ബംഗ്ലാദേശിൽ പത്മാ നദിയിലേക്ക് ബസ് മറിഞ്ഞ് 16 മരണം: നിരവധി പേരെ കാണാതായി
text_fieldsധാക്ക: ബംഗ്ലാദേശിൽ പത്മാ നദിയിലേക്ക് ബസ് മറിഞ്ഞ് 16 പേർ മരിച്ചു. ബുധനാഴ്ച വൈകുന്നേരം നടന്ന അപകടത്തിൽ നിരവധി പേരെ കാണാതായി. രാജ്‌ബാരി ജില്ലയിലെ ദൗലദിയ ടെർമിനലിൽ വെച്ച് ഫെറിയിലേക്ക് കയറുന്നതിനിടെയാണ് അപകടം. ധാക്കയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിന് പിന്നാലെ നദിയിൽ നിന്നും ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയ ബസിനുള്ളിൽ നിന്ന് 14 മൃതദേഹങ്ങൾ കണ്ടെടുത്തുവെന്ന് ഫയർ സർവീസ് ഉദ്യോഗസ്ഥനായ സൊഹൈൽ റാണ അറിയിച്ചു.
പ്രതികൂല കാലാവസ്ഥയിലും ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കി ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് ബസ് പുറത്തെടുത്തത്. 50 നും 60 നും ഇടയിൽ പ്രായമുള്ള രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങൾ മുങ്ങൽ വിദഗ്ദർ കണ്ടെടുത്തിരുന്നു. ഇതോടെ ആകെ മരണം 16 ആയി ഉയർന്നു . അഗ്നിരക്ഷാസേന, തീരദേശസൈന്യം, പൊലീസ് എന്നിവർ സംയുക്തമായി കാണാതായവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കുട്ടികളടക്കം 40 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം. ഈദ് അവധി കഴിഞ്ഞ് തലസ്ഥാനത്തേക്ക് മടങ്ങുകയായിരുന്നവരാണ് യാത്രക്കാരിലധികവും. പതിനൊന്ന് പേർ നീന്തി രക്ഷപ്പെടുകയും നാട്ടുകാർ ചേർന്ന് രക്ഷിച്ചതായുമാണ് വിവരം.
`ഞങ്ങളുടെ കൺമുന്നിലൂടെയാണ് ബസ് നദിയിലേക്ക് വീണത് പക്ഷേ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല' ടെർമിനൽ സൂപ്പർവൈസർ മോനിർ ഹുസൈൻ പറഞ്ഞു. മരിച്ചവരിൽ പലരും ഒരേ കുടുംബത്തിൽനിന്നുള്ളവരാണ്. സംഭവത്തിൽ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഉദ്യോഗസ്ഥരെ വിളിച്ച് രക്ഷാപ്രവർത്തനത്തിന്റെ പുരോഗതി വിലയിരുത്തുകയും അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

