വടക്കൻ ഗസ്സയിൽ 10 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു; അവകാശവാദങ്ങൾക്കിടെ ഞെട്ടലായി വൻ സൈനിക നഷ്ടം
text_fieldsവടക്കൻ ഗസ്സയിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികർ
ഗസ്സ: വടക്കൻ ഗസ്സയിൽ രണ്ട് സീനിയർ കമാൻഡർമാർ അടക്കം 10 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ഹമാസ് നടത്തിയ ഒളിയാക്രമണത്തിൽ ഷുജാഇയയിൽ ഒമ്പതുപേരും മറ്റിടത്ത് ഒരാളുമാണ് കൊല്ലപ്പെട്ടത്. 21 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരിൽ നാലു പേരുടെ നില അതിഗുരുതരമാണെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു. ജാഇയ്യയിലെ ഖസബ മേഖലയിൽ നേരിട്ടുള്ള യുദ്ധത്തിനിടെയായിരുന്നു ഒമ്പത് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടത്. ഹമാസ് പോരാളികൾ പിൻവാങ്ങിയ കെട്ടിടത്തിൽ വിഡിയോ നിരീക്ഷണത്തിന്റെ അകമ്പടിയോടെ വീടുകൾ തോറും തിരച്ചിൽ നടത്താനായെത്തിയ ഗോലാനി ബ്രിഗേഡിലെ ലഫ്. കേണൽ തോമർ ഗ്രീൻബർഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒളിയാക്രമണത്തിനിരയായത്.
ആദ്യസംഘം ഇസ്രായേൽ സൈനികർ അകത്തുകയറിയതോടെ നേരത്തെ സ്ഥാപിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. ആൾനാശമറിയാതെ ഉള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ അടുത്ത സംഘം എത്തിയതും വീണ്ടും ഉഗ്രസ്ഫോടനമുണ്ടായി. ഒരു കേണലും നാലു മേജർമാരുമടക്കം ഒമ്പതു മരണത്തിനുപുറമെ രണ്ടു ഡസനിലേറെ സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതിനുപുറമെ ഗ്രനേഡുകളും സ്ഫോടക വസ്തുക്കളും കൊണ്ടും ആക്രമണമുണ്ടായി. മരിച്ചവരെയും പരിക്കേറ്റവരെയും പുറത്തെടുക്കാനെത്തിയ മൂന്നാം സംഘവും ആക്രമിക്കപ്പെട്ടു. സമീപത്തായാണ് മറ്റൊരു സൈനികനും കൊല്ലപ്പെട്ടത്. വടക്കൻ ഗസ്സയിൽ ഹമാസിനെ ഇല്ലാതാക്കിയെന്നും യുദ്ധം ഏകദേശം പൂർത്തിയായെന്നും കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രതിരോധ മന്ത്രി യൊആവ് ഗാലന്റ് അവകാശപ്പെട്ടിരുന്നു. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സ്ഥിരീകരിക്കുകയും ചെയ്തു. തെക്കൻ ഗസ്സയിൽ ഖാൻ യൂനുസ് എന്ന കടമ്പ കൂടി പിന്നിട്ടാൽ എല്ലാം ശുഭമെന്ന പ്രചാരണങ്ങൾക്കിടെയാണ് ഞെട്ടലായി 10 സൈനികരെ ഒറ്റനാളിൽ ഇസ്രായേലിന് നഷ്ടമായത്.
ഒക്ടോബർ ഏഴിനുശേഷം ആദ്യമായാണ് ഇത്രയും സൈനികർ ഒറ്റ നാളിൽ കൊല്ലപ്പെടുന്നത്. അതിനിടെ, തെക്കൻ ഗസ്സയിൽ ഖാൻ യൂനുസിലും പരിസരങ്ങളിലും കനത്ത ആക്രമണം തുടരുകയാണ്. ഖുസാഅ, ബനീ സുലൈ, അബസാൻ അൽകബീറ, അബസാൻ അൽസഗീറ എന്നിവിടങ്ങളിലടക്കം കനത്ത ബോംബാക്രമണമുണ്ടായി. രണ്ടു മാസത്തിലേറെയായി തുടരുന്ന വംശഹത്യയിൽ ഗസ്സയിൽ മാത്രം 18,608 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അരലക്ഷത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

