Begin typing your search above and press return to search.
proflie-avatar
Login

ഒരു വിവർത്തന പുസ്തകം രാജ്യാന്തരതലത്തിൽ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ കഥ

കോഴിക്കോട്ടുനിന്ന് ഇറങ്ങിയ ‘തുഹ്ഫത്തുൽ മുജാഹിദീനി’ന്റെ ഇംഗ്ലീഷ് വിവർത്തനം ഓക്സ്ഫഡ്, കേംബ്രിജ്, ഹാർവാഡ് യൂനിവേഴ്സിറ്റി പ്രസുകളെ എങ്ങനെയൊക്കെയാണ് തെറ്റിദ്ധരിപ്പിക്കുന്നത്? ഇത് പ്രസാധനത്തിലെ വീഴ്ചയോ? -ചരിത്രകാരനായ ലേഖകന്റെ വിമർശനം.

ഒരു വിവർത്തന പുസ്തകം രാജ്യാന്തരതലത്തിൽ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ കഥ
cancel

കേരളത്തിൽനിന്നു പ്രസിദ്ധീകരിച്ച 'തുഹ്ഫത്തുൽ മുജാഹിദീനി'ന്റെ ഇംഗ്ലീഷ് വിവർത്തനം അന്താരാഷ്ട്ര അക്കാദമികസമൂഹത്തെ കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി തെറ്റിദ്ധരിപ്പിക്കുന്നു. പതിനാറാം നൂറ്റാണ്ടിലെ കോഴിക്കോടിന്റെ ചരിത്രവും പോർചുഗീസ് അധിനിവേശത്തിന്റെ നാൾവഴികളും വ്യക്തമാക്കുന്ന 'തുഹ്ഫത്തുൽ മുജാഹിദീനി'ന്റെ വിവർത്തന പതിപ്പാണ് മദ്രാസ് യൂനിവേഴ്സിറ്റിയിലെ പ്രഫസറും പ്രശസ്ത വിവർത്തകനും ചരിത്രകാരനും ഭാഷാപണ്ഡിതനുമായ ഹുസൈൻ നൈനാരുടെ പേരിൽ ഒരേസമയം കോഴിക്കോട്ടുനിന്നും ക്വാലാലംപുരിൽനിന്നും 2006ൽ പ്രസിദ്ധീകരിക്കപ്പെട്ടത്. നൂറുകണക്കിന് ഗവേഷണ തിസീസുകളിലും ഇന്ത്യൻ മഹാസമുദ്രത്തെയും ഇന്ത്യ-പോർചുഗീസ്...

Your Subscription Supports Independent Journalism

View Plans

കേരളത്തിൽനിന്നു പ്രസിദ്ധീകരിച്ച 'തുഹ്ഫത്തുൽ മുജാഹിദീനി'ന്റെ ഇംഗ്ലീഷ് വിവർത്തനം അന്താരാഷ്ട്ര അക്കാദമികസമൂഹത്തെ കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി തെറ്റിദ്ധരിപ്പിക്കുന്നു. പതിനാറാം നൂറ്റാണ്ടിലെ കോഴിക്കോടിന്റെ ചരിത്രവും പോർചുഗീസ് അധിനിവേശത്തിന്റെ നാൾവഴികളും വ്യക്തമാക്കുന്ന 'തുഹ്ഫത്തുൽ മുജാഹിദീനി'ന്റെ വിവർത്തന പതിപ്പാണ് മദ്രാസ് യൂനിവേഴ്സിറ്റിയിലെ പ്രഫസറും പ്രശസ്ത വിവർത്തകനും ചരിത്രകാരനും ഭാഷാപണ്ഡിതനുമായ ഹുസൈൻ നൈനാരുടെ പേരിൽ ഒരേസമയം കോഴിക്കോട്ടുനിന്നും ക്വാലാലംപുരിൽനിന്നും 2006ൽ പ്രസിദ്ധീകരിക്കപ്പെട്ടത്. നൂറുകണക്കിന് ഗവേഷണ തിസീസുകളിലും ഇന്ത്യൻ മഹാസമുദ്രത്തെയും ഇന്ത്യ-പോർചുഗീസ് ബന്ധത്തെയും കുറിച്ച് പുറത്തിറങ്ങിയ നിരവധി ആധികാരിക ഗ്രന്ഥങ്ങളിലും ഈ പുസ്തകം റഫറൻസ് ആയി ഉപയോഗിച്ചു. കേംബ്രിജ് യൂനിവേഴ്സിറ്റി പ്രസ്, ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസ്, ഹാർവാഡ് യൂനിവേഴ്സിറ്റി പ്രസ്, (Cambridge University Press, Oxford University Press, Harvard University Press) തുടങ്ങി ആഗോളപ്രശസ്തമായ അക്കാദമിക് പ്രസിദ്ധീകരണ ഡിവിഷനുകളിൽ ഒരു കൃതി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ അതിശയകരമായ കഥകൂടിയാണിത്.

സത്യത്തിൽ കോഴിക്കോട്ടുനിന്നും ക്വാലാലംപുരിൽനിന്നും പ്രസിദ്ധീകരിച്ചത് നൈനാരുടെ കൃതിയായിരുന്നില്ല. നൈനാരുടെ അക്കാദമിക മികവിനെയും അദ്ദേഹത്തിന്റെ വിവർത്തനത്തെയും വ്യാജമായി അവതരിപ്പിച്ചു പുസ്തകം പ്രസിദ്ധീകരിക്കുകയും അതിന് ഇന്ത്യയിൽനിന്നും പുറത്തുമുള്ള അക്കാദമിക സമൂഹത്തിന്റെ പിന്തുണ ആർജിക്കുകയുമാണ് തന്ത്രപൂർവം പ്രസാധകർ ചെയ്തത്. ഓക്സ്ഫഡിനെയും കേംബ്രിജിനെയും ഹാർവാഡിനെയുംപോലെ കണിശമായ ഡബിൾ ബ്ലൈൻഡ് പിയർ റിവ്യൂ നടത്തിമാത്രം പ്രസിദ്ധീകരണത്തിനു പുസ്തകങ്ങളും ലേഖനങ്ങളും തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങൾ പതിറ്റാണ്ടുകളായി തെറ്റുകൾ ആവർത്തിച്ചുവെന്നത് അക്കാദമികലോകത്ത് ഞെട്ടലുണ്ടാക്കുന്ന വസ്തുതയാണ്. മദ്രാസ് യൂനിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച (1942) നൈനാരുടെ വിവർത്തന പതിപ്പിന്റെ കോപ്പികൾ പ്രശസ്തമായ ഗ്രന്ഥശാലകളിൽ ലഭ്യമാണെന്നിരിക്കെയാണ് രണ്ടു ദശാബ്ദങ്ങളായി ഇത്തരത്തിലുള്ള ഒരു ഒരു പതിപ്പ് ഇറങ്ങുന്നതും അതിനു അന്താരാഷ്ട്ര അക്കാദമിക സമൂഹത്തിന്റെ പിന്തുണ ലഭിക്കുന്നതും. ഇന്ന് ജീവിച്ചിരിക്കുന്ന ചരിത്രകാരന്മാരും മധ്യകാല മലബാർ- പോർചുഗീസ് ഇന്ത്യൻ മഹാസമുദ്ര ചരിത്ര വിദഗ്ധരുമടങ്ങുന്ന മുഴുവൻ അക്കാദമിക് ലോകവും ഏകദേശം രണ്ട് പതിറ്റാണ്ടുകളായി വിവേകശൂന്യമായ ഈ പതിപ്പിന്റെ സ്വാധീനത്തിന് വിധേയപ്പെട്ടു എന്ന വസ്തുത ആരെയും അതിശയിപ്പിക്കും.

