ഗസ്സയിൽ 24 മണിക്കൂറിനിടെ 151 പേർ കൊല്ലപ്പെട്ടു
text_fieldsഗസ്സ സിറ്റി: ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗസ്സയിൽ 24 മണിക്കൂറിനിടെ 151 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 248 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച മധ്യ ഗസ്സയിലെ അൽ മഷാലയിലുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഒമ്പത് ഫലസ്തീനികൾ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
യുദ്ധം ആരംഭിച്ചതിനുശേഷം ഇതുവരെ 23,708 ഫലസ്തീനികളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. 60,005 പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ 7,000 പേരെ കാണാതായിട്ടുണ്ട്. എന്നാൽ, ഇവരെ ഔദ്യോഗിക മരണസംഖ്യയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഗസ്സയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 117 ആയെന്ന് സർക്കാർ മാധ്യമ ഓഫിസ് അറിയിച്ചു. ഫുആദ് അബൂ ഖമ്മാഷ്, മുഹമ്മദ് അൽ തലാത്തിനി എന്നിവരാണ് ഒടുവിൽ കൊല്ലപ്പെട്ടത്.
അതിനിടെ, യമനിൽ ഹൂതികൾക്കെതിരെ അമേരിക്കയും ബ്രിട്ടനും നടത്തിയ ആക്രമണത്തെ ഹമാസും ഇസ്ലാമിക് ജിഹാദും അപലപിച്ചു. സയണിസ്റ്റ് അധിനിവേശത്തിന്റെ സ്വാധീനത്താൽ നടത്തിയ ഭീകരപ്രവർത്തനമാണ് ആക്രമണമെന്ന് ഹമാസ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഗസ്സയിൽ ഫലസ്തീൻകാർക്കെതിരെ വംശഹത്യ നടത്തുന്നത് അമേരിക്കയാണെന്ന് ആക്രമണം തെളിയിച്ചിരിക്കുകയാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് പറഞ്ഞു. അതേസമയം, ഗസ്സയിൽ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കുന്നതിൽ ഇസ്രായേൽ തുടർച്ചയായി പരാജയപ്പെടുകയാണെന്ന് യു.എൻ മനുഷ്യാവകാശ ഏജൻസി കുറ്റപ്പെടുത്തി. ആക്രമണം നടത്തുമ്പോൾ വിവേചനവും മുൻകരുതലും വേണമെന്ന അന്താരാഷ്ട്ര നിയമങ്ങൾ ഇസ്രായേൽ ലംഘിക്കുകയാണെന്ന് മനുഷ്യാവകാശങ്ങൾക്കുള്ള യു.എൻ ഹൈ കമീഷണർ ഓഫിസ് വക്താവ് എലിസബത്ത് ത്രോസ്സെൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

