Begin typing your search above and press return to search.
proflie-avatar
Login

വർഗീയ വാദികൾ ക്രിസ്ത്യൻ സമൂഹത്തിൽ പിടിമുറുക്കുന്നത് എന്തിന്?

വർഗീയ വാദികൾ ക്രിസ്ത്യൻ സമൂഹത്തിൽ പിടിമുറുക്കുന്നത് എന്തിന്?
cancel
camera_alt

ഷെജിൻ- ജോയ്‍സ്ന പ്രണയം ലവ് ജിഹാദാണെന്ന് ആരോപിച്ച് കോടഞ്ചേരിയിൽ നടന്ന പ്രതിഷേധ പ്രകടനം

ക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇന്ത്യ എഹെഡ് എന്ന ദേശീയ വാർത്താ ചാനലിന്റെ ഓൺലൈൻ പോർട്ടൽ എന്നോടാവശ്യപ്പെട്ടത് കേരളത്തിൽ ഇക്കുറി ബി.ജെ.പിക്ക് വോട്ട് ചെയ്യുന്ന മൂന്നു ക്രിസ്ത്യാനികളെ കണ്ടെത്തി അവരുമായി വിശദമായി അഭിമുഖം നടത്താനാണ്. സ്രാവുകൾക്കൊപ്പം നീന്തി തളർന്ന് പൊലീസ് സർവിസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ജേക്കബ് തോമസും സിവിൽ സർവിസും ഇടതുപക്ഷ ബാന്ധവവും ഉപേക്ഷിച്ച് നരേന്ദ്ര മോദിക്ക് സിന്ദാബാദ് വിളിക്കാൻ പോയ അൽഫോൻസ് കണ്ണന്താനവും ചരിത്രാതീത കാലത്തെന്നോ വക്കീൽ പണി നിർത്തി ബി.ജെ.പി ആയ ജോർജ് കുര്യനെയുമെല്ലാം ഇടക്കിടെ ടി.വിയിൽ കാണുകയും അവരുടെ അഭിപ്രായ പ്രകടനങ്ങളെ കോമിക്ക് റിലീഫ് ആയി ആസ്വദിക്കുന്നതുമൊഴിച്ചാൽ സത്യത്തിൽ അതുവരെ സംഘമിത്രങ്ങളായ ക്രിസ്തുഭക്തരെ കണ്ടിട്ടില്ലായിരുന്നു.

അൽപം പണിപ്പെട്ട് തന്നെ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പാലാ ഭാഗങ്ങളിൽനിന്ന് ഒരു വനിതയടക്കം നാലുപേരെ കണ്ടെത്തി. നിങ്ങൾ എന്തുകൊണ്ട് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നു എന്ന ചോദ്യത്തിന് മറുപടിയായി അവർ സവിസ്തരം സംസാരിച്ചത് കേട്ടപ്പോൾ ഞാൻ എെൻറ കൈകളിൽ പലവട്ടം നുള്ളി നോക്കി. ഞാൻ യഥാർഥ ലോകത്ത് തന്നെയാണ്. കത്തോലിക്കാ സഭയുടെ വത്സലമക്കൾ എന്നും കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ പഴയ പ്രവർത്തകരെന്നും പരിചയപ്പെടുത്തിയ അവരിൽ ഞാൻ വിനയ് കത്യാറെയും സാധ്വി പ്രാചിയെയും യോഗി ആദിത്യനാഥിനെയും കാണുകയായിരുന്നു. അവരെല്ലാം ആവർത്തിച്ചു പറഞ്ഞു: മുസ്ലിംകളെ വിശ്വസിക്കാൻ കൊള്ളില്ല. അവരിൽ കുറെ പേർ തീവ്രവാദികളാണെങ്കിൽ മറ്റുള്ളവർ അവർക്കു ഫണ്ട് ചെയ്യുന്നവരാണ്. ഭരിക്കുന്നവരെ പ്രീണിപ്പിച്ചും ഭീഷണിപ്പെടുത്തിയും അവർ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നു. സർക്കാർ ഉദ്യോഗങ്ങൾ നേടുന്നു. ഇടതുപക്ഷവും വലതുപക്ഷവും അവർക്ക് കീഴടങ്ങുന്നു.

ഒടുവിലവർ കാതലായ ആരോപണത്തിലേക്കു കടന്നു: ഞങ്ങളുടെ പെൺകുട്ടികൾക്ക് ഈ നാട്ടിൽ ജീവിക്കണ്ടേ സാറേ. അവരെയെല്ലാം ലവ് ജിഹാദ് നടത്തി മുസ്ലിംകൾ തട്ടിക്കൊണ്ടുപോവുകയല്ലേ. അങ്ങനെ തട്ടിക്കൊണ്ടുപോയി മതം മാറ്റാൻ അവർക്കു പ്രത്യേക പരിശീലനംവരെയുണ്ട്. ഇങ്ങനെ ലവ് ജിഹാദ് പറഞ്ഞു തട്ടിക്കൊണ്ടു പോയി മതം മാറ്റിയ അവർക്കറിയാവുന്ന പെൺകുട്ടികളുടെ വിശദാംശങ്ങൾ ഞാൻ ചോദിച്ചു. അതിൽ അവർ നാലുപേർക്കും ഉത്തരം ഉണ്ടായിരുന്നില്ല. പരിസരത്തെ ചില പൊലീസ് സ്റ്റേഷനുകളിൽ വിളിച്ചു അന്വേഷിച്ചാൽ വിവരങ്ങൾ കിട്ടുമെന്ന് അവർ പറഞ്ഞു. ഞാൻ ഒരു സ്റ്റേഷനിലും വിളിച്ചില്ല.

