Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPremiumchevron_rightWeb Exclusivechevron_right'ഓ.. റൊണാൾഡോ,...

'ഓ.. റൊണാൾഡോ, താങ്കൾക്ക് ആ പരിക്കുപറ്റിയില്ലായിരുന്നെങ്കിൽ...'; ബ്രസീലിയൻ ഇതിഹാസത്തെ ഓർക്കുന്നു

text_fields
bookmark_border
ഓ.. റൊണാൾഡോ, താങ്കൾക്ക് ആ പരിക്കുപറ്റിയില്ലായിരുന്നെങ്കിൽ...; ബ്രസീലിയൻ ഇതിഹാസത്തെ ഓർക്കുന്നു
cancel

മറവിയുടെ കാണാക്കയങ്ങളിലേക്ക് നിങ്ങൾ ആ തടിയൻ, കള്ളുകുടിയൻ, വയസൻ റൊണാൾഡോയെ തള്ളിയിടുമ്പോൾ ഓർമകൾ പൊടി തട്ടിയെടുക്കാൻ പഴയ തലമുറയിലെ കളിയാസ്വാദകരോട് നിങ്ങൾ ആവശ്യപ്പെടുക. അവർ ആ പ്രതിഭയുടെ വിസ്ഫോടനത്തെ പറ്റി പറഞ്ഞുതരും. അയാളുടെ വലം കാലിനേയും ഇടം കാലിനേയും പറ്റി. അതിൽ നിന്നും ഉയിർകൊണ്ട ഇടിമിന്നലുകളെ പറ്റി."രണ്ടു റൊണാൾഡോമാരിൽ ആരാണ് മികച്ചവൻ?" മാഞ്ചസ്​റ്റർ യുണൈറ്റഡിന്റെ പരിശീലകൻ സർ അലക്സ് ഫെർഗൂസണ്​ ഒരു ​അഭിമുഖത്തിൽ വന്ന ​ചോദ്യം ഇങ്ങനെയായിരുന്നു. "തടിയനും വയസ്സനുമായ റൊണാൾഡോയുമായി താരതമ്യം ചെയ്താൽ ക്രിസ്റ്റ്യാനോ തന്നെ മികച്ചവൻ''!. ഫെർഗൂസൺ പറഞ്ഞ ആ മറുപടിയിൽ എല്ലാമുണ്ട്.ക്രിസ്റ്റ്യാനോയുടെ വരവിനു...

Your Subscription Supports Independent Journalism

View Plans

മറവിയുടെ കാണാക്കയങ്ങളിലേക്ക് നിങ്ങൾ ആ തടിയൻ, കള്ളുകുടിയൻ, വയസൻ റൊണാൾഡോയെ തള്ളിയിടുമ്പോൾ ഓർമകൾ പൊടി തട്ടിയെടുക്കാൻ പഴയ തലമുറയിലെ കളിയാസ്വാദകരോട് നിങ്ങൾ ആവശ്യപ്പെടുക. അവർ ആ പ്രതിഭയുടെ വിസ്ഫോടനത്തെ പറ്റി പറഞ്ഞുതരും. അയാളുടെ വലം കാലിനേയും ഇടം കാലിനേയും പറ്റി. അതിൽ നിന്നും ഉയിർകൊണ്ട ഇടിമിന്നലുകളെ പറ്റി.

"രണ്ടു റൊണാൾഡോമാരിൽ ആരാണ് മികച്ചവൻ?" മാഞ്ചസ്​റ്റർ യുണൈറ്റഡിന്റെ പരിശീലകൻ സർ അലക്സ് ഫെർഗൂസണ്​ ഒരു ​അഭിമുഖത്തിൽ വന്ന ​ചോദ്യം ഇങ്ങനെയായിരുന്നു. "തടിയനും വയസ്സനുമായ റൊണാൾഡോയുമായി താരതമ്യം ചെയ്താൽ ക്രിസ്റ്റ്യാനോ തന്നെ മികച്ചവൻ''!. ഫെർഗൂസൺ പറഞ്ഞ ആ മറുപടിയിൽ എല്ലാമുണ്ട്.