നൈനാരുടെ വിവർത്തനത്തിന്റെ പ്രത്യേകതയും അദ്ദേഹത്തിന്റെ പേരിൽ ആരോപിക്കപ്പെട്ട ഇംഗ്ലീഷ് വിവർത്തനത്തിന്റെ വ്യത്യാസവും പരിശോധിക്കാം. അദർ ബുക്‌സ് കാലിക്കറ്റ്, ഇസ്‌ലാമിക് ബുക്ക് ട്രസ്റ്റ് ക്വാലാലംപുർ എന്നിവർ സംയുക്തമായി പ്രസിദ്ധീകരിച്ച വാല്യം പ്രസാധകർ അവകാശപ്പെടുന്നതുപോലെ സി. ഹംസയുടെ കുറിപ്പുകൾ ചേർത്ത നൈനാരുടെ പരിഭാഷയല്ലെന്ന കാര്യം ഗ്രന്ഥത്തിന്റെ ഏതു ഭാഗം നോക്കിയാലും സുവ്യക്തമാണ്. 1942നു ശേഷം ഇന്ത്യയിൽനിന്നും ഒരു നല്ല ഇംഗ്ലീഷ് വിവർത്തനം വന്നില്ല എന്നതും നൈനാരുടെ പുസ്തകത്തിന്റെ കോപ്പി പതിറ്റാണ്ടുകളായി ലഭ്യമായിരുന്നില്ല എന്നതും ഈ പതിപ്പിനെ ഏറെ ജനകീയമാക്കി. ആശയപരമായും ഭാഷാപരമായും ഏറെ വ്യത്യാസങ്ങളുള്ള ഈ ഗ്രന്ഥം സൂക്ഷ്മമായി പരിശോധിച്ചാൽ 1995ൽ അൽ ഹുദാ കോഴിക്കോട്ടുനിന്നു തന്നെ പ്രസിദ്ധീകരിച്ച മലയാള വിവർത്തനത്തിന്റെ ഇംഗ്ലീഷിലേക്കുള്ള പുനർ വിവർത്തനമാണെന്നു ബോധ്യപ്പെടും. ഈ പുസ്തകത്തിൽ ചിലഭാഗത്ത് നൈനാരുടെ ഗ്രന്ഥത്തിൽനിന്നുള്ള കുറിപ്പുകൾ ചേർത്തതായി കാണം. അത് പ്രസാധകർ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. ഒരാളുടെ കൃതിയിൽ അയാളുടേതായിതന്നെ വരുന്ന കുറിപ്പുകളെ പേര് വെച്ച് അടയാളപ്പെടുത്തുന്നത് എന്തിനാണ്? എന്നാൽ മറ്റു കുറിപ്പുകൾക്ക് എഴുതിയ ആളുടെ പേര് വ്യക്തമാക്കുന്ന സൂചനകൾ ഒന്നുംതന്നെയില്ല. ഇവിടെ സി. ഹംസയുടെ മലയാളവിവർത്തനം പൂർണമായും ഇംഗ്ലീഷിലേക്കു മാറ്റി ചിലഭാഗത്ത് മാത്രം നൈനാരുടെ കുറിപ്പുകൾ ചേർത്ത് നൈനാരുടേതെന്ന വ്യാജേന ഇറക്കുകയാണ് ചെയ്തിരിക്കുന്നത്.

1583ൽ പൂർത്തിയാക്കിയ 'തുഹ്ഫത്തുൽ മുജാഹിദീൻ' പോർചുഗീസുകാർക്കെതിരായുള്ള മലബാറിന്റെ ചെറുത്തുനിൽപ്പിന്റെ ചരിത്രരേഖയാണ്. 1498ൽ വാസ്കോ ഡ ഗാമയുടെ ആദ്യ വരവ് മുതൽ 1583 വരെ പോർചുഗീസുകാർക്കെതിരായ ബഹുസ്വര ചെറുത്തുനിൽപ്പിന്റെ കഥയാണ് പറയുന്നത്.


ബിജാപൂരിലെ സുൽത്താൻ അലി ആദിൽ ഷാക്ക് (ആർ. 1557-1580) സമർപ്പിച്ച കൃതി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ, പ്രത്യേകിച്ച് മലബാറിലെ ജനങ്ങൾക്കെതിരെ പോർചുഗീസുകാർ നടത്തിയ യുദ്ധത്തെക്കുറിച്ച് വിശദീകരിക്കുന്നു. ഭരണാധികാരികളായ സാമൂതിരിമാരുടെ സർവതോമുഖമായ ഉയർച്ചക്കും അദ്ദേഹത്തിന്റെ നല്ല ഭരണത്തിന്റെ സംരക്ഷണത്തിനും വേണ്ടിയുള്ള വിശുദ്ധയുദ്ധത്തിന്റെ ആഹ്വാനവുമായിരുന്നു ഇത്. ഗ്രന്ഥകാരൻ ഈ കൃതിയെ നാലായി തിരിച്ചിരിക്കുന്നു. ആദ്യത്തേത് സാമൂതിരിയുടെ ഭരണം നിലനിർത്താൻ പോർചുഗീസുകാർക്കെതിരെ വിശുദ്ധയുദ്ധം നടത്തേണ്ടതിന്റെ സൈദ്ധാന്തികമായ അവതരണമാണ്. പോർചുഗീസുകാർ സമൂഹത്തിനും രാജ്യത്തിനും എതിരായി ചെയ്യുന്ന ക്രൂരതകൾ വ്യക്തമായി വിവരിക്കുന്നു. അടിച്ചമർത്തുന്നവർക്കെതിരായ ജിഹാദിന്റെ ഗുണങ്ങളെ പ്രശംസിക്കുകയും അധിനിവേശക്കാരെ ഭൂമിയിൽനിന്ന് പുറത്താക്കുന്നതിനുള്ള യുദ്ധത്തെ പിന്തുണക്കാൻ എല്ലാവരോടും ആവശ്യപ്പെടുകയുമാണ് ഗ്രന്ഥകർത്താവ്. അധിനിവേശക്കാരുടെ അതിക്രമങ്ങൾക്കെതിരായ വിശുദ്ധയുദ്ധം - ജിഹാദ് - സിദ്ധാന്തവത്കരിക്കുന്നു. ഈ ജിഹാദിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് നടന്നത് കോഴിക്കോട്ടെ അമുസ്‍ലിം രാജാവിനെ മാറ്റി മുസ്‍ലിം ഭരണാധികാരിയെ അവരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നില്ല. മറിച്ച് സാമൂതിരിക്കും അദ്ദേഹത്തിന്റെ നായർ പടയാളികൾക്കും കരുത്തുപകരാനും വൈദേശികാധിപത്യത്തിൽനിന്ന് രാജ്യത്തെ രക്ഷിച്ച് ഹിന്ദുരാജാവിനു കീഴിൽ നിലനിർത്താൻ വേണ്ടിയായിരുന്നു. ഹിന്ദുക്കളും മുസ്‍ലിംകളും സൗഹൃദപൂർവം ഒരുമിച്ചു ചേർന്ന് വൈദേശികാധിപത്യത്തെ ചെറുക്കാൻവേണ്ടി നടത്തിയ വിശുദ്ധയുദ്ധമാണിത്.

മലബാറിലെ ഇസ്‍ലാമിക ചരിത്രത്തെ കുറിച്ചാണ് അടുത്ത അധ്യായം. മലബാറിൽ ഇസ്‍ലാമിന്റെ ആവിർഭാവത്തെക്കുറിച്ചുള്ള കൗതുകകരമായ വസ്തുതകൾ വിവരിക്കുന്നു. പ്രദേശത്തെ മുസ്‍ലിംകളും ഹിന്ദുക്കളും തമ്മിലുള്ള ബന്ധവും അവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കൃതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. മൂന്നാം അധ്യായം അക്കാലത്തെ ഹൈന്ദവ സമൂഹങ്ങളുടെ പ്രത്യേക സംസ്കാരവും ആചാരങ്ങളും വിശദീകരിക്കുന്നു. നാലാമത്തേത് മലബാറിലെ പോർചുഗീസുകാരുടെ വരവ് മുതൽ ചാലിയം കോട്ട പോർചുഗീസുകാരിൽനിന്നും പിടിച്ചടക്കിയതിന്റെ ചരിത്രംകൂടിയാണ്. ഈ യുദ്ധത്തിൽ മുസ്‍ലിംകളും ഹിന്ദുക്കളും ഒത്തൊരുമിച്ചുനിന്ന് ഒരേ ലക്ഷ്യത്തിനായി പൊരുതുകയായിരുന്നു. ഇന്ത്യയുടെ തെക്കു പടിഞ്ഞാറൻ ഭാഗത്തേക്ക് പോർചുഗീസ് വ്യാപനത്തോടുള്ള തദ്ദേശീയരുടെ പ്രതികരണം എങ്ങനെയായിരുന്നുവെന്നതിന് ആശ്രയിക്കുന്ന അപൂർവ ഏഷ്യൻ സ്രോതസ്സുകളിൽ ഒന്നാണീ ഗ്രന്ഥം.

