90 മണിക്കൂർ പരിശ്രമം ഫലം കണ്ടു; ആ പിഞ്ചുകുഞ്ഞും അമ്മയും ജീവിതത്തിലേക്ക്
text_fieldsഇസ്തംബൂൾ: മണിക്കൂറുകൾ നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ 10 ദിവസം പ്രായമായ ആ കുഞ്ഞും അമ്മയും ജീവിതത്തിലേക്ക് തിരികെയെത്തി. തുർക്കി,സിറിയ ഭൂകമ്പത്തിന്റെ രക്ഷാപ്രവർത്തനത്തിനിടെയാണ് പ്രതീക്ഷ പകരുന്ന വാർത്തയെത്തിയത്.
90 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് യാഗിസ് ഉലാസിനെയും അവന്റെ അമ്മയെയും രക്ഷപ്പെടുത്തിയത്. തെക്കൻ തുർക്കിയിലെ ഹതായ് പ്രവിശ്യയിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു അവർ.
തകർന്ന കെട്ടിടങ്ങളുടെ കൂമ്പാരങ്ങൾക്കിടയിൽനിന്ന് ഒരു മൺതരി പോലും ദേഹത്തു വീഴാൻ അനുവദിക്കാതെ ശ്രദ്ധാപൂർവമാണ് രക്ഷാപ്രവർത്തകർ ആ പിഞ്ചുകുഞ്ഞിനെ പുറത്തെടുത്തത്. അവന്റെ കുഞ്ഞുകണ്ണുകൾ തുറന്നു കിടക്കുകയായിരുന്നു. കുഞ്ഞിനെ കട്ടിയുള്ള പുതപ്പിൽപുതഞ്ഞ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. അമ്മയെയും ഒപ്പം കൊണ്ടുപോയി. ശരീരത്തിൽ അങ്ങിങ്ങായി പരിക്കുകളുണ്ടെങ്കിലും അവരുടെ ബോധം നഷ്ടപ്പെട്ടിട്ടില്ലായിരുന്നു.