ക്രിസ്റ്റ്യാനോയുടെ വരവിനു മുമ്പും പുൽമൈതാനങ്ങൾ രണ്ടു റൊണാൾഡോമാരെ കണ്ടിട്ടുണ്ട്​. 2002 മുതൽ നാം കണ്ട മികച്ച ഗോൾ സ്‌കോറർ ആയ റൊണാൾഡോയും, 90കളിൽ കളിമൈതാനങ്ങളെ തീപിടിപ്പിച്ച്​ മുൻനിരയിൽ എതിർ പ്രതിരോധനിരകളെ മുച്ചൂടും മുടിപ്പിക്കുന്ന മദം പൊട്ടിയ ഒരൊറ്റയാൻ റൊണാൾഡോയും.. അതെ, റൊണാൾഡോ ലൂയിസ് നസാറിയോ ഡി ലിമ.

മറവിയുടെ കാണാക്കയങ്ങളിലേക്ക് നിങ്ങൾ ആ തടിയൻ, കള്ളുകുടിയൻ, വയസൻ റൊണാൾഡോയെ തള്ളിയിടുമ്പോൾ ഓർമകൾ പൊടി തട്ടിയെടുക്കാൻ പഴയ തലമുറയിലെ കളിയാസ്വാദകരോട് ആവശ്യപ്പെടുക. അവർ ആ പ്രതിഭയുടെ വിസ്ഫോടനത്തെ പറ്റി പറഞ്ഞുതരും. അയാളുടെ വലം കാലിനേയും ഇടം കാലിനേയും പറ്റി. അതിൽ നിന്നും ഉയിർകൊണ്ട ഇടിമിന്നലുകളെ പറ്റി.

റിയോ ഡി ജനീറോയുടെ ഒരു പ്രാന്തപ്രദേശത്തെ ദാരിദ്ര്യം നിറഞ്ഞ ഒരു തെരുവിലായിരുന്നു അയാൾ പിറന്നവീണത്. 1993ൽ റൊണാൾഡോ ബ്രസീലിലെ ക്രൂസെയ്‌റോ ക്ലബിൽ എത്തി. വെറും രണ്ടു സീസണുകൾ കൊണ്ട് 49 കളിയിൽ നിന്നും റൊണാൾഡോ 47 ഗോൾ നേടി തന്റെ വരവറിയിച്ചു. ഒരു കളിയിലും കളത്തിലിറങ്ങിയില്ലെങ്കിലും 1994 ലോകകപ്പ് വിജയിച്ച റൊമാരിയോയും ബെബറ്റോയും അണിനിരന്ന ബ്രസീൽ ടീമിൽ റൊണാൾഡോയും ഉണ്ടായിരുന്നു.

ബ്രസീലിലും ഹോളണ്ടിലെ പി.എസ്​.വി ഐന്തോവനിലും ഒരു മത്സരത്തിൽ ഒരു ഗോൾ എന്ന തോതിൽ അയാൾ ഗോളടിച്ചു കൂട്ടി. ബ്രസീലിൽ നിന്നുമുള്ള അത്ഭുതബാല​ന്റെ കളിമികവ് ലോകമെങ്ങും പരന്നു തുടങ്ങി. ഒടുവിൽ സർ ബോബി റോബ്സൺ 19.5 മില്യൺ ഡോളറിനു റൊണാൾഡോയെ ബാഴ്​സലോണയിലേക്കു കൊണ്ടുപോയി.