പരിഭാഷകൾ സൂക്ഷ്മമായി പരിശോധിച്ചാൽ വ്യത്യസ്തമായ സാംസ്കാരിക പശ്ചാത്തലമുള്ള ഭാഷകളിലെ ഈ രണ്ട് വിവർത്തനങ്ങളുടെ നിർദിഷ്ട ഉദ്ദേശ്യവും ലക്ഷ്യവും തികച്ചും വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ബോധ്യപ്പെടും. സി. ഹംസയുടെയും നൈനാരുടെയും വിവർത്തനങ്ങൾ പല കാരണങ്ങൾകൊണ്ടും സന്നിവേശിപ്പിക്കുന്നത് വൈവിധ്യപൂർണമായ ലോകങ്ങളെയാണ്. അക്കാദമികമായും ധൈഷണികമായും ഇവ നിർവഹിക്കുന്നതും വളരെ വ്യതിരിക്തമായ ആശയങ്ങളുടെ പ്രകാശനമാണ്. ഈ രണ്ട് ഔപചാരിക പതിപ്പുകളിലും പ്രസിദ്ധീകരിച്ച വിവർത്തകരുടെ കുറിപ്പുകൾ അവയുടെ പ്രാഥമിക ഉദ്ദേശ്യങ്ങൾ വ്യക്തമാക്കിത്തരുന്നുണ്ട്. അതിനപ്പുറം ഒരു സൂക്ഷ്മവായനയിലൂടെ രണ്ടു എഴുത്തുകാരുടെ പശ്ചാത്തലവും മനസ്സിലാക്കാൻ എളുപ്പത്തിൽ സാധിക്കും. തന്റെ വിവർത്തനശ്രമത്തിന് ഒരു നൂറ്റാണ്ട് മുമ്പ് (സി.ഇ. 1833ൽ) പുറത്തിറങ്ങിയ M.J. Rowlandsonന്റേതിനെക്കാൾ മികച്ച ഇംഗ്ലീഷ് വിവർത്തനം കൊണ്ടുവരാനാണ് നൈനാർ ശ്രമിച്ചത്. അതുകൊണ്ടുതന്നെ വളരെ ആധികാരികമായ കൈയെഴുത്ത് പ്രതികൾ കണ്ടെത്തുന്നതിലും ഗ്രന്ഥകാരൻ ശ്രദ്ധചെലുത്തിയിരുന്നു. 'തുഹ്ഫത്തുൽ മുജാഹിദീനി'ന്റെ കൈയെഴുത്ത് കോപ്പികൾ ബ്രിട്ടീഷ് ലൈബ്രറിയിൽ ലഭ്യമാണ്, ഇത് ഉപയോഗപ്പെടുത്തിയാണ് നൈനാർ തന്റെ വിവർത്തനം പൂർത്തീകരിച്ചത്. വ്യത്യസ്ത കൈയെഴുത്ത് പ്രതികൾ തമ്മിലുള്ള താരതമ്യ പഠനത്തിലൂടെ തന്റെ വിവർത്തനം കുറ്റമറ്റതാക്കാനും അദ്ദേഹം പരിശ്രമിച്ചു. M. J. Rowlandson പുറത്തിറക്കിയ പതിപ്പിൽ അപ്രത്യക്ഷമായിരുന്ന ജിഹാദിന്റെ അധ്യായം ചേർത്ത് പൂർണതയോടെ പ്രസിദ്ധീകരിക്കുകയെന്നത് നൈനാരുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. 'തുഹ്‌ഫത്തുൽ മുജാഹിദീൻ' മുന്നോട്ടുവെച്ച ജിഹാദിന്റെ ലക്ഷ്യം സാമൂതിരിയുടെ അധികാരം സംരക്ഷിക്കാൻ സൈന്യത്തിൽ ചേരാൻ മുസ്‌ലിംകളെ പ്രേരിപ്പിക്കുന്നതാണ്. സമരാഹ്വാനങ്ങളെല്ലാം ഭയന്നതിനാലായിരിക്കണം Rowlandson തന്റെ വിവർത്തനത്തിൽനിന്ന് ജിഹാദിന്റെ ഭാഗം ഒഴിവാക്കിയത്. എന്നാൽ, മലയാളത്തിൽ പ്രത്യക്ഷപ്പെട്ട മറ്റ് പതിപ്പുകളുടെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് മികച്ച പ്രാദേശിക വിവർത്തനം നിർമിക്കാനാണ് സി. ഹംസ ലക്ഷ്യമിട്ടത്.

ഡോ. നൈനാരുടെ വിവർത്തനംസി. ഹംസയുടെ മലയാള വിവർത്തനത്തിൽ പ്രസാധകക്കുറിപ്പ്, അവതാരിക, ഗ്രന്ഥകർത്താവിനെപ്പറ്റി, പരിഭാഷക കുറിപ്പ്, മുഖവുര എന്നിവയാണ് ആദ്യം ചേർത്തിരിക്കുന്നത്. എന്നാൽ, കോഴിക്കോട്ടുനിന്നുള്ള ഇംഗ്ലീഷ് പതിപ്പിൽ പ്രസാധകക്കുറിപ്പ് ഒഴിവാക്കിയിട്ടുണ്ട്. ഈ പുസ്തകം തുടങ്ങുന്നതുതന്നെ അവതാരികയിലാണ് (foreword). ഈ രണ്ടു പുസ്തകത്തിലും അവതാരിക എഴുതിയിരിക്കുന്നത് കാലിക്കറ്റ് സർവകലാശാല മുൻ വൈസ്ചാൻസലർ ഡോ. കെ.കെ.എൻ. കുറുപ്പാണ്. പേജ് ഒമ്പതുവരെ നൈനാരുടെ പേരിൽ പ്രസിദ്ധീകരിച്ച പ്രിഫേസ് (preface) കോഴിക്കോടു പതിപ്പിലില്ല. കോഴിക്കോട്ടുനിന്നുള്ള ഇംഗ്ലീഷ് മലയാള വിവർത്തനങ്ങളിൽ അധ്യായങ്ങളുടെ പേരുകളും അതിന്റെ ക്രമീകരണവും ഒരുപോലെയാണ്. ആദ്യത്തെ സംഭവങ്ങളെ നാലു ഭാഗങ്ങളായി (section) തിരിച്ചു, ശേഷം നാലാം ഭാഗത്തെ പതിനാലു അധ്യായങ്ങളായി (chapter) വേർതിരിച്ചിരിക്കുന്നു. എന്നാൽ നൈനാരുടെ ഒറിജിനൽ ട്രാൻസ്ലേഷനിൽ ആദ്യത്തെ നാലു അധ്യായങ്ങളും പിന്നീട് പതിനാലു ഭാഗങ്ങളുമാണ് കാണാൻ കഴിയുക.

മലയാള വിവർത്തനത്തിൽനിന്ന് എല്ലാം പൂർണമായും അതേപടിയെടുത്ത് ഇംഗ്ലീഷിലാക്കി പ്രസിദ്ധീകരിച്ചപ്പോൾ കെ.കെ. മുഹമ്മദ് അബ്ദുൽ കരീം എഴുതിയ ഗ്രന്ഥകാരനെ പരിചയപ്പെടുത്തുന്ന കുറിപ്പും ഇംഗ്ലീഷിലേക്കു മാറ്റിയിട്ടുണ്ട്. ഒറിജിനൽ ലേഖനത്തിന്റെ തുടക്കത്തിലെ ഒരു ഖണ്ഡിക ചേർത്തും അവസാനഭാഗത്ത് കുറച്ച് വിശദാംശങ്ങൾ ഒഴിവാക്കിയും അത് ഡോ. എ.ഐ. വിലായത്തുല്ലയുടെ പേരിൽ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നൈനാർ തന്റെ വിവർത്തനത്തിൽ നൽകിയ 'authors preface' എന്ന തലക്കെട്ട് അദർ ബുക്‌സും ഇസ്‍ലാമിക് ബുക്ക് ട്രസ്റ്റും Introduction എന്ന് മാറ്റിയിരിക്കുന്നു. ഇത് മലയാളത്തിൽ സി. ഹംസ എഴുതിയ 'മുഖവുര'യുടെ നേരിട്ടുള്ള വിവർത്തനമാണ്.

കോഴിക്കോട്, ക്വാലാലംപുർ പതിപ്പുകൾ യഥാർഥ മദ്രാസ് യൂനിവേഴ്സിറ്റി ഒറിജിനലും തമ്മിലുള്ള വ്യത്യാസങ്ങൾ അധ്യായങ്ങളുടെ ഓറിയന്റേഷനിലും തലക്കെട്ടിലും വ്യക്തമാണ്. 'ജിഹാദിനുള്ള പ്രചോദനവും അതിനെ സംബന്ധിച്ച നിർദേശങ്ങളും' എന്ന സി. ഹംസയുടെ ഒന്നാം ശീർഷകം 'A Treatise on the Necessity of Jihad and Instructions thereof' എന്ന് ഇവിടെ വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. നൈനാരുടെ ഒറിജിനൽ പുസ്തകത്തിൽ ഈ തലക്കെട്ട് (THE LAWS CONCERNING WITH HOLY WAR AGAINST UNBELIEVERS, THE REWARD, AN EXHORTATION TO SUCH WAR) തികച്ചും വ്യത്യസ്തമാണ്. THE FIRST APPEARANCE OF ISLAM IN MALABAR എന്ന നൈനാരുടെ രണ്ടാം അധ്യായത്തിന്റെ തലക്കെട്ട് The History of Advent and Spread of Islam in Malabar എന്നാണ് കോഴിക്കോട്, ക്വാലാലംപുർ പതിപ്പിൽ കാണുക. പുസ്തകം പൂർണമായും പരിശോധിക്കുമ്പോൾ അതിനു നൈനാരുടെ വിവർത്തനവുമായി ഒരു ബന്ധവുമില്ലെന്ന് ബോധ്യപ്പെടും. നൈനാർ രേഖപ്പെടുത്തിയ വളരെ പ്രധാനപ്പെട്ട കുറിപ്പുകൾ ഈ പതിപ്പിനെ അവലംബമാക്കിയവർക്കൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടാവും.