കഴിഞ്ഞ മാർച്ച് മാസത്തിൽ ആർട്ടിക്കിൾ 14 എന്ന നീതി, ഭരണഘടന, ജനാധിപത്യം എന്നിവക്കായി നിലകൊള്ളുന്ന ഓൺലൈൻ പോർട്ടൽ ലവ് ജിഹാദുമായി ബന്ധപ്പെട്ട വിശദമായ രാജ്യവ്യാപകമായ ഒരന്വേഷണത്തിന് എന്നെയും ഹരിയാനയിലെ അശോക സർവകലാശാലയിൽ അധ്യാപകനായ ആനികേത് ആഘയെയും പ്രശസ്ത പത്രപ്രവർത്തകയായ ചിത്രാംഗദ ചൗധരിയെയും ചുമതലപ്പെടുത്തിയിരുന്നു. കേരളം, ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ പൊലീസുമായും സർക്കാറുകളുമായും കോടതികളുമായും ബന്ധപ്പെട്ടു ഞങ്ങൾ സമഗ്രമായി അന്വേഷിച്ചിരുന്നു. വിവരാവകാശ നിയമ പ്രകാരം അമിത്ഷായുടെ സ്വന്തം ആഭ്യന്തര വകുപ്പിൽനിന്നടക്കം വിവരങ്ങൾ ശേഖരിച്ചു. കേരളത്തിലെ പൊലീസ് ചീഫ് ലോകനാഥ് ബെഹ്റയോട് ദീർഘമായി സംസാരിച്ചു. ക്രെഡിബിലിറ്റി ഉള്ള ക്രൈസ്തവ പുരോഹിതർ, ഹൈന്ദവ നേതാക്കൾ, മുസ്ലിം പുരോഹിതർ, സ്വതന്ത്ര അഭിപ്രായമുള്ള വിദഗ്ധർ എന്നിവരോടെല്ലാം അന്വേഷിച്ചു. ബി.ജെ.പിയും സീറോ മലബാർ കത്തോലിക്കാ സഭയും പറയുന്ന ലവ് ജിഹാദ് രാജ്യത്തെവിടെയും ഇല്ലെന്നു തെളിവുകൾെവച്ച് ഞങ്ങൾ സ്ഥാപിച്ചുകൊണ്ടെഴുതിയ ലേഖനം 'ആർട്ടിക്കിൾ 14' മാർച്ച് മുപ്പതിന് പ്രസിദ്ധീകരിച്ചിരുന്നു. അതിൽ പറഞ്ഞ കാര്യങ്ങൾ നിഷേധിക്കാൻ ആരും നാളിതുവരെ മുന്നോട്ട് വന്നിട്ടില്ല.

വസ്തുതകൾ മാത്രമാണ് സംസാരിച്ചത്. ഒപ്പം കേരളത്തിലെ ലവ് ജിഹാദുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമായി തത്പരകക്ഷികൾ ഉയർത്തിക്കാണിച്ചിരുന്ന ഹാദിയയെ അവരുടെ മാതാപിതാക്കൾ സന്ദർശിച്ചപ്പോൾ എടുത്ത ചിത്രംകൂടി ഞങ്ങൾ ആ റിപ്പോർട്ടിനൊപ്പം ചേർത്തു. വാക്കുകൾ മാത്രമല്ല ചിലപ്പോൾ ചിത്രങ്ങളും സംസാരിക്കും. ജന്മംകൊണ്ട് ഒരു സുറിയാനി ക്രിസ്ത്യാനിയും ജീവിതംകൊണ്ടും മാധ്യമപ്രവർത്തനം കൊണ്ടും അടിയുറച്ച മതനിരപേക്ഷ നിലപാടുകാരനുമാണ് ഈ ലേഖകൻ.

വിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളും ഉണ്ടെങ്കിലും ഏതെങ്കിലും ജാതി, മത, രാഷ്ട്രീയ സംഘടനയോടോ അവയുടെ നേതാക്കളോടോ ഒരു വിധേയത്വവും ഭക്തിയും നാളിതുവരെ കാണിച്ചിട്ടില്ല. തെറ്റായ കാര്യങ്ങളെ എതിർക്കുന്നതുപോലെ തന്നെ മുൻവിധികൾ ഇല്ലാതെ ശരികളുടെ കൂടെ നിന്നിട്ടുമുണ്ട്. ഇരുപത്തിയൊന്ന് കൊല്ലത്തെ ജനപക്ഷ മാധ്യമ പ്രവർത്തനത്തിൽ എന്നും നിഷ്കർഷിച്ചിട്ടുള്ളത് ജനപക്ഷത്ത് നിൽക്കാനും മതേതര-ബഹുസ്വര സങ്കൽപങ്ങൾക്കുവേണ്ടി ആവുംപോലെ പ്രവർത്തിക്കാനുമാണ്. ദേശീയതലത്തിൽ ഇന്ന് ഹിന്ദുത്വ ഫാഷിസം അതിെൻറ ഏറ്റവും ഭീകരമായ ഒരവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

ദലിതരെയും ആദിവാസികളെയും മത്സ്യത്തൊഴിലാളികളെയും ഇതര ദുർബല വിഭാഗങ്ങളെയും എന്നപോലെ ഫാഷിസ്റ്റ് ശക്തികൾ മതന്യൂനപക്ഷങ്ങളെയും ശത്രുക്കളായി കാണുന്നു. ശത്രുവിെൻറ കണ്ണിൽ മുസ്ലിംകളും ക്രിസ്ത്യാനികളും ഒരേപോലെ എതിരാളികളാണ്. എന്നാൽ കേരളത്തിലെ, സെൻറ് തോമസ് പണ്ട് നേരിൽ വന്നു നായരെയും നമ്പൂതിരിയെയും മാർഗംകൂട്ടി ഉണ്ടായവരുടെ സന്തതിപരമ്പരകൾ എന്നവകാശപ്പെടുന്നവർക്ക് ശത്രുക്കൾ മുസ്ലിംകളാണ്. കടുത്ത മുസ്ലിം വിരോധത്തിൽ തങ്ങൾക്കു നേരെ ചീറി വരുന്ന ഹിന്ദുത്വ ഭീകരത അവർ കാണുന്നില്ല.

