Begin typing your search above and press return to search.
proflie-avatar
Login

സത്യജിത്ത് റായ് തീർത്ത ഭാവനാഭൂമികകൾ

സത്യജിത്ത് റായ് തീർത്ത ഭാവനാഭൂമികകൾ
cancel
camera_alt

സത്യജിത്ത് റായ്

അനശ്വര ചലച്ചിത്രകാരൻ സത്യജിത്ത് റായിയൂടെ എഴുത്തുകളിലൂടെ ഒരു സഞ്ചാരം. മനുഷ്യന്റെ നൈതിക സ്വഭാവത്തിലേക്കുള്ള നിർമിത കടന്നുകയറ്റങ്ങളെ ചോദ്യം ചെയ്യുന്നതാണ് റായുടെ ഓരോ സർഗാത്മക സൃഷ്ടികളുമെന്ന് ലേഖകൻ വാദിക്കുന്നു

സത്യജിത്ത് റായ് എന്ന ചലച്ചിത്രകാരന്റെ പ്രതിഭയും പെരുമയും ലോകമൊട്ടാകെ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ, അദ്ദേഹത്തിലെ എഴുത്തുകാരനെ സമകാലം വേണ്ടവിധം വായിച്ചിട്ടുണ്ടോ എന്നുള്ളത് സംശയമാണ്. ബംഗാളി സാഹിത്യത്തിലെ അതികായരായ താരാശങ്കർ ബാനർജിയും വിഭൂതിഭൂഷണും ആശാ പൂർണ്ണദേവിയും അരങ്ങുവാണിരുന്ന കാലഘട്ടത്തിൽ തന്നെയാണ് റായും എഴുതിയിരുന്നത്. അവർ വികസിപ്പിച്ച വിശാല ഭൂമികയിൽ അവർക്കൊപ്പം ഇടം ലഭിച്ചില്ലെങ്കിലും വേറിട്ട പ്രമേയങ്ങളിലൂടെ അ​​​​ദ്ദേഹം തന്റേതായ മറ്റൊരു ലോകം സൃഷ്ടിച്ചു. അദ്ദേഹത്തിൻറെ എഴുത്തിന്റെ ചരിത്രത്തെ "സന്ദേശ്" എന്ന മാസികയിൽ നിന്നാണ് ആരംഭിക്കേണ്ടത്. 1913 ൽ അദ്ദേഹത്തിൻറെ മുത്തച്ഛൻ ഉപേന്ദ്ര കിഷോർ റായ് തുടങ്ങിയ ഈ സംരംഭം ഒരു ഘട്ടത്തിൽ റായാണ് പുനരുജ്ജീവിപ്പിക്കുന്നത്. കുട്ടികൾക്കിടയിലെന്നപോലെതന്നെ മുതിർന്നവർക്കിടയിലും "സന്ദേശ്" പ്രചുര പ്രചാരണം നേടിയിരുന്നു. ബംഗാളി വായനക്കാർക്ക് ഗൃഹാതുരത്വം ഉണർത്തുന്ന ഒന്നായി പിന്നീടത് മാറി. റായ് സൃഷ്ടികളിൽപ്പെട്ട ഡിറ്റക്റ്റീവ് പെലൂദയും ശാസ്ത്രജ്ഞനായ പ്രൊഫസർ ശങ്കുവും 1960കളിൽ "സന്ദേശ്"ലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ചലച്ചിത്ര ഇടവേളകളിൽ മാനസിക തൃപ്തിക്ക് വേണ്ടിയാണ് അദ്ദേഹം കഥകളുടെ ഭാവനഭൂമികയിലേക്ക് കാലെടുത്തുവെക്കുന്നത്.