'തുഹ്ഫത്തുൽ മുജാഹിദീൻ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ശൈഖ് സൈനുദ്ദീനിന്റെ (1530 -1583) പേരിന്റെ ആദ്യഭാഗമായ 'ശൈഖ്' സൂചിപ്പിക്കുന്നത് ഖാദിരിയ്യാ ത്വരീഖയുടെ ശൈഖാണെന്നാണ്. അദ്ദേഹത്തിന്റെ സൂഫി ആശയങ്ങളുടെ അകക്കാമ്പ് ഈ ഗ്രന്ഥത്തിലെ പദപ്രയോഗത്തിൽ നിഴലിച്ചു കാണാം. നൈനാർ തന്റെ യഥാർഥ വിവർത്തനത്തിൽ ഗ്രന്ഥകാരൻ പരിചയപ്പെടുത്തിയ പ്രധാന സൂഫി സംജ്ഞകളുടെ അർഥതലങ്ങൾ കൈവിടാതെ വിവർത്തനം ചെയ്തിട്ടുണ്ട്. മലബാറിലെ അക്കാലത്തെ ഇസ്‍ലാം സൂഫിധാരയിൽ അധിഷ്ഠിതമായിരുന്നു. ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ (1077-1166) ജീവിതത്തെ പരാമർശിക്കുന്ന കോഴിക്കോട്ടെ ഖാദി മുഹമ്മദ് രചിച്ച പ്രാദേശിക ഭാഷയിലെ കവിത പതിനാറാം നൂറ്റാണ്ടിൽ മലബാറിൽ നിലനിന്നിരുന്ന സൂഫിസ്വാധീനം വ്യക്തമാക്കുന്നു. ഈ കവിത വാമൊഴിയിലൂടെ ജനങ്ങളുടെ മനസ്സ് കീഴടക്കിയിരുന്നു. നൂറ്റാണ്ടുകൾക്കു ശേഷവും 'മുഹിയുദ്ദീൻ മാല' എന്ന ആ കവിത ഏറെ പ്രസിദ്ധമാണ്. ഗ്രന്ഥകാരനായ ശൈഖ് സൈനുദ്ദീന്റെ മുത്തച്ഛൻ സൈനുദ്ദീൻ സീനിയർ (1467-1522) മലബാറിനായി ഒരു പ്രത്യേക സൂഫി പ്രത്യയശാസ്ത്ര കൈപ്പുസ്തകവും എഴുതിയിരുന്നു. സൈനുദ്ദീൻ സീനിയർ തന്റെ മനോഹര കാവ്യമായ അദ്കിയയിൽ (ഹിദായത്തുൽ അദ്കിയ ഇലാ ത്വരീഖ് അൽ-ഔലിയ) സമുദ്രവുമായി ബന്ധപ്പെട്ട രൂപകങ്ങൾ ഉപയോഗിച്ച് മിസ്റ്റിസിസം വിശദീകരിക്കുകയും അത് ദക്ഷിണേന്ത്യയിൽ സൂഫിസത്തിന്റെ ആധികാരിക ഗ്രന്ഥമായി മാറുകയും ചെയ്തു.

അത്തരം സെൻസിറ്റിവ് സൂഫി സാഹിത്യ പദപ്രയോഗങ്ങളുടെ അർഥം നൈനാർ അക്ഷരാർഥത്തിൽ തിരിച്ചറിഞ്ഞിരുന്നു. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നതിനുപകരം യഥാർഥ അർഥം നഷ്ടപ്പെടാതെ ലിപ്യന്തരത്തിനു ശ്രമിക്കുകയാണ് അദ്ദേഹം ചെയ്തത്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന പാവപ്പെട്ട മനുഷ്യനെ സൂചിപ്പിക്കാനല്ല ഫഖീർ എന്ന പദം സാങ്കേതികമായി ഉപയോഗിക്കുന്നത്. ശൈഖും അദ്ദേഹത്തിന്റെ പരിവാരങ്ങളും ആദം മലയിലേക്കു പോകുന്ന വഴിയിൽ മലബാറിലെ രാജാവിനെ കണ്ടുമുട്ടിയതും അവരോടു ചന്ദ്രൻ പിളർന്ന കഥ പറയുന്നിടത്താണ് ശൈഖിന്റെ കൂടെയുള്ള ഫഖീറുമാരെ കുറിച്ച് വിവരണമുള്ളത്. ഇതിനെ മലയാളത്തിൽ സി. ഹംസ 'സാധു' എന്നാണ് വിവർത്തനം ചെയ്തത്. പിന്നീട് അത് വീണ്ടും ഇംഗ്ലീഷിലേക്കു മാറ്റിയപ്പോൾ പാവപ്പെട്ടവൻ എന്ന (poor) പ്രത്യക്ഷ അർഥത്തിലേക്കു ഒതുക്കിനിർത്തിയതായി കാണാം.

ലണ്ടനിലെ ഇന്ത്യ ഓഫിസ് ലൈബ്രറിയിൽനിന്ന് സമാനമായ മറ്റ് കൈയെഴുത്ത് പകർപ്പുകൾ ശേഖരിച്ച് മൂലഗ്രന്ഥത്തെ വിമർശനാത്മകമായി വിശകലനംചെയ്ത നൈനാർ, കൃതിയുടെ സൂക്ഷ്മമായ വിവർത്തനത്തിനായി വർഷങ്ങളോളം ചെലവഴിച്ചു, അദ്ദേഹത്തിന്റെ ഭൂമിശാസ്ത്ര പരിജ്ഞാനം വിവർത്തനപ്രക്രിയയിൽ ഏറെ സഹായകമായിരുന്നു. അറബ് ഭൂമിശാസ്ത്രജ്ഞരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കൃതികൾ ശരിയായ നിഗമനങ്ങളിൽ എത്താൻ വിവർത്തകനെ വലിയൊരു പങ്കും സഹായിച്ചു എന്നുവേണം കരുതാൻ. പ്രാഥമിക ഗ്രന്ഥത്തിൽ പരാമർശിച്ചിരിക്കുന്ന യഥാർഥ സ്ഥലനാമങ്ങൾ തന്നെ നൈനാർ ഉപയോഗിച്ചു: ''തന്റെ രോഗത്തിന്റെ ഗൗരവത്തെക്കുറിച്ചോ മരിക്കാൻ ഇടയായാൽ മരണത്തെക്കുറിച്ചോ മലിബാറിൽ ആരെയും അറിയിക്കരുതെന്ന് അദ്ദേഹം അവരോട് ആവശ്യപ്പെട്ടു'' (നൈനാർ 38). മലിബാർ, ശഹ്ർ, സമൂരി തുടങ്ങിയ വാക്കുകൾ നൈനാറിന്റെ വിവർത്തനത്തിൽ സുവ്യക്തമാണ്. സാമൂതിരിയുടെ പഴയ പേര് അതുപോലെ (സമൂരി- Samuri) നൈനാർ വിവർത്തനം ചെയ്തിട്ടുണ്ട്. പ്രാഥമിക സ്രോതസ്സുകളിൽ സാമൂതിരിയുടെ പേര് സമൂരി എന്നാണ് എഴുതിക്കാണുന്നത്. ഗ്രന്ഥത്തിൽ പരാമർശിച്ചിരിക്കുന്ന പഴയ സ്ഥലങ്ങളുടെയും ഭാഷകളുടെയും പ്രാഥമിക പേരുകളാണ് നൈനാർ ഉപയോഗിച്ചത്. നൈനാറിന്റെ വിവർത്തനത്തിൽനിന്ന് വ്യത്യസ്തമായി സ്ഥലനാമങ്ങൾ പ്രാദേശിക ഭാഷയിൽതന്നെ സി. ഹംസ അടയാളപ്പെടുത്തിയിരുന്നു. സി. ഹംസയുടെ മലയാളത്തിൽ രേഖപ്പെടുത്തിയ, നൈനാരോ ഗ്രന്ഥകാരനോ പരാമർശിച്ചിട്ടില്ലാത്ത ശഹ്ർ മുഖല്ല, അദർ ബുക്സ് (page 31) ചേർത്തതായി കാണാം.

