Begin typing your search above and press return to search.
proflie-avatar
Login

നി​ങ്ങ​ള്‍ എ​ഡി​റ്റ​റാ​യിരിക്കുന്ന ചാ​ന​ല്‍ പെ​ട്ടെ​ന്നൊ​രു ദി​വ​സം ഓ​ഫ് എ​യ​ര്‍ ആ​യാ​ല്‍ നി​ങ്ങ​ളെ​ന്തു ചെ​യ്യും?

നി​ങ്ങ​ള്‍ എ​ഡി​റ്റ​റാ​യിരിക്കുന്ന  ചാ​ന​ല്‍ പെ​ട്ടെ​ന്നൊ​രു ദി​വ​സം ഓ​ഫ് എ​യ​ര്‍ ആ​യാ​ല്‍ നി​ങ്ങ​ളെ​ന്തു ചെ​യ്യും?
cancel

നി​ങ്ങ​ള്‍ എ​ഡി​റ്റ​റാ​യി ജോ​ലി​ചെ​യ്യു​ന്ന ചാ​ന​ല്‍ പെ​ട്ടെ​ന്നൊ​രു ദി​വ​സം ലൈ​സ​ന്‍സ് ന​ഷ്ട​പ്പെ​ട്ട് ഓ​ഫ് എ​യ​ര്‍ ആ​യാ​ല്‍ നി​ങ്ങ​ളെ​ന്തു ചെ​യ്യും?

വേ​റെ പ​ണി​നോ​ക്കി​പ്പോ​കും.

ര​ണ്ടു വ​ര്‍ഷം മു​ന്പ് എ​ന്നോ​ട് ആ​രെ​ങ്കി​ലും ഈ ​ചോ​ദ്യം ചോ​ദി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഇ​തു​ത​ന്നെ​യാ​കു​മാ​യി​രു​ന്നു എ​ന്റെ ഉ​ത്ത​രം. ഒ​ന്നാ​മ​ത്തെ കാ​ര​ണം, ര​ണ്ടു​വ​ര്‍ഷം മു​ന്പ് ഒ​രു എ​ഡി​റ്റ​ര്‍ ആ​യി​രു​ന്നി​ല്ല ഞാ​ന്‍. ‘മ​നോ​ര​മ ന്യൂ​സി​’ല്‍ അ​ന്ന് ഞാ​ന്‍ സീ​നി​യ​ര്‍ കോ​ഓ​ഡി​നേ​റ്റി​ങ് എ​ഡി​റ്റ​ര്‍ സ്ഥാ​ന​ത്താ​യി​രു​ന്നു. മു​ക​ളി​ല്‍ എ​ഡി​റ്റോ​റി​യ​ല്‍ ത​ല​വ​നാ​യി ജോ​ണി ലൂ​ക്കോ​സ് ഉ​ണ്ട്. ര​ണ്ട്, അ​ങ്ങ​നെ​യൊ​രു ചോ​ദ്യം അ​ന്നൊ​രു ത​മാ​ശ മാ​ത്ര​മാ​കു​മാ​യി​രു​ന്നു. ഒ​രി​ക്ക​ലും യാ​ഥാ​ര്‍ഥ്യ​മാ​വാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്ന് ക​രു​താ​വു​ന്ന ത​മാ​ശ. എ​ന്നാ​ല്‍, ഒ​ന്നേ​കാ​ല്‍ വ​ര്‍ഷം മു​ന്പ് 2022 ജ​നു​വ​രി 31ന് ​ആ ചോ​ദ്യം ഒ​രു യാ​ഥാ​ര്‍ഥ്യ​മാ​യി എ​ന്റെ മു​ന്നി​ല്‍ വ​ന്ന് കി​റി​കോ​ട്ടി​ച്ചി​രി​ച്ചു. ഞാ​ന്‍ എ​ഡി​റ്റ​റാ​യി​രി​ക്കു​ന്ന മീ​ഡി​യ​വ​ണ്‍ ചാ​ന​ല്‍ ലൈ​സ​ന്‍സ് റ​ദ്ദ് ചെ​യ്യ​പ്പെ​ട്ട് ഓ​ഫ് എ​യ​ര്‍ ആ​യി​രി​ക്കു​ന്നു. എ​ന്തു​ചെ​യ്യും?

ക​ണ്ണി​ല്‍ ഇ​രു​ട്ടു ക​യ​റി​യൊ​ന്നു​മി​ല്ല. ഹൃ​ദ​യം പ​ട​പ​ടാ മി​ടി​ച്ചു​മി​ല്ല.

