മണ്ണടിഞ്ഞ് 1000 കുഞ്ഞുങ്ങൾ: പകർച്ചവ്യാധിയും കുട്ടികളിൽ നിർജലീകരണവും; ഗസ്സ മഹാദുരന്തത്തിന്റെ വക്കിൽ
text_fieldsഗസ്സ സിറ്റി/ജറൂസലം: ആകാശമിറങ്ങിയ ഇസ്രായേൽ ക്രൂരതയിൽ ഗസ്സയുടെ മണ്ണിൽ മരിച്ചു വീണ് ആയിരത്തിലേറെ ഫലസ്തീനി കുഞ്ഞുങ്ങൾ. തകർന്ന് കൽക്കൂനകളായി മാറിയ കെട്ടിടങ്ങൾക്കിടയിൽ അഞ്ഞൂറിലേറെ കുട്ടികൾ കുടുങ്ങിക്കിടക്കുന്നുവെന്നും ചൊവ്വാഴ്ച ഗസ്സ ആരോഗ്യവകുപ്പ് അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ ദക്ഷിണ ഗസ്സയിലെ റഫയിലും ഖാൻ യൂനുസിലും നടന്ന ഇസ്രായേൽ ബോംബാക്രമണത്തിൽ 80ലേറെ പേരാണ് മരിച്ചത്. വടക്കൻ ഗസ്സയിൽനിന്ന് പലായനം ചെയ്തവർ എത്തിച്ചേർന്ന പ്രദേശങ്ങളിലാണ് ഇസ്രായേൽ ക്രൂരത.
ഗസ്സക്ക് വെള്ളം എത്തിക്കാൻ എല്ലാശ്രമവും നടത്തുകയാണെന്ന് ഇസ്രായേലിൽ തമ്പടിച്ച യു.എസ് നേതൃത്വം പറയുമ്പോഴും ഫലസ്തീനികൾ കുടിവെള്ളത്തിനായി മെഡിറ്ററേനിയൻ തീരങ്ങളിൽ കുഴിയെടുത്ത് ഉപ്പുവെള്ളം ശേഖരിക്കുന്ന ദുരന്തകാഴ്ചയാണെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. കൃഷിക്ക് ഉപയോഗിക്കുന്ന ഉപ്പുവെള്ളം കുടിക്കാൻ നിർബന്ധിതരായിരിക്കുകയാണ് ഗസ്സക്കാർ.
‘‘പകർച്ചവ്യാധികൾ കണ്ടുതുടങ്ങി. കുട്ടികളിൽ നിർജലീകരണവും. അന്താരാഷ്ട്രസമൂഹത്തിന് കൈകാര്യം ചെയ്യാനാകാത്തവിധം ജനങ്ങൾ മരിച്ചുവീഴുന്നതാണ് ഇനി കാണേണ്ടിവരുക. വംശഹത്യക്ക് സമാനമാണ് അവസ്ഥ. യുദ്ധക്കുറ്റവും മാനവികതക്കെതിരായ കുറ്റവുമാണ് അരങ്ങേറുന്നത്. ജനങ്ങളെ കൊല്ലാൻ ഔദ്യോഗിക തീരുമാനമാണ് ഉണ്ടായിരിക്കുന്നത്’’ -സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ, കരയാക്രമണവുമായി ബന്ധപ്പെട്ട് തങ്ങൾ ഏറെ ആശയക്കുഴപ്പത്തിലാണെന്ന സൂചന നൽകി ഇസ്രായേൽ സൈന്യം. തങ്ങളുടെ കരയുദ്ധം അൽപം വ്യത്യസ്തമാണെന്നും അടുത്ത ഘട്ടത്തിനായി തയാറെടുത്തുകൊണ്ടിരിക്കുകയാണെന്നും ഇസ്രായേൽ സേനാവക്താവ് ലെഫ്റ്റനന്റ് കേണൽ റിച്ചാർഡ് ഹെച്ച് പറഞ്ഞു. ഗസ്സയിലേക്ക് ഉടൻ കടന്നുകയറുമെന്ന ഭീഷണിമുഴക്കി ജനങ്ങൾക്ക് അന്ത്യശാസനം നൽകിയ ഇസ്രായേൽ ആക്രമണം വൈകിപ്പിക്കുന്നത് നിരവധി ആശങ്കകൾ കാരണമാണെന്നാണ് വിലയിരുത്തൽ.
ഇതിനിടെ, ലബനാനിൽ ഇസ്രായേൽ ചൊവ്വാഴ്ച നടത്തിയ ആക്രമണത്തിൽ നാല് ഹിസ്ബുല്ല പോരാളികൾ കൊല്ലപ്പെട്ടു. ദിവസങ്ങൾക്കിടെ രാജ്യത്തെ ഏറ്റവും വലിയ ആൾനാശമാണിത്. തിരിച്ചടിയായി, ലബനാനിൽനിന്ന് വടക്കൻ ഇസ്രായേൽ ലക്ഷ്യമിട്ട് നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനു പിന്നാലെ മേഖലയിലെ സിവിലിയന്മാരോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം നിർദേശിച്ചു. അതിർത്തിയിലെ പ്രകോപനം ഇസ്രായേൽ അവസാനിപ്പിക്കണമെന്ന് ലബനാൻ.
●11 ദിവസം കഴിഞ്ഞ ഗസ്സ ആക്രമണത്തിൽ മരണം 3000 കവിഞ്ഞു. ഇതിൽ മൂന്നിലൊന്നും കുട്ടികളാണ്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ 1200 പേർ പേർ അകപ്പെട്ടുകിടക്കുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
●യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ഇസ്രായേലിലെത്തും. കരവഴി ഗസ്സയെ ആക്രമിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതികൾ മനസ്സിലാക്കാനാണ് സന്ദർശനമെന്നാണ് സൂചന. ഹമാസിൽനിന്ന് ഇസ്രായേലിനെ പ്രതിരോധിക്കൽ യു.എസിന്റെ അവകാശവും ചുമതലയുമാണെന്ന് ബൈഡൻ പറഞ്ഞു.
●ഇസ്രായേൽ ഗസ്സയിലേക്ക് കടന്നുകയറുംമുമ്പുതന്നെ അവരെ ആക്രമിക്കാൻ തങ്ങളെ അനുകൂലിക്കുന്ന ഗ്രൂപ്പുകൾക്ക് കഴിയുമെന്ന് ഇറാൻ.
●വൈദ്യുതി ജനറേറ്ററുകൾ പ്രവർത്തിക്കാനുള്ള ഇന്ധനമില്ലാത്തതുകാരണം മിക്ക ആശുപത്രികളും അപകടാവസ്ഥയിൽ. യു.എൻ നടത്തുന്ന ഭക്ഷ്യവിതരണകേന്ദ്രങ്ങൾ പൂട്ടിയതിനാൽ അഞ്ചു ലക്ഷം ജനങ്ങൾക്ക് റേഷൻ ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

