Begin typing your search above and press return to search.
proflie-avatar
Login

​മോദിയുടെ 9 വർഷങ്ങൾ: മാധ്യമങ്ങൾ ആഘോഷിക്കുന്നതും പൂഴ്ത്തിവെക്കുന്നതും

​മോദിയുടെ 9 വർഷങ്ങൾ: മാധ്യമങ്ങൾ ആഘോഷിക്കുന്നതും പൂഴ്ത്തിവെക്കുന്നതും
cancel
camera_alt

നരേന്ദ്ര മോദി

നരേന്ദ്ര മോദി പ്രധാനമന്ത്രി കസേരയിൽ 9 വർഷം പിന്നിടുന്നു. ഈ അവസരത്തെ ദേശീയ മാധ്യമങ്ങൾ ആഘോഷിക്കുന്നത് എങ്ങനെയാണ്?. മാധ്യമങ്ങൾ മറച്ചുപിടിക്കുന്ന വാർത്തകൾ എന്തൊക്കെയാണ്?

ആത്മപ്രശംസ മോദി സർക്കാറിന് എപ്പോഴും വഴങ്ങും. അങ്ങനെയാണ് മേയ് 30ന് പ്രധാനമന്ത്രി മോദി തന്റെ സർക്കാർ ഒമ്പതു വർഷം പൂർത്തിയാക്കിയതിനെ കുറിച്ച് ട്വീറ്റ് ചെയ്യുന്നത്: ‘‘ഇന്ന് ​രാജ്യ സേവനരംഗത്ത് ഒമ്പതു വർഷം പൂർത്തിയാക്കുമ്പോൾ ഞാൻ വിനയവും കൃതജ്ഞതയും കൊണ്ട് നിറയുകയാണ്. ​കൈക്കൊണ്ട ഓരോ തീരുമാനവും നടപ്പാക്കിയ ഓരോ പ്രവൃത്തിയും ജനതയുടെ ജീവിതം മെച്ചപ്പെടുത്തുകയെന്ന ആഗ്രഹം സാർഥകമാക്കാൻ വേണ്ടിയായിരുന്നു. വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ ഇതിലേറെ ഊർജസ്വലമായി നാം തുടർന്നും പ്രവർത്തിക്കും. #9YearsOfSeva.”

പ്രധാനമന്ത്രിയെ വാഴ്ത്തൽ വല്യേട്ടൻ മാധ്യമങ്ങൾക്ക് ഇഷ്ടവിഷയമാണ്. പ്രമേയം ‘അദ്ഭുതകരമായ ഒമ്പത് മോദി വർഷങ്ങൾ’ ആകുമ്പോൾ അവർ വാചാലരാകും. നടനജീവിതത്തിൽനിന്ന് മന്ത്രിപദത്തിലേക്ക് ചുവടുമാറിയ സ്മൃതി ഇറാനി ഈ സൗന്ദര്യപ്രദർശന മത്സരത്തിന്റെ ഡയറക്ടറായി സ്വയം ചുമതലയേറ്റ പോലെ ​തോന്നുന്നു. ദേശീയ വിദ്യാഭ്യാസ നയം, പി.പി.ഇ ഉദ്പാദനം, വാക്സിൻ, സൗജന്യ ഭക്ഷ്യധാന്യം, 11 കോടി കുടുംബങ്ങൾക്ക് ശൗചാലയങ്ങൾ, ആയുഷ്മാൻ ഭാരത് കാർഡുകൾ... തുടങ്ങിയവയെ കുറിച്ചെല്ലാം നീണ്ട ഒരു മണിക്കൂർ ശ്വാസമടക്കിപ്പിടിച്ച് സംസാരിച്ചുകൊണ്ടിരിക്കാൻ വനിത, ശിശുക്ഷേമ വികസന മന്ത്രിക്ക് CNBC-TV18ലെ ‘ദി റൈറ്റ് സ്റ്റാൻഡ്’ അവതാരകൻ ആനന്ദ് നരസിംഹൻ അവസരമനുവദിക്കുന്നുണ്ട്. മന്ത്രി പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരുന്നപ്പോൾ നരസിംഹൻ ശരിക്കും അവരുടെ ശ്വാസകോശത്തിന്റെ അസാധാരണ പ്രകടനം കണ്ട് കുതൂഹലപ്പെടുകയാണ്. പുഞ്ചിരി വിടരാതെ നിൽക്കുന്ന മുഖം പാതി തണുത്തുറഞ്ഞനിലയിലുമാകുന്നുണ്ട്.

