ഗസ്സയിൽ അഭയാർഥി ക്യാമ്പുകൾക്ക് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം; 18 പേർ കൊല്ലപ്പെട്ടു
text_fieldsഗസ്സ: ഫലസ്തീനിലെ അഭയാർഥി ക്യാമ്പുകൾക്ക് നേരെ വീണ്ടും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. പ്രാദേശിക മാധ്യമങ്ങളാണ് ഇസ്രായേൽ ആക്രമണം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബുറേജി അഭയാർഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടുവെന്നും നിരവധി പേർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. നുസൈറത്ത് അഭയാർഥി ക്യാമ്പിലെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടുവെന്നും വാർത്തകളുണ്ട്.
ഈ മാസം മാത്രം നടന്ന ആക്രമണങ്ങളിൽ നുസൈറത്ത് അഭയാർഥി ക്യാമ്പിൽ 274 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. ഹമാസ് ബന്ദികളാക്കിയ നാല് പേരെ മോചിപ്പിച്ചതിന് ശേഷമാണ് ഇസ്രായേൽ അഭയാർഥി ക്യാമ്പുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ശക്തമാക്കിയത്.
അതേസമയം, ഇസ്രായേലിലെ യുദ്ധകാല മന്ത്രിസഭ പി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പിരിച്ചുവിട്ടിരുന്നു. ആറംഗ യുദ്ധകാല കാബിനറ്റ് പിരിച്ചുവിടുകയാണെന്ന് നെതന്യാഹു അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന കാബിനറ്റ് യോഗത്തിലാണ് യുദ്ധകാല മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനം നെതന്യാഹു എടുത്തതെന്നാണ് റിപ്പോർട്ട്.
അതേസമയം, ബെന്നി ഗാന്റസ് യുദ്ധകാല കാബിനറ്റിൽ നിന്നും രാജിവെച്ചതിന് ശേഷം നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യകക്ഷികൾ പുതിയ ഒരു അടിയന്തര മന്ത്രിസഭ രുപീകരിക്കാൻ ശ്രമിച്ചിരുന്നു. ഇസ്രായേൽ ധനമന്ത്രി ബെസേലേൽ സ്മോട്രിച്ച്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗ്വിർ എന്നിവർ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം തുടരണമെന്നും പുതിയ യുദ്ധകാല മന്ത്രിസഭ രുപീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത്തരം ആവശ്യങ്ങൾ നെതന്യാഹു നിരാകരിച്ചുവെന്നാണ് റിപ്പോർട്ട്.
ഗാന്റ്സുമായി ഉണ്ടാക്കിയ കരാർ പ്രകാരമാണ് യുദ്ധകാല മന്ത്രിസഭ രൂപീകരിച്ചത്. ഗാന്റസ് മന്ത്രിസഭ വിട്ടതോടെ അതിന്റെ പ്രസക്തി നഷ്ടമായെന്ന് നെതന്യാഹു പറഞ്ഞതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

