Begin typing your search above and press return to search.
proflie-avatar
Login

യോഗിയുടെ കൊലക്കളങ്ങളിൽ നടപ്പാകുന്ന പ്രാകൃത രാഷ്ട്രീയം

യോഗിയുടെ കൊലക്കളങ്ങളിൽ നടപ്പാകുന്ന പ്രാകൃത രാഷ്ട്രീയം
cancel
camera_alt

യോഗി ആദിത്യനാഥ്

എന്താണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ യു.പിയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ലോ ആൻഡ് ഓർഡർ ‘വിപ്ലവം’. ചിലർ വിശേഷിപ്പിക്കുന്നപോലെ കുറ്റവാളികളെ നിർമാർജ്ജനം ചെയ്യുന്ന സവിശേഷമായൊരു പ്രോഗ്രാം ആണോ അത്. അതോ തങ്ങൾക്ക് അനഭിമതരായവരെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്ന നിയമപരമായ കൂട്ടക്കൊലകളാണോ​?

കഴിഞ്ഞ ശനിയാഴ്ചയാണ് ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകർ അവരുടെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്തതരം ദൃശ്യങ്ങളിലൊന്നിന് സാക്ഷ്യംവഹിച്ചത്. ഒരുകൂട്ടം പൊലീസുകാരുടെ വലയത്തിനുള്ളിൽ നടന്നുവരുന്ന രണ്ട് ക്രിമിനൽ കേസ് പ്രതികളെയാണ് ആ ദൃശ്യങ്ങളിൽ ആദ്യം കാണുന്നത്. ചങ്ങലയിൽ ബന്ധിച്ചിരുന്ന പ്രതികളോട് മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിക്കുന്നുണ്ട്. പ്രതികളിലൊരാൾ ഉത്തരം പറയാനായുമ്പോഴേക്കും വശങ്ങളിൽ നിന്ന് കടന്നുവരുന്ന അക്രമികളിലൊരാൾ പ്രതികളിൽ പ്രധാനിയുടെ തലയോട്ടിയിൽ പിസ്റ്റൾ ചേർത്തുവച്ച് ഒരുബുള്ളറ്റ് പായിക്കുന്നു. ഇതോടെ പൊലീസുകാരും മാധ്യമപ്രവർത്തകരും ചതറിയോടുന്നു. സ്ഥലത്ത് ജയ് ശ്രീറാം വിളികൾ മുഴങ്ങുന്നു. പിന്നെ നടന്നത് തുരുതുരെയുള്ള വെടിവയ്പ്പാണ്. പൊലീസുകാർ കൊണ്ടുവന്ന രണ്ടുപേരും തത്ക്ഷണം പിടഞ്ഞുമരിക്കുന്നു. ദൃശ്യങ്ങൾ ഇവിടെ അവസാനിക്കുകയാണ്.

ഈ ദൃശ്യങ്ങളെ വിശകലന വിധേയമാക്കുമ്പോൾ ലഭിക്കുന്ന വിവരങ്ങൾ ഇതാണ്. സംഭവം നടന്നത് ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ്. വെടിയേറ്റ് കൊല്ലപ്പെട്ടത് അഞ്ച് തവണ എം.എൽ.എയും ഒരുതവണ എം.പിയുമായിരുന്ന അതീഖ് അഹ്മദും സഹോദരൻ അഷ്റഫ് അഹ്മദുമാണ്. പൊലീസ് കസ്റ്റഡിയിൽ നിന്ന് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി മെഡിക്കൽ ചെക്കപ്പിന് കൊണ്ടുവന്നതാണ് ഇരുവരേയും. രാത്രി 10:30 മണിയോടെ 12 പൊലീസുകാരുടെ സാന്നിധ്യത്തിലാണ് കൊലപാതകം നടന്നിരിക്കുന്നത്. ലവ്‌ലേഷ് തിവാരി, അരുണ്‍ മൗര്യ, സണ്ണി എന്നീ മൂന്നുപേരാണ് ഇവരെ കൊല്ലാനായി എത്തിയത്. മാധ്യമപ്രവർത്തകരായി ചമഞ്ഞായിരുന്നു അക്രമികൾ വന്നത്. പ്രശസ്തിക്കു വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് ​പ്രതികളുടെ ആദ്യ പ്രതികരണം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അതീഖിനും സഹോദരനും തൊട്ടടുത്തെത്തിയ പ്രതികളിൽ അരുണ്‍ മൗര്യയാണ് അതീഖ് അഹമദിന്‍റെ തലയ്ക്കു നേരെ ആദ്യം വെടിവെച്ചത്. പ്രതികൾ 20ൽ അധികം തവണ വെടിയുതിർത്തെങ്കിലും ഒന്നു പോലും പൊലീസിനോ മറ്റാർക്കുമെങ്കിലോ ഏറ്റിരുന്നില്ല. അതീഖും അഷ്റഫും സംഭവസ്ഥലത്തു തന്നെ മരിച്ചു. പ്രതികളിൽ നിന്ന് വ്യാജ ഐ.ഡി കാർഡും കാമറയും മൈക്രോ ഫോണും കണ്ടെത്തിയതായും പൊലീസ് പറയുന്നു. വെടിവെപ്പിന് ശേഷം പ്രതികൾ പൊലീസിൽ കീഴടങ്ങി.