നവിക കുമാർ മോദിക്കൊപ്പം

ഇനി ‘ടൈംസ് നൗ’വിൽ നവിക കുമാറിന്റെ ന്യുസ് അവറിലെത്തുമ്പോൾ ഈ വിഷയക്കൂട്ടിലേക്ക് 2024ലെ പൊതുതെരഞ്ഞെടുപ്പ് കുടി എടുത്തിടുന്നുണ്ട്. ചോദ്യം ഇങ്ങനെ: ‘‘മോദി സർക്കാറിന് ഒമ്പതു വർഷമായി. 2024 തെരഞ്ഞെടുപ്പിന് പ്രധാനമന്ത്രി മോദിക്ക് വേദി ഒരുങ്ങിക്കഴിഞ്ഞോ?’’. ഉടൻ സർക്കാർ പ്രചാരവേലകളുടെ പൂന്തോപ്പിൽനിന്ന് അവർ തന്നെ പറിച്ചെടുത്ത കുറെ വലിയ ‘വസ്തുതകൾ’ മ​ന്ത്രി എടുത്തിടുകയാണ്. മെല്ലെപ്പോക്ക് അടയാളമായ യു.പി.എ ഭരണത്തിൽനിന്ന് വ്യത്യസ്തമായി മോദി ഭരണത്തിന്റെ ഒമ്പതു വർഷത്തിനിടെ ഉണ്ടായ മഹത്തായ നേട്ടങ്ങൾ കുറെ കൂടി എണ്ണിപ്പറയുകയാണ്: ഹൈവേ വികസനം: യു.പി.എ 9128 കിലോമീറ്റർ. എൻ.ഡി.എ 1,41,000 കിലോമീറ്റർ; യു.പി.എക്കു കീഴിൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ 10ാമത്തെ സമ്പദ്‍വ്യവസ്ഥയായിരുന്നു. എൻ.ഡി.എക്കു കീഴിൽ അത് അഞ്ചാമത്തെയായി ഉയർന്നു. വിദേശനിക്ഷേം യു.പി.എ കാലത്ത് 45 ബില്യൺ ഡോളർ. എൻ.ഡി.എ കാലത്ത് 8483 ബില്യണും. ഈ നേട്ടപ്പട്ടികയിൽ യൂനിവേഴ്സിറ്റികൾ, ഡിജിറ്റൽ ഇടപാടുകൾ തുടങ്ങി എണ്ണമറ്റ വിഷയങ്ങളുണ്ട്. ഓരോ മേഖലയിലും യു.പി.എ വൻപരാജയമായാണ് അവതരിപ്പിക്കപ്പെടുന്നത്. 2024ൽ മോദിക്ക് വോട്ടു ചെയ്യണമെന്നു മാത്രം പറയാൻ ബാക്കി. മോദിക്ക് അതും സാധിക്കുമെന്ന് പറയാതെ പറയുന്നിടത്ത് കാര്യങ്ങളെത്തിച്ചു നവീൻ കുമാർ.

വല്യേട്ടൻ മാധ്യമങ്ങൾ പക്ഷേ, സമർഥമായി വിട്ടുകളയുന്നത് ഒമ്പതു വർഷത്തെ മോദി കാലത്തിനിടെ ഉഗ്രരൂപം പ്രാപിച്ച വർഗീയ വൈരത്തെ കുറിച്ചാണ്. ഒരു പതിറ്റാണ്ട് കഴിയുമ്പോൾ ഒരുവശത്ത് ആഭ്യന്തര സംഘർഷസമാനമായ സ്ഥിതിവി​ശേഷവും മറുവശത്ത്, വംശീയ പ്രക്ഷാളന നീക്കങ്ങളും സജീവമായി അരങ്ങേറുന്നു.