കർദിനാളുമാർ മാർ ക്ലീമീസും മാർ ആലഞ്ചേരിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ

ദേശീയതലത്തിൽ നോക്കുകയാണെങ്കിൽ കൊറോണയുടെ കടന്നുപോകുന്ന രണ്ടു വർഷങ്ങളിലും മുസ്ലിംകളെപോലെ ക്രിസ്ത്യാനികളും രാജ്യവ്യാപകമായി ആക്രമണം നേരിട്ടിട്ടുണ്ട്. വിഖ്യാത ക്രൈസ്തവ സാമൂഹിക പ്രവർത്തകനും ചിന്തകനുമായ ജോൺ ദയാൽ ഈ ലേഖകനോട് പറഞ്ഞത് കോവിഡ് മറയാക്കി നിരവധി പള്ളികളും കന്യാസ്ത്രീ മഠങ്ങളും ആക്രമിക്കപ്പെട്ടു എന്നാണ്.

ഝാൻസിയിൽ ട്രെയിനിൽ സഞ്ചരിച്ചിരുന്ന കന്യാസ്ത്രീകളെ നിർബന്ധിച്ചു പുറത്തിറക്കി അപമര്യാദയായി പെരുമാറിയത് ഒടുവിലത്തെ ഉദാഹരണം. ലോക്‌ഡൗണും കോവിഡും കാരണം ഇത്തരം ആക്രമണങ്ങൾ മാധ്യമങ്ങളുടെ ശ്രദ്ധയിൽ വരാതെപോകുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ലവ് ജിഹാദ് എന്ന സംഘ്പരിവാർ നുണയിൽ കേരളത്തിലെ കത്തോലിക്കർ വീഴരുതായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇന്ത്യാസ് അലയൻസ് ഡിഫെൻഡിങ് ഫ്രീഡം എന്ന സംഘടനയുടെ കണക്കനുസരിച്ച് 2020ൽ രാജ്യവ്യാപകമായി 225 ക്രിസ്ത്യൻ പള്ളികളാണ് തകർക്കപ്പെട്ടത്. തൊട്ടു മുൻപത്തെ വർഷം അത് 218 പള്ളികൾ ആയിരുന്നു. 2020 സെപ്റ്റംബറിൽ ഛത്തിസ്ഗഢിലെ മൂന്ന് ഗ്രാമങ്ങളിൽ ക്രിസ്ത്യാനികളെ ആക്രമിച്ചത് നാലായിരത്തിലധികം വരുന്ന സംഘ്പരിവാർ പ്രവർത്തകരാണ്. 2014ൽ മോദി സർക്കാർ അധികാരത്തിൽ കയറിയത് മുതൽ തുടർച്ചയായി ഇത്തരം ആക്രമണങ്ങളിൽ വർധന ഉണ്ടായിട്ടുണ്ട്. ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ തയാറെടുത്തു നിന്നവരോട് ഞാൻ ഫാദർ സ്റ്റാൻ സ്വാമിയെക്കുറിച്ചു കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചു. കത്തോലിക്കാ സഭയുടെ പ്രധാന കോൺഗ്രിഗേഷനായ ഈശോസഭയുടെ പ്രധാന പുരോഹിതനായ അദ്ദേഹത്തെ 83ാം വയസ്സിൽ ഭീകരവാദി ബന്ധം ആരോപിച്ചു അറസ്റ്റ് ചെയ്ത് ബി.ജെ.പി ഭരണകൂടം ജയിലിലാക്കിയതും മറവിരോഗമുള്ള അദ്ദേഹത്തിന് അടിസ്ഥാന സൗകര്യങ്ങൾപോലും നിഷേധിക്കുന്നതും അവർ കേട്ടിരുന്നില്ല. കപ്പിൽ എടുക്കുന്ന വെള്ളം കൈവിറക്കുന്ന പാർക്കിൻസൻ രോഗം കാരണം അദ്ദേഹത്തിന് കുടിക്കാനാകാത്ത അവസ്ഥയിൽ ഒരു സിപ്പർ ഫ്ലാസ്ക് നൽകുന്നതുപോലും ഭരണകൂടം നിഷേധിച്ചത് അവർ കേട്ടിട്ടുണ്ടായിരുന്നില്ല. ഒരുതരത്തിൽ അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ, അഭയകേസിൽ കൊലപാതകികളായി കോടതി കണ്ടെത്തിയ പുരോഹിതനെയും കന്യാസ്ത്രീയെയും ഇന്നും സംരക്ഷിക്കുകയും സഭാനേതാക്കളുടെ അനീതികൾക്കെതിരെ ശബ്ദമുയർത്തിയ സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ, ക്രൂരമായി വേട്ടയാടപ്പെട്ട സിസ്റ്റർ ജെസ്മി എന്നിവരെ ഒറ്റപ്പെടുത്തി അപമാനിക്കുകയും ചെയ്യുന്ന കേരളത്തിലെ കത്തോലിക്കാ സഭ എത്ര തവണ സ്റ്റാൻ സ്വാമിയെ മോചിപ്പിക്കാൻ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ഭൂമി വിൽപന കേസുകളിലും കോഴക്കേസുകളിലും സ്വാശ്രയ കോളജ്-എയ്‌ഡഡ്‌ സ്കൂൾ കച്ചവടത്തിലും അഭിരമിക്കുന്ന കേരള പുരോഹിതരിൽ എത്രപേർ സ്റ്റാൻ സ്വാമിയെപ്പോലെ ദലിതർക്കും ആദിവാസികൾക്കും വേണ്ടി ജീവിക്കുകയും ദരിദ്രർക്ക് ന്യായം നടത്തിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. രൂപതകളിൽനിന്നും രൂപ കോഴയായും സംഭാവനയായും ആവശ്യപ്പെടുന്ന രീതിശാസ്ത്രമാണ് നടക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ മെത്രാൻ സംഘത്തെ നയിച്ച കർദിനാളുമാർ മാർ ക്ലീമീസിനും മാർ ആലഞ്ചേരിക്കും പറയാനുണ്ടായിരുന്നത് സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണം എന്നായിരുന്നില്ല, കേരളത്തിലെ മുസ്ലിംകൾ അനർഹമായി സ്കോളർഷിപ്പുകൾ കൈപ്പറ്റുന്നു എന്നും അത് ഇല്ലാതാക്കാൻ ഇടപെടണം എന്നുമായിരുന്നു. കോവിഡ് ബാധിച്ച് ജീവിതത്തിനും മരണത്തിനും ഇടയിൽ നരകിക്കുന്ന സ്റ്റാൻ സ്വാമി കേരളത്തിലെ കത്തോലിക്കാ സവർണരുടെ വേദന അല്ലാതാകുകയും മുസ്ലിംകൾ പ്രധാന ശത്രുക്കൾ ആവുകയും ചെയ്യുന്നതിലെ അടിസ്ഥാന പ്രശ്നം വംശീയതയും വർഗീയതയുമാണ്: സവർണരിൽനിന്നും പണ്ട് മാർഗം കൂടിയപ്പോൾ ഉണ്ടായിരുന്ന ജാതി പൂണൂൽ അവരുടെ ആന്തരിക അവയവങ്ങളുടെ ഭാഗമാണിന്ന്.