കൊല്ലപ്പെട്ട അതീഖ് അഹ്മദ് കൊലപാതകം ഉൾപ്പടെ നൂറിലധികം കേസുകളിൽ പ്രതിയാണ്. ബി.എസ്.പി എം.എൽ.എ രാജു പാലിന്റെയും സഹോദരൻ ഉമേഷ് പാലിന്റേയും കൊലപാതകങ്ങളിൽ ആരോപണ വിധേയനുമാണ്. ഉത്തർപ്രദേശിലെ ഫുൽപൂർ മണ്ഡലത്തിൽ നിന്നുള്ള എം.പിയായിരുന്നു അതീഖ്. ദേശീയ സുരക്ഷാ നിയമ പ്രകാരം 2019 മുതൽ ഇയാൾ അറസ്റ്റിലാണ്. സഹോദരൻ അഷ്റഫിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. മകൻ 19 കാരനായിരുന്ന അസദും സഹായി ഗുലാമും ഉൾപ്പടെ അതീഖുമായി അടുത്ത ബന്ധമുള്ള ആറ്പേർ പൊലീസ് വെടിവയ്പ്പുകളിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നാം കണ്ട ദൃശ്യങ്ങൾ സംഭവിക്കുന്നത്. തന്റെ ജീവന് ഭീഷണിയുണ്ട് എന്ന് കാട്ടി അതീഖ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സംസ്ഥാന സർക്കാർ സുരക്ഷ നൽകുമെന്ന് പറഞ്ഞ് കോടതി ഹരജി മടക്കുകയായിരുന്നു.

വാദങ്ങൾ മറുവാദങ്ങൾ

അതീഖ് അഹ്മദിന്റെ കൊലപാതകത്തെപ്പറ്റി മുൻ സുപ്രീം കോടതി ജസ്റ്റീസ് മദൻ ലോകൂർ ഉന്നയിക്കുന്ന മൂന്ന് ചോദ്യങ്ങളുണ്ട്. അതിൽ ​പ്രധാനം രാത്രി 10:30ന് ഇത്രയും സുരക്ഷാപ്രശ്നങ്ങളുള്ള രണ്ട് പ്രതികളെ എന്തിനാണ് തിടുക്കപ്പെട്ട് ആശുപത്രിയിൽ കൊണ്ടുപോയത് എന്നതായിരുന്നു. രണ്ടാമത്തെ ചോദ്യം പൊലീസുകാർ ആയുധങ്ങൾ കയ്യിൽ കരുതിയിരുന്നോ, ഉണ്ടെങ്കിൽ എന്തുകൊണ്ട് അത് ഉപയോഗിച്ചില്ല എന്നതാണ്. മൂന്നാമത്തേത് ആരാണ് രാത്രിയിൽ മാധ്യമപ്രവർത്തകർക്കും അക്രമികൾക്കും ആശുപത്രി പരിസരത്ത് എത്താൻ നിർദേശം കൊടുത്തത് എന്നതാണ്. ചോദ്യങ്ങൾ പ്രസക്തമാണ്. കാരണം രണ്ട് ദിവസമായി സായുധരായ 100ലധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രമാണ് അതീഖിനേയും അഷ്റഫിനേയും എങ്ങോട്ടെങ്കിലും മാറ്റിയിരുന്നത്. ഇവരുടെ അടുത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് മാധ്യമപ്രവർത്തകർക്ക് കർശന വിലക്കുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ രാത്രിയിൽ തുറന്ന ഒരുസ്ഥലത്തേക്ക് കൃത്യമായ ആസൂത്രണത്തോടെ ഇവരെ എത്തിച്ചത് ആരായിരുന്നു എന്നാണ് ജസ്റ്റീസ് ലോകൂർ ഉന്നയിക്കുന്ന ചോദ്യം.

