ഗസ്സയിൽ രണ്ടു ദിവസത്തിനിടെ 14 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു; വിജയം വരെ യുദ്ധം തുടരുമെന്ന് നെതന്യാഹു
text_fieldsതെൽ അവീവ്: ഹമാസുമായുള്ള കരയുദ്ധത്തിൽ രണ്ടു ദിവസത്തിനിടെ 14 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്). ഹമാസ് പോരാളികളും ഇസ്രായേൽ സൈന്യവും തമ്മിൽ വടക്കൻ, തെക്കൻ ഗസ്സയിൽ കനത്ത പോരാട്ടം തുടരുകയാണ്.
വെള്ളിയാഴ്ച നാലു സൈനികരും ശനിയാഴ്ച 10 സൈനികരുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ പേരുവിവരങ്ങൾ ഐ.ഡി.എഫ് ഞായറാഴ്ച പുറത്തുവിട്ടു. ഇതോടെ കരയുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 153 ആയി. എത്ര സമയമെടുത്താലും, സമ്പൂർണ വിജയം നേടുന്നതുവരെ യുദ്ധം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. ഞായറാഴ്ച രാവിലെ യുദ്ധകാല മന്ത്രിസഭയെ അഭിസംബധോന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എൻ സുരക്ഷ സമിതിയിൽ ഇസ്രായേലിനെ പിന്തുണക്കുന്ന യു.എസ് നിലപാടിനെ നെതന്യാഹു അഭിനന്ദിച്ചു. മേഖലയിലെ ഇസ്രായേലിന്‍റെ സൈനിക നടപടികളെ യു.എസ് എതിർക്കുന്നുവെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളിക്കളഞ്ഞു. ഇസ്രായേൽ ഒരു പരമാധികാര രാജ്യമാണ്. നമ്മുടെ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് സൈനിക നീക്കം. അത് വിശദീകരിക്കില്ല. ബാഹ്യ സമ്മർദങ്ങൾക്ക് കീഴ്പ്പെടില്ല. സേനയെ എങ്ങനെ വിനിയോഗിക്കണമെന്നത് ഐ.ഡി.എഫിന്റെ സ്വതന്ത്ര തീരുമാനമാണെന്നുംം അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ 48 മണിക്കൂറിനിടെ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗസ്സയിൽ 400ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഒക്ടോബർ ഏഴിനുശേഷം 20,424 ഫലസ്തീനികൾക്കാണ് ജീവൻ നഷ്ടമായത്. 54,036 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