റായ് കഥകളിലെ മുഖ്യ പ്രമേയങ്ങൾ ശാസ്ത്രവും കുറ്റന്വേഷണവും മാത്രമായിരുന്നില്ല. ദൈനംദിന ജീവിതത്തിലെ സാധാരണ കഥകൾക്കും അവിടെ ഇടമുണ്ടായിരുന്നു. ഏകാന്തത അനുഭവിക്കുന്ന മനുഷ്യരുടെ ലോകം അത്യന്തം ശ്രദ്ധയോടെ അദ്ദേഹം ഉൾക്കൊണ്ടിരുന്നു. എന്നാൽ, ഏകാന്തതയെന്നുള്ളത് അവരുടെ കേവല ഭാവപ്രകടനം മാത്രമായിരുന്നു. ആന്തരികമായി പലതരത്തിലുള്ള ജ്ഞാനനിർമ്മിതിയിലും വ്യവഹാരങ്ങളിലും ആനന്ദങ്ങളിലും വിഷാദങ്ങളിലും വ്യാപൃതരാണവർ. അതിൽ അധ്യാപകരും കള്ളന്മാരും അഭിനേതാക്കളും അപകർഷതാബോധമുള്ളവരും അന്തർമുഖരുമൊക്കെയുണ്ട്. സൈദ്ധാന്തിക ഭാരങ്ങളുടെ അതിപ്രസരമില്ലാതെ, മാനുഷിക ഇടപെടലുകളും പ്രകൃതിയും ശാസ്ത്രവും ചേർന്നു നിർമ്മിച്ച കാലഘടനകളുമൊക്കെയുൾപ്പെടുത്തി അദ്ദേഹം കഥകളെഴുതി. കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ സങ്കേതങ്ങളടങ്ങിയ കഥകൾ വരെ രൂപപ്പെടുത്തിയ റായ്, ഘടനാപരമായ ആന്തരികത എഴുത്തിൽ കൊണ്ടുവരുന്നില്ല എന്നത് ശ്രദ്ധേയമാണ്. സാങ്കേതിക ഉപാധികളെ കഥയുടെ ഭാഗമാക്കുമ്പോഴും, ആഖ്യാനം സാങ്കേതികമാകാതിരിക്കാൻ അദ്ദേഹം നിശ്ചയിച്ചിരുന്നു. ശാസ്ത്രത്തോട് ആഭിമുഖ്യം പുലർത്തുന്ന റായുടെ ചില കഥകൾ സയൻസ് ഫിക്ഷൻ ഗണത്തിൽ ഉൾപ്പെടുത്താമെങ്കിലും, പ്രസ്തുത കഥകൾക്ക് ആസ്പദമായ പരിസരവും പശ്ചാത്തലവും ഇടത്തരക്കാരുടെ ജീവിതവട്ടങ്ങളിൽ തന്നെയാണ്. സാഹിത്യവും ശാസ്ത്രവും തമ്മിലുള്ള സംവാദത്തെ ജൈവികമായ തലത്തിലേക്ക് ഉയർത്താൻ വേണ്ടിയാവണം ഈ ശിൽപഘടന അവലംബിച്ചതെന്ന് കരുതുന്നതിൽ തെറ്റില്ല. ശാസ്ത്രം അന്തർധാരയായി വരുന്ന കഥകളിൽ, മാനവിക അംശം നിലനിർത്തുന്നതിൽ അദ്ദേഹം ശ്രദ്ധ പുലർത്തിയിരുന്നു. ഭാവി സംബന്ധിയായ ആശയങ്ങളിലും പ്രായോഗിക സമീപനം പുലർത്തിയ എഴുത്തുകാരനായിരുന്നു അ​​ദ്ദേഹം. ശാസ്ത്രസമസ്യകൾ ആഖ്യാന രീതിയിലെ വെല്ലുവിളികളാക്കിക്കൊണ്ട് നിർദാരണം ചെയ്യുകയായിരുന്നു അദ്ദേഹത്തിൻറെ ഉദ്യമം. അതിനനുഗുണമായുള്ള ധാരാളം കഥകളും തൻറെ തൂലികയിൽ രൂപപ്പെടുത്തി.