കേരളത്തിലെ സവർണ ക്രൈസ്തവ വർഗീയത അതിെൻറ ഏറ്റവും അശ്ലീലതയാർന്ന രൂപം പ്രാപിച്ചത് ക്ലബ് ഹൗസ് എന്ന സോഷ്യൽ മീഡിയ ആപ്പ് ഉണ്ടായതോടെയാണ്. പതിനായിരത്തോളം പേർക്ക് പങ്കെടുക്കാവുന്ന ഓഡിയോ ചർച്ചകളിൽ ക്രിസ്ത്യൻ വർഗീയവാദി വിഭാഗങ്ങൾ ആധിപത്യം സ്ഥാപിക്കുകയും ലവ് ജിഹാദ്, സർക്കാർ സ്‌കോളർഷിപ്പുകൾ എന്നിവ സംബന്ധിച്ച അങ്ങേയറ്റം പ്രതിലോമപരവും വിഷലിപ്തവും വസ്തുതാ വിരുദ്ധവുമായ പ്രചാരണങ്ങൾ ക്ലബ് ഹൗസ് വഴി ഇപ്പോൾ നടത്തപ്പെടുന്നു. ഔദ്യോഗിക രേഖകൾ പ്രകാരം കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്നും കേരളാ കൗമുദി പത്രത്തിലെ കൊച്ചി ലേഖകൻ നിക്ഷിപ്ത താൽപര്യക്കാരായ ചില പൊലീസ്-ഇൻറലിജൻസ് ഉദ്യോഗസ്ഥരുടെ താൽപര്യപ്രകാരം ഉണ്ടാക്കിയ ഒരു കെട്ടുകഥയാണ് അതെന്നും വ്യക്തമായിട്ടും നാലായിരം കത്തോലിക്കാ യുവതികളെ ലവ് ജിഹാദ് പ്രകാരം മതം മാറ്റി ഇസ്ലാമിക തീവ്രവാദികൾ വിവാഹം കഴിച്ചെന്നാണ് ക്ലബ് ഹൗസുകളിൽ സ്ഥാപിക്കപ്പെടുന്നത്.

പൊതുവിൽ മതമൈത്രിക്കും ബഹുസ്വരതക്കും സമാധാനപരമായ സഹവർത്തിത്വത്തിനും പേരുകേട്ട കേരളത്തിൽ മുൻപ് ക്രിസ്ത്യൻ വർഗീയത വെളിപ്പെട്ടിരുന്നത് കായൽ രാജാക്കന്മാരുടെയും മലയോര ഇടനാട് ജന്മികളുടെയും റബർ മുതലാളിമാരുടെയും മാടമ്പികളുടെയും പാർട്ടിയായ കേരള കോൺഗ്രസിലും അതിെൻറ അവാന്തര വിഭാഗങ്ങളിലൂടെയുമായിരുന്നു. എന്നാൽ സംസ്ഥാനത്തെ അധികാര സമവാക്യങ്ങളിൽ പലപ്പോഴും ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിനും കേരള കോൺഗ്രസിനും പൊതുവായ സ്വാർഥ ലക്ഷ്യങ്ങൾ ഉണ്ടാകുകയും അവർ ഇടതു-വലത് മുന്നണികളുമായി കൂട്ടായി വിലപേശുകയും ചെയ്തിരുന്നതിനാൽ ക്രിസ്ത്യൻ വർഗീയത അത്ര ശ്രദ്ധിക്കപ്പെടാതെപോയി. എന്നാൽ കേരള കോൺഗ്രസ് ജോസ് മാണി വിഭാഗം യു.ഡി.എഫ് വിടുകയും ഇടതുമുന്നണിയിൽ ചേരുകയും മുസ്ലിം രാഷ്ട്രീയവുമായി അവർക്കു കൊടുക്കൽ വാങ്ങലുകൾ വേണ്ടാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്തതോടെ ക്രിസ്ത്യൻ വർഗീയത മറ്റൊരു തലത്തിലേക്കുകൂടി കടന്നിരിക്കുന്നു. ലവ് ജിഹാദ് ഉണ്ടെന്നും അതിൽ ചർച്ച വേണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടത് തന്നെ ഉദാഹരണം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംപൂജ്യരായി മാറുകയും നിരവധിയായ അഴിമതി കേസുകളിൽ പ്രതിച്ഛായ നഷ്ടമാകുകയും ചെയ്ത ബി.ജെ.പി സംസ്ഥാന ഘടകത്തിന് ഹിന്ദു ഏകീകരണം എന്ന ഒറ്റ മുദ്രാവാക്യംകൊണ്ട് മാത്രം ഇനി ഒരു തിരിച്ചുവരവ് ഉണ്ടാക്കാനാകില്ല. കടുത്ത മുസ്ലിം വിരുദ്ധതയുടെ വിശാലതയിലേക്ക് സവർണ ക്രിസ്ത്യാനികളെ ആകർഷിച്ചടുപ്പിക്കുകയും രാജ്യത്തിെൻറ ഇതര ഭാഗങ്ങളിൽ നിലനിൽക്കുന്ന ക്രൈസ്തവ വിരുദ്ധത ഇവിടെ പുറത്തെടുക്കാതിരിക്കുകയും ചെയ്യുക എന്നതാണ് അവരുടെ മുന്നിലുള്ള ഒരു പോംവഴി. ക്രൈസ്തവരെ കൂടെ നിർത്താൻ മോദി തന്നെ കേരളത്തിലെ അനുയായികളെ ആഹ്വാനം ചെയ്തുകഴിഞ്ഞു. അധികാരം, സ്ഥാനമാനങ്ങൾ, പണം, സ്ഥാപനങ്ങൾ തുടങ്ങിയവയിൽ അഭിരമിക്കുന്ന ഒരുവിഭാഗം പുരോഹിതരും ആയാറാം ഗയാറാമുകളായ കുറെ ക്രൈസ്തവ നേതാക്കളും തങ്ങൾക്കൊപ്പം വരുമെന്നും അതിന് ലവ് ജിഹാദ് പ്രചാരണം സഹായിക്കുമെന്നുമാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

