പാകിസ്താനിൽ വിഭാഗീയ സംഘർഷത്തിൽ 37 പേർ കൊല്ലപ്പെട്ടു; 30 പേർക്ക് പരിക്ക്
text_fieldsശിയാ മുസ്ലിംകളെ കൊലപ്പെടുത്തിയതിനെതിരെ ലാഹോറിൽ നടന്ന പ്രകടനത്തിൽ മുദ്രാവാക്യം വിളിക്കുന്നു
പെഷാവർ: വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഗോത്ര വംശീയ ആക്രമണങ്ങളിൽ 37 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ്. ആറ് സ്ത്രീകളെ ബന്ദികളാക്കിയതായും റിപ്പോർട്ടുണ്ട്.
അഫ്ഗാനിസ്താന്റെ അതിർത്തിയിലുള്ള കുറം ജില്ലയിലെ അലിസായി, ബഗാൻ ഗോത്രങ്ങൾ തമ്മിലാണ് സംഘർഷമുണ്ടായത്. 24 മണിക്കൂറിനിടെയാണ് ഇത്രയുംപേർ കൊല്ലപ്പെട്ടത്. മരണ സംഖ്യ ഇനിയും ഉയരുമെന്ന് സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു. വ്യാഴാഴ്ച പരചിനാറിനടുത്ത് 200 ഓളം യാത്രാവാഹനങ്ങൾക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം 47 പേർ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് സംഘർഷം തുടങ്ങിയത്. ശക്തമായ ആയുധങ്ങൾ ഉപയോഗിച്ചാണ് ഗോത്രങ്ങൾ ഏറ്റുമുട്ടുന്നതെന്ന് പൊലീസ് പറഞ്ഞു. സംഘർഷത്തിൽ വീടുകൾക്കും കടകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വിവിധ ഗ്രാമങ്ങളിൽനിന്ന് ജനങ്ങൾ സുരക്ഷ തേടി പലായനം ചെയ്തു.
ഏറ്റുമുട്ടൽ കനക്കുമെന്ന് ഗോത്ര നേതാക്കൾ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഖൈബർ പഖ്തൂൺഖ്വ നിയമ മന്ത്രി അഫ്താബ് ആലം, ചീഫ് സെക്രട്ടറി നദീം അസ്ലം ചൗധരി, പൊലീസ് ഡെപ്യൂട്ടി ഐ.ജി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി കുറം ഗോത്ര ജില്ലയിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