പ്രാദേശിക ഭാഷയുടെ പേര് പറയുന്നിടത്ത് നൈനാർ തികച്ചും നീതിപൂർവകമായ സമീപനമാണ് സ്വീകരിച്ചത്. ഗ്രന്ഥം സമാഹരിക്കുന്ന സമയത്ത് 'മലയാളം' എന്ന പേര് പ്രാദേശികഭാഷക്ക് ഉപയോഗിച്ചിരുന്നില്ലെന്ന് വ്യക്തമാണ്. നൈനാർ പ്രാദേശിക ഭാഷാപദങ്ങൾ മാറ്റമേതുമില്ലാതെ ലിപ്യന്തരണംചെയ്തു, അതേസമയം, സി. ഹംസ ആധുനികപദമായ 'മലയാളം' ആണ് ഉപയോഗിച്ചത്. പ്രാദേശിക ഭാഷയുടെ അക്കാലത്തെ നാമം (ഖത്ത് മലിബാരി- അറബിപ്രയോഗം) നൽകി നൈനാർ ആ ഭാഗം അതുപോലെ തന്നെ പകർത്തുകയായിരുന്നു: ''ഇത് കേട്ടപ്പോൾ രാജാവ് അൽപനേരം ചിന്താകുലനായി, അവർക്ക് മലിബാറിന്റെ ലിപിയിൽ ഒരു കത്ത് നൽകി, അതിൽ അദ്ദേഹം തന്റെ പദവി പരാമർശിക്കുകയും ബന്ധുക്കളെ വിവരിക്കുകയും ഭരണാധികാരികളുടെ പേര് വ്യക്തമാക്കുകയും ചെയ്തു.'' തന്റെ വിവർത്തന കൃതിയിൽ അനാക്രോണിസം ഒഴിവാക്കാൻ അദ്ദേഹം ശ്രദ്ധയോടെ പദങ്ങൾ ഉപയോഗിച്ചു. ഗവേഷകനും അധ്യാപകനും പണ്ഡിതനുമായിരുന്ന വിവർത്തകന്റെ വിഷയത്തിലുള്ള താൽപര്യവും കരുതലുമായി ഇതിനെ വിലയിരുത്താം. നൈനാരുടെ പേരിൽ പുറത്തുവരുകയും അക്കാദമികലോകത്തെ ഏറെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത പുസ്തകം പണ്ഡിതന്മാരെയും ഗവേഷകരെയും യഥാർഥ വിവർത്തകന്റെ രീതിശാസ്ത്രത്തിൽനിന്ന് വഴിതിരിച്ചുവിടുന്നു.

മലബാറിലെ അറിയപ്പെടുന്ന പണ്ഡിതനായിരുന്നു ശൈഖ് സൈനുദ്ദീൻ മഖ്ദൂം. മലബാറിന്റെ സംസ്കാരവും സഹവർത്തിത്വവും ഉൾക്കൊണ്ടുകൊണ്ടാണ് അദ്ദേഹം തന്റെ രചനകൾ നിർവഹിച്ചത്. ബഹുസ്വര മലബാറിന് യോജിച്ച പ്രശസ്തമായ നിയമഗ്രന്ഥത്തിന്റെ കർത്താവ്കൂടിയാണ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ ആഫ്രിക്ക, യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ ഏറെ പ്രചാരം നേടിയിരുന്നു. ഒരു ബഹുസ്വര രാജ്യത്ത് ജീവിക്കുന്ന മുസ്‍ലിംകൾ അനുവർത്തിക്കേണ്ട കർമശാസ്ത്ര വിധികളെ ഏറെ തന്മയത്വത്തോടെ അദ്ദേഹം അവതരിപ്പിച്ചു. സമൂഹങ്ങളോട് ഒന്നിച്ച് കൂട്ടുകച്ചവടം ചെയ്യുന്നതിന് തടസ്സമേതുമില്ലെന്നും ഇവിടെ നിലനിന്നിരുന്ന പാട്ട കച്ചവട രീതികൾക്ക് അനുയോജ്യമായ വിധികൾ വിവിധ പണ്ഡിതസ്രോതസ്സുകളിൽനിന്നു ഉദ്ധരിച്ചുകൊണ്ട് അനുവദനീയമാക്കുകയുമാണ് അദ്ദേഹം ചെയ്തത്. അതുകൊണ്ടുതന്നെ ഈ ഗ്രന്ഥം സൗത്ത് ഈസ്റ്റ് ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ ഇന്നും ഏറെ പ്രശസ്തമാണ്.

മതകാര്യങ്ങളിലും ഭാഷയിലും മക്കയിൽനിന്ന് പരിശീലനം നേടിയെങ്കിലും അറേബ്യൻ സംസ്‌കാരം മാത്രമാണ് ഇസ്‍ലാമികമെന്ന ധാരണ അദ്ദേഹം വെച്ചുപുലർത്തിയിരുന്നില്ല. പ്രാദേശിക ഇസ്‍ലാമിന്റെ പ്രാധാന്യത്തെ മനസ്സിലാക്കുകയും മുസ്‍ലിമായി ജീവിക്കാൻ ഖിലാഫത്തിന്റെ ആവശ്യമില്ലെന്നും തങ്ങളുടെ രാജ്യത്തിനുവേണ്ടി മതവിവേചനങ്ങൾ നോക്കാതെ സമ്പത്തും സമയവും ജീവിതം തന്നെയും നൽകാൻ പ്രേരിപ്പിക്കുകയുംചെയ്യുന്ന അതിപ്രധാനമായ രചനയാണ്‌ ശൈഖ് സൈനുദ്ദീൻ രണ്ടാമൻ നടത്തിയിരിക്കുന്നത്. അറബികളെപോലെ അദ്ദേഹം രചനകളിൽ പേരിനൊപ്പം തന്റെ പിതാവിന്റെ പേര് ചേർത്തിരുന്നില്ല. പിന്നീട് രൂപപ്പെട്ട കൈയെഴുത്തുകളിൽ പിതാവിന്റെ പേര് തെറ്റായി പ്രചരിക്കുന്നുണ്ടായിരുന്നു. ഇത് വിദേശത്തുനിന്നു പ്രിന്റ് ചെയ്ത അദ്ദേഹത്തിന്റെ നിയമപുസ്തകങ്ങളിലും (ഫത്ഹുൽ മുഈൻ) വ്യാപകമായി കാണാം. മുഹമ്മദ് ഹുസൈൻ നൈനാരുടെ വിവർത്തനത്തിലും പിതാവിന്റെ പേര് തെറ്റായി അബ്ദുൽ അസീസ് (പേജ് - 6) എന്ന് ഉപയോഗിച്ചിരിക്കുന്നു. എന്നാൽ കോഴിക്കോടുനിന്നുള്ള ഇംഗ്ലീഷ് പതിപ്പിൽ ഇത് പ്രതിഫലിക്കുന്നില്ല. നൈനാരിന്റെ പതിപ്പിൽ പരാമർശിച്ചിരിക്കുന്നതുപോലെ അബ്ദുൽ അസീസ് അല്ല, മുഹമ്മദ് അൽ ഗസാലിയാണ് ശൈഖ് സൈനുദ്ദീന്റെ പിതാവ്. നൈനാർ കൃതിയുമായി ഒരു ബന്ധവുമില്ലാത്തതിനാൽ ഈ തെറ്റ് കോഴിക്കോട്, ക്വാലാലംപുർ എഡിഷനുകളിൽ ആവർത്തിക്കുന്നില്ല. സി. ഹംസയുടെ ട്രാൻസ്േലഷൻ ഉപയോഗിച്ച് ഇംഗ്ലീഷ് തയാറാക്കിയതിന്റെ ഒരു ഗുണമായി ഇതിനെ കാണാം.

