അർജൻറീന വീണ്ടും വിജയവഴിയിൽ; നാലാം ജയവുമായി ബ്രസീൽ തന്നെ തലപ്പത്ത്
text_fieldsമോണ്ടെവിഡിയോ: ലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടങ്ങളിൽ കരുത്തരായ ബ്രസീലിനും അർജൻറീനക്കും ജയം. ബുധനാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ ബ്രസീൽ യുറുഗ്വായ്യെ 2-0ത്തിന് തോൽപിച്ചപ്പോൾ അർജൻറീന അതേ സ്കോറിന് പെറുവിനെ മറികടന്നു.
ഇതോടെ നാല് മത്സരങ്ങളിൽ നാലും ജയിച്ച ബ്രസീൽ (12 പോയൻറ്) പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. 10 പോയൻറുമായി അർജൻറീന രണ്ടാം സ്ഥാനത്താണ്. നാല് മാസവും ഒരാഴ്ചയും കഴിഞ്ഞ ശേഷമാകും ഇനി ബ്രസീലും യുറുഗ്വായ്യും കളത്തിലിറങ്ങുക. മാർച്ച് 25ന് യുറുഗ്വായ് അർജൻറീനയെയും ബ്രസീൽ കെളംബിയയെയും നേരിടും.
നെയ്മറില്ലാതെയും ജയിച്ചുകയറി ബ്രസീൽ
എതിരാളികളുടെ സ്വന്തം തട്ടകത്തിൽ ആർതറും റിച്ചാർലിസണുമാണ് ബ്രസീലിനായി വലചലിപ്പിച്ചത്. ഇരു ടീമുകളിലും രണ്ട് സൂപ്പർതാരങ്ങളുടെ അഭാവമുണ്ടായിരുന്നു. പരിക്കേറ്റ സൂപ്പർതാരം നെയ്മറില്ലാതെ ബ്രസീലും കോവിഡ് ബാധിതനായ ലൂയി സുവാരസില്ലാെത യുറുഗ്വായ്യും കളത്തിലിറങ്ങിയത്.
ആദ്യ പകുതിയിലായിരുന്നു ഇരുഗോളുകളും. രണ്ടാം പകുതിയിൽ സൂപ്പർ താരം എഡിൻസൺ കവാനി ചുവപ്പ് കാർഡ് കണ്ട് പുറത്തായതും ആതിഥേയർക്ക് നിരാശയായി. രണ്ടാം പകുതിയിൽ ഗോളുകളുടെ എണ്ണം വർധിപ്പിക്കാൻ സാധിച്ചില്ലെങ്കിലും എതിരാളികളെ ഗോളടിക്കാൻ വിടാതെ പിടിച്ചുകെട്ടാൻ ബ്രസീലിനായി.
തെക്കനമേരിക്കൻ മേഖലയിലെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ടാണ് ബ്രസീൽ എത്തിയത്. നെയ്‌മറിനൊപ്പം ഫിലിപെ കൗടീന്യോ, ഫാബീഞ്ഞോ, എഡർ മിലിറ്റാവോ, കാസിമിറോ എന്നീ താരങ്ങളും ബ്രസീൽ നിരയിലുണ്ടായിരുന്നില്ല. ഇൗ താരങ്ങളുടെ അഭാവത്തിൽ വെനസ്വേലയ്‌ക്കെതിരെ വിയർത്ത ബ്രസീൽ ഒരുഗോളിനാണ് ജയിച്ചത്.
കൊളംബിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തായിരുന്നു യുറുഗ്വായുടെ വരവ്. ലൂയി സുവാരസ് പുറത്തായതോടെ എഡിൻസൺ കവാനിക്കൊപ്പം ഡാർവിൻ നൂനെസാണ് മുന്നേറ്റ നിരയിലെത്തിയത്. പ്രതിരോധ നിലയിൽ അഗസ്റ്റിൻ ഒലിവറോസ് അരങ്ങേറി.
4-3-3 ഫോർമേഷനിലാണ് കാനറികളെ ടിറ്റെ കളത്തിലിറക്കിയത്. ഗബ്രിയേൽ ജീസസ്, റോബർടോ ഫിർമിനോ, റിചാർലിസൺ എന്നിവരായിരുന്നു ഫോർവേഡ്.
34ാം മിനിറ്റിൽ ആർതറാണ് ബ്രസീലിനായി ആദ്യം വലകുലുക്കിയത്. വലത് വിങ്ങിൽ നിന്നും വന്ന ക്രോസ് യുറുഗ്വായ് ഡിഫൻഡർക്ക് ക്ലിയർ ചെയ്യാനാകാതെ വന്നതോടെ പുറത്തുണ്ടായിരുന്നു ആർതറിെൻറ കാലിലെത്തി. േബാക്സിലുണ്ടായിരുന്ന കളിക്കാർക്കിടയിലൂടെ പോസ്റ്റ് ലക്ഷ്യമിട്ട ആർതറിെൻറ ശ്രമം വിജയിച്ചു. ബ്രസീലിന് ലീഡ്. ഗബ്രീയേൽ ജീസസിേൻറതായിരുന്നു പാസ്. താരത്തിെൻറ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.
ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ റിച്ചാർലിസൺ രണ്ടാമത്തെ വെടിപൊട്ടിച്ചു. റെനാൻ ലോഡിയുടെ അസിസ്റ്റിൽ ഹെഡ്ഡറിലൂടെയായിരുന്നു ഗോൾ. രണ്ടാം പകുതിയിൽ ബ്രസീലിനൊപ്പമെത്താൻ ആതിഥേയർക്കായില്ല.
71ാം മിനിറ്റിൽ സ്റ്റാർ സ്ട്രൈക്കർ എഡിൻസൺ കവാനി ചുവപ്പ്് കാർഡ് കണ്ട് പുറത്തായതോടെ അവർ 10 പേരായി ചുരുങ്ങിയിരുന്നു. എന്നാൽ 76ാം മിനിറ്റിൽ യുറുഗ്വായ് പന്ത് വലയിലാക്കിയെങ്കിലും ഓഫ്സൈഡിൽ കുരുങ്ങി. യുറുഗ്വായ്ക്കെതിരെ തുടർച്ചയായി 11 മത്സരങ്ങളിൽ ബ്രസീൽ തോൽവിയറിഞ്ഞിട്ടില്ല. 2001ലാണ് യുറുഗ്വായ് അവസാനമായി ബ്രസീലിനെ തോൽപിച്ചത്. 2018 ലോകകപ്പ് യോഗ്യത റൗണ്ടിൽ 12 മത്സരവിജയങ്ങളുമായി സമഗ്രാധിപത്യം സ്ഥാപിച്ചിരുന്ന ബ്രസീൽ പതിവ് തുടരാനുള്ള ഒരുക്കത്തിലാണ്.
അർജൻറീന വീണ്ടും വിജയവഴിയിൽ
നികോളസ് ഗോൺസാലസും ലോതറോ മാർടിനസും നേടിയ ഗോളുകളുടെ മികവിലാണ് അർജൻറീന 2-0ത്തിന് പെറുവിനെ തോൽപിച്ചു. 2004ന് ശേഷം അർജൻറീന ആദ്യമായാണ് പെറുവിൽ വിജയിക്കുന്നത്. നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു സമനിലയുമായി ബ്രസീലിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് അർജൻറീന. പാരാഗ്വായ് ആയിരുന്നു അർജൻറീനയെ സമനിലയിൽ കുരുക്കിയിരുന്നത്.
പാരാഗ്വായ്ക്കെതിരെ ലക്ഷ്യം കണ്ട ഗോൾസാലസ് തന്നെയാണ് ഇക്കുറിയും സ്കോർബോർഡ് തുറന്നത്. അഞ്ച് മത്സരത്തിൽ നിന്നും താരത്തിെൻറ രണ്ടാമത്തെ ഗോളാണിത്. 17ാം മിനിറ്റിൽ മികച്ച മുന്നേറ്റത്തിനൊടുവിൽ ജിയോവനി ലോ സെൽസോ കൈമാറിയ പന്ത് പവർഫുൾ ഫിനിഷിലൂടെ ഗോൺസാലസ് ഗോളാക്കിയപ്പോൾ ഗോളിക്ക് നോക്കി നിൽക്കാനേ സാധിച്ചുള്ളൂ.
ലിയാൻഡ്രോ പരേഡസ് നൽകിയ പന്തുമായി പെറുവിെൻറ ഓഫ്സൈഡ് കെണി അതിസമർഥമായി മറികടന്നാണ് മാർടിനസ് ടീമിെൻറ ലീഡ് രണ്ടാക്കി ഉയർത്തിയത്. രണ്ടാം പകുതിയിൽ തിരിച്ചടിക്കാനായി പെറു കിണഞ്ഞു ശ്രമിച്ചു. പക്ഷേ രണ്ടുഗോൾ ലീഡ് നേടിയതോടെ പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞ അർജൻറീനക്കാർ പെറു മുന്നേറ്റനിരയെ പൂട്ടി. സൂപ്പർതാരം ലയണൽ മെസ്സി ഗോൾപട്ടികയിൽ ഇടം നേടാൻ കിണഞ്ഞ് ശ്രമിച്ചു. ഒരു ശ്രമം കോർണറായി മാറിയപ്പോൾ ഒരു പെനാൽറ്റി അപ്പീൽ റഫറി അംഗീകരിച്ചില്ല. അവസാനം കളിച്ച മൂന്ന് മത്സരങ്ങളിൽ മെസ്സിക്ക് സ്കോർ ചെയ്യാനായില്ല.
ലയണൽ സ്കളോനിയുടെ ടീം 11 മത്സരങ്ങളായി തോൽവിയറിഞ്ഞിട്ട്. കഴിഞ്ഞ വർഷത്തെ കോപ അമേരിക്കയിലാണ് അർജൻറീന അവസാനമായി തോറ്റത്.
ഇക്വഡോറിനും വെനിസ്വേലക്കും ജയം
മറ്റ് മത്സരങ്ങളിൽ ഇക്വഡോർ 6-1ന് കൊളംബിയയെ തകർത്തു. വെനിസ്വേല 2-1ന് ചിലെയെ മറികടന്നപ്പോൾ പാരഗ്വായ്യെ ബൊളീവിയ 2-2ന് സമനിലയിൽ കുരുക്കി.