കുടുംബത്തിൽ കനത്ത ആൾനാശം; പത്തുപേർ കൊല്ലപ്പെട്ടതായി മസ്ഊദ് അസ്ഹർ
text_fieldsലാഹോർ: ബഹാവൽപുരിലെ ജാമിഅ മസ്ജിദ് സുബ്ഹാനല്ല ആക്രമണത്തിൽ തന്റെ കുടുംബത്തിലെ 10 അംഗങ്ങളും നാല് അടുത്ത കൂട്ടാളികളും കൊല്ലപ്പെട്ടതായി ജയ്‌ശെ മുഹമ്മദ് തലവനും ആഗോള ഭീകരനുമായ മൗലാന മസ്ഊദ് അസ്ഹർ. മൂത്ത സഹോദരിയും ഭർത്താവും, അനന്തരവനും ഭാര്യയും, മറ്റൊരു മരുമകളും, കുടുംബത്തിലെ അഞ്ച് കുട്ടികളും ഉൾപ്പെടുന്നതായി അസ്ഹറിന്റേതായി അവകാശപ്പെടുന്ന പ്രസ്താവനയിൽ പറയുന്നു.
ആക്രമണത്തിൽ അസ്ഹറിന്റെ അടുത്ത അനുയായിയും അമ്മയും മറ്റു രണ്ട് കൂട്ടാളികളും മരിച്ചു. ഈ ക്രൂരമായ പ്രവൃത്തി എല്ലാ അതിരുകളെയും ലംഘിച്ചു. ഇനി കരുണ പ്രതീക്ഷിക്കേണ്ടെന്നും തിരിച്ചടിക്കുമെന്നും പ്രസ്താവനയിലുണ്ട്. 1999ൽ വിമാനത്തിലെ തട്ടിക്കൊണ്ടുപോയ യാത്രക്കാരെ മോചിപ്പിക്കാനായി ഇന്ത്യ വിട്ടയച്ച ഭീകരനാണ് അസ്ഹർ. 2019ൽ, ഐക്യരാഷ്ട്രസഭ അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു.
പാക് വ്യോമാതിർത്തി അടച്ചു
ഇന്ത്യൻ സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തിൽ പാക് വ്യോമാതിർത്തി 48 മണിക്കൂർ അടച്ചു. ആക്രമണത്തിനുടൻ ഇസ്‍ലാമാബാദിനും ലാഹോറിനും മുകളിൽ വ്യോമാതിർത്തി അടച്ച അധികൃതർ വിമാനങ്ങൾ കറാച്ചി വഴി തിരിച്ചുവിട്ടു.
അതുകഴിഞ്ഞ് പൂർണമായി രണ്ടു ദിവസത്തേക്ക് അടക്കുന്നതായി പ്രഖ്യാപിച്ചു. എന്നാൽ, എട്ടു മണിക്കൂർ കഴിഞ്ഞ് ലാഹോർ, കറാച്ചി വിമാനത്താവളങ്ങളിൽനിന്ന് പുനരാരംഭിച്ചെങ്കിലും ലാഹോർ വീണ്ടും 24 മണിക്കൂർ അടച്ചു. നിലവിൽ സർവിസുകൾ പതിവുപോലെ നടക്കുന്നതായാണ് ഏറ്റവുമൊടുവിലെ വിവരം.
ടി.ആർ.എഫ് തലവൻ സജ്ജാദ് ഗുൽ മുഖ്യസൂത്രധാരൻ
ന്യൂഡൽഹി: ലശ്കറെ ത്വയ്യിബ നിഴൽ സംഘടനയായ റസിസ്റ്റൻസ് ഫ്രണ്ട് (ടി.ആർ.എഫ്) തലവൻ 50കാരനായ ശൈഖ് സജ്ജാദ് ഗുൽ ആണ് പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് അധികൃതർ. സജ്ജാദ് അഹ്മദ് ശൈഖ് എന്നും പേരുള്ള ഗുൽ നിരവധി ഭീകരാക്രമണങ്ങൾ മുമ്പും ആസൂത്രണം ചെയ്തയാളാണ്.
2020, 2023, 2024 വർഷങ്ങളിൽ കശ്മീരിൽ ഇയാൾ ആക്രമണം നടത്തിയിരുന്നു. 2022 ഏപ്രിലിൽ എൻ.ഐ.എ ഗുല്ലിനെ ഭീകരവാദിയായി പ്രഖ്യാപിച്ച് തലക്ക് 10 ലക്ഷം രൂപ വിലയിട്ടു. പഹൽഗാം ആക്രമണത്തെക്കുറിച്ച അന്വേഷണങ്ങളിൽ ഇയാളിലേക്കെത്തുന്ന ആശയവിനിമയങ്ങളും ബന്ധങ്ങളും തിരിച്ചറിഞ്ഞതായി പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ അറിയിച്ചു. ടി.ആർ.എഫ് നേരത്തേ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