സി. ഹംസയുടെ വിവർത്തനത്തിൽ അലി ആദിൽഷാക്ക് സമർപ്പിച്ചതിനെ ഉദ്ധരിച്ച് ഷിയാ പൊളിറ്റിക്കൽ ഇസ്‍ലാമിനെ പതിനാറാം നൂറ്റാണ്ടിലെ സൗഹൃദങ്ങളിലേക്ക് ചേർത്തുവെച്ച് ചർച്ചചെയ്യുന്നണ്ട്. പതിനാറാം നൂറ്റാണ്ടിലെ സാഹചര്യത്തിൽ ഇത്തരത്തിലുള്ള ചർച്ചകൾക്ക് ഒരു സാധ്യതയുമുണ്ടായിരുന്നില്ല. രാഷ്ട്രീയ ഇസ്‍ലാം േപ്രാജക്ട് ചെയ്യുന്ന ശിയാ-സുന്നി വേർതിരിവുകൾ പതിനാറാം നൂറ്റാണ്ടിലേ മലബാറിൽ അപ്രസക്തമായിരുന്നു. ശിയാ സൗഹൃദ പരാമർശത്തെ ഭയന്ന് 'തുഹ്ഫത്തുൽ മുജാഹിദീൻ' ശൈഖ് സൈനുദ്ദീൻ മഖ്‌ദൂമിന്റേതല്ലെന്നു നടിക്കുന്ന പാരമ്പര്യവാദികളുമുണ്ട്. അതിശയകരമായ ബഹുസ്വരത ജീവിതത്തിൽ പകർത്തുകയും സൂഫി ഇസ്‍ലാമിന്റെ വിശാലത കർമശാസ്ത്രത്തിൽപോലും പ്രകടമാക്കുകയും ചെയ്തിരുന്ന പതിനാറാം നൂറ്റാണ്ടിലെ പണ്ഡിതന്മാർ അവതരിപ്പിച്ച ഇന്റഗ്രേറ്റഡ് ഇസ്‍ലാമിന് ഇതര സമുദായങ്ങൾക്കിടയിൽപോലും ദൃശ്യതയും സ്വീകാര്യതയും ലഭിച്ചിരുന്നു.


പതിനാറാം നൂറ്റാണ്ടിലെ സാമൂതിരി മലബാർ മുസ്‌ലിംകളുടെ ആദരണീയനായ നേതാവായിരുന്നു. പള്ളികളിലെ വെള്ളിയാഴ്ച പ്രസംഗങ്ങളിൽ ഹിന്ദു രാജാവിന് വേണ്ടി പ്രാർഥിക്കുകയും ആ ഭരണം നിലനിർത്താൻ വിശുദ്ധയുദ്ധത്തിനു ആഹ്വാനം ചെയ്യുന്ന പരിതഃസ്ഥിതിയിൽ ശിയാ-സുന്നി ചേരിതിരിവുകൾക്ക് എന്ത് പ്രസക്തി? കോഴിക്കോട് സാമൂതിരിയുടെ അടുത്ത് മുസ്‍ലിംകൾക്ക് ഏറെ പരിഗണന ലഭിച്ചിരുന്നു. ഒരു തെറ്റ് ചെയ്ത മുസ്‍ലിമിനെ വധശിക്ഷക്ക് വിധേയമാക്കിയാൽ സാമൂതിരി മൃതദേഹം മുസ്‍ലിംകൾക്ക് മറവുചെയ്യാൻ വിട്ടുകൊടുത്തിരുന്നു. അതേസമയം ഹിന്ദുവിന്റെ മൃതദേഹം എടുത്തുകൊണ്ടുപോയി സംസ്കരിക്കാൻ അനുമതിയുണ്ടായിരുന്നില്ല. അത് മൃഗങ്ങൾ തിന്നുതീർക്കുന്നതായിരുന്നു പതിവ്: ''ഒരു മുസ്‌ലിം വധശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്താൽ, മുസ്‌ലിം കാരണവന്മാരുടെ അനുവാദം വാങ്ങിയ ശേഷമാണ് വധശിക്ഷ നടപ്പാക്കുക. പിന്നീട് മുസ്‍ലിംകൾ മൃതദേഹം ഏറ്റെടുക്കുകയും കുളിപ്പിക്കുകയും മറവുചെയ്യാൻ പ്രത്യേക വസ്ത്രം ധരിപ്പിക്കുകയും ചെയ്യുന്നു. പ്രാർഥനക്കു ശേഷം മുസ്‍ലിം ഖബർസ്ഥാനിൽ മറവുചെയ്യുന്നു. ഒരു അമുസ്‍ലിം വധശിക്ഷക്ക് വിധേയമായാൽ അവർ അവനെ കൊല്ലുകയും മൃതശരീരം നായ്ക്കളോ കുറുനരികളോ കടിച്ചുകീറാൻ വിടുകയും ചെയ്യുന്നു'' (page 52).

ഇംഗ്ലീഷ്, മലയാളം കൃതികൾ: ഒരു വായന

പ്രസാധകർ അവകാശപ്പെടുന്നപോലെ നൈനാരുടെ പരിഭാഷ സി. ഹംസയുടെ കുറിപ്പുകൾ ചേർത്ത് പരിഷ്കരിച്ചതാണോ എന്ന് നോക്കാൻ ഇംഗ്ലീഷും മലയാളവും ഒന്നിച്ച് വായിച്ചാൽ മതിയാവും. പിന്നെ സി. ഹംസയുടെ കുറിപ്പുകൾ ചേർത്ത് പഴയ സ്ഥലനാമങ്ങളും പ്രയോഗങ്ങളും പരിഷ്കരിക്കുക മാത്രമല്ല ഭാഷയുടെ ഘടനതന്നെയും വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇംഗ്ലീഷും മലയാളവും ഒന്നിച്ചുവെച്ച് വായിച്ചാൽ ടിപ്പണികൾ ചെയ്തും ആവശ്യമായ സ്ഥലനാമ പരിഷ്‌കാരം നടത്തിയും നൈനാരുടേതുതന്നെയാണ് പ്രസിദ്ധീകരിച്ചത് എന്ന വാദങ്ങൾ നിരർഥകമാണെന്ന് ബോധ്യപ്പെടും.

സി. ഹംസയുടെ പുസ്തകത്തിൽ ഗ്രന്ഥകാരനെപ്പറ്റി എന്ന ശീർഷകത്തിൽ കെ.കെ. മുഹമ്മദ് അബ്ദുൽ കരീമിന്റേതായി പ്രസിദ്ധീകരിച്ച കുറിപ്പ് പരിശോധിക്കാം. അദർ ബുക്സിന്റെ ഇംഗ്ലീഷ് പ്രിന്റിൽ ഇത് Short Biography of Shaykh zainuddin എന്നാണ്. ഗ്രന്ഥകാരനെപ്പറ്റിയുള്ള വിവരണവും അതിന്റെ വിവർത്തനവും നോക്കാം:

''യമനിലെ മാബറിലാണ് മഖ്ദൂം കുടുംബത്തിന്റെ വേരുകൾ. അവിടെ നിന്നവർ തമിഴ്‌നാട്ടിലെ കീളക്കര, കായൽപട്ടണം തുടങ്ങിയ പ്രദേശങ്ങളിലെത്തി. മധുര, തഞ്ചാവൂർ, തിരുച്ചിറപ്പള്ളി, നാഗൂർ മുതലായ സ്ഥലങ്ങളിൽ ഇസ്‍ലാം പ്രചരിപ്പിച്ചതിൽ ഈ കുടുംബത്തിന് വലുതായ പങ്കുണ്ട്'' (അൽഹുദാ).

''The roots of Makhdhum family were in Ma'bar, in Yemen, from there they arrived at places like Keelakkara, Kayal Pattanam, etc.., in TamilNadu. This family had a big role in the spread of Islam in places like Madurai, Tanjaur, Tiruchirapally, Nagur etc'' (അദർ ബുക്സ്.)

ഇത് വായിക്കുമ്പോൾതന്നെ മലയാളത്തിൽനിന്ന് ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തതാണെന്ന് ബോധ്യപ്പെടും. വളരെ നല്ല രീതിയിൽതന്നെ കൃത്യതയോടെ ട്രാൻസ്േലഷൻ നടത്തിയിട്ടുണ്ട്. എന്നാൽ ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത് കെ.കെ. മുഹമ്മദ് അബ്ദുൽ കരീമിന് പകരം ഡോ. എ.ഐ. വിലായത്തുല്ലയുടെ പേരിലാണ്.

നൈനാരുടെ വിവർത്തനവും കോഴിക്കോട്ടുനിന്ന് അദ്ദേഹത്തിന്റെ പേരിൽ നിർമിക്കപ്പെട്ടതും സി. ഹംസയുടെ കൃതിയും ഒരുമിച്ചു വെച്ച് മൂന്നു പതിപ്പുകളിലെയും ചില പ്രധാന ഭാഗങ്ങൾ പരിശോധിക്കാം. പുസ്തകങ്ങളുടെ ഏതു ഭാഗം വായിച്ചാലും നൈനാരുടെ വിവർത്തനവും അദ്ദേഹത്തിന്റെ പേരിൽ പ്രസിദ്ധീകരിച്ച കൃതിയും തമ്മിലുള്ള വ്യത്യാസവും സി. ഹംസയുടെ വിവർത്തനത്തിന് കോഴിക്കോട് പതിപ്പുമായുള്ള ശരിയായ ബന്ധവും ബോധ്യപ്പെടും.