ഈ സംഭവത്തിൽ ജസ്റ്റീസ് ലോകൂർ ഉന്നയിക്കുന്ന മറ്റൊരു സുപ്രധാന കാര്യം ഇതിന്റെ അപൂർവ്വതയാണ്. പൊലീസ് കസ്റ്റഡിയിൽ പ്രതികൾ കൊല്ല​പ്പെടുന്നത് അത്ര അപൂർവ്വതയല്ല. എന്നാൽ കസ്റ്റഡിയിലുള്ള പ്രതിയെ മൂന്നാമതൊരാൾ കൊല്ലുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്, അതും പ്രതികളോട് മുൻവൈരാഗ്യങ്ങളൊന്നും ഇല്ലാത്തവർ. അവരത് ചെയ്യുന്നതാകട്ടെ ജയ് ശ്രീറാം പോലുള്ള മത മുദ്രാവാക്യങ്ങൾ മുഴക്കിക്കൂടിയാകുമ്പോൾ അതീഖ്-അഷ്റഫ് വധം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ അടിവേരിളക്കുന്നതാണെന്ന് കാണാൻ കഴിയും. സംഭവശേഷം പ്രതികളെ കസ്റ്റഡിയിൽ വാങ്ങാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനായിരുന്നു പൊലീസ് തീരുമാനം. സംഭവത്തിൽ ഒരന്വേഷണത്തിന് പൊലീസിന് താൽപ്പര്യമില്ല എന്നതിന്റെ പരോക്ഷ സൂചനയാണിതെന്നും ജസ്റ്റീസ് നിരീക്ഷിക്കുന്നുണ്ട്. ദരിദ്രരായ പ്രതികൾക്ക് ലക്ഷങ്ങൾ വിലയുള്ള ഓട്ടോമാറ്റിക് പിസ്റ്റൾ ലഭിക്കുന്നതുമുതൽ ഇവരുടെ കാമറയും ഐഡികളും എവിടന്നാണ് എന്നുതുടങ്ങി സംശയങ്ങൾ അനവധിയാണ്.

അതീഖ് അഹ്മദ്

അതീഖ് അഹ്മദ് കൊല്ലപ്പെടേണ്ടയാളാണ് എന്നതാണ് പ്രധാനമായും ഉയരുന്ന മറുവാദം. അയാൾ ഏതുരീതിയിൽ കൊല്ലപ്പെട്ടാലും അത് നല്ലതാണെന്നും ഇക്കൂട്ടർ പറയുന്നു. ഉത്തർപ്രദേശ് ധനകാര്യമന്ത്രി സുരേഷ് ഖന്ന പറഞ്ഞത് ഇത് ‘ദിവ്യമായ നീതി’എന്നാണ്. മറ്റൊരു മന്ത്രിയായ സ്വതന്ത്ര ദേവ് സിങ് ട്വീറ്റ് ചെയ്തത് ‘പാപ പുണ്യങ്ങളുടെ തീരുമാനം ഈ ജന്മത്തിൽത്തന്നെ നടപ്പാക്കപ്പെടുന്നു’എന്നാണ്. ഇത്തരക്കാരെ സംബന്ധിച്ച് ഭരണഘടനയോ നിയമവ്യവസ്ഥയോ ഒന്നും പ്രശ്നമല്ല. അവിടെ ഉന്മാദനീതിയും പ്രതികാരവുമാണ് കുന്തളിച്ച് നിൽക്കുന്നത്. പണ്ടൊക്കെ പാമരജനങ്ങളാണ് ഇത്തരം അഭിപ്രായങ്ങൾ പറഞ്ഞിരുന്നതെങ്കിൽ ഇപ്പോഴത് മന്ത്രിമാരും മുഖ്യമ​ന്ത്രിയും പ്രധാനമന്ത്രിയുംവരെ ആയിമാറി എന്നതാണ് രസകരം.