റൊണാൾഡോ ബാഴ്സ ജഴ്സിയിൽ

റൊണാൾഡോ ബാഴ്സ ജഴ്സിയിൽ

ബാഴ്സയിൽ റൊണാൾഡോയുടെ ഒരേയൊരു സീസൺ അരങ്ങേറ്റകളിക്കാര​ന്റെ ഏറ്റവും മികച്ച സീസൺ ആയിട്ടാണ് വിലയിരുത്തുന്നത്. ത​ന്റെറ 20ാമത്തെ വയസ്സിൽ ലോകഫുട്ബോളർ ആയതു മാത്രമല്ല, അയാളുടെ മികവിൽ ബാഴ്‌സ കോപ്പ ഡെൽ റേയും, യൂറോപ്പ്യൻ വിന്നർ കപ്പും, സൂപ്പർ കോപാ ഡി എസ്പാനയും നേടി. 49 കളികളിൽ നിന്നായി 47 ഗോളുകളാണ്​ അയാളുടെ ബൂട്ടിൽനിന്നും ബാഴ്​സയ്‌ക്കായി പിറന്നത്​.

എല്ലാ ഗോളുകളും ഒന്നിനൊന്നു മികച്ചു നിന്നെങ്കിലും 1996 ഒക്ടോബര് 12 നു കോംപോസ്റ്റിലക്കെതിരെ നേടിയ ഒറ്റയാൻ ഗോൾ തൊണ്ണൂറുകളിലെ റൊണാൾഡോയിസ​ത്തി​ന്റെ തനിപകർപ്പായിരുന്നു. ആ ഗോളിൽ റൊണാൾഡോയുടെ അപാര വേഗവും, കാളക്കൂറ്റ​ന്റെ കരുത്തും, ശൗര്യവും, അസാധ്യമായ ഡ്രിബ്ലിങ്ങും, സ്കില്ലും, നിശ്ചയദാർഢ്യവും എല്ലാം ഒത്തിണങ്ങിയിരുന്നു. മൈതാനമധ്യത്തിലെ നേർരേഖയിൽ നിന്നും പന്ത് വാങ്ങി, മൗറോ ഗാർഷ്യയെ വെട്ടിച്ചും, ചിബായുടെ ടാക്കിളിങ്ങിൽ നിന്നും അസാധ്യമായ മെയ്‌വഴക്കത്തോടെ ഒഴിഞ്ഞുമാറിയും, ഡബിൾ ടീമിങ്ങിനു വന്ന ജോസ് റാമോണിനെയും ചിബായെയും വേഗം കൊണ്ട് കീഴടക്കിയും വില്യമിനെ ഡ്രിബിൾ ചെയ്തു മറികടന്നും, ഗോൾകീപ്പറെ നിരാശനാക്കികൊണ്ട് അയാൾ ഗോൾ വലയുടെ താഴേക്ക് പന്ത് തൊടുത്തു. കണ്ണുചിമ്മുന്ന വേഗതയിൽ, വെറും 14 നിമിഷത്തിനുള്ളിൽ എല്ലാം കഴിഞ്ഞിരുന്നു. സർ ബോബി റോബ്സൺ കൺമുന്നിൽ കണ്ടത് വിശ്വസിക്കാനാവാതെ തലയിൽ കൈവെച്ചു കൊണ്ട് എഴുന്നേറ്റുനിന്നു. മൈതാനത്തേക്ക് ഒന്ന് നോക്കുവാൻ പോലും അയാൾ ധൈര്യം കാണിച്ചില്ല.

തൊണ്ണൂറുകളിലെ ഏറ്റവും കടുപ്പമേറിയ ഫുട്ബോൾ ലീഗായിരുന്ന ഇറ്റാലിയൻ സീരി എയിലേക്കായിരുന്നു റൊണാൾഡോയുടെ അടുത്ത പടയോട്ടം. ഇൻറർ മിലാൻ ക്ലബിലേക്ക് റൊണാൾഡോ കൂടുമാറി. പ്രതിരോധ കലയുടെ തമ്പുരാക്കന്മാർ അരങ്ങുവാഴുന്ന ഇറ്റാലിയൻ ലീഗിലും റൊണാൾഡോ തന്റെ മികവുതുടർന്നു. 47 കളികളിൽ നിന്നായി 34 ഗോളുകൾ അയാൾ നേടി. ഇറ്റാലിയൻ ലീഗ് റൊണാൾഡോയെ പലതും പഠിപ്പിച്ചു, അയാൾ നിരന്തരം ഫ്രീകിക്കുകളും സ്പോട് കിക്കുകളും എടുത്തുതുടങ്ങി. അതിലുപരി സ്‌ട്രൈക്കർ റോളിൽ ഒതുങ്ങാതെ ത​ന്റെറ പങ്കാളികളെ കൊണ്ട് ഗോൾ അടിപ്പിക്കാനും അയാൾ ശ്രദ്ധിച്ചു. വേൾഡ് ​​െപ്ലയർ ഓഫ് ദി ഇയർ രണ്ടാമതും റൊണാൾഡോയെ തേടിയെത്തി. 1997 ലെ ബാലോൺ ഡി ഓർ പുരസ്കാരവും അയാൾക്കു തന്നെയായിരുന്നു.