ഇതിനെല്ലാം ഇടയിലാണ് കേരളത്തിലെ ഇടതുപക്ഷ ചിന്താപദ്ധതികളിൽ മതവർഗീയതയുടെ ക്രിസ്ത്യൻ രൂപാന്തരം ഒളിച്ചുകടത്തുന്നതിനുള്ള ശ്രമങ്ങൾ ഫേസ്‌ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമാകുന്നത്. സി.പി.എമ്മിലെ വിഭാഗീയതയിൽ വി.എസ്. അച്യുതാനന്ദനെ എതിർത്തും പിണറായി വിജയന് അനുകൂലമായി സാമൂഹിക മാധ്യമ ഇടപെടലുകൾ നടത്തിയും പ്രശസ്തനായ വലതുപക്ഷ നിരീക്ഷകനെന്നു സ്വയം വിളിക്കുന്ന കിരൺ തോമസിനെപോലുള്ളവർ ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് മുസ്ലിം സമുദായത്തിനെതിരായ ഹിംസാത്മകവും വർഗീയവിഷം തുപ്പുന്നതുമായ പോസ്റ്റുകളിലൂടെയും സോഷ്യൽ മീഡിയ ചർച്ചകളിലൂടെയുമാണ്.

ഞങ്ങൾ ക്രിസ്ത്യാനികളുടെ നെഞ്ചത്ത് കയറാൻ നിങ്ങൾ മുസ്ലിംകൾ വരണ്ട തുടങ്ങി നിരവധി അപകടം പിടിച്ച കുറിപ്പുകൾ അദ്ദേഹവും അനുയായികളും ഫേസ്‌ബുക്കിൽ ആവർത്തിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുൻ ഇടതുപക്ഷ മന്ത്രിമാർ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻറ്, പ്രമുഖനായ ഒരു പത്രാധിപർ തുടങ്ങിയവർ എല്ലാം പിന്തുണക്കുന്ന ഒരു വ്യക്തിയാണ് ഇത്തരം അപകടകരമായ പ്രസ്താവനകൾ നടത്തുന്നത്. ക്രിസ്ത്യൻ മതവർഗീയതയും മുസ്ലിം മതവിദ്വേഷവും പരസ്യമായി പ്രകടിപ്പിച്ചിട്ടും അദ്ദേഹത്തെ തള്ളിപ്പറയാൻ മതേതര, പുരോഗമന രാഷ്ട്രീയവും സാമൂഹികബോധവുമുള്ള പല ഇടതുപക്ഷ സാമൂഹിക മീഡിയ താരങ്ങളും തയാറാകുന്നുമില്ല.

കിരൺ തോമസിെൻറ ഒരു സോഷ്യൽ മീഡിയ കമൻറ് ഇങ്ങനെയാണ്: ''പഠിക്കാനായി കോളജിലേക്ക് അയക്കുന്ന നിങ്ങളുടെ കുട്ടികളെ മതപരിവർത്തനം ചെയ്യാനും വീട്ടിൽനിന്നും കടത്തിക്കൊണ്ടുപോയി ട്രാഫിക് ചെയ്യാനും അവരുടെ വിവാഹം ഓൺലൈൻ പോർട്ടൽ വഴി നടത്തിക്കൊടുക്കാനും, അതിനു നേരെ നിങ്ങൾ ഉന്നയിക്കുന്ന ചെറിയ പരാതിപോലും വ്യാജ സത്യവാങ്ങുകൾ കൊടുപ്പിച്ച് നിയമപരമായി നേരിടാനുമൊക്കെ തീവ്രവാദസ്വഭാവമുള്ള സംഘടനകൾ സജ്ജമായി ഇരിപ്പുണ്ട്. 18 വയസ്സു കഴിഞ്ഞ നിങ്ങളുടെ മക്കൾ ഈ ട്രാപ്പിൽ വീണാൽ അവർ തീവ്ര മതവാദികൾ ആകുകയും തീവ്രവാദി സ്വഭാവമുള്ള ആളെക്കൊണ്ട് തീവ്രസ്വഭാവമുള്ള സംഘടനയുടെ നേതാക്കൾ വിവാഹം കഴിപ്പിച്ചുകൊടുക്കുന്നത് കാണേണ്ടി വരുകയും ചെയ്യും...''

