ ഉൾപ്പെടെ 21 പേർ മരിച്ചു.
സമീപത്തെ സ്കൂളിലെ 18കാരനായ സാൽവദോർ റാമോസാണ് വെടിയുതിർത്തത്. ഇയാളെ സുരക്ഷസേന വെടിവെച്ചുകൊന്നു. 66 വയസ്സുള്ള സ്വന്തം മുത്തശ്ശിയെ വീട്ടിൽ വെടിവെച്ചുവീഴ്ത്തിയ ശേഷമാണ് റാമോസ് സ്കൂളിലെത്തിയത്. മരിച്ച കുട്ടികൾ അഞ്ചിനും 11നും ഇടക്ക് പ്രായമുള്ളവരാണ്. 14 കുട്ടികളും ഒരു അധ്യാപകനും സ്ഥലത്തുതന്നെ മരിച്ചു. മറ്റുള്ളവർ ആശുപത്രിയിലാണ് മരിച്ചത്.
രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർക്കും വെടിയേറ്റിട്ടുണ്ട്. പരിക്കേറ്റ നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അക്രമിയുടെ ലക്ഷ്യമെന്തായിരുന്നുവെന്ന് വ്യക്തമായിട്ടില്ല. ആക്രമണത്തിന്റെ സൂചനകൾ റാമോസ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നതായി പറയുന്നു.
യു.എസ് ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ വെടിവെപ്പാണ് യുവാൾഡി എലമെന്ററി സ്കൂളിലുണ്ടായത്.
ചൊവ്വാഴ്ച പ്രാദേശിക സമയം പകൽ 11.30ഓടെ പരിസരവാസിയായ റാമോസ് തോക്കുകളുമായി സ്കൂളിലെത്തി തലങ്ങും വിലങ്ങും വെടിയുതിർക്കുകയായിരുന്നു.