1998 ലെ ലോകകപ്പിൽ അതിസമ്മർദ്ദത്തിലായിരുന്നു എങ്കിലും റൊണാൾഡോ നാലു ഗോളുകൾ നേടുകയും മൂന്നു ഗോളുകൾക്ക് അവസരമൊരുക്കുകയും ചെയ്തു. ചീറ്റപ്പുലിയുടെ കുതിപ്പിന്​ സമാനമെന്നോണം ഹോളണ്ടിനെതിരായ സെമിയിൽ നടത്തിയ റൊണാൾഡോയുടെ അമ്പതോളം യാർഡി​ന്റെ കുതികുതിപ്പ് ആർക്കാണ് മറക്കാനാവുക. ഫ്രാൻസുമായുള്ള ഫൈനലിന് തലേന്ന് അപസ്മാരമിളകി വയ്യാതായ റൊണാൾഡോയുടെ പേരില്ലാതെയായിരുന്നു ടീം ലിസ്റ്റ് വന്നത്. ഫിഫയുടെ പ്രത്യേകാനുമതി വാങ്ങി റൊണാൾഡോ ടീമിൽ ഉൾപെട്ടതും, ​​െപ്ലയർ ടണലിൽ നിന്നും മുഖം താഴ്ത്തിയുള്ള ക്ഷീണിച്ചുള്ള വരവും സിദാൻ മാജികിന് മുന്നിൽ ബ്രസീൽ തോറ്റുപോയതും മറ്റൊരു ചരിത്രം.

1999 നവംബർ 21 നു ലീസിനെതിരായ മാച്ചിൽ അയാളുടെ മുട്ടുകാലിനു പരുക്കേറ്റു. കരിയറിലെ ഏറ്റവും വലിയ പരിക്കായിരുന്നു അത്. എന്നിട്ടും ആറുമാസത്തിനപ്പുറം റൊണാൾഡോ തിരിച്ചുവന്നു. 2000 ഏപ്രിൽ 12 നായിരുന്നു തിരിച്ചുവരവ്​. എന്നാൽ വെറും ഏഴു മിനുട്ടി​ന്റെ ആയുസ്സ് മാത്രമേ ആ തിരിച്ചുവരവിനുണ്ടായിരുന്നുള്ളു. ത​െൻറ ട്രേഡ്മാർക്കായ, ഒരു ഫെയ്​ൻറിനു ശ്രമിച്ചതോടെ അയാളുടെ മുട്ടുകൾക്ക് പിന്നെയും പരിക്കുപറ്റി. റൊണാൾഡോയുടെ സ്വപ്നം തന്നെ തകരുകയായിരുന്നു. ജീവിതത്തിൽ വീണ്ടും ഫുട്ബാൾ കളിക്കാൻ വെറും 50 ശതമാനം സാധ്യത മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് ഡോക്ടർമാർ വിധിയെഴുതി. ബലമില്ലാത്ത മുട്ടുകാലുകളും ഏറ്റി താൻ തിരിച്ചു വരിക തന്നെ ചെയ്യും എന്ന് അയാൾ തന്നോട് തന്നെ മന്ത്രിച്ചുകൊണ്ടിരുന്നു.