പുതിയതായുള്ള മണിപ്പൂരിലെ സംഭവങ്ങളും ഇതിന്റെ തുടർച്ചയാണ്. മലനിരകളിൽ താമസിക്കുന്ന കുക്കികളും താഴ്വരയിലെ മെയ്തികളും തമ്മിലെ സംഘർഷം അതിവേഗമാണ് മതവർഗീയ മുഖമണിഞ്ഞത്. ക്രിസ്ത്യൻ ദേവാലയങ്ങൾ തകർക്കൽ ഇത്രയും കാലം മണിപ്പൂരിന്റെ രാഷ്ട്രീയ അന്തരീക്ഷവുമായി ചേരാത്ത വിഷയമായിരുന്നു. 2016 ഡിസംബറിൽ കടുത്ത സംഘർഷവും സാമ്പത്തിക ഉപര​രോധവും മൂലം സംസ്ഥാനം തന്നെ അടഞ്ഞുകിടന്നപ്പോൾ പോലും അതുണ്ടായില്ല. ഇതിനകം 130 ലേറെ പേർ ഇവിടെ കുരുതിക്കിരയായി. എണ്ണമറ്റ ആയിരങ്ങൾ മനസ്സും ശരീരവും പരിക്കിൽ കുരുങ്ങി.

മണിപ്പൂരിൽ നിന്നുള്ള കലാപചിത്രം

‘ദ വയർ’ പക്ഷേ, മുഖ്യധാരാ മാധ്യമങ്ങളിൽ പലതും ചെയ്യാത്ത ഒരു സാഹസത്തിനിറങ്ങി- ഇവിടങ്ങളിലെ ചില അഭയാർഥി ക്യാമ്പുകൾ സന്ദർശിക്കുക. റിലീഫ് പ്രവർത്തനങ്ങളിൽ പോലും വംശീയ- വർഗീയ ഛായ നിഴലിച്ചുനിന്നതിന്റെ കഥകളാണ് അവിടങ്ങളിൽ ബോധ്യപ്പെട്ടത്. ‘‘ദ വയർ സന്ദർശനം നടത്തിയ എല്ലാ റിലീഫ് ക്യാമ്പുകളും പ്രാദേശിക ക്ലബുകളും സംഘടനകളും നടത്തുന്നവയാണ്. ഒരു വിഭാഗത്തിന് മാത്രമാണ് അവിടെ സേവനങ്ങൾ ലഭിക്കുന്നത്.

വടക്കൻ മലനിരകളിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്ത് നാം സാക്ഷിയാകുന്നത് പഴയ നാസി അധിനിവേശ കാലത്ത് പോളിഷ് ഘെറ്റോകൾക്കുണ്ടായതിന് സമാനമാണ്. മുസ്‍ലിംകളുടെ സ്ഥാപനങ്ങൾക്കു മേൽ പ്രത്യേക ചിഹ്നം ഇടുകയായിരുന്നു. തലമുറകളായി ഇവിടെ കഴിഞ്ഞുപോരുന്ന മുസ്‍ലിംകളെ ആട്ടിപ്പായിക്കാനുള്ള കാമ്പയിനാണ് ഇവിടെ അരങ്ങേറുന്നത്. 2019ലും സമാനമായ ഒരു മുസ്‍ലിം വിരുദ്ധ കാമ്പയിൻ അരങ്ങേറിയിരുന്നു. ഭൂമി ഉടമസ്ഥതയുമായി ബന്ധപ്പെട്ട് നാട്ടുകാരിൽ അനുഭവപ്പെട്ട അരക്ഷിതത്വബോധമായിരുന്നു ഇവിടെ കാമ്പയിന് വളമായത്. അതുകഴിഞ്ഞ് 2021 ഡിസംബറിൽ ഹരിദ്വാറിൽ നടന്ന ധർമ സൻസദിൽ ബഹുകാതം മുന്നോട്ടുപോയി മുസ്‍ലിം വംശഹത്യക്കായിരുന്നു ആഹ്വാനം. ഇന്നിപ്പോൾ എത്തിനിൽക്കുന്നത് ഒരു ചെറുതരി വീണാൽ ഒരു ജില്ല മുഴുവൻ, ചിലപ്പോൾ സംസ്ഥാനം തന്നെയും ആളിക്കത്തുന്നിടത്താണ്. ‘വയർ’ പുരോലയിലെത്തി നടത്തിയ അന്വേഷണം പറയുന്നത്, ‘‘ഒരു കൊച്ചുപട്ടണത്തിലെ ​പ്രേമകഥ എങ്ങനെ വഴിമാറി ദിവസങ്ങൾ കൊണ്ട് പുരോലയെയും സമീപ പട്ടണങ്ങളെയും ഒന്നാകെ മാറ്റിമറിച്ചുവെന്നാണ്’’.