മലബാർ തീരത്തേക്കുള്ള ഇസ്‍ലാമിന്റെ വരവിനെ വിശദീകരിക്കുന്ന അധ്യായത്തിന്റെ തലക്കെട്ട്,

'മലബാറിലെ ഇസ്‍ലാം മത പ്രചാരണാരംഭ ചരിത്രം' (സി. ഹംസ -മലയാളം) 'History of the advent and spread of Islam in Malabar'. (നൈനാരുടെ പേരിൽ ആരോപിക്കപ്പെടുന്ന കോഴിക്കോട്, ക്വാലാലംപുർ ഇംഗ്ലീഷ് പതിപ്പിൽ അതിന്റെ നേരെ വിവർത്തനം കാണാം.) നൈനാരുടെ മദ്രാസിൽനിന്നിറങ്ങിയ കോപ്പിയിലെ ഇതേ ഭാഗം ഇങ്ങനെ വായിക്കാം:

'The first apprearance of Islam in Malibar' -തലക്കെട്ടുകൾ രണ്ടു ഇംഗ്ലീഷ് എഡിഷനുകളിലും വ്യത്യാസപ്പെട്ടിരിക്കുന്നു.

ആദ്യ പാരഗ്രാഫ് നോക്കാം: ''മലബാറിലെ തുറമുഖ പട്ടണമായ കൊടുങ്ങല്ലൂരിൽ ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും ഓരോ സംഘം കുടുംബസമേതം വന്നു കപ്പലിറങ്ങി (കുറിപ്പ് 101). കൊടുങ്ങല്ലൂർ അന്നത്തെ രാജാവിന്റെ ആസ്ഥാന പട്ടണംകൂടിയായിരുന്നു. പ്രസ്തുത സംഘാംഗങ്ങളുടെ അഭ്യർഥനയെ തുടർന്ന് രാജാവ് അവർക്കു വീടുകളും നിലങ്ങളും തോട്ടങ്ങളും നൽകി. അങ്ങനെ അവർ അവിടെ താമസമാക്കി.''

കോഴിക്കോട്, ക്വാലാലംപുർ പതിപ്പിൽ സി. ഹംസയുടെ മലയാളത്തിൽനിന്നു ഓരോ വാക്യവും കൃത്യമായി തന്നെ നന്നായി വിവർത്തനം ചെയ്തിരിക്കുന്നു.

A party of Jews and Christians with their families arrived in a big ship in Kodungallur, the port city of Malabar ( notes 1). Kodungallur was then also the capital city of the king. They secured from the king grands of the lands, plantations and houses and thus they settled there.

ഇനി ഇതേ ഭാഗം പ്രഫസർ ഹുസൈൻ നൈനാർ വിവർത്തനം ചെയ്തത് പരിശോധിക്കാം. നൈനാരുടെ യഥാർഥ വിവർത്തനത്തിലെ ഘടനകൾ തികച്ചും വ്യത്യസ്തമാണ്.

''It happened thus: A party of Jews and Christians, with their family in a big ship entered one of the sea port of Malibar, named Kodungallur, where its king resided. They secured from the king grands of lands, gardens and houses and settled there.''

കൊടുങ്ങല്ലൂർ എന്ന ഭാഗത്ത് കൊടുത്ത അടിക്കുറിപ്പുകളിലെ വ്യത്യാസങ്ങൾ ഇവിടെ വിശദീകരിക്കുന്നില്ല. കാരണം സി. ഹംസയുടെ പുസ്തകത്തിൽനിന്ന് അധികമായി കുറിപ്പുകൾ ചേർത്തുവെന്നു പ്രസാധകർതന്നെ അവകാശപ്പെടുന്നതാണല്ലോ. എന്നാൽ എങ്ങനെയാണ് നൈനാരുടെ ഭാഷയും വാക്യഘടനയും മാറ്റാൻ കഴിയുക.

നൈനാരുടെ വിവർത്തനത്തിൽ നാലാം അധ്യായം പരിശോധിക്കാം.

''The arrival of the Porchugese in Malibar and a brief account of their shameful deeds.''

Section 1

''The arrival of the Portuguese in Malibar for the first time: hostilities between them and the Samuri: the erection of for tresses by them at Kashi, Kannanur and Kulam and their capture and occupation of the port of Kuwa.''

ഈ തലക്കെട്ട് കോഴിക്കോട് പതിപ്പിൽ എങ്ങനെയാണെന്ന് നോക്കാം:

''Chapter one

The arrival of the Porchugese in Malabar and a Brief Account of Their shameful deeds.

The Portugese entry to Malabar; hostilities between them and Zamorins; the erection of forts by them in Kochi, Kannur and Kollam, and their capture and occupation of the port Goa.''

ഇത് എങ്ങനെയാണ് സി. ഹംസയുടേതിൽ ഉള്ളതെന്ന് നോക്കാം:

പോർചുഗീസുകാരുടെ മലബാറിലേക്കുള്ള വരവും തുടർന്നുള്ള ദുഷ് ചെയ്തികളും.

അധ്യായം ഒന്ന്

പോർചുഗീസുകാരുടെ മലബാർ പ്രവേശനം; മുസ്‍ലിംകളോടും സാമൂതിരിയോടും അവർക്കുണ്ടായ എതിർപ്പ്; കൊച്ചി, കണ്ണൂർ, കൊല്ലം എന്നിവിടങ്ങളിൽ കോട്ട കെട്ടിയതും ഗോവ തുറമുഖം പിടിച്ചതും. ഇവിടെ നൈനാരുടെ വാക്യഘടന പിന്തുടരുന്നതിനു പകരം സി. ഹംസയെ ഭംഗിയായി വിവർത്തനം ചെയ്യുകയായിരുന്നു എന്ന കാര്യം വ്യക്തമാണ്.

മലയാളത്തിലെ പ്രവേശനം എന്നത് entry എന്നു കൃത്യമായി വിവർത്തനം ചെയ്യപ്പെട്ടു. നൈനാർ ഉപയോഗിച്ച ആഗമനം -വരവ് - arrival എന്ന വാക്ക് നഷ്ടപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല (The Portugese entry to Malabar; hostilities between them and Zamorins; the erection of forts by them in Kochi, Kannur and Kollam, and their capture and occupation of the port Goa).

തുടർന്നുള്ള ഭാഗങ്ങൾകൂടി നോക്കാം.

1498 AD

It was in the year of 904 A.H. that the Portuguese made first apprearance in Malibar. Their three ships anchored off in Fandarina, towards the close of Mawasim- al- Hind.Then they disembarked, proceeded by land to the port of Calicut, and stayed in that town for some months spending their time in collecting information about the condition of Malibar. They did not engage themselves in trade on this occasion. but returned to Purtukal, their native land. the reason for their coming to Malibar, according to their own account, was to seek intelligence about the pepper land and to establish trade in that commodity for at that period the Portuguese used to purchase pepper from those who bought it from original exporters from Malibar.

കോഴിക്കോട് പതിപ്പിലെ ഘടനക്ക് കൂടുതൽ അടുപ്പം സി. ഹംസയുടേതിനോടാണ്.

It was in the year 904 (1498 AD) the Portugese made their first appreace in Malabar. ഹിജ്‌റ 904ാമാണ്ടിലാണ് (ക്രി.വ. 1498) പോർചുഗീസുകാർ ആദ്യമായി മലബാറിലേക്ക് വന്നത്. They arrived in Pantalayani in three ships. മൂന്നു കപ്പലുകളിലായി അവർ പന്തലായനിയിൽ എത്തി. By then the trade season through sea routes was almost over. കടൽമാർഗമുള്ള വ്യാപാരത്തിന്റെ സമയം അവസാനിക്കുകയായിരുന്നു അപ്പോൾ. From Panthalayani they moved to Calicut by land, stayed in that town for a few months and returned to their homeland after collecting information about the condition of Malabar. പന്തലായനിയിൽനിന്ന് കരവഴി കോഴിക്കോട്ടേക്ക് നീങ്ങി ഏതാനും മാസം അവിടെ താമസിച്ച് മലബാറിന്റെ സ്ഥിതിഗതികൾ നല്ലവണ്ണം മനസ്സിലാക്കിയ ശേഷം സ്വദേശത്തേക്കു മടങ്ങുകയാണ് അവർ ചെയ്തത്. On this occassion they did not engage themsleves in any trade. ഇതിനിടയിൽ ഒരു വ്യാപാരത്തിലും അവർ ഏർപ്പെട്ടിരുന്നില്ല. The main purpose of their trip to Malabar, according ot their own accounts, was to seek information about the pepper land and to establish trade in that commodity, for at that time they were buying pepper from other traders, who export pepper from Malabar. കുരുമുളകുള്ള സ്ഥലങ്ങൾ കണ്ടെത്തുകയും അങ്ങനെ അതിന്റെ വ്യാപാര കുത്തക കൈവശപ്പെടുത്തുകയുമായിരുന്നത്രെ മലബാറിലേക്കുള്ള അവരുടെ വരവിന്റെ ഉദ്ദേശ്യം. അതുവരെ അവർ കുരുമുളക് വാങ്ങിയിരുന്നത് മലബാറിൽനിന്ന് അത് കയറ്റിക്കൊണ്ടു പോകുന്ന മറ്റു വ്യാപാരികൾ വഴിയായിരുന്നു. മലയാളത്തിൽനിന്ന് ഒരു നല്ല ഇംഗ്ലീഷ് വിവർത്തനം ഇവിടെ സാധ്യമാക്കിയിട്ടുണ്ട്. അതിന്റെ ക്രെഡിറ്റ് അത് നിർവഹിച്ചവർക്കും, അടിസ്ഥാന വിവർത്തകൻ എന്ന നിലയിൽ സി. ഹംസയുടെ പേരുമായിരുന്നു പുസ്തകത്തിൽ കൊടുക്കേണ്ടിയിരുന്നത്.

