
സായുധ സംഘം റസിഡൻഷ്യൽ സ്കൂൾ വളഞ്ഞു; 140 വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി
text_fieldsഅബുജ: സായുധ സംഘം റസിഡൻഷ്യൽ സ്കൂൾ വളഞ്ഞ് 140 വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ച ഖദുന പട്ടണത്തിലാണ് സംഭവം. വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ കഴിഞ്ഞ ഡിസംബറിനു ശേഷം 10ാം തവണയാണ് സമാനമായി വിദ്യാർഥികളെ കൂട്ടമായി തട്ടിക്കൊണ്ടുപോകുന്നത്. വൻതുക മോചനദ്രവ്യം ആവശ്യപ്പെടുന്ന സായുധ സംഘമാണ് പിന്നിലെന്നാണ് സംശയം.
തോക്കുമായെത്തി ചുറ്റും വെടിയുതിർത്ത് ബെഥൽ ബാപ്റ്റിസ്റ്റ് ഹൈ സ്കൂൾ ഹോസ്റ്റലിൽ കയറിയ സംഘം കുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഒരു വനിത അധ്യാപികയുൾപെടെ 26 പേരെ രക്ഷപ്പെടുത്തി.
180 ഓളം വിദ്യാർഥികൾ താമസിച്ചുപഠിക്കുന്ന സ്കൂളിൽ പരീക്ഷയടുത്ത സമയമായിരുന്നു. അർധരാത്രി 11 മണിയോടെ സ്കൂളിലെത്തിയ സംഘം പുലർച്ചെ നാലുമണിയോടെയാണ് വിദ്യാർഥികളുമായി അജ്ഞാത കേന്ദ്രത്തിലേക്ക് മടങ്ങിയത്്. വിവരമറിഞെത്തിയ പൊലീസും സൈന്യവും ചേർന്ന് രക്ഷാ പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്.
വടക്കു പടിഞ്ഞാറൻ നൈജീരിയയിൽ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോകൽ തൊഴിലാക്കിയ സായുധ സംഘങ്ങൾ സജീവമാണ്. മാസങ്ങൾക്കിടെ 1,000 ഓളം പേരാണ് ഇതുപോലെ തട്ടിപ്പിനിരയായത്. ഇതിൽ 150ലേറെ പേർ ഇപ്പോഴും ബന്ദികളായി തുടരുകയാണ്. നിരത്തുകളിൽനിന്നും വീടുകളിൽനിന്നും തട്ടിക്കൊണ്ടുപോകുന്ന സംഘം അടുത്തിടെ ആശുപത്രിയിൽനിന്ന് ആറു േപരെ തട്ടിക്കൊണ്ടുപോയ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടു. നേരത്തെ ബൊക്കോഹറാം ആണ് ബന്ദികളാക്കുന്ന സംഭവത്തിന് രാജ്യത്ത് തുടക്കമിട്ടത്. ഈ തന്ത്രം ഇപ്പോൾ മറ്റു സായുധ സംഘങ്ങൾ കൂടി ഏറ്റെടുത്തതാണ് വലിയ വെല്ലുവിളിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
