Begin typing your search above and press return to search.
proflie-avatar
Login

‘മോബി ഡിക്കായി മാറിയ ചാർളി’; ‘ദ വേൽ’ കാണുന്നു

‘മോബി ഡിക്കായി മാറിയ ചാർളി’; ‘ദ വേൽ’ കാണുന്നു
cancel
camera_alt

ബ്രൻഡൻ ഫ്രേസർ (‘The Whale’)

ഡാരൻ അരോണോഫ്സ്കി സംവിധാനം ചെയ്ത ‘ദ വേൽ’ (The Whale) എന്ന ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തിലൂടെ ബ്രൻഡൻ ഫ്രേസർ മികച്ച നടനുള്ള ഓസ്കർ പുരസ്കാരം നേടിയിരിക്കുന്നു. ‘ദി വേൽ’ നൽകുന്ന കാഴ്ചാനുഭവം എന്താണ്?. ഹെർമൻ മെൽവിന്റെ ‘മോബി ഡിക്ക് ഓർ ദി വേൽ’ എന്ന നോവലുമായി ചിത്രം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു. കഥാകൃത്ത് കൂടിയായ ലേഖിക എഴുതുന്നു.

നുഷ്യനോളം പക സൂക്ഷിക്കുന്ന ഏതെങ്കിലും ഒരു ജീവി സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ?

ഇല്ലെന്നാണ് എന്റെ ഉത്തരം.

ഹെർമൻ മെൽവിന്റെ ‘മോബി ഡിക്ക് ഓർ ദ വേൽ’ എന്ന പ്രശസ്ത നോവലിലേക്ക് നോക്കുക. തിമിംഗലവേട്ടക്കപ്പലിലെ കപ്പിത്താനായ ആഹാബ്, നാവികനായ ഇശ്മായേൽ തുടങ്ങിയ ചിലരുടെ സമുദ്രസഞ്ചാരത്തിന്റെ കഥയാണ് നോവലിന്റെ ഇതിവൃത്തം. ആഹാബ് ഒറ്റക്കാലനാണ്. കഴിഞ്ഞ തിമിംഗലവേട്ടയിൽ മോബി ഡിക്ക് എന്ന വെള്ളത്തിമിംഗലം അരയ്ക്ക് കീഴെ കടിച്ചെടുക്കുകയായിരുന്നു. അനേകായിരം ജീവജാലങ്ങൾ പാർക്കുന്ന സമുദ്രത്തിൽ തന്റെ ശത്രുവായ, ബഹുവർണ്ണമുള്ള തൊലിയും മുതുകിന് ഹിമവെണ്മയുമുള്ള മോബി ഡിക്കിനെ കണ്ടുപിടിക്കാനും കൊലപ്പെടുത്താനും കച്ചകെട്ടിയിറങ്ങുകയാണ് ആഹാബ്. ഉള്ള സമയം ഏതെങ്കിലും തിമിംഗലത്തെ പിടിച്ച് തിരിച്ചു കരയിലേക്ക് മടങ്ങാമെന്ന് കൂട്ടാളികൾ പറഞ്ഞെങ്കിലും അയാൾ വഴങ്ങുന്നില്ല. ദിവസങ്ങളുടെ കപ്പൽയാത്രയ്ക്ക് ശേഷം ഇരയെ കണ്ടെത്തുന്ന ആഹാബ് അതിശക്തമായ ആക്രമണം നടത്തുന്നു. മോബി ഡിക്കിന് നേർക്കെറിഞ്ഞ ചാട്ടുളിക്കയർ പൊട്ടുകയും അത് ആഹബിന്റെ കഴുത്തിനെ തന്നെ വരിയുകയുമാണ്. പക്ഷേ അവസാനം സംഭവിക്കുന്നത്. തത്ഫലമായി സമുദ്രത്തിനാഴത്തിലേക്ക് അയാൾ ആ വലിയ ജീവിയോടൊപ്പം ആണ്ടുപോവുന്നു.

തന്നെക്കാൾ അനേകം മടങ്ങ് ബലവും ഊർജ്ജവമുള്ള ഒരു ജീവിയോട് പടപൊരുതാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഒരേയൊരു ഘടകം പക തന്നെയാണ്. സ്വന്തം അച്ഛനെ ശത്രുവായി മകൾ കണ്ടാലോ? മേൽപറഞ്ഞ രീതിയിൽ പക വളർന്ന് കൊലപാതക ത്വരയിലേക്ക് പോലും അത് എത്തില്ലേ? .

എത്തും.