‘മിട്ടി മേം മിലാദേ​ങ്കേ’

അതീഖ് അഹ്മദിന്റെയും സഹകാരികളുടേയും കൊലപാതകം ഒട്ടും യാദൃശ്ചികമായിരുന്നില്ല എന്നത് തെളിവുകൾ വേണ്ടാത്തവിധം സുവ്യക്തമാണ്. അതിന് പ്രധാന കാരണം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയിൽ നടത്തിയ ഒരു പ്രസ്താവനയാണ്. ആതിഖി​ന്റെ പേരെടുത്ത് പറയാതെയായിരുന്നു ആ പ്രസ്താവന. ‘ഈ മാഫിയയെ നാമാവശേഷമാക്കാൻ (മിട്ടി മേം മിലാദേ​ങ്കേ’ വേണ്ടി പ്രവർത്തിക്കും’ എന്നായിരുന്നു ആ പ്രസ്താവന. അതിനുശഷമാണ് കുപ്രസിദ്ധങ്ങളായ ആ ഏറ്റുമുട്ടലുകൾ ആരംഭിച്ചത്. എന്നാൽ യു.പിയിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ആരംഭിക്കുന്നത് ഇപ്പോഴൊന്നുമല്ല. 2017 ൽ യോഗി ആദിത്യനാഥ് അധികാരത്തിൽ വന്ന അന്നുമുതൽ അത് ആരംഭിച്ചിരുന്നു. 2017 മാർച്ച് മുതൽ കഴിഞ്ഞ ആറ് വർഷത്തിനിടെ യു.പിയിൽ നടന്ന പൊലീസ് ഏറ്റുമുട്ടലുകൾ 10,900 എണ്ണമാണ്. അതിൽ 183 പേരെ കൊന്നുതള്ളിയിട്ടുണ്ട്. ആ പരമ്പരയി​ലെ അവസാനത്തേതാണ് അതീഖിന്റെ സംഘത്തിലുള്ളവരുടേത്.


ഇന്ത്യയിൽ നടക്കുന്ന എല്ലാ ഏറ്റുമുട്ടൽ കൊലപാതകങ്ങളും വ്യാജമാണ് എന്നത് സുവിദിതമാണ്. ഇതേപ്പറ്റി അന്വേഷിച്ച് മനുഷ്യാവകാശ, പൗരാവകാശ സംഘങ്ങളെല്ലാം അത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കുറ്റവാളിയെന്ന് തോന്നുന്നവരെ പിടിച്ചുകൊണ്ടുപോയി വെടിവച്ച് കൊല്ലുകയും പിന്നീട് അനുയോജ്യമായ കഥയുണ്ടാക്കി പ്രചരിപ്പിക്കുകയുമാണ് പൊലീസ് ചെയ്യുന്നത്. അതീഖ്-അഷ്റഫ് കൊലപാതകത്തിൽ പൊലീസ് ഈ വഴിയും കടന്ന് മുന്നേറുന്നുണ്ട്. കൊലപാതകത്തിന് പുറത്തുനിന്ന് ആളെ ഏർപ്പാടാക്കുന്നതിലേക്ക് അവരുടെ മോഡസ് ഓപ്പറാണ്ടി വളർന്നിരിക്കുന്നു. രഹസ്യമായി ചെയ്തിരുന്നത് പരസ്യമായും ചെയ്യാമെന്ന ആത്മവിശ്വാസത്തിലേക്കും പൊലീസ് വളർന്നത് കാണാതിരുന്നുകൂട. കാമറക്ക് മുന്നിൽ നിയോൺ ലൈറ്റുകളുടെ പ്രകാശത്തിൽ ചെയ്യുന്നതോടെ ചിലർക്കെല്ലാം ചില സന്ദേശങ്ങൾ നൽകാനാണ് പൊലീസും അവരെ നിയന്ത്രിക്കുന്ന ഭരണകൂടവും ഉദ്ദേശിക്കുന്നത്. ഇത്തരമൊരു കൊലപാതകം കണ്ടിട്ടും അത് ന്യായീകരിക്കുന്നവരും ഉണ്ടായിവന്നിരിക്കുന്നു എന്നതും മാറ്റമാണ്. ജർമനിയിൽ കൊലക്കളങ്ങളിലേക്ക് ആട്ടിത്തെളിച്ചുകൊണ്ടുപോകുന്ന ജൂതരെ നിസംഗം നോക്കിനിന്ന ജർമൻ ജനതയുടെ ​മനോനിലവാരത്തിലേക്ക് നാം ‘ഉയരുന്നുണ്ടോ’ എന്ന് സംശയിക്കണം. ഒരുതരത്തിൽ ഒട്ടും യാദൃശ്ചികമല്ല ഇത്. ചില ജനവിഭാഗങ്ങളെപ്പറ്റി അവർ കൊല്ലപ്പെടേണ്ടവരാണെന്ന മനോഭാവം സമൂഹത്തിൽ വളർത്തിയെടുക്കാൻ നടത്തിക്കൊണ്ടിരിക്കുന്ന തീവ്രയത്ന പരിപാടിയുടെ ഫലസിദ്ധികൂടിയാണിത്.