മഹാരാഷ്ട്രയിൽ കൗമാരക്കാരായ കുട്ടികൾ മുഗൾ ഭരണാധികാരി ഔറംഗസീബിനെ കുറിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റിന് സംസ്ഥാനത്തെ നിരവധി മേഖലകളിൽ അഗ്നി വീഴ്ത്താൻ ശേഷിയുണ്ട്. പ്രാദേശികമായ കുറച്ചുവിഷയങ്ങൾ എടുത്തിട്ട് ലവ് ജിഹാദും ലാൻഡ് ജിഹാദും പോലുള്ള ആഖ്യായികകൾ ചമക്കപ്പെടാൻ അവസരമൊരുക്കപ്പെടുകയാണ്. ‘ഔറംഗസീബിന്റെ മക്കൾ’ എന്ന ഫഡ്നാവിസിന്റെ പ്രസ്താവനയും ഈ പശ്ചാത്തലത്തിൽ വായിക്കണം. മഹാരാഷ്ട്രയിൽ ഭിന്ന മതക്കാർക്കിടയിലെ വിവാഹം നിരീക്ഷിക്കാൻ എക്നാഥ് ഷിൻഡെ- ഫഡ്നാവിസ് സർക്കാർ തീരുമാനവും ഇതിന്റെ തുടർച്ചയായിരുന്നു. എന്നാൽ, ഈ സംഭവവികാസങ്ങളോടൊക്കെയും പ്രധാനമന്ത്രി തുടരുന്ന ബോധപൂർവമായ മൗനം, കഴിഞ്ഞ ഒമ്പതു വർഷമായി അദ്ദേഹത്തിന്റെ നയം വ്യക്തമാക്കുന്നു. സമകാലിക മാധ്യമങ്ങൾ പക്ഷേ, ഡിജിറ്റൽ സ്റ്റാർട്ടപ്പുകളുടെ കണക്കെടുപ്പിലാണ്. മോദി ഭരണത്തിന്റെ ഒമ്പതു വർഷങ്ങളിൽ ഗോരക്ഷക ഗുണ്ടകളും മത-വംശീയ സംഘടനകളും അറുകൊല നടത്തിയ മനുഷ്യ ജീവനുകളുടെ കണക്കെടുപ്പ് ഇവർ തത്കാലം മാറ്റിനിർത്തുകയും ചെയ്യുന്നു.

വിവരങ്ങളും ഡോർസിയും

അടുത്തിടെയാണ്, ട്വിറ്റർ മുൻ മേധാവി ജാക് ഡോർസി ഒരു വെളിപ്പെടുത്തലുമായി കടന്നൽ കൂടിളക്കിയത്. 2020ൽ കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ട്വീറ്റുകളും അക്കൗണ്ടുകളും നീക്കം ചെയ്യണമെന്നും മോദി സർക്കാറിനെ വിമർശിച്ച മാധ്യമ പ്രവർത്തകരെ സെൻസർ ചെയ്യണമെന്നും ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടുവെന്നായിരുന്നു വെളിപ്പെടുത്തൽ. എന്നാൽ, ഇത് ശുദ്ധനുണയാണെന്ന് വാർത്താവിനിമയ സഹമന്ത്രി രാജീവ് ശങ്കർ ഉടൻ പ്രതികരിച്ചു.

ട്വിറ്റർ മുൻ മേധാവി ജാക് ഡോർസി

എന്നാൽ, BOOM FactCheck എന്ന സ്ഥാപനം വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ 2022ൽ മാത്രം ഐ.ടി നിയമം 69 എ വകുപ്പ് പ്രകാരം 6,775 യു.ആർ.എല്ലുകൾ ​​േബ്ലാക്ക് ചെയ്തതായി കണ്ടെത്തി. വെബ്സൈറ്റുകൾ, വെബ് പേജുകൾ, അക്കൗണ്ടുകൾ, ചാനലുകൾ, സമൂഹ മാധ്യമ പേജുകൾ തുടങ്ങിയവയെല്ലാം ഇതിൽ പെടും. 2018ൽ 2,799 യു.ആർ.എല്ലുകൾ ​​േബ്ലാക്ക് ചെയ്തിടത്താണിത്. യു.ആർ.എല്ലുകൾ ​േബ്ലാക് ചെയ്യുന്നതിന്റെ വർഷക്കണക്കുകൾ എടുത്താൽ 2018 (224), 2019 (1,041), 2020 (2,731), 2021 (2,851), 2022 (3,417) എന്നിങ്ങനെയാണ്. എങ്കിൽ പിന്നെ ആരുടെ ഭാഗത്താണ് ശരി? ട്വിറ്റർ മുൻ സി.ഇ.ഒയോ അതോ മന്ത്രിയോ?