എ​ന്താ കാ​ര​ണം? വി​വ​രം എ​ന്നെ അ​റി​യി​ച്ച സി.​ഇ.​ഒ റോ​ഷ​ന്‍ ക​ക്കാ​ട്ടി​നോ​ട് ഞാ​ന്‍ ചോ​ദി​ച്ചു.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സു​ര​ക്ഷാ അ​നു​മ​തി നി​ഷേ​ധി​ച്ചി​രി​ക്കു​ന്നു. കാ​ര​ണം അ​റി​യി​ല്ല.

2021 സെ​പ്റ്റം​ബ​ര്‍ 30ന് ​അ​പ് ലി​ങ്ക് ലൈ​സ​ന്‍സ് പു​തു​ക്കി​ക്കി​ട്ടേ​ണ്ട​താ​യി​രു​ന്നു. അ​തി​നു​ള്ള അ​പേ​ക്ഷ ആ ​വ​ര്‍ഷം മേ​യി​ല്‍ത​ന്നെ സ​മ​ര്‍പ്പി​ച്ച​താ​ണ്. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ നീ​ണ്ടു. ജ​നു​വ​രി അ​ഞ്ചാം തീ​യ​തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തെ ഉ​ദ്ധ​രി​ച്ച് വാ​ര്‍ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ല്‍നി​ന്ന് ഒ​രു കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് കി​ട്ടി​യി​രു​ന്നു. സു​ര​ക്ഷാ അ​നു​മ​തി റ​ദ്ദ് ചെ​യ്യാ​തി​രി​ക്കാ​ന്‍ കാ​ര​ണ​മു​ണ്ടെ​ങ്കി​ല്‍ ബോ​ധി​പ്പി​ക്കാ​നാ​യി​രു​ന്നു നോ​ട്ടീ​സ്. റ​ദ്ദ് ചെ​യ്യാ​തി​രി​ക്കാ​നേ കാ​ര​ണ​ങ്ങ​ളു​ള്ളൂ എ​ന്ന് മ​റു​പ​ടി​യും ന​ല്‍കി​യ​താ​ണ്. എ​ന്തെ​ങ്കി​ലും തെ​റ്റ് ചെ​യ്ത​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ല​ല്ലേ അ​ത് വി​ശ​ദീ​ക​രി​ക്കാ​ന്‍ ക​ഴി​യൂ. അ​ങ്ങ​നെ​യൊ​ന്നും ആ ​നോ​ട്ടീ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ ​നി​ല​ക്കുത​ന്നെ ഇ​െ​താ​രു ന​ട​പ​ടി​ക്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​ണെ​ന്ന് ക​രു​താ​നേ നി​ര്‍വാ​ഹ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​തി​നാ​ല്‍ ഇ​ങ്ങ​നെ​യൊ​രു സ​ര്‍ക്കാ​ര്‍ ന​ട​പ​ടി തി​ക​ച്ചും അ​പ്ര​തീ​ക്ഷി​തം.

മാ​നേ​ജി​ങ് ക​മ്മി​റ്റി യോ​ഗം ന​ട​ക്കു​ന്ന ദി​വ​സ​മാ​യ​തി​നാ​ല്‍ ക​മ്പ​നി ഡ​യ​റ​ക്ട​ര്‍മാ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. ചാ​ന​ല്‍ ഓ​ഫ് എ​യ​റാ​കും മു​ന്പ് എ​ഡി​റ്റ​ര്‍ പ്രേ​ക്ഷ​ക​രോ​ട് കാ​ര്യം ധ​രി​പ്പി​ക്ക​ണ​മെ​ന്ന നി​ര്‍ദേ​ശം വ​ന്നു. സ്റ്റു​ഡി​യോ​യി​ല്‍ ക​യ​റി​യി​രു​ന്ന് ആ ​ദൗ​ത്യം നി​ര്‍വ​ഹി​ച്ചു. ചാ​ന​ല്‍ സം​പ്രേ​ഷ​ണം ത​ല്‍ക്കാ​ല​ത്തേ​ക്ക് നി​ര്‍ത്തു​ക​യാ​ണെ​ന്നും എ​ന്തു കാ​ര​ണം​കൊ​ണ്ടാ​ണ് വി​ല​ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യ​തെ​ന്ന് മീ​ഡി​യ​വ​ണി​ന് അ​റി​യി​ല്ലെ​ന്നു​മു​ള്ള കാ​ര്യം കൃ​ത്യ​മാ​യി പ​റ​ഞ്ഞു​െ​വ​ച്ചു.