എത്ര നിരുത്തരവാദപരമായും വർഗീയവുമായാണ് അദ്ദേഹം ഇങ്ങനെ ഒരു പ്രസ്താവന നടത്തുന്നത്.

''...ചെറുപ്പത്തിലേ നിങ്ങളുടെ മതം മാത്രമാണ് നല്ലതെന്നും ബാക്കി ഒക്കെ മോശമാണെന്നും പഠിപ്പിക്കുന്നതിൽ നിന്ന് ഭരണഘടന നിങ്ങളെ തടയുന്നില്ല. മറ്റു മതങ്ങളിലെ മാത്രം മണ്ടത്തരങ്ങളും ലോജിക് ഇല്ലായ്മയും മക്കളെ പഠി(പ്പി)ക്കുന്നതിൽനിന്നും ഭരണഘടന നിങ്ങളെ തടയുന്നില്ല...'' എന്നൊക്കെ ഒരു മതവർഗീയവാദിയുടേതിനു സമാനമായ ആക്രോശങ്ങൾ അദ്ദേഹത്തിൽനിന്നും ഉണ്ടാകുന്നുണ്ട്. സംഘ്പരിവാറുമായി കൈകോർക്കുമ്പോൾ ക്രിസ്ത്യൻ വർഗീയതയുടെ ഭാഷ ഏതാണ്ട് ഒന്നുതന്നെയാവുകയാണ്.

ഒരാൾക്ക് മുസ്ലിമായി ജീവിക്കാനും വിവേചനവും ഭീതിയുമില്ലാതെ സ്വന്തം വിശ്വാസം പിന്തുടരാനുമുള്ള പിന്തുണയും ഇടപെടലുകളുമാണ് ഇടതുപക്ഷവും കോൺഗ്രസും ഇതര മതേതര പ്രസ്ഥാനങ്ങളും ഈ രാജ്യത്ത് ചെയ്തുകൊണ്ടിരിക്കുന്നത്. ക്രിസ്ത്യാനിയായാലും നായരായാലും നമ്പൂതിരി ആയാലും ഇഷ്ടമുള്ളതിൽ വിശ്വസിക്കാനും അതിനെ പിന്തുടരാനും ഉള്ള അവകാശത്തിൽനിന്നും ആരും നിങ്ങളെ തടയുന്നില്ല.

സംഘ്പരിവാറിെൻറ വെറുപ്പിെൻറ പണിശാലകളിൽനിന്നും പുറത്തുവരുന്ന മാരകവിഷം പല ക്രിസ്ത്യൻ നാമധാരികളിൽനിന്നും ഇപ്പോൾ പുറത്തുവരുന്നുണ്ട്. അത് കുട്ടികൾ മദ്റസയിൽ പോകുന്നതിനെതിരായ പ്രചാരണത്തിൽപോലും എത്തിനിൽക്കുന്നു. കേരളത്തിലെ മദ്റസകൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുന്നില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ട് വാർത്താസമ്മേളനത്തിൽ പറയിക്കുന്നതിൽവരെ എത്തി നിൽക്കുന്നു കാര്യങ്ങൾ.

ആർ.എസ്.എസ് എടുക്കുന്ന അളവുകോലുകൾ െവച്ചുകൊണ്ട് കേരളത്തിലെ മുസ്ലിംകളുടെ പിന്നാക്കാവസ്ഥയുടെ കാരണം അവർ തന്നെയാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷത്തു നിൽക്കുന്ന സ്വയം പ്രഖ്യാപിത വലതുപക്ഷ ക്രിസ്ത്യാനികൾ വലിയൊരു വെല്ലുവിളി തന്നെയാണ്. കേരളത്തിലെ ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കാലാകാലങ്ങളിലെ സർക്കാറുകൾ നൽകിയ സ്ഥലവും സൗജന്യങ്ങളുംെവച്ചുണ്ടാക്കിയതാണ്. ഞങ്ങളുടെ നാടായ സുൽത്താൻ ബത്തേരിയിൽ ഓർത്തഡോക്സ് സഭയുടെ സെൻറ് മേരീസ് കോളജ് വന്നത് ഭൂമി വിട്ടുകൊടുക്കാൻ വിസമ്മതിച്ച ആദിവാസികൾക്ക് നേരെ വെടിെവപ്പ് നടത്തിയാണ്. സ്വന്തം ഭൂമിയിൽനിന്ന് പുറത്താക്കപ്പെട്ട ആദിവാസികളുടെ നിരക്ഷരതയുടെ മുകളിൽ കയറി ഇരുന്നാണ് ക്രൈസ്തവ നേതൃത്വം അവിടെ പ്രവേശനത്തിന് സവർണരിൽനിന്നും സാമ്പത്തികമുള്ളവരിൽനിന്നും കോഴ വാങ്ങിയിട്ടുള്ളത്. ഇത് ബത്തേരിയിലെ മാത്രം കഥയല്ല. പൊതുസമൂഹത്തിെൻറ വിഭവങ്ങൾ വലിയ തോതിൽ ഉപയോഗിച്ചുതന്നെയാണ് കേരളത്തിൽ ക്രിസ്ത്യൻ സഭകളുടെ വിദ്യാഭ്യാസ കച്ചവടം പൊടിപൊടിച്ചത്. നായർ സർവിസ് സൊസൈറ്റിയും എസ്.എൻ ട്രസ്റ്റും അവരെ അനുകരിച്ചു എന്ന് മാത്രം. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ കച്ചവടവത്കരണത്തിൽ മതത്തെ കാര്യമായി ഉപയോഗിച്ചവരാണ് ഇന്ന് സ്കോളർഷിപ്പുകളുടെ കാര്യം പറഞ്ഞ് ആടിനെ പട്ടിയാക്കാൻ ശ്രമിക്കുന്നത്.