1998 ലോകകപ്പ് ഫൈനലിൽ റൊണാൾഡോ
1998 ലോകകപ്പ് ഫൈനലിൽ റൊണാൾഡോ

ഒന്നരവർഷത്തിനു ശേഷം 2002 ലോകകപ്പി​ന്റെ യോഗ്യതാമത്സരങ്ങൾ നടക്കുന്നു. ബ്രസീൽ തട്ടിയും മുട്ടിയും കളിക്കുന്ന സമയം. നാലു കളികളിൽ ഒരു ഗോൾ തോൽവി, മൂന്ന് കളികളിൽ ഒരു ഗോൾ സമനില. യോഗ്യത തന്നെ തുലാസിലാവുമോ എന്ന സംശയം നിറഞ്ഞുനില്ക്കുന്നു. താൻ തിരിച്ചുവരുന്നുവെന്ന്​ റൊണാൾഡോ പ്രഖ്യാപിച്ചു. റൊണാൾഡോ എത്തിയതോടെ ടീം ഒന്നാകെ മാറിപ്പോയി. നഷ്ടപെട്ട സാംബാതാളവും ആത്മവിശ്വാസവും അവർ വീണ്ടെടുത്തു. ബ്രസീൽ യഥാർഥ ബ്രസീൽ ആയി.

എന്നാലും തിരിച്ചു വരവിലെ റൊണാൾഡോക്ക്​ പഴയ റൊണാൾഡോയുടെ വീര്യമില്ലായിരുന്നു. ഒന്നരവർഷത്തെ മരുന്നുകാലം അയാളുടെ രൂപം തന്നെ ചെറുതായി മാറ്റിയിരുന്നു. അയാളുടെ വേഗം, കരുത്ത്, വിസ്ഫോടനങ്ങൾ ഒക്കെയും കൈമോശം വന്നിരുന്നു. പഴയ റൊണാൾഡോയുടെ 70 ശതമാനം മാത്രമായിരുന്നു രണ്ടാംവരവിലെ റൊണാൾഡോ. 2002 ലോകകപ്പ് ഫൈനലി​െൻറ ഹസ്തദാന സമയത്തു ജർമനിയുടെ വിഖ്യാതനായ ഗോളി ഒലിവർ ഖാൻ റൊണാൾഡോയുടെ മുഖത്ത് പോലും നോക്കാൻ ഭയപ്പെട്ടിരുന്നു. പ്രതിഭയുടെ 70 ശതമാനത്തിൽ നിൽക്കുമ്പോഴും റൊണാൾഡോയുടെ നിലവാരം ലോകത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരേക്കാളും ഉയർന്നതാണെന്നതി​െൻറ സാക്ഷ്യമായിരുന്നു അത്​. റൊണാൾഡോയുടെ ചിറകുകളിലേറി കാനറിപക്ഷികൾ ഒരിക്കൽ കൂടി ലോകകിരീടം കൊത്തിപ്പറന്നു.

ഏതൊരു കളിക്കാർക്കും അവരുടെ പ്രകടന മികവി​ന്റെ ഒരു ഉയർന്ന ഘട്ടം ഉണ്ടാവും. ആ "പീക്ക് സമയം" കളിയുടെ പ്രകൃതിനിയമമാണ്​. ക്രിക്കറ്റിൽ റിക്കി പോണ്ടിങ്​ ത​ന്റെ പീക്ക് സമയത്തു സചിനെ പോലും വെല്ലുന്ന മികവ് കാട്ടിയിരുന്നു. സിദാ​ന്റെ പീക്ക് ടൈം കുറച്ചു നീണ്ടതായിരുന്നതായി കാണാം. 1997 മുതൽ അത് തുടങ്ങുന്നു. റൊണാൾഡീന്യോയുടെത് 2003 മുതൽ 2007 വരെ ആയിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങൾ മെസ്സിയുടെയും ക്രിസ്റ്യാനോയുടെയും പീക്ക് ടൈം ആയിരുന്നു . ടെന്നിസിൽ ഫെഡറിന്റെ സമയം 2004 മുതൽ 2009 വരെ ആയിരുന്നു. അതൊക്കെ കളിക്കാരുടെ ഇരുപതുകളുടെ ആദ്യപകുതിയോടു തുടങ്ങി മുപ്പതുകളുടെ തുടക്കത്തിൽ അവസാനിക്കുന്നതായി കാണാം. അവിടെയാണ് നാം റൊണാൾഡോ എന്ന നഷ്​ടവസന്തത്തെ ഓർത്തെടുക്കേണ്ടത്. 23 വയസ്സിനുള്ളിൽ ബാലൺ ഡി ഓറും, സുവർണപാദുകവും ഒന്നിലേറെ തവണ ലോകഫുട്ബോളറും ആയ ഒരാളുടെ കരിയർ ആണ് മുട്ടുകാലിനേറ്റ ആ പരിക്കിലൂടെ "പീക്ക് ടൈം" പോലുമെത്താതെ തീർന്നുപോയത്..