ഉ​ട​ന്‍ ത​ന്നെ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ അ​തി​ന​കം തീ​രു​മാ​നി​ച്ചി​രു​ന്നു. ക​മ്പ​നി അ​ഭി​ഭാ​ഷ​ക​നാ​യ അ​മീ​ന്‍ ഹ​സ​ന്‍ വ​ഴി റി​ട്ട് ഫ​യ​ല്‍ ചെ​യ്തു. ഉ​ച്ച​യോ​ടെ ഹൈ​കോ​ട​തി കേ​സ് എ​ടു​ത്തു. കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​ത് ര​ണ്ടു​ദി​വ​സ​ത്തേ​ക്ക് ത​ട​ഞ്ഞ് ഉ​ത്ത​ര​വാ​യി. അ​തോ​ടെ​യാ​ണ് എ​ല്ലാ​വ​രു​മൊ​ന്ന് ശ്വാ​സം​വി​ട്ട​ത്. ചാ​ന​ല്‍ വീ​ണ്ടും ഓ​ണ്‍ എ​യ​റാ​യി.

തി​രി​ച്ച് ന്യൂ​സ് ഡെ​സ്കി​ലെ​ത്തി​യ​പ്പോ​ള്‍ ജോ​ലി ന​ട​ക്കു​ന്നു. പ​ക്ഷേ, പ​ല മു​ഖ​ങ്ങ​ളി​ലും ആ​ശ​ങ്ക. എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന ആ​കാം​ക്ഷ. ഉ​ട​ന്‍ത​ന്നെ വൈ​സ് ചെ​യ​ര്‍മാ​ന്‍ മു​ജീ​ബു​ര്‍റ​ഹ്മാ​ന്‍ ഡെ​സ്കി​ലെ​ത്തി എ​ല്ലാ​വ​രെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്തു. ഉ​റ​ച്ച ബോ​ധ്യ​ത്തോ​ടെ​യും സ​ത്യ​സ​ന്ധ​ത​യോ​ടെ​യും അ​ദ്ദേ​ഹം ജീ​വ​ന​ക്കാ​ര്‍ക്ക് ഉ​റ​പ്പു​കൊ​ടു​ത്തു. വി​ശ്വ​സി​ക്കൂ സു​ഹൃ​ത്തു​ക്ക​ളേ, ഈ ​വെ​ല്ലു​വി​ളി​യും ന​മ്മ​ള്‍ അ​തി​ജീ​വി​ക്കും. ശ​രി​യാ​യ മാ​ര്‍ഗ​ത്തി​ല്‍.

ആ ​നി​മി​ഷം വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​യി​രു​ന്നു. എ​ല്ലാ​വ​രെ​യും ഒ​ന്നി​ച്ചു​നി​ര്‍ത്തേ​ണ്ട സ​മ​യം. എ​ല്ലാ​വ​രി​ലും ആ​ത്മ​വി​ശ്വാ​സം വി​ത​ക്കേ​ണ്ട സ​മ​യം. യോ​ജി​പ്പി​ന്റെ ക​ണ്ണി പൊ​ട്ടി​പ്പോ​യാ​ല്‍ പ​ല​തും സം​ഭ​വി​ക്കും. താ​ഴേ​ത്ത​ട്ടി​ലു​ള്ള ജീ​വ​ന​ക്കാ​രെ​യ​ട​ക്കം അ​ര​ക്ഷി​ത​ത്വം ബാ​ധി​ക്കാ​തെ ചേ​ര്‍ത്തു​പി​ടി​ച്ചേ മ​തി​യാ​കൂ.

നി​ങ്ങ​ള്‍ എ​ഡി​റ്റ​റാ​യി ജോ​ലി​ചെ​യ്യു​ന്ന ചാ​ന​ല്‍ പെ​ട്ടെ​ന്നൊ​രു ദി​വ​സം ലൈ​സ​ന്‍സ് ന​ഷ്ട​പ്പെ​ട്ട് ഓ​ഫ് എ​യ​ര്‍ ആ​യാ​ല്‍ നി​ങ്ങ​ളെ​ന്തു ചെ​യ്യും? ആ ​ചോ​ദ്യം വ​ന്ന് ഒ​രി​ക്ക​ല്‍കൂ​ടി എ​ന്റെ മു​ന്നി​ല്‍ നി​ന്നു. പോ​രാ​ടും, ഞാ​ന്‍ എ​ന്നോ​ട് പ​റ​ഞ്ഞു.