പ്രതിരോധം, പ്രതികാരം, പ്രതിക്രിയ

എന്താണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ യു.പിയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ലോ ആൻഡ് ഓർഡർ ‘വിപ്ലവം’. ചിലർ വിശേഷിപ്പിക്കുന്നപോലെ കുറ്റവാളികളെ നിർമാർജ്ജനം ചെയ്യുന്ന സവിശേഷമായൊരു പ്രോഗ്രാം ആണോ അത്. അതോ തങ്ങൾക്ക് അനഭിമതരായവരെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്ന നിയമപരമായ കൂട്ടക്കൊലകളാണോ. അത് അറിയണമെങ്കിൽ നാം മൂന്ന് സംഗതികളെപ്പറ്റി അറിഞ്ഞിരിക്കണം. പ്രതിരോധം, പ്രതികാരം, പ്രതിക്രിയ എന്നിവയാണത്. പ്രതിരോധമെന്ന് വളരെ സിമ്പിളാണ്. നാം വീട്ടിലിരിക്കുകയോ കവലയിലൂടെ നടന്നു പോവുകയോ വാഹനത്തിൽ സഞ്ചരിക്കുകയോ ചെയ്യുന്നെന്ന് വിചാരിക്കുക. ഈ സമയം കുറച്ച് അക്രമികൾ നമ്മെ അപായപ്പെടുത്താൻ വരികയാണ്. അവരെ നാം നേരിടുകയും തിരിച്ചടിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യും. അതാണ് പ്രതിരോധം. എങ്ങനേയും നമ്മുടെ ജീവനും സ്വത്തും നാം പ്രതിരോധിക്കുമെന്നതാണ് ഇതിന്റെ സാംഗത്യം.

പ്രതിക്രിയ എന്നാൽ അത് ഭരണകൂടം നടപ്പാക്കേണ്ടതാണ്. തങ്ങളുടെ പൗരന്മാരിലൊരാൾക്ക് ഏൽക്കേണ്ടിവന്ന അനീതിയെ, അത് എന്തുമാകട്ടെ നിയമസംവിധാനത്തിലൂടെ നീതിയധിഷ്ഠിധമായി തീർപ്പാക്കുകയാണ് പ്രതിക്രിയ. അവിടെയാണ് നിയമവ്യവസ്ഥ പ്രവർത്തിക്കേണ്ടത്. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കുന്ന ആർട്ടിക്കിൾ 21 പറയുന്നത് ‘ഒരു പൗരന്റേയും ജീവനും സ്വാതന്ത്ര്യവും നിയമവ്യവസ്ഥയിലൂടെയല്ലാതെ ഹനിക്കപ്പെടരുത്’ എന്നാണ്. ജീവനെടുക്കാനും തടവിലിടാനും നിയമവ്യവസ്ഥക്ക് മാത്രമാണ് അവകാശം എന്നാണതിന്റെ കാതൽ. നീതിന്യായ വ്യവവസ്ഥയുടെ ഈ അടിസ്ഥാനതത്വമാണിപ്പോൾ യു.പിയിൽ അവമതിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

