സംഝോത എക്സ്പ്രസ് സ്ഫോടനത്തിന് 15 വർഷം; ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിപ്പിച്ച് പാകിസ്താൻ
text_fieldsഇസ്‍ലാമാബാദ്: 2007ൽ നടന്ന സംഝോത എക്സ്പ്രസ് സ്ഫോടനത്തിന്റെ ഉത്തരവാദികളെ ശിക്ഷിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടുവെന്ന് കാണിച്ച് പാകിസ്താൻ വിദേശകാര്യമന്ത്രാലയം ഇന്ത്യൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി.
സ്ഫോടനത്തിന് 15 വർഷം തികയുന്ന പശ്ചാത്തലത്തിലും ആക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിയാത്തതിന്റെ നിരാശയും പാകിസ്താൻ മറച്ചുവെച്ചില്ല. കേസിൽ കുറ്റമറ്റ വിചാരണ നടത്തണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടു.
കേസിൽ ഹരിയാന പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. 2010 ജൂലൈയിൽ അന്വേഷണം ആഭ്യന്തരമന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിയെ(എൻ.ഐ.ഐ) ഏൽപിച്ചു. എന്നാൽ കുറ്റാരോപിതരായ നാലുപേരെയും 2019ൽ എൻ.ഐ.ഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി.
2007 ഫെബ്രുവരി 18ന് ഡൽഹിയിൽ നിന്ന് പാകിസ്താനിലെ ലാഹോറിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ നടന്ന സ്ഫോടനത്തിൽ 70 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ ഭൂരിഭാഗവും പാക്പൗരൻമാരായിരുന്നു. ഹരിയാനയിലെ പാനിപ്പത്തിനടുത്ത് വെച്ചാണ് സ്ഫോടനമുണ്ടായത്. പാകിസ്താനിലേക്ക് കടക്കുംമുമ്പ് ഇന്ത്യയിലെ അവസാന റെയിൽവേസ്റ്റേഷനായ അഠാരിയിലേക്ക് പോവുകയായിരുന്നു ട്രെയിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

