ഡാകാർ: സെനഗാളിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 11 നവജാത ശിശുക്കൾ മരിച്ചു. മാമി അബ്ദു അസീസ് സി ദബാഖ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായതെന്ന് പ്രസിഡന്റ് മാകി സാൾ ട്വീറ്റ് ചെയ്തു.
ഷോർട്സർക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. മൂന്നു കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. അടുത്തിടെയാണ് ആശുപത്രി പ്രവർത്തനം ആരംഭിച്ചത്.
മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുകൊള്ളുന്നതായി പ്രസിഡന്റ് അറിയിച്ചു. തീപിടിത്തത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. അന്വേഷണത്തിന് സർക്കാർ സ്വതന്ത്ര കമീഷനെ നിയമിക്കണമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ ആവശ്യപ്പെട്ടു.
കഴിഞ്ഞവർഷം വടക്കൻ സെനഗാളിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാലു നവജാത ശിശുക്കൾ മരിച്ചിരുന്നു.