അന്താരാഷ്ട്ര സമാധാനം ഉറപ്പാക്കാൻ ഒ.പി.സി.ഡബ്ല്യു ശ്രമങ്ങൾക്ക് പൂർണ പിന്തുണയുമായി ഖത്തർ
text_fieldsദോഹ/ഹേഗ്: രാസായുധ നിരോധന ഉടമ്പടിയുടെ (സി.ഡബ്ലിയു.സി) വിജയകരമായ നടപ്പാക്കലിലൂടെ അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനായി രാസായുധ നിരോധന സംഘടന (ഒ.പി.സി.ഡബ്ല്യു) നടത്തുന്ന ശ്രമങ്ങൾക്ക് ഖത്തർ തങ്ങളുടെ പൂർണ പിന്തുണ ആവർത്തിച്ചു. ഓർഗനൈസേഷന്റെ ആസ്ഥാനമായ ദി ഹേഗിൽ നടന്ന ഒ.പി.സി.ഡബ്ല്യു എക്സിക്യൂട്ടീവ് കൗൺസിലിന്റെ 112ാമത് സെഷനിൽ സംസാരിക്കവെ, നെതർലാൻഡ്‌സിലെ ഖത്തർ അംബാസഡറും ഒ.പി.സി.ഡബ്ല്യുവിന്റെ സ്ഥിരം പ്രതിനിധിയുമായ ഡോ. മുത്‌ലാഖ് ബിൻ മാജിദ് അൽ ഖഹ്താനിയാണ് ഇക്കാര്യം അറിയിച്ചത്.
അധിനിവേശം നേരിടുന്ന ഫലസ്തീൻ പ്രദേശങ്ങളിലെ നിലവിലുള്ള മാനുഷിക ദുരന്തത്തിലും ലബനാന് നേരെയുള്ള ഇസ്രായേൽ ആക്രമണങ്ങളിലും ഖത്തർ ശക്തമായ ആശങ്ക രേഖപ്പെടുത്തുന്നതായി അംബാസഡർ പറഞ്ഞു. ഇത് സാധാരണക്കാരുടെ സുരക്ഷക്കും മേഖലയുടെ സ്ഥിരതക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
രാസായുധങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചോ അതുമായി ബന്ധപ്പെട്ട ഭീഷണികളെക്കുറിച്ചോ ഉള്ള ഏത് ആരോപണങ്ങളും ഗൗരവമായി കാണണമെന്നും കുറ്റക്കാർക്കെതിരെ അന്താരാഷ്ട്ര നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിറിയൻ അറബ് റിപ്പബ്ലിക്കും ഒ.പി.സി.ഡബ്ല്യു ടെക്നിക്കൽ സെക്രട്ടേറിയറ്റും തമ്മിൽ നിലവിലുള്ള ഏകോപനത്തെ ഖത്തർ അഭിനന്ദിച്ചു. ഈ പുരോഗതി കണക്കിലെടുത്ത് ഓർഗനൈസേഷനിൽ സിറിയയുടെ അവകാശങ്ങളും പദവികളും പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും ഇത് മേഖലയുടെ സുരക്ഷക്കും സംഘടനയുടെ വിശ്വാസ്യതക്കും ആക്കം കൂട്ടുമെന്നും ഡോ. മുത്‌ലാഖ് ബിൻ മാജിദ് അൽ ഖഹ്താനി ചൂണ്ടിക്കാട്ടി.
റഷ്യ-ഉക്രെയ്ൻ യുദ്ധം സൃഷ്ടിക്കുന്ന മാനുഷിക-സുരക്ഷാ പ്രതിസന്ധികളിൽ ആശങ്ക പ്രകടിപ്പിച്ച ഖത്തർ, സമാധാനപരമായ ചർച്ചകൾക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കാൻ അന്താരാഷ്ട്ര തലത്തിൽ ശ്രമങ്ങൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ഒരു കാരണവശാലും ഇവിടെ രാസായുധങ്ങൾ ഉപയോഗിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

