തുർക്കിയയിലെ യുദ്ധോപകരണ ഫാക്ടറിയിൽ സ്ഫോടനം; 12 മരണം
text_fieldsഅങ്കാറ: വടക്കുപടിഞ്ഞാറൻ തുർക്കിയയിലെ യുദ്ധോപകരണ നിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ബാലികേസിർ പ്രവിശ്യയിലെ കവാക്ലി ഗ്രാമത്തിലെ ഫാക്ടറിയിലാണ് ചൊവ്വാഴ്ച ശക്തമായ സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു. കാരണം ഉടനടി അറിവായിട്ടില്ലെന്നും അട്ടിമറി സാധ്യത തള്ളുന്നുവെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
പ്രാരംഭ റിപ്പോർട്ടുകൾ പ്രകാരം 12 ജീവനക്കാർ മരിക്കുകയും നാലു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുമുണ്ടെന്ന് പ്രാദേശിക ഗവർണർ ഇസ്മായിൽ ഉസ്താഗ്ലു പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ 8.25ന് പ്ലാന്റിന്റെ ഒരു ഭാഗത്താണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ശക്തിയിൽ ആ ഭാഗം തകർന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളിൽ പ്രക്ഷേപണം ചെയ്ത ഫൂട്ടേജുകൾ പ്ലാന്റിന് പുറത്ത് ചിതറിക്കിടക്കുന്ന ഗ്ലാസുകളുടെയും ലോഹത്തിന്റെയും കഷണങ്ങൾ കാണിച്ചു.
തീയണക്കാൻ നിരവധി അഗ്നിശമന സേനാംഗങ്ങളെയും ആരോഗ്യ,സുരക്ഷാ യൂണിറ്റുകളെയും പ്രദേശത്തേക്ക് അയച്ചതായി സർക്കാറിന്റെ കമ്യൂണിക്കേഷൻ ഡയറക്ടറേറ്റ് അറിയിച്ചു.
യുദ്ധോപകരണങ്ങളും സ്ഫോടക വസ്തുക്കളും ആഭ്യന്തര, അന്തർദേശീയ വിപണികളിലേക്കുള്ള ബോംബുകളും ഇവിടെ നിർമിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഡ്രോണുകൾ അടക്കം തുർക്കിയയെ ഒരു പ്രധാന പ്രതിരോധ കയറ്റുമതി രാജ്യമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