കാന്തി ബാബുവും വിശപ്പുള്ള സെക്റ്റോപ്പസും കേന്ദ്രകഥാപാത്രങ്ങളായി വരുന്ന കഥ അവയിലൊന്നാണ്. പലതരത്തിലുള്ള വിചിത്രമായ ചെടികളെയും സസ്യങ്ങളെയും സഹവാസികളാക്കി ജീവിക്കുന്ന ഒരു മനുഷ്യൻറെ കഥയാണിത്. വിശപ്പിന്റെ നിഷ്ഠൂരമായ സ്ഥിതിഗതികളിലെത്തുന്ന മാംസഹാരിയായ സെക്റ്റോപ്പസിനെ നിഷ്കാസനം ചെയ്യാൻ വരെ അദ്ദേഹം നിർബന്ധിതനാകുന്നു. സസ്യശാസ്ത്രത്തിന്റെ അടരുകളിലൂടെയാണ് ആഖ്യാനം പുരോഗമിക്കുന്നത്. ശാസ്ത്രസംബന്ധിയായ ഒട്ടേറെ വിവരങ്ങളും സസ്യ ചരിത്രത്തെ കുറിച്ചുള്ള അവഗാഹവും ആഖ്യാനത്തിൽ ചേർത്തുവച്ചിട്ടുണ്ട്. ഇതേ ഗണത്തിൽപ്പെട്ട മറ്റൊരു കഥയാണ് "ടെറിടാക്റ്റയിലിന്റെ മുട്ട". കഥ പറച്ചിലിന്റെ യുക്തിയും സാമർഥ്യവും കൈയ്യടക്കവും കൃത്യമായ അളവിൽ വിന്യസിക്കപ്പെട്ട ഈ കഥയിൽ ശാസ്ത്രവും ചരിത്രവും ഗണിതവും വിദഗ്ധമായ രീതിയിൽ തുന്നിവെച്ചിരിക്കുന്നു. ശാസ്ത്ര-ചരിത്ര അതിർത്തികളെ കെട്ടിയുയർത്തിയ ഭൂപ്രദേശങ്ങളാക്കി മാറ്റാതെ, ആകർഷകമായ വിശാല ഭൂമികയാക്കുന്ന റായ് ഭാവനാത്മക ലോകത്തിൻറെ സാധ്യതയെയാണ് ഇവിടെ അന്വേഷിക്കുന്നത്. കാമറയുടെ പിന്നിൽ നിന്ന് അതീവ ഗഹനമായ കാഴ്ചകൾ സങ്കൽപ്പിക്കുന്ന അദ്ദേഹത്തിന്, ആശയങ്ങളെ ഏതു രീതിയിലാണ് കണ്ണുകൾക്കൊണ്ട് പ്രസ്തുത രംഗങ്ങളായി വായിച്ചെടുക്കുകയെന്ന് കൃത്യമായ ബോധ്യമുണ്ടായിരുന്നു.

വായനക്കാരിൽ ഏതെല്ലാം തരത്തിലുള്ള ആഞ്ചര്യ പ്രചരണങ്ങളാണ് സൃഷ്ടിക്കുകയന്നത് റായ് എന്ന എഴുത്തുകാരന് ഏറ്റവും വേഗതയിൽ ഭേദിക്കാവുന്ന ഉന്നമാണ്. ശാസ്ത്ര വഴികളെ വ്യത്യസ്തമായി പരിചരിക്കുന്ന ഇഴകളിൽ റായ് ശ്രദ്ധാലുവായിരുന്നു. അദ്ദേഹത്തിൻറെ മറ്റൊരു കഥയിലെ കഥാപാത്രം മനുഷ്യനിൽ നിന്ന് കുരങ്ങിലേക്കുള്ള വിപരീത പരിണാമത്തിന്റെ പാതയിലാണ്. ഇവയിൽ നിന്നെല്ലാം ഒരു പടി കൂടെ കടന്നുള്ള ആശയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് 1986ൽ അദ്ദേഹം പ്രസിദ്ധീകരിച്ച കഥയാണ് "അനുകൂൽ". കൃത്രിമ ബുദ്ധിയുടെയും റോബോട്ടിക്സിന്റെയും ധാരയെ കഥാതന്തുവിലേക്ക് അദ്ദേഹം വളരെ മനോഹരമായി സന്നിവിശേഷിപ്പിച്ചിരിക്കുന്നു. മനുഷ്യരെപ്പോലെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന ആൻഡ്രോയിഡായ "അനുകൂൽ"ന് ഭാവിയെക്കുറിച്ചും ചില സൂചനകളുണ്ട്. ജൈവികമായ അർത്ഥത്തിന്റെ ഒരു പോസ്റ്റ് ഹ്യൂമൻ ജീവിയെ സങ്കൽപ്പിക്കുവാനുള്ള ശ്രമമാവണം അനുകൂലിനെ കഥാപാത്ര സൃഷ്ടിയിലൂടെ റേ ആവിഷ്കരിക്കുന്നത്. മനുഷ്യ-യന്ത്രങ്ങളുടെ വിനിമയത്തെ പ്രശ്നവൽക്കരിക്കുവാനുള്ള വ്യത്യസ്ത പഠനങ്ങളുടെ മാനങ്ങൾ മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് റേ ഇത്തരത്തിലുള്ള സയൻസ് ഫിക്ഷൻസിന് രൂപം നൽകിയത്. ഈയൊരു സമയത്ത് പോസ്റ്റ് ഹ്യൂമൻ പരികല്പനകൾ ഇത്രകണ്ട് സജീവത കൈവരിച്ചിട്ടില്ലെന്നും ഡോണ ഹരാവയുടെ പ്രശസ്തമായ "ദി സൈബോർഗ് മാനിഫെസ്റ്റോ" പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഓർക്കണം.