2002 ലോകകപ്പ് ഫൈനലിൽ ജർമൻ ഗോൾകീപ്പർ ഒലിവർ ഗാനെ മറികടന്ന് സ്കോർചെയ്യുന്ന ​റൊണാൾഡോ
2002 ലോകകപ്പ് ഫൈനലിൽ ജർമൻ ഗോൾകീപ്പർ ഒലിവർ ഗാനെ മറികടന്ന് സ്കോർചെയ്യുന്ന ​റൊണാൾഡോ

തിരിഞ്ഞു നോക്കുമ്പോൾ അയാളുടെ കരിയർ ഒരുപാടു "എങ്കിലുകൾ " ആണ് . ആ പരിക്ക് പറ്റിയിരുന്നില്ലെങ്കിൽ, അതിന്റെ തീവ്രത കുറഞ്ഞുവെങ്കിൽ, അയാൾ ബാഴ്സയിൽ തുടർന്നിരുന്നുവെങ്കിൽ, തൈറോയ്ഡ് പ്രശ്നവും മരുന്നുകളുടെ പാര്ശ്വഫലവും തടി കൂട്ടിയില്ലായിരുന്നുവെങ്കിൽ.. എന്നിങ്ങനെ അത് നീളുന്നു. കുറച്ചു കൂടെ അർപ്പണബോധം കാട്ടിയിരുന്നെങ്കിൽ അയാൾ പെലെയുടെയും മറഡോണയുടെയും നിരയിൽ ഒരു കസേര വലിച്ചിട്ടിരുന്നേനെ.

ലോകം കണ്ടതിൽ ഏറ്റവും പ്രഹരശേഷിയുള്ള ലക്ഷണമൊത്ത സ്‌ട്രൈക്കർ റൊണാൾഡോ ആയിരുന്നു. ദി മോസ്റ്റ് കംപ്ലീറ്റ്​ സ്‌ട്രൈക്കർ. ആ അവിശ്വസനീയമായ വേഗതയും, ആ മുയൽ പല്ലൻ ചിരിയും ഫുട്​ബാൾ ഉള്ളകാലം വരേക്കും നാമോർക്കും. മിഡ്‌ഫീൽഡിൽ നിന്നും വശങ്ങളിൽ നിന്നുമുള്ള മിന്നൽ കുതിപ്പുകൾ, അതി​ന്റെ അസാധാരണമായ വേഗത മാത്രം മതിയായിരുന്നു ലോകത്തെ പുകൾപെറ്റ പ്രതിരോധ ഭടൻമാരെ നിമിഷാർധനേരം കൊണ്ട് കളിയിൽ നിന്നും ഇല്ലാതെയാക്കുവാൻ..