അവസാനത്തേത് പ്രതികാരമാണ്. പ്രതികാരം സാധാരണഗതിയിൽ സർക്കാറിതര കൂട്ടായ്മകളാണ് ചെയ്തുകണ്ടിട്ടുള്ളത്. സംഘടനകൾ, പാർട്ടികൾ തുടങ്ങി വ്യക്തികൾവരെ പ്രതികാരവാജ്ഞയിൽ വീണുപോകാറുണ്ട്. തങ്ങളുടെ സംഘത്തിൽപ്പെട്ടവനെ ഹനിച്ചവനെ, അല്ലെങ്കിൽ അവന്റെ ആളുകളെ തങ്ങളും ഹനിക്കും എന്നതാണതിലെ തത്വം. പ്രാകൃതമായ ഗോത്രനീതിയാണിത്. ആധുനിക ജനാധിപത്യ സമൂഹം അതിൽനിന്ന് ബഹുദൂരം മുന്നേറിയെന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. എങ്കിലും ഇപ്പോഴും സമൂഹത്തിൽ നടക്കുന്ന രാഷ്രടീയ​െക്കാലപാതകങ്ങളൊക്കെ പ്രതികാരത്തിന് ഉദാഹരണങ്ങളാണ്. പ്രതിക്രിയയിൽ നമ്മുക്ക് നീതിയും പ്രതിരോധത്തിൽ ജീവിതവുമാണുള്ളതെങ്കിൽ പ്രതികാരത്തിൽ നാശമേ ഉണ്ടാകൂ എന്നാണ് പാഠം. യു.പിയിൽ നടക്കുന്നത് പ്രതികാരത്തിന്റെ ഭരണകൂട വെർഷനാണ്. അത്യന്തം വിപൽക്കരമായ സാഹചര്യമാണിത്. ചങ്ങലക്ക് ഭ്രാന്ത് പിടിച്ചപോലെയോ, ഉപ്പിന് പുഴുവരിച്ചപോലെയോ ആണിത്. വ്യക്തികൾ പ്രതികാരത്തിനിറങ്ങിയാൽ നിയന്ത്രിക്കാൻ ഭരണകൂടമുണ്ട്. ഭരണകൂടം പ്രതികാരത്തിനിറങ്ങിയാൽ പിന്നെ അഭയമാകുന്നതാരാണ്. ഏറ്റവും അപകടകരമായ മാഫിയ ഭരണകൂടമാണെന്ന് ചരിത്രത്തിൽ പലവട്ടം തെളിഞ്ഞിട്ടുള്ളതാണ്.

യോഗിയുടെ കൊലക്കളങ്ങൾ

രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനം ഏറ്റവും വലിയ കൊലക്കളമായി മാറുന്ന കാഴ്ചയാണ് നാം യു.പിയിൽ കാണുന്നത്. ഹിന്ദുത്വയുടെ പുതിയ ‘പോസ്റ്റർബോയ്’ ആണ് അതിന് നേതൃത്വം നൽകുന്നത് എന്നതാണ് കൂടുതൽ ഭീതിദം. അതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതാകട്ടെ പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതകളാണ്. യോഗിക്കും പൊലീസിനുംവേണ്ടി കയ്യടിക്കുന്നവർക്ക് ഇതിന്റെ അനന്തരഫലങ്ങളെപ്പറ്റി ഒരു ധാരണയും ഉണ്ടാകാൻ ഇടയില്ല. ഇന്ത്യൻ ജനാധിപത്യം പ്രബുദ്ധ​മെന്ന് കരുതി കല്ലോടുകല്ല് ചേർത്തുവച്ച മൂല്യങ്ങളെല്ലാം പൊളിച്ചടുക്കുന്ന തിരക്കിലാണ് യോഗിയും സംഘവും. നിലവിലെ ഉന്മാദത്തിനും നീണ്ട നിശബ്ദതക്കുംശേഷം കടുത്ത അരാജകത്വം വിരുന്നുവന്നേക്കാം. അപ്പോഴേക്കും നമ്മെ സംരക്ഷിക്കാൻ ഒരുവ്യവസ്ഥയും ഉണ്ടായെന്നുവരില്ല. ചെറുമാഫിയകളെയെല്ലാം ഇല്ലാതാക്കിക്കഴിഞ്ഞ് ഭരണകൂടം കൂറ്റൻ ദംഷ്ട്രകളുള്ള വലിയൊരു ഭീകരസ്വത്വമായി പരിണമിച്ചേക്കാം. രാജ്യത്തിന്റെ ആത്മാവിലേക്കും ഭരണഘടനയിലേക്കും മടങ്ങുക മാത്രമാണ് ഇതിനുള്ള ഒരേയൊരു പോംവ​ഴി.

Show More expand_more
News Summary - Uttar Pradesh Police Encounters