നവമാധ്യമ രംഗത്ത് തരംഗമായി മാറിയ ക്ലബ് ഹൗസ് ആപ്പിൽ സംഘടനയുടെ പേരില്‍ നടക്കുന്ന വർഗീയ ചര്‍ച്ചകളുമായി ബന്ധമില്ലെന്ന് ക്രിസ്ത്യന്‍ യുവജന സംഘടനയായ കെ.സി.വൈ.എം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് ഉണ്ടാക്കുന്ന ആശ്വാസം ചില്ലറയല്ല. തങ്ങളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് വര്‍ഗീയ ആശയങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുകയാണെന്നും കത്തോലിക്കാ സഭയുമായി ബന്ധമില്ലാത്ത ചില സംഘടനകള്‍ ക്രിസ്ത്യന്‍ കോഒാഡിനേഷന്‍ കൗണ്‍സില്‍ എന്ന കമ്മിറ്റി രൂപവത്കരിച്ചാണ് വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും കെ.സി.വൈ.എം പറയുന്നു. ആ പ്രസ്താവന മുറിവുകൾ കുറെയധികം ഉണക്കിയേക്കും.

കേരളത്തിലെ മുസ്ലിം-ക്രിസ്ത്യൻ സൗഹാർദത്തിൽ വലിയ വിള്ളലുകൾ വീഴ്ത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് ജനപക്ഷം നേതാവും പൂഞ്ഞാറിലെ മുൻ എം.എൽ.എയുമായ പി.സി. ജോർജാണ്. മുൻപ് പല മുസ്ലിം വിഭാഗങ്ങളുടെയും വലംകൈയായിരുന്ന അയാൾ ബി.ജെ.പിയുമായി അടുക്കാനുള്ള ശ്രമത്തിൽ ഇപ്പോൾ പറയുന്നത് കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കി മാറ്റുന്നതിനായി രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവർത്തനം ചെയ്യിപ്പിച്ചിട്ടുണ്ടെന്നാണ്. ജോർജിന്റെ ഈ പരാമർശം വംശീയമാണെന്നും ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ സ്പർധ വളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടി ഈരാറ്റുപേട്ട കാരക്കാട് സ്വദേശിയായ എം.എം. മുജീബ് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കേരളം മുസ്ലിം സ്റ്റേറ്റാക്കുന്നതിെൻറ ഭാഗമായി രണ്ടുലക്ഷത്തോളം ക്രിസ്ത്യന്‍ സ്ത്രീകളെ മുസ്ലിമാക്കിയെന്നും ആ രണ്ട് ലക്ഷം സ്ത്രീകളെയും പ്രസവിപ്പിച്ചുവെന്നുമാണ് പി.സി. ജോര്‍ജ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞത്. 2030ല്‍ കേരളം ഒരു മുസ്ലിം സ്റ്റേറ്റാക്കുമെന്നും 2040ല്‍ ഇന്ത്യ മുസ്ലിം രാജ്യമാക്കുമെന്നും പ്രഖ്യാപനംതന്നെയുണ്ടെന്നും ഇതേ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഒല്ലൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്രിസ്ത്യന്‍ പുരോഹിതനോട് മുസ്ലിം വിരുദ്ധത പറഞ്ഞ് എന്‍.ഡി.എ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്‍ വോട്ട് തേടിയതും വിവാദമായിരുന്നു. ഒല്ലൂര്‍ സെൻറ് ആൻറണീസ് ഫോറോണ ചര്‍ച്ചിലെ റവ. ഫാദര്‍ ജോസ് കോനിക്കരയോടാണ് ഗോപാലകൃഷ്ണന്‍ മുസ്ലിം വിരുദ്ധത പറഞ്ഞ് വോട്ട് തേടിയത്. ക്രൈസ്തവരും മുസ്ലിംകളുമാണ് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍, എന്നിട്ടും കേരളത്തില്‍ ഇവരുടെ ജനസംഖ്യക്ക് ആനുപാതികമായി തുല്യമായല്ല അവകാശങ്ങള്‍ വീതിച്ച് നല്‍കുന്നതെന്നുമാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ഈ വിഡിയോ ഗോപാലകൃഷ്ണന്‍ തെൻറ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

ന്യൂനപക്ഷങ്ങൾക്കുള്ള എൺപത് ശതമാനം ആനുകൂല്യങ്ങളും മുസ്ലിം സമുദായം കൈപ്പിടിയിലൊതുക്കുന്നു എന്നതിനാല്‍ ക്രിസ്ത്യന്‍ സമുദായത്തിന് ന്യൂനപക്ഷ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയാണെന്ന് സംഘ് പരിവാറും ചില ക്രിസ്ത്യൻ നേതാക്കളും വ്യാപകമായി പ്രചരിപ്പിക്കുന്നു.

മനസ്സിലാക്കാൻ കഴിയുന്നത് അനുസരിച്ച് കേരള കോൺഗ്രസ് ജോസ് മാണി വിഭാഗം ഔട്ട്സോഴ്‌സ് ചെയ്തിരിക്കുന്ന ചില ക്രിസ്ത്യൻ സോഷ്യൽ മീഡിയ ടീമുകളാണ് വർഗീയതയും വംശീയതയും പ്രചരിപ്പിക്കുന്നത്. ക്രിസ്ത്യാനികൾ വലിയ അസമത്വം നേരിടുന്നു, മുസ്ലിംകൾ ക്രിസ്ത്യൻ വിരുദ്ധരാണ്, അവർ ലവ് ജിഹാദ് നടത്തുന്നു, ആയിരക്കണക്കിന് ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകുന്നു, ഹലാൽ ബിസിനസ് കൊണ്ട് ക്രിസ്ത്യൻ ബിസിനസ് തകർക്കുന്നു. മുസ്ലിം ലീഗ് ക്രിസ്ത്യൻ വിരുദ്ധരാണ് എന്നെല്ലാമാണ് ഇവരുടെ പ്രചാരണങ്ങൾ. ഫലത്തിൽ സമൂഹത്തിലെ ക്രിസ്ത്യൻ വർഗീയതയും ധ്രുവീകരണവും സഹായിക്കുക ആർ.എസ്.എസിനെയാണ്, അവർ ചലിപ്പിക്കുന്ന ഹിന്ദുത്വത്തിനെയാണ്.