കൊടുങ്കാറ്റു പിടിച്ചപോലുള്ള കുതിപ്പുകൾ, പൊടുന്നനെയുള്ള പിൻവലിയലുകൾ.. പെനാൽറ്റി ബോക്സിലേക്കുള്ള ആർത്തിരമ്പലുകൾ... വെടിച്ചില്ലുപോലുള്ള ഷോട്ടുകൾ.. ഇത്തിരിക്കുഞ്ഞൻ സ്റ്റെപ്പുകളോടെ പന്തുമായുള്ള അയാളുടെ വരവിൽ വേഗതയും ദിശകളും മാറിമറിഞ്ഞുകൊണ്ടേയിരിക്കും. ഗാരിഞ്ചയ്ക്കും സാക്ഷാൽ മറഡോണയ്ക്കും കൈമുതലായ ഡ്രിബ്ലിങ് വൈഭവം അയാൾ ലോകത്തിനു മുന്നിൽ തുറന്നുവെച്ചു. അമ്പരപ്പിക്കുന്ന വേഗതയിലുള്ള പെടലാടകളും , ഇലാസ്റ്റികോയും ഓവർസ്റ്റെപ്പുകളും, ഡബിൾ ഓവർസ്റ്റെപ്പുകളും ചാട്ടുളി പോലുള്ള ഷോട്ടുകളും അയാളുടെ കളിയിൽ നിരന്തരം നിറഞ്ഞുനിന്നു.

റൊണാ​ൾഡോ ക്രിസ്റ്റ്യാനോ റൊണാൾക്കൊപ്പം
റൊണാ​ൾഡോ ക്രിസ്റ്റ്യാനോ റൊണാൾക്കൊപ്പം

വേഗത കൈമുതലായ അനേകം കളിക്കാർ ഫുട്​ബാളിൽ ഉണ്ട്. ഡ്രിബ്ലിങ്ങി​ന്റെറ കുലപതികളും അനേകമുണ്ട്​. എന്നാൽ ഇവ രണ്ടി​േൻറയും ഒത്തിണക്കം റൊണാൾഡോയിൽ ദർശിക്കാം. ഇരു കാലുകളിലും ഒരുപോലെ ഷോട്ടുകൾ ഉതിർക്കുന്നവൻ, രണ്ടോ മൂന്നോ പ്രതിരോധക്കാർക്കിടയിലും എക്സ്ട്രാ സ്പേസ് കണ്ടെത്താനുള്ള അസാമാന്യ മെയ്​വഴക്കം, കളിക്കളത്തിലെ നൈസർഗികമായ നേതൃപാടവം, പെനാൽറ്റി സ്പോട്ടിലെ അമാനുഷികമായ ശാന്തത... അതിലുപരി സവിശേഷമായ ശാരീരിക ക്ഷമതയും അയാളിൽ സമ്മേളിച്ചിരുന്നു.

റൊണാൾഡോ നസാറിയോ ; താങ്കളാണ് ഒരേയൊരു റൊണാൾഡോ.

മഴപ്പെയ്ത്തു കഴിഞ്ഞാലും മരങ്ങൾ പിന്നെയും പെയ്യും. റൊണാൾഡോ എന്ന പ്രതിഭാസത്തെ എന്നും ആസ്വാദകർ താരതമ്യപ്പെടുത്തുക ക്രിസ്റ്റ്യാനോ റൊണാൾഡോയുമായും അതുവഴി മെസ്സിയോടും ആയിരിക്കും. കളിക്കളങ്ങളിലെ കണക്കുകൾ ആണ് എന്നും തലമുറകൾ ഓർത്തുകൊണ്ടിരിക്കുക.. അപ്പോഴൊക്കെയും തടിയൻ റൊണാൾഡോ നിങ്ങൾക്ക്​ പുറമ്പോക്കായിരിക്കാം. ഒന്ന് മാത്രമേ പറയാനുള്ളു... നിങ്ങൾ കണ്ട റൊണാൾഡോയുടെ കളികൾ വെറും മരപ്പെയ്ത്തായിരുന്നു.. വെറും നാലു വർഷങ്ങൾ കൊണ്ട് മനം നിറച്ചു പെയ്ത പേമാരിയുടെ ബാക്കിപത്രം മാത്രം. പ്രതിഭയുടെ തൂക്കുകട്ടി വെച്ച് തൂക്കിനോക്കുമ്പോൾ പെയ്തു തീരും മുൻപേ കൊഴിഞ്ഞു പോയവനാണയാൾ. ഒരു നഷ്ടവസന്തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Weekly WebzineRonaldo Luis Nazario
Next Story