Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകം കണ്ട ഏറ്റവും വലിയ...

ലോകം കണ്ട ഏറ്റവും വലിയ വംശഹത്യയുടെ ആയിരം ദിനങ്ങൾ; ആയുധം കൊണ്ടും വിശപ്പ് കൊണ്ടും തകർക്കാനാവാത്ത ഫലസ്തീനികളുടെ നിശ്ചയദാർഢ്യം

text_fields
bookmark_border
ലോകം കണ്ട ഏറ്റവും വലിയ വംശഹത്യയുടെ ആയിരം ദിനങ്ങൾ; ആയുധം കൊണ്ടും വിശപ്പ് കൊണ്ടും തകർക്കാനാവാത്ത ഫലസ്തീനികളുടെ നിശ്ചയദാർഢ്യം
cancel

ഗസ്സ വംശഹത്യ ആയിരം ദിവസങ്ങൾ പിന്നിടുമ്പോൾ, ഗസ്സ എന്ന ഭൂപ്രദേശം ഇന്ന് മനുഷ്യവാസത്തിന് യോഗ്യമല്ലാത്ത വെറും അവശിഷ്ടക്കൂമ്പാരമായി മാറിയിരിക്കുന്നു. ഇസ്രായേൽ തുടരുന്ന കൂട്ടക്കുരുതിയിൽ ഗസ്സയുടെ 90 ശതമാനത്തിലധികം ഭാഗങ്ങൾ പൂർണമായി തകർക്കപ്പെട്ടുവെന്നും, 80 ശതമാനം പ്രദേശങ്ങളും ഇതിനകം ഇസ്രായേൽ സൈന്യം തങ്ങളുടെ നിയന്ത്രണത്തിലാക്കിക്കഴിഞ്ഞുവെന്നുമാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

മുക്കാല്‍ നൂറ്റാണ്ടു പിന്നിട്ടിട്ടും സ്വപ്‌നമായി അവശേഷിക്കുകയാണ് ഫലസ്തീന്റെ വിമോചനം. ഫലസ്തീനികള്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍ 1948ല്‍ ഇസ്രായേല്‍ നിലവില്‍ വന്നതു മുതല്‍ തുടരുന്ന പോരാട്ടങ്ങള്‍ 1967-ലും 1973-ലും അറബ് രാജ്യങ്ങള്‍ അണിനിരന്ന യുദ്ധങ്ങളിലൂടെയും പി.എല്‍.ഒ ഉള്‍പ്പെടെയുള്ള പോരാട്ട സംഘടനകള്‍ നടത്തിയ ഗറില്ലാ ഓപറേഷനുകളിലൂടെയും ഹമാസും ഇസ്‌ലാമിക് ജിഹാദും നടത്തിയ ചാവേര്‍, റോക്കറ്റ് ആക്രമണങ്ങളിലൂടെയും സഞ്ചരിച്ചാണ് 2023 ഒക്ടോബര്‍ ഏഴിലെ ‘അല്‍ അഖ്‌സ പ്രളയം’ എന്ന പേരില്‍ അറിയപ്പെടുന്ന ‘തൂഫാനുല്‍ അഖ്‌സ’യില്‍ എത്തി നില്‍ക്കുന്നത്.

ഹമാസ് ആക്രമണത്തില്‍ 373 ഭടന്മാര്‍ ഉള്‍പ്പെടെ 1,139 പേര്‍ കൊല്ലപ്പെടുകയും 250-ഓളം പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്ത സംഭവം സയണിസ്റ്റ് അധിനിവേശകര്‍ക്ക് കിട്ടിയ കനത്ത തിരിച്ചടി തന്നെയായിരുന്നു. തങ്ങളുടെ രഹസ്യാന്വേഷണ സംവിധാനം അറിയാതെ ഒരു ഈച്ച പോലും പറക്കില്ലെന്ന അധിനിവേശ ശക്തിയുടെ ഹുങ്കിനേറ്റ പ്രഹരവും. തിരിച്ചടി പ്രതീക്ഷിച്ചു തന്നെയാണ് ഹമാസ് ഓപറേഷന്‍ ആസൂത്രണം ചെയ്തത്. എന്നാൽ സാധാരണ രീതിയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ നിന്ന് വിപരീതമായി ഇവിടെ ലോക ജനത ഫലസ്തീനികൾക്കൊപ്പം നിന്നു.


ഗസ്സയിൽ ഇസ്രായേൽ തുടർന്നുകൊണ്ടിരുന്ന ക്രൂരതയുടെ മുഖം ലോക ജനതക്ക് മുന്നിൽ തുറക്കപ്പെട്ടു​. ഇതിന് എല്ലാ തരത്തിലും പിന്തുണ നൽകിയ രാജ്യങ്ങൾക്കെതിരെയും സ്വന്തം രാജ്യങ്ങളിൽ നിന്നുള്ള മൗനം പോലും ചോദ്യം ചെയ്ത ഇവർ തെരുവിലിറങ്ങി ഗസ്സക്ക് വേണ്ടി കൈകോർത്തു. ഇതോടെ ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണം പറഞ്ഞ് ഇരയാകാൻ ശ്രമിച്ച ഇസ്രായേലിന്റെ വർഷങ്ങൾ നീണ്ട് നിന്ന ക്രൂരത ലോകം മനസ്സിലാക്കി.