കേരളത്തിൽ ഇരുപതാം നൂറ്റാണ്ടിെൻറ ആദ്യ അഞ്ചു ദശകങ്ങളിൽ ഒരു സവർണ മേൽക്കോയ്മ സാമൂഹികമായി തന്നെ രൂപപ്പെട്ടിട്ടുണ്ട്. നമ്പൂതിരി-നായർ-നസ്രാണി മേൽക്കൈ എന്ന ആ മനോഭാവമാണ് സാമൂഹിക സൗഹാർദം തകർക്കുന്ന വിധത്തിൽ ഇപ്പോൾ വെറുപ്പായും വിദ്വേഷമായും വളരുന്നത്. കോൺഗ്രസും ഐക്യമുന്നണിയും ക്ഷീണിക്കുന്ന അവസ്ഥയിൽ മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തിയും ദുർബലമാക്കിയും കേരള കോൺഗ്രസുകളെ വളർത്തി തങ്ങളോട് അടുപ്പിക്കുക എന്ന അജണ്ടയുടെ ഭാഗമായാണ് സംഘ്പരിവാർ ക്രിസ്ത്യൻ വർഗീയതയെ പരിപോഷിപ്പിക്കുന്നത്. ക്രിസ്ത്യൻ സഭകളുടെയും ബിഷപ്പുമാരുടെയും പ്രചാരണങ്ങളുടെ ഫലമായി ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തിൽവരെയെത്തിയ സാമൂഹികാവസ്ഥ ആർക്കും ഗുണകരമല്ല. വകുപ്പ് നാളിതുവരെ കൈകാര്യം ചെയ്തത് മുസ്ലിം മന്ത്രിമാരായിരുന്നതിനാൽ അനർഹമായി മുസ്ലിംകൾ ഒരുപാട് കൊണ്ടുപോകുന്നു എന്നായിരുന്നു ആരോപണം.

മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മിറ്റിയും പാലോളി കമ്മിറ്റിയും നിർദേശിച്ച സ്കോളർഷിപ്പുകളിൽ ഇരുപത് ശതമാനം ക്രൈസ്തവർക്ക് നൽകിയപ്പോൾ കേരളത്തിലെ മുസ്ലിംകൾ ഒരു എതിർപ്പും കാണിച്ചവരല്ല. എന്നാൽ ന്യൂനപക്ഷങ്ങൾക്കുള്ള സ്കോളർഷിപ്പുകളിൽ എൺപതു ശതമാനം മുസ്ലിംകൾ തട്ടിയെടുക്കുന്നു എന്ന മട്ടിൽ വ്യാജ പ്രചാരണം ക്രിസ്ത്യൻ വർഗീയ വാദികൾ ഹിന്ദുത്വ ശക്തികളുടെ സഹായത്തോടെ അഴിച്ചുവിട്ടപ്പോൾ കേരള സാമൂഹിക അന്തരീക്ഷത്തിൽ അതുണ്ടാക്കിയ വിശ്വാസ തകർച്ച വളരെ വലുതാണ്.

ഒരു മതാതീത ബഹുസ്വര ജനാധിപത്യമെന്ന നിലയിൽ ജനങ്ങൾ ഒരുമിച്ചു നേടിയതാണ് കേരളത്തിെൻറ നേട്ടങ്ങൾ എല്ലാം. ബാബരി മസ്ജിദ് തകർത്തപ്പോഴും ഗുജറാത്ത് കലാപമുണ്ടായപ്പോഴും അദ്വാനിയുടെ രഥയാത്രയുടെ കാലത്തുമെല്ലാം മുസ്ലിംകൾക്ക് ഒപ്പം നിന്നവരാണ് കേരളത്തിലെ മതേതര ഹിന്ദുക്കളും മതേതര ക്രിസ്ത്യാനികളും. അമ്പലങ്ങളിലെ പൂജക്കുള്ള താമര കൃഷി ചെയ്യുന്നവരാണ് കേരളത്തിലെ മുസ്ലിംകൾ. ഗുരുവായൂർ അമ്പലത്തിനു തീപിടിച്ചപ്പോഴും ഓടിയെത്തിയവർ അവരാണ്. ക്രൈസ്തവരുമായി എന്നും ഇണങ്ങിപോയ പാരമ്പര്യമാണ് അവർക്ക്. കൈയേറ്റ-പാറമട-പരിസ്ഥിതി വിരുദ്ധ മൂലധന താൽപര്യങ്ങൾ ഉള്ളവർ ക്രിസ്ത്യൻ വർഗീയത നിരുത്തരവാദിത്തപരമായി വിളമ്പുമ്പോൾ അരുത് എന്ന് പറയാൻ കേരളത്തിലെ ബഹുസ്വര മതേതര പുരോഗമന സമൂഹത്തിനു ബാധ്യതയുണ്ട്. ഒരു ജീവിതകാലം മുഴുവൻ മതാതീത മാനവികതക്കു വേണ്ടി എഴുതുകയും പറയുകയും ചെയ്ത എൻ.പി. മുഹമ്മദിനെ ഉദ്ധരിക്കാം: മാരിവില്ലിന് തീകൊടുക്കരുത്.

(ലക്കം 1217 പ്രസിദ്ധീകരിച്ചത്)

Show More expand_more