‘ദ വേൽ’ (The whale) സിനിമയിലെ ചാർളി എന്ന കഥാപാത്രത്തെ, മോബി ഡിക്കിനെ പോലെ, വികാരങ്ങളെല്ലാം മരവിച്ച, ജീവൻ മാത്രമുള്ള ഒരു പാവം പ്രാണിയായി കാണാനാണ് എന്റെ താല്പര്യം. ആഹാബിനെ പോലുള്ള നിറയെ പേരാൽ അയാൾ നിരന്തരം ക്രൂശിക്കപ്പെടുന്നു. കൂട്ടത്തിലെ ഏറ്റവും പ്രബലയോ, സ്വന്തം മകൾ എല്ലി തന്നെ.

ചാർളിയായി ബ്രൻഡൻ ഫ്രേസർ

ഇരുട്ട് പടർന്ന, പഴയൊരു ഫ്ലാറ്റിലെ ഏകാന്തവാസിയാണ് അറുനൂറ് പൗണ്ട് ഭാരമുള്ള ചാർളി. നടക്കാൻ പോലും പ്രയാസപ്പെടുന്ന, കൊടിയ വിഷാദവും ആകുലതകളും നിറഞ്ഞ ജീവിതത്തിനിടയിലും ജനലരികത്തേക്ക് ചേക്കേറുന്ന പക്ഷികൾക്ക് ഒരു പാത്രത്തിൽ ഭക്ഷണം വിളമ്പി വെക്കാൻ മറക്കാത്ത മനുഷ്യൻ. ഭീമമായ തുക സമ്പാദ്യമുണ്ടെങ്കിലും മാരകമായ ഹൃദയ രോഗത്തിന് അയാൾ ചികിത്സ തേടുന്നില്ല. ഇംഗ്ലീഷ് ടീച്ചറായ ചാർളി ഓൺലൈനിൽ കുട്ടികളെ പഠിപ്പിക്കുന്നു, ഒരിക്കലും തന്റെ രൂപം അവർക്ക് വെളിപ്പെടുത്താതെ. മരണത്തിലേക്ക് നോക്കിക്കൊണ്ടുള്ളതാണ് ഓരോരോ ചെയ്തികളും.

ഭൂതകാല ദുഷ്ചെയ്തികളാൽ നല്ല മനുഷ്യർ നിശ്ചയമായും വേട്ടയാടപ്പെടുക തന്നെ ചെയ്യും. എട്ട് വയസ്സുകാരിയായ എല്ലിയേയും ഭാര്യയെയും ഉപേക്ഷിച്ച് തന്റെ വിദ്യാർത്ഥിയായ അലനെ പ്രണയിച്ചയാളാണ് ചാർളി. സർവം മറന്ന്, തന്റെ കടമകളെ തഴഞ്ഞ് സ്വസ്ഥമെന്ന പോൽ ജീവിച്ചു. പക്ഷെ അലൻ മരണപ്പെട്ടതോടെ ചാർളി തകർന്നു. ഏകാന്തതയാൽ വിഷാദിയായി. ഗുരുതരമായ ഈറ്റിംഗ് ഡിസോര്ഡറിന് അടിമപ്പെട്ടു. ഒരിക്കലും പുറത്തിറങ്ങാതെ അടച്ചു പൂട്ടി ജീവിച്ചു.

ഒരിക്കൽ എപ്പോഴോ, മകൾ എല്ലിയുടെ പഠനമികവ് അറിയിക്കാൻ വേണ്ടി ഭാര്യ മേരി അയച്ചു കൊടുക്കുകയുണ്ടായി, ഒരു എസ്സേ. അത് ‘മോബി ഡിക്ക് ഓർ ദ വേ ൽ’ എന്ന നോവലിനെ കുറിച്ച് മകൾ എഴുതിയതായിരുന്നു.

അതിലെ ചില വരികൾ നോക്കുക.

.... the pirate Ahab encounters many hardships.

His entire life is set around trying to kill a certain whale.

I think this is sad because this whale doesn’t have any emotions, and doesn’t know how bad Ahab wants to kill him.

He’s just a poor

“big animal.”