പിന്നീട് നടന്ന ഇസ്രായേലിന്റെ നരനായാട്ടിൽ 1000 ദിവസങ്ങൾ കൊണ്ട് മരണപ്പെട്ടത് 73,066 ഫലസ്തീനികളാണ്. ഇതിൽ 21,500 പേരും കൊച്ചു കുട്ടികളാണ് എന്നത് ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സത്യമാണ്. 9,500 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. അവരിൽ പലരും തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ എന്നെന്നേക്കുമായി ഉറങ്ങുകയാകാം. 1,73,514 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗസ്സയിൽ വർഷിച്ച 2,23,000 ടൺ സ്ഫോടകവസ്തുക്കൾ ഹിരോഷിമയിൽ പ്രയോഗിച്ച അണുബോംബിനേക്കാൾ 16 ഇരട്ടി ശക്തിയേറിയതാണ് എന്നത് ഈ വംശഹത്യയിലെ ക്രൂരതയുടെ ആഴം കാണിക്കുന്നു.


മാനുഷിക വികസനത്തിന്റെ കാര്യത്തിൽ ഗസ്സ 77 വർഷം പുറകോട്ട് പോയിരിക്കുന്നു. ജീവിതദൈർഘ്യം വെറും 40 വയസ്സായി ചുരുങ്ങി. വിശപ്പും രോഗവും കൊണ്ട് വലയുന്ന ഗസ്സയിലെ ജനത ഇന്ന് ഒരുനേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ ബുദ്ധിമുട്ടുകയാണ്. കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകർന്ന് 68 ദശലക്ഷം ടൺ അവശിഷ്ടങ്ങൾ ഗസ്സയിൽ അടിഞ്ഞുകൂടിക്കിടക്കുന്നു. ഇതിൽ 0.5 ശതമാനം പോലും നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ഈ നില തുടർന്നാൽ അവശിഷ്ടങ്ങൾ പൂർണമായി നീക്കം ചെയ്യാൻ 140 വർഷത്തിലേറെ സമയം വേണ്ടിവരും.

അന്താരാഷ്ട്ര സമൂഹം ഇടപെട്ടുകൊണ്ട് രൂപീകരിച്ച 'ബോർഡ് ഓഫ് പീസ്' പോലുള്ള സമാധാന സംവിധാനങ്ങൾ പ്രഹസനമായിരിക്കുകയാണ്. സകല നിയമങ്ങളും വെടിനിർത്തൽ കരാറുകളും കാറ്റിൽ പറത്തിയുള്ള ഇസ്രായേലിന്റെ അധിനിവേശം തുടരുന്നതിനൊപ്പം തന്നെ, ഗസ്സയെ തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമങ്ങളും അവർ ഊർജിതമാക്കുന്നു. ഗസ്സയിൽ കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിച്ച് ഒരു സുരക്ഷാ വലയം തീർക്കുമെന്നാണ് ഇസ്രായേൽ ധനമന്ത്രി ബെസാലൽ സ്മോട്രിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടയിൽ ഇസ്രായേലിലും വലിയ പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്. ഒക്ടോബർ 7-ലെ ആക്രമണത്തിന് ശേഷം തങ്ങളെ സർക്കാർ ഉപേക്ഷിച്ചുവെന്നും സ്വന്തം പരാജയങ്ങൾ മറച്ചുവെക്കുകയാണെന്നും ആരോപിച്ച് ഇസ്രായേലി ജനതയും തെരുവിലിറങ്ങുകയാണ്.


അതേസമയം ഇസ്രായേൽ ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടികളും ഇവരെ തേടി വന്നു. അതുവരെ ഇസ്രായേലിനെ പിന്തുണച്ചിരുന്ന രാജ്യങ്ങൾ അതൃപ്‍തി അറിയിക്കുകയും യൂറോപ്പിലെ തന്നെ ചില രാജ്യങ്ങൾ ഫലസ്തീനിനെ രാഷ്ട്രമായി അംഗീകരിച്ചതും ഇസ്രായേലിന്റെ മുഖത്തേറ്റ അടിയാണ്.

യുദ്ധം മനുഷ്യനെ വെറും അക്കങ്ങളായും തിരിച്ചറിയപ്പെടാത്ത അവശിഷ്ടങ്ങളായും ചുരുക്കുമ്പോൾ, ഈ കണക്കുകൾക്ക് പിന്നിൽ തുടിപ്പുള്ള ജീവിതങ്ങളുണ്ടായിരുന്നു എന്ന് ലോകം മറന്നുപോകുന്നു. ഗസ്സയിലെ ജനതയുടെ വിലാപങ്ങൾക്കിടയിൽ, അവരുടെ വീടുകളും സ്വപ്നങ്ങളും വീണ്ടും പടുത്തുയർത്താനുള്ള 'ഫോണിക്സ് പ്ലാൻ' പോലുള്ള പദ്ധതികൾ അനിശ്ചിതത്വത്തിലാണ്. ആയിരം ദിവസങ്ങൾ പിന്നിടുമ്പോഴും, നീതി ലഭിക്കാത്ത ഒരു ജനതയുടെ വേദനകളും കണ്ണീരും ലോക ജനത തിരിച്ചറിഞ്ഞത് പോലെ നേതാക്കളും തിരിച്ചറിയേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelPalestinianhamasIDFGaza Genocide
News Summary - 1000 days of gaza genocide
Next Story