'തുഹ്ഫത്തുൽ മുജാഹിദീനി'ന്റെ മലയാള വിവർത്തനം

'തുഹ്ഫത്തുൽ മുജാഹിദീനി'ന്റെ മലയാള വിവർത്തനം

കോഴിക്കോട്, ക്വാലാലംപുർ എന്നിവിടങ്ങളിൽനിന്ന് പ്രസിദ്ധീകരിച്ച കള്ളപ്പതിപ്പുകൾ ഇന്ത്യൻ മഹാസമുദ്ര പഠനങ്ങളിലും പോർചുഗീസ് ചരിത്രത്തിലും വൈദഗ്ധ്യം നേടിയ നൂറുകണക്കിന് പണ്ഡിതന്മാരുടെയും ഗവേഷകരുടെയും നിരവധി പ്രശസ്തമായ കൃതികളുടെയെല്ലാം റഫറൻസ് ആയിത്തീർന്നിരിക്കുന്നു. ഉദാഹരണത്തിന്, അറിയപ്പെടുന്ന ഇന്ത്യൻ മഹാസമുദ്ര (Indian Ocean ) സ്പെഷലിസ്റ്റും ലോസ് ആഞ്ജലസിലെ കാലിഫോർണിയ സർവകലാശാലയിലെ പ്രമുഖ പ്രഫസറുമായ സഞ്ജയ് സുബ്രഹ്മണ്യംപോലും നൈനാരുടെ പേരിൽ പുറത്തിറക്കിയ ഈ വ്യാജ പതിപ്പിനെ ആശ്രയിച്ചിട്ടുണ്ട്. ഹാർവാഡ് യൂനിവേഴ്സിറ്റി പ്രസിദ്ധീകരിച്ച് (2012) അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഈ വിവർത്തനപ്പതിപ്പു ഉപയോഗിച്ചതായി കാണാം. മലബാറിനെ കുറിച്ച് പുറത്തിറങ്ങിയ നിരവധി പുസ്തകങ്ങളിൽ ഈ റഫറൻസ് വ്യാപകമായി കാണാൻ കഴിയും (ഉദാഹരണം മൺസൂൺ ഇസ്‍ലാം, ട്രേഡ് ആൻഡ് ഫെയ്ത്ത് ഓൺ ദ മിഡീവൽ മലബാർ കോസ്റ്റ്, കേംബ്രിജ് യൂനിവേഴ്‌സിറ്റി പ്രസ് 2018).

ദക്ഷിണേന്ത്യയിലെ പോർചുഗീസ് ചരിത്രത്തിൽ താൽപര്യമുള്ളവർക്ക് എല്ലാം ഈ ഗ്രന്ഥം ഏറെ പ്രിയപ്പെട്ടതാണ്. ഇതിന്റെ പോർചുഗീസ് ഭാഷയിലേക്കുള്ള വിവർത്തനം അറബിയിൽനിന്നും നേരിട്ട് 1898ൽ, ഡേവിഡ് ലോപ്സ് നിർവഹിച്ചിട്ടുണ്ട്. പോർചുഗീസ്ഭാഷ സംസാരിക്കുന്ന ചരിത്രകാരന്മാർക്ക് ഒരു റഫറൻസ് ആയി മാറിയ ഈ പതിപ്പ്, പിന്നീട് 1998ൽ ആധുനിക സ്പെല്ലിങ് ഉപയോഗിച്ച് പുനഃപ്രസിദ്ധീകരിച്ചു. മധ്യകാല ചരിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട 'തുഹ്ഫത്ത് അൽ മുജാഹിദീൻ' ലോകമെമ്പാടുമുള്ള ചരിത്രകാരന്മാരുടെയും ഗവേഷകരുടെ ഏറ്റവും പ്രധാന സ്രോതസ്സുകളിൽ ഒന്നാണ്. ഹുസൈൻ നൈനാരുടെ പേരിൽ പ്രമോട്ട് ചെയ്യപ്പെട്ട കോഴിക്കോട് പതിപ്പിന് പോർചുഗീസ് ചരിത്രകാരന്മാരിൽനിന്നുപോലും റിവ്യൂ പ്രസിദ്ധീകരിക്കുകയുണ്ടായി. പോർചുഗലിലെ ന്യൂ യൂനിവേഴ്സിറ്റി ഓഫ് ലിസ്ബൺ സെന്റർ ഫോർ ഓവർസീസ് ഹിസ്റ്ററിയിലെ ഡോ. വാസ്കോ (New University of Lisbon. Center for Overseas History (CHAM), Portugal) ഇതിനെ കുറിച്ച് ഒരു റിവ്യൂ പ്രസിദ്ധീകരിച്ചു. 1583ൽ പൂർത്തിയാക്കിയ 'തുഹ്ഫത്തുൽ മുജാഹിദീൻ' പോർചുഗീസ് ഭാഷയിൽ പ്രചാരത്തിലുള്ള അവിടത്തെ ചരിത്രകാരന്മാർക്കു ഏറെ പരിചയമുള്ള ഗ്രന്ഥമാണ്. ഈ കൃതിയുടെ വിവർത്തനങ്ങളിൽ ചേർത്തിരിക്കുന്ന കുറിപ്പുകൾക്കു വേണ്ടി ബ്രിട്ടീഷ് ചരിത്ര സ്രോതസ്സുകൾ ഉപയോഗിക്കുന്നതിനോട് പോർചുഗീസ് ചരിത്രകാരന്മാർക്ക് ആക്ഷേപമുണ്ട്.

കോഴിക്കോട് ഫാറൂഖ് കോളജിൽ നടന്ന ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ 67ാമത് സെഷനിൽ ഈ പുസ്തകം പ്രമോട്ട് ചെയ്യപ്പെട്ടു. ഹിസ്റ്ററി കോൺഗ്രസിന്റെ അനുമതിയോടെ നിരവധി കോപ്പികൾ ഡെലിഗേറ്റ്സുകൾക്കു വിതരണം നടത്തി. ഇതെല്ലാം നൈനാരുടെ പേരിൽ വ്യാജമായി പ്രചരിപ്പിക്കുന്ന ഈ വിവർത്തന കൃതിയുടെ ആധികാരികതയെക്കുറിച്ച് മതിപ്പുളവാക്കാൻ സഹായിച്ചു. ഈ പരിഭാഷക്കു നൈനാരോടോ സി. ഹംസയോടോ നീതിപുലർത്താൻ കഴിഞ്ഞിെല്ലന്നു മാത്രമല്ല ഇതു ആയിരക്കണക്കിനു അക്കാദമിക് എക്സ്പെർട്ടുകളെ കബളിപ്പിക്കുകയും ചെയ്തു. നൈനാരുടെ പേരിൽ വ്യാജമായി പ്രചരിപ്പിക്കുന്ന വ്യാഖ്യാനങ്ങൾ അക്കാദമിക രംഗത്ത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഇന്ത്യൻ മഹാസമുദ്ര ചരിത്രത്തിന്റെ ആഴങ്ങളിൽ പ്രത്യേകിച്ച് പോർചുഗീസ് കാലത്തെക്കുറിച്ച് ഗഹനമായ ഗവേഷണങ്ങൾ നടത്തിയിട്ടുള്ള സഞ്ജയ് സുബ്രഹ്മണ്യത്തിനുപോലും നൈനാരിന്റെ യഥാർഥ വിവർത്തനം തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ ഈ ലേഖനം കേരളത്തിലെ ഗവേഷകർക്ക് സഹായകമാകുമെന്ന് വിശ്വസിക്കുന്നു.


News Summary - Tuhfat Ul Mujahideen translation controversy