And I feel bad for Ahab as well, because he thinks that his life will be better if he can just kill this whale, but in reality, it won’t help him at all…

ഒരു​പക്ഷേ അലൻ എന്ന തന്റെ പ്രണയം ജീവിതം ഉപേക്ഷിച്ച് മരണത്തെ പുൽകിയതിന് ശേഷമാവാം ഈ എസ്സേ വീണ്ടും വീണ്ടും വായിക്കാൻ ചാർളി ആരംഭിക്കുന്നത്. ശരീരം കൊണ്ട് വലിയവനായ, നിർമലമായി സ്നേഹിക്കാൻ തക്കവണ്ണം ഹൃദയമുള്ള ‘മോബി ഡിക്ക്’ ആയി സ്വയം മാറുകയാണ് ചാർളി. സദാ ചാട്ടുളി പോലെ ദുഷിച്ച പ്രയോഗങ്ങളും വാക്കുകളും തനിക്ക് നേരെ ചൊരിയുന്ന, സഹാനുഭൂതി തെല്ലുമേയില്ലാത്ത ടീനേജുകാരിയായ മകളെ ആഹാബ് ആയിട്ട് അയാൾക്ക് ഒരുപക്ഷെ തോന്നിക്കാണില്ലേ?

He is just a poor “big animal” എന്ന് എല്ലി എഴുതിയത് കാണുമ്പോൾ അയാളിൽ വീണ്ടും പ്രതീക്ഷകൾ വളരുകയാണ്, മകളിൽ നന്മ ബാക്കിയുണ്ടെന്ന വിശ്വാസം ഉറക്കുകയാണ്. എത്രയേറെ ക്രോധത്തോടെ എല്ലി പെരുമാറുമ്പോഴും ‘നീ നല്ലവളാണ്’ എന്ന് പറയാൻ മാത്രമേ ചാർളിക്ക് ആവുന്നുള്ളൂ. ഓരോവട്ടവും ശ്വാസം പിടഞ്ഞ് മരണത്തെ മുഖാമുഖം കാണുമ്പോൾ അയാൾ വായിക്കാൻ ഇഷ്ടപ്പെടുന്നത് എല്ലി എഴുതിയ മോബി ഡിക്കിനെ കുറിച്ചുള്ള എസ്സേയാണ്.

ചാർളി ഉറക്കത്തിലേക്ക് വീഴുന്നത്പോലും അതിലെ വരികൾ കാണാതെ പാരായണം ചെയ്തുകൊണ്ടാണ്.

ബന്ധങ്ങളുടെ മനോഹരമായ വ്യവഹാരം ഈ സിനിമ പ്രതിഫലിപ്പിക്കുന്നുണ്ട്. അല്ലെങ്കിൽ സ്വന്തം സഹോദരന്റെ കാമുകനായി ജീവിച്ച ചാർളിയെ ശുശ്രൂഷിക്കുന്ന നഴ്സായി ലിസ് വരില്ലല്ലോ. ‘നീ ഉടൻ മരിക്കാൻ പോവുകയാണ് ചാർളീ’ എന്ന സത്യം പറയാൻ മാത്രമുള്ള അടുപ്പത്തെ കേവലമൊരു സൗഹൃദമെന്ന് മാത്രം വിളിക്കുക വയ്യ. എന്നോ സംഭവിച്ച അലന്റെ മരണത്തെ സ്വന്തം പിഴയെന്ന് അല്പമെങ്കിലും നിനച്ച് സങ്കടപ്പെടുന്ന ചാർളിയോട്, ‘ഈ ലോകത്ത് ആർക്കും ആരെയും രക്ഷപ്പെടുത്താനാവില്ല’ എന്ന് ലിസ് പറയുന്ന നിമിഷം രക്തബന്ധത്തേക്കാൾ ഗാഢമാണ് അവർക്കിടയിലെ ബന്ധം എന്ന് ഞാൻ അനുമാനിക്കുകയുണ്ടായി.

എല്ലിയെ കുറിച്ചുള്ള ചാർളിയുടെ ധാരണകൾ ഒരിക്കലും തെറ്റിയില്ല. സ്നേഹത്തിന് വേണ്ടി ആർത്തി പൂണ്ട് നടക്കുന്ന വെറുമൊരു സാധാരണ ജീവിയാണ് മനുഷ്യൻ. ആഹാബിനെ സ്നേഹിക്കാൻ ആരുമില്ലാത്തതിനാലാവാം പാവമായ മോബി ഡിക്കിനെ ആക്രമിക്കുന്നതിൽ നിന്ന് അയാൾക്ക് പിന്മാറാൻ സാധിക്കാതിരുന്നത്. പക്ഷേ, എല്ലിയ്ക്ക് ചാർളി ഉണ്ടായിരിന്നു. അവൾക്കുള്ളിൽ ഉണ്ടെന്ന് അവൾ പോലും അംഗീകരിക്കാൻ വിസമ്മതിച്ച ഉത്തമസ്വഭാവത്തിന്റെ ഒരുതരിമ്പ് എങ്കിലും ചാർളി കാരണമാണ് നമുക്ക് മുൻപിൽ അനാവൃതമാവുന്നത്.

എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം എല്ലിയാണെന്ന് അയാൾ പറയുന്നു. ലജ്ജയില്ലാതെ കരയുന്നതിലൂടെ മനുഷ്യൻ വിമലീകരിക്കപ്പെടുമെങ്കിൽ, എല്ലിയും അങ്ങനെയായെന്ന് വേണം കരുതാൻ. അത്രയും കാലം ഫാറ്റ്, ഡിസ്ഗസ്റ്റിങ് എന്നെല്ലാം വിളിച്ച് സദാ അവഹേളിച്ച ഒരുവൾ ‘ഡാഡി’ എന്ന് അവസാനം വിളിച്ചത് അല്ലാതെ മറ്റെന്ത് കൊണ്ടാണ്!

ജീവിതത്തിന്റെയും സിനിമയുടെയും സ്വർണത്തിളക്കത്തിൽ നിന്നും മാറി വിഷാദത്തിന്റെയും വീഴ്ചകളുടെയും ചതുരങ്ങളിൽ നിന്നും പുറത്തുകടക്കാനാകാതെയിരുന്ന ബ്രൻഡൻ ഫ്രേസർ ചിത്രത്തിലെ അസാമാന്യ പ്രകടനത്തിലൂടെ ഉയിർത്തെഴുന്നേൽക്കുന്ന കാഴ്ചയും ലോകം കാണുന്നു. ഒരു കാലത്ത് ആക്ഷനിലൂടെയും ഹാസ്യത്തിലൂടെയും ഏറെ ത്രസിപ്പിച്ചിരുന്നയാളാണ് ​​ ഫ്രേസർ. പക്ഷേ ആ ഫ്രേസറിനെ ഈ സിനിമയിലെങ്ങും ഞാൻ കണ്ടില്ല.

ബ്രൻഡൻ ഫ്രേസർ ഓസ്കർ വേദിയിൽ

എനിക്കിത് ഭൂമിയുടെ ഏതോ കോണിൽ ജീവിച്ച, വേദനിപ്പിക്കുന്നവരെ നോക്കി ചിരിക്കാൻ സാധിക്കുന്ന, പ്രകോപിപ്പിക്കുന്നവരോട് സംയമനത്തോടെ പെരുമാറാനാവുന്ന, ലോകം നിറയെ നന്മയാണെന്ന് വിശ്വസിക്കാൻ ശ്രമിച്ച ചാർളിയുടെ മാത്രം കഥയാണ്. ഏതൊരു തരത്തിലുള്ള പോസിറ്റിവിറ്റിയും അന്യമായ ജീവിതത്തിൽ ഇരുന്ന് കൊണ്ട്, മനുഷ്യരെല്ലാം അത്ഭുതപ്പെടുത്തുന്നവരാണെന്ന തത്വം ഉറക്കെയുറക്കെ പറയുന്ന ചാർളി ഒരു അതിശയപ്പിറവി അല്ലാതെ എന്താണ്!

നോവലിൽ മോബി ഡിക്ക് വിജയിച്ചത് ആഹാബിനെ വന്യമായി കീഴ്പ്പെടുത്തിയാണ്. ചാർളി പക്ഷേ ഏറ്റവും മധുരതരമായ സ്നേഹമെന്ന വികാരത്തെ കൂട്ടുപിടിച്ച് എല്ലിയെ കീഴ്പ്പെടുത്തുന്നു. മനുഷ്യൻ ഒരിക്കലും സ്നേഹത്തിൽ അവിശ്വസിക്കേണ്ടതില്ലെന്ന മികച്ച പാഠം നൽകിക്കൊണ്ടാണ് സിനിമാന്ത്യത്തിലുള്ള ചാർളിയുടെ ആകാശാരോഹണം. ഭൂമിയിൽ ഇല്ലാത്ത അയാൾ, അങ്ങ് സ്വർഗത്തിൽ ദൈവത്തിന്റെ മടിത്തട്ടിൽ എത്തിയെന്ന് കരുതാനാണ് എനിക്കിഷ്ടം.

അതിനാൽ പറയട്ടെ, പ്രിയപ്പെട്ട ചാർളീ, നിങ്ങളുടെ ആത്മാവ് എപ്പോഴും സ്വസ്ഥമായിരിക്കട്ടെ!.

Show More expand_more
News Summary - The Whale movie experience