തീവ്ര വലതുപക്ഷ ഭീഷണി: മുസ്‍ലിം സമ്മേളനത്തിനുനേരെ ആക്രമണത്തിന് പദ്ധതിയിട്ട 12 പേർ യു.കെയിൽ പിടിയിൽ
text_fieldsപ്രതീകാത്മക ചിത്രം (ഫയൽ)
ലണ്ടൻ: കിഴക്കൻ ഇംഗ്ലണ്ടിൽ നടന്ന ഇസ്‌ലാമിക സമ്മേളനത്തിന് നേരെ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്നാരോപിച്ച് 12 പേരെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. തീവ്ര വലതുപക്ഷ ബന്ധമുള്ളവരാണ് പിടിയിലായവരെന്ന് അധികൃതർ വ്യക്തമാക്കി. ഞായർ, തിങ്കൾ ദിവസങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്. 27-82നും ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായവർ. ഇതിൽ 11 പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടുന്നു.
സഫോക്കിൽ നടന്ന ‘ഇജ്തിമ’ ഫെസ്റ്റിവലിന് നേരെ ഗൗരവതരമായ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടർന്നാണ് പൊലീസ് നടപടി. തുടർന്ന്, പൊലീസിന്റെ നിർദ്ദേശപ്രകാരം 15,000ത്തോളം പേർ പങ്കെടുത്ത സമ്മേളനം നേരത്തെ അവസാനിപ്പിച്ചു.
പിടിയിലായ 11 പുരുഷന്മാരിൽ എട്ടുപേരെ ഭീകരവാദക്കുറ്റം ചുമത്തിയും മൂന്നുപേരെ കൊലപാതക ഗൂഢാലോചനക്കേസിലുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
സ്ത്രീയെ കുറ്റവാളിയെ സഹായിച്ചു എന്നാരോപിച്ചാണ് കസ്റ്റഡിയിലെടുത്തത്.ആരെയും ഇതുവരെ ഔദ്യോഗികമായി കുറ്റപത്രം നൽകി വിചാരണക്ക് വിധേയമാക്കിയിട്ടില്ല.
പൊതുജനങ്ങൾക്ക് നിലവിൽ ഭീഷണിയില്ലെന്നും എന്നാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ലണ്ടൻ കൗണ്ടർ ടെററിസം പൊലീസിന്റെ നേതൃത്വത്തിലാണ് നടപടികൾ നടന്നതെന്ന് വിഭാഗം തലവൻ ഹെലൻ ഫ്ലാനഗൻ അറിയിച്ചു.
യുകെയിൽ വർധിച്ചുവരുന്ന വംശീയ സംഘർഷങ്ങളുടെയും വിദ്വേഷ കുറ്റകൃത്യങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ അറസ്റ്റ്. ‘റീഫോം’ തുടങ്ങിയ തീവ്ര വലതുപക്ഷ പാർടികളുടെ സ്വാധീനവും, രണ്ട് വർഷം മുൻപുണ്ടായ കലാപങ്ങളും രാജ്യത്ത് അസഹിഷ്ണുത വളർത്തുന്നതായി റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ജനുവരിയിൽ, ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിദ്വേഷ കുറ്റകൃത്യങ്ങളാണ് തങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (സിപിഎസ്) വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെ മാത്രം 4,350 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുൻ പാദത്തെ അപേക്ഷിച്ച് 14.7 ശതമാനം വർധനവാണിത്.
അതേസമയം, പൊലീസിന്റെ ഇടപെടൽ നിരവധി ജീവനുകൾ രക്ഷിച്ചതായി ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു. ‘12 പേർ പിടിയിലായിട്ടുണ്ട്. ഈ വാർത്ത ബ്രിട്ടീഷ് മുസ്‍ലിംകളെ സംബന്ധിച്ചിടത്തോളം ആശങ്കയുണ്ടാക്കുന്നതാണ്. വിദ്വേഷത്തിനെതിരെ നമുക്ക് ഒന്നിച്ചുനിൽക്കാം. എല്ലാവരെയും ഉൾക്കൊള്ളുന്ന, ഉദാരമായ ഒരു രാജ്യമായി ബ്രിട്ടനെ നിലനിർത്താൻ നമുക്ക് പ്രതിജ്ഞയെടുക്കാം’- അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