‘മന്ത്രി മാഡത്തിന്റെ’ അഹന്ത

ഒരു പതിറ്റാണ്ടിനരികെ നിൽക്കുന്ന മോദി ഭരണം ജൂനിയർമാർമാർക്കിടയിൽ നടപടികൾ ഭയക്കേണ്ടെന്ന സുരക്ഷിത ബോധം ഉറപ്പാക്കിയിട്ടുണ്ട്. സുപ്രധാനമായ എല്ലാ വിഷയങ്ങളിലും അവർ പ്രധാനമന്ത്രിയെ അതേ പടി അനുകരിക്കും. ​മുൻനിശ്ചിത വരി ഇറ്റും തെറ്റിപ്പോകുന്നില്ലെന്ന് ഉറപ്പുവരുത്തിയാകും പ്രതികരണം. കുറെക്കൂടി പ്രാദേശികമായ അവസരങ്ങളാകുമ്പോൾ അധികാര പ്രയോഗം അവർക്ക് അവകാശമാണെന്ന് വരും. ദൈനിക് ഭാസ്കർ സ്ട്രിങ്ങർക്കു നേരെ സ്മൃതി ഇറാനിയുടെ അരിശം തീർക്കൽ ഒരു ഉദാഹരണം. ഞാൻ ‘യജമാന’നോട് പരാതി അറിയിക്കുമെന്ന ഭീഷണിയും ഈ അധികാര ബോധത്തിന്റെ തുടർച്ചയായിരുന്നു. മാധ്യമ പ്രവർത്തകർക്കാകട്ടെ ഇവയുടെ പ്രത്യാഘാതങ്ങൾ ഭീകരമാകും. ഇവിടെ എന്തിനായിരുന്നു എല്ലാം? ആകെ അവർ ചെയ്തത് ഇപ്പോൾ അമേത്തിയിൽ എന്തിന് വന്നുവെന്ന് ചെറുതായി ഒന്ന് വിശദീകരിക്കാമോയെന്ന് ചോദിച്ചതാണ്.

ദൈനിക് ഭാസ്കർ സ്ട്രിങ്ങറോട് ദേഷ്യപ്പെടുന്ന സ്മൃതി ഇറാനി

ഈ മോശം പെരുമാറ്റത്തിനെതിശര പ്രസ് ക്ലബ് ഓഫ് ഇന്ത്യയും മുംബൈ പ്രസ് ക്ലബുമടക്കം പ്രതികരണവുമായി എത്തിയിരുന്നു. മാധ്യമപ്രവർത്തകർ രാജ്യത്തുടനീളം സമാനമായ അരക്ഷിതത്വം നേരിടുന്ന ഈ ഘട്ടത്തിൽ പെട്ടെന്നു തന്നെ പ്രതികരണവുമായി സംഘടനകൾ എത്തിയത് ശുഭോദർക്കമാണ്. പുരോഗമന സ്റ്റേറ്റ് എന്ന് കരുതുന്ന കേരളത്തിൽ പോലും അഖില നന്ദകുമാർ എന്ന മാധ്യമ പ്രവർത്തക പൊലീസ് ഭീഷണി നേരിടേണ്ടിവന്നു. സംസ്ഥാനത്ത് ഭരണകക്ഷിയുടെ വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐയുടെ നേതാവ് പി.എം ആർഷോക്കെതിരെ റിപ്പോർട്ട് നൽകിയതായിരുന്നു ​പ്രകോപനം.

ദി വയർ പ്രസിദ്ധീകരിച്ച What the Big Media Won't Tell You About These Nine Years of the Modi Govt എന്ന ലേഖനത്തിൽ നിന്നുള്ള ഭാഗം. മൊഴിമാറ്റം: കെ.പി. മൻസൂർ അലി

Show More expand_more