ഒ​രു ശ​ത​മാ​നം​പോ​ലും സം​ശ​യ​മി​ല്ലാ​ത്ത തീ​രു​മാ​ന​മാ​യി​രു​ന്നു അ​ത്. ഞാ​ന്‍ ജോ​യി​ന്‍ ചെ​യ്തി​ട്ട് ഏ​ഴു​മാ​സ​മേ ആ​യി​ട്ടു​ള്ളൂ. മാ​നേ​ജ്മെ​ന്റി​നെ​ക്കു​റി​ച്ച് പൂ​ര്‍ണ​മാ​യി പ​ഠി​ച്ചു​വ​രു​ന്ന​തേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​ന്നാ​ൽ​പോ​ലും തി​ക​ച്ചും പ്ര​ഫ​ഷ​ന​ലാ​യി സ്ഥാ​പ​ന​ത്തെ ന​യി​ച്ചി​രു​ന്ന റോ​ഷ​ന്‍ ക​ക്കാ​ട്ടി​ന്റെ പ്ര​വ​ര്‍ത്ത​ന​ശൈ​ലി​യി​ല്‍ എ​നി​ക്ക് പൂ​ര്‍ണ​വി​ശ്വാ​സ​മാ​യി​രു​ന്നു. വൈ​സ് ചെ​യ​ര്‍മാ​ന്‍ മു​ജീ​ബു​ര്‍റ​ഹ്മാ​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന മാ​നേ​ജി​ങ് ക​മ്മി​റ്റി​യി​ല്‍ പ​ങ്കെ​ടു​ക്കു​മ്പോ​ഴെ​ല്ലാം കി​ട്ടു​ന്ന ഉ​റ​പ്പ് അ​ടി​യു​റ​ച്ച ചി​ല നി​ല​പാ​ടു​ക​ളോ​ടെ മു​ന്നോ​ട്ടു​പോ​കാ​ന്‍ ന​മ്മ​ള്‍ പ്ര​തി​ബ​ദ്ധ​രാ​ണ് എ​ന്ന​താ​ണ്. ഒ. ​അ​ബ്ദു​റ​ഹ്മാ​ന്‍ എ​ന്ന മ​നീ​ഷി ഗ്രൂ​പ് എ​ഡി​റ്റ​റാ​യി ഇ​രി​ക്കു​ന്നു. 68,000 ഓ​ഹ​രി പ​ങ്കാ​ളി​ക​ള്‍. ഇ​ന്ത്യ​യി​ല്‍നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും സാ​ധാ​ര​ണ​ക്കാ​ര്‍ ഉ​ള്‍പ്പെ​ടെ മെ​ച്ച​പ്പെ​ട്ട മാ​ധ്യ​മ​സം​സ്കാ​ര​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​തീ​ക്ഷ​യോ​ടെ ന​ട​ത്തി​യ നി​ക്ഷേ​പം. ഡ​യ​റ​ക്ട​ര്‍മാ​ര്‍ എ​ല്ലാ​വ​രും അ​റി​യു​ന്ന​വ​ര്‍, ശു​ദ്ധ​രാ​യ മ​നു​ഷ്യ​ര്‍. യാ​സീ​ന്‍ മാ​ഷാ​ണ് എം.​ഡി. പി​ന്നെ, കൂ​ടെ​യു​ള്ള മ​നു​ഷ്യ​ര്‍. ഞാ​നു​ള്‍പ്പെ​ടെ​യു​ള്ള നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തീ​ക്ഷ പു​ല​ര്‍ത്തു​ന്ന ജീ​വ​ന​ക്കാ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും. അ​തി​നാ​ല്‍, സം​ശ​യ​ത്തി​ന്റെ ക​ണി​ക​പോ​ലു​മി​ല്ലാ​തെ ത​ന്നെ ഞാ​ന്‍ ഉ​റ​പ്പി​ച്ചു. പോ​രാ​ടും.

പ​ക്ഷേ, ആ ​പോ​രാ​ട്ടം അ​ത്ര നി​സ്സാ​ര​മാ​യി​രു​ന്നി​ല്ല. എ​ന്നെ സം​ബ​ന്ധി​ച്ച് ആ​ദ്യം നേ​രി​ടേ​ണ്ടി​വ​ന്ന പ്ര​ശ്നം മാ​ധ്യ​മ​ങ്ങ​ളി​ല്‍നി​ന്നു​ത​ന്നെ ഉ​യ​ര്‍ന്നു​വ​ന്ന ചോ​ദ്യ​ങ്ങ​ളാ​യി​രു​ന്നു......

എഴുത്തിന്റെ പൂർണരൂപം തിങ്കളാഴ്ച മുതൽ മാധ്യമം ആഴ്ചപ്പതിപ്പിലും വെബ്സീനിലും വായിക്കാം

Show More expand_more
News Summary - pramod raman about mediaone ban