മനുഷ്യജീവിതത്തിന്റെ അസ്തിത്വം ഏറ്റവും കൂടുതൽ കൂടിപിണഞ്ഞു കിടക്കുന്നത് ആകസ്മികതകളിലാണ്. ചരിത്രത്തിൻറെ നിഘണ്ടുവിൽ നിറം കുറഞ്ഞ, എന്നാൽ ഒരിക്കലും തള്ളിക്കളയാനാകാത്ത വിധം പ്രാധാന്യമുള്ള ആകസ്മികത എന്ന പദത്തിന് വ്യത്യസ്ത മാനങ്ങളുണ്ട്. ചരിത്രത്തിൻറെ താളുകളിൽ രേഖപ്പെടുത്തിയിട്ടുള്ള സന്തോഷ-ദുരന്ത രംഗങ്ങളിലെല്ലാം ചെറുതും വലുതുമായ വേഷപ്പകർച്ചകളുമായി ആകസ്മികത ആടി തിമിർക്കുന്നുമുണ്ട്. അവിചാരിതമായി ഒരാളുടെ ജീവിതത്തിലേക്ക് മറ്റൊരു വ്യക്തി ശക്തമായി കടന്നുവരുന്നതിന്റെ പ്രമേയം റായ് കഥകളിൽ കാണാറുണ്ട്. സ്ഥലകാല പരിസരങ്ങൾക്ക് ഒരളവിൽ കൂടുതൽ പ്രാധാന്യം കൊടുക്കാതെ തന്നെ കഥാതന്തുവിലേക്ക് കഥാപാത്രങ്ങളെ വിന്യസിപ്പിക്കുകയും, അവരെ ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യാൻ ആകസ്മികത എന്ന സങ്കേതത്തെ സർഗാത്മകമായി അദ്ദേഹം ഉപയോഗിക്കുന്നു. രത്തൻ ബാബുവിന്റെ ജീവിതത്തിലേക്ക് ആകസ്മികമായി കടന്നുവരുന്ന മജുംദാറിനെ 1970ൽ പ്രസിദ്ധീകരിച്ച "രത്തൻ ബാബുവും ആ മനുഷ്യനും" എന്ന കഥയിൽ കാണാം. ഒരു പ്രതിരൂപമായി പ്രത്യക്ഷപ്പെടുന്ന മജുംദാറിൽ രത്തൻ ബാബു തന്റെ സ്വഭാവ ഗുണങ്ങളിലും രൂപസാദൃശ്യത്തിലുമുള്ള സാമ്യത ഒരു അമ്പരപ്പോടെ ശ്രദ്ധിക്കുന്നു. 2002ൽ സാഹിത്യ നോബേൽ ലഭിച്ച ജോസേ സരമാഗോയുടെ "ദി ഡബിൾ" ലെ കഥാപാത്രങ്ങളെ ഒരു പരിധി വരെ രത്തൻ ബാബുവും മജുംദാറും ഓർമിപ്പിക്കുന്നുണ്ട്. കഥപറച്ചിൽ പാരമ്പര്യത്തിൽ പലപ്പോഴും, ബ്രഹ്മാത്മകമായ സാഹചര്യത്തിലും സന്ദർഭത്തിലുമാകും ഡബ്ലിനെ അവതരിപ്പിക്കുന്നത്. കഥാതെന്തുവിൽ ഒരു പ്രത്യേക പാത സൃഷ്ടിച്ചുകൊണ്ട് അപരൻ പ്രത്യക്ഷപ്പെടാനും കേന്ദ്ര കഥാപാത്രവുമായുള്ള അവൻറെ വിനിമയങ്ങൾ പൂർത്തിയാക്കാനും ഒരു നിഷ്ഠിതമായ സമയമുണ്ടാകും. സങ്കീർണ്ണമായ വാസ്തുഘടനയിൽ ഉടലെടുക്കുന്ന മനുഷ്യവഹാരങ്ങളെക്കുറിച്ചുള്ള അവബോധം, സവിശേഷമായ പശ്ചാത്തലത്തിലൂടെയും കഥാപാത്രങ്ങളിലൂടെയും പങ്കുവെക്കുന്ന കഥാകൃത്താണ് സത്യജിത്ത് റായ്.

