തുർക്കിയിൽ ഇന്ത്യക്കാരനെ കാണാതായി; 10 പേർ കുടുങ്ങിക്കിടക്കുന്നു
text_fieldsഇസ്തംബൂൾ: തുർക്കി ഭൂകമ്പത്തിനിടെ ഇന്ത്യൻ സ്വദേശിയെ കാണാതായി. ബിസിനസ് ആവശ്യങ്ങൾക്കായി തുർക്കിയിലെത്തിയ ബംഗളൂരു സ്വദേശിയെ ആണ് കാണാതായത്.
10 ഇന്ത്യക്കാർ തുർക്കിയിലെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.
തുർക്കിയയിലും സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 11,000 ആയി. അസ്ഥി തുളക്കുന്ന കടുത്ത തണുപ്പിനെ പോലും വകവെക്കാതെയാണ് ഇരുരാജ്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുന്നത്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ മനുഷ്യർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നാണ് തിരയുന്നത്.
തിങ്കളാഴ്ച പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇരുരാജ്യങ്ങളെയും നാമാവശേഷമാക്കിയത്. ഭൂകമ്പത്തെതുടർന്ന് തുർക്കിയിലെ 10 പ്രവിശ്യകളിൽ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ മൂന്നുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
യു.എസ് അടക്കമുള്ള നിരവധി രാജ്യങ്ങൾ ദുരിതബാധിതരെ സഹായിക്കാൻ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ജീവൻ തിരിച്ചുകിട്ടിയവരിൽ ഏറിയ പങ്കും പള്ളികളിലും സ്കൂളുകളിലും ബസ് സ്റ്റോപ്പുകളിലും അഭയം തേടിയിരിക്കുകയാണ്. ദുരിത ബാധിതർക്ക് സഹായം നൽകാൻ ലോകാരോഗ്യ സംഘടന അടിയന്തര മെഡിക്കൽ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം 20,000ആകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. രണ്ടര കോടി ആളുകളെ ഭൂകമ്പം ബാധിക്കുമെന്നാണ് വിലയിരുത്തൽ.