നിർമിത ബുദ്ധികൾ (AI) അരങ്ങുവാഴുന്ന ഈ ആധുനിക കാലഘട്ടത്തിൽ ശാസ്ത്ര-മനുഷ്യ ബന്ധങ്ങളിലധിഷ്ഠിതമായ റായ് കഥാസൃഷ്ടികൾക്ക് കൂടുതൽ അന്വേഷണങ്ങൾ ആവശ്യമാണ്. മനുഷ്യന്റെ നൈതിക സ്വഭാവത്തിലേക്കുള്ള നിർമിതമായ കടന്നുകയറ്റങ്ങളെ ചോദ്യം ചെയ്യുന്നതാണ് റായുടെ ഓരോ സർഗാത്മക സൃഷ്ടികളും. റായ് തീർത്ത ഭാവന ഭൂമികയിൽ നിന്നുകൊണ്ടുള്ള തുടർ അന്വേഷണങ്ങൾ അത്യന്തികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഇത്തരത്തിലുള്ള അഭിനന്ദാർഹമായ നൈതിക ചോദ്യങ്ങളെ മുന്നോട്ടുവെക്കുമ്പോൾ തന്നെ, മറുവശത്ത്, പലതരത്തിലുള്ള എതിർപ്പുകൾ അദ്ദേഹത്തിൻറെ സമീപനങ്ങളിലുണ്ട്. അരാഷ്ട്രീയ നിലപാടുകളെ ന്യായീകരിക്കാനെന്നോണം ഒരഭിമുഖ്യത്തിൽ റായ് പ്രതികരിച്ചത് ഇത്തരത്തിലാണ്, "നിലനിന്നുപ്പോന്നിരുന്ന ഭരണസമ്പ്രദായങ്ങളെയോ നയങ്ങളെയോ ഒരു പരിധിക്കപ്പുറം എതിർക്കുന്നതിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ല. എതിർപ്പുകളെ വകവയ്ക്കാത്ത സംവിധാനങ്ങളാണവ. അതിനാൽ തന്നെ, ചലച്ചിത്രങ്ങൾക്കും അവയ്ക്കെതിരെ കാര്യമായി പോരാടാനാവുകയില്ല". അദ്ദേഹത്തിൻറെ ഇത്തരത്തിലുള്ള നിലപാടുകൾ ഒട്ടനവധി വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. ഇതേ ചിന്ത കഥകളിലും പ്രതിഫലിച്ചിട്ടുg2,. ശാസ്ത്ര കഥകളും കുറ്റാന്വേഷണ കഥകളും എഴുതാൻ അങ്ങേയറ്റം ശ്രദ്ധ പ്രകടിപ്പിച്ച റേ രാഷ്ട്രീയ ധാരയെ കഥകളിൽ കൊണ്ടുവരുന്നതിൽ അത്രകണ്ട് തൽപരനായിരുന്നില്ല. അതിഭൗതിക സ്ഥിതിഗതികളെ സൂചിപ്പിക്കുമ്പോഴും വിശ്വസനീയമായ പരിവട്ടത്തിനുള്ളിൽ അവയെ ഭ്രമണം ചെയ്യിക്കാൻ അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു. എന്നിരുന്നാലും, കഥയ്ക്ക് മരണം ഉണ്ടാകില്ലെന്ന് വ്യക്തമായി അറിയാമായിരുന്ന റായ് എന്നും ഒരു അവിശ്വസനീയ കഥ പറച്ചിലുകാരനായിരുന്നു.

Show More expand_more
News Summary - Satyajit Ray writing