Begin typing your search above and press return to search.
proflie-avatar
Login

തകരുന്നത് മലയാള സിനിമയോ അതോ തീയറ്റർ വ്യവസായമോ?; ​പ്രതിസന്ധിയുടെ കാരണവും പരിഹാരവും

തകരുന്നത് മലയാള സിനിമയോ അതോ തീയറ്റർ വ്യവസായമോ?; ​പ്രതിസന്ധിയുടെ കാരണവും പരിഹാരവും
cancel
മലയാള സിനിമ കടുത്ത പ്രതിസന്ധിയിലാണെന്ന നിലവിളികൾ വീണ്ടും സജീവമായിരിക്കുന്നു. കലാപരതയിലും പ്രമേയവൈവിധ്യത്തിലും മലയാള സിനിമ അഭിനന്ദിക്കപ്പെടുന്ന കാലത്തും എന്തുകൊണ്ടാണ് ഈ വൈരുധ്യം?. കാണികൾ സിനിമയെയാണോ തീയറ്ററിനെയാണോ കൈയ്യൊഴിഞ്ഞത്? -അന്വേഷണം.

മലയാള സിനിമ വ്യവസായം സവിശേഷമായ പ്രതിസന്ധികാലത്തിലൂടെയാണ് കടന്നുപോകുന്നത്. കലാപരതയിലും ആഖ്യാനചാരുതയിലും പ്രമേയവൈവിധ്യത്തിലും പാൻ ഇന്ത്യൻ തലത്തിൽ മലയാള സിനിമ അഭിനന്ദിക്കപ്പെടുന്ന കാലമാണിത്. പക്ഷേ ആഭ്യന്തര വിപണിയിൽ നമ്മുടെ സിനിമകൾ പരാജയപ്പെടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സൂക്ഷ്മമായി വിലയിരുത്തുകയും സമഗ്രമായ പരിഹാരങ്ങൾ കാണേണ്ടതുമായ വിഷയമാണിത്.

പ്രതിസന്ധിയുടെ ആഴം

പുതുവർഷം തുടങ്ങി നാല് മാസം പിന്നിടുമ്പോൾ മലയാള സിനിമാ വ്യവസായത്തിൽ എങ്ങും മുഴങ്ങുന്നത് നഷ്ടക്കണക്കുകളാണ്. ഈ വർഷം ഇതുവരെ 50 ലധികം സിനിമകൾ റിലീസ് ചെയ്തതിൽ ഒരെണ്ണം മാത്രമാണ് തീയറ്ററിൽ വിജയം കണ്ടത്. ​ഒ.ടി.ടി കളിലും സിനിമകൾ കാണാൻ ആളില്ലെന്നാണ് സൂചന. പരാജയ സിനിമകളിൽ സൂപ്പർ താര ചിത്രങ്ങളായ ക്രിസ്റ്റഫർ, എലോൺ തുടങ്ങിയവയും ഉൾപ്പെടുന്നുണ്ട്. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ ഒന്നിലധികം ചിത്രങ്ങളും പരാജയപ്പെട്ടു. ഈ വർഷം ഇതുവരെ ഇറങ്ങിയതിൽ തീയറ്റർ വിജയം കണ്ടത് ‘രോമാഞ്ചം’ എന്ന ഒറ്റ സിനിമയാണ്.


വലിയ പ്രതീക്ഷ പുലർത്തിയിരുന്ന സിനിമകളും ബോക്സോഫീസിൽ കൂപ്പുകുത്തി. ഇതിന് പിന്നാലെയാണ് അഭിനേതാക്കളെച്ചൊല്ലി വിവാദങ്ങളുണ്ടായത്. ഇതോടെ മലയാള സിനിമ വ്യവസായം എരിതീയിൽനിന്ന് വറചട്ടിയിൽ വീണതുപോലായി. സിനിമ പിടിച്ച് പണംപോയി നിരാശകയറിയിരുന്ന ​അസോസിയേഷൻ നേതാക്കൾ കലിപ്പും കലിതുള്ളലുമായി രംഗത്തുവരുന്നതാണ് നാം പിന്നീട് കാണുന്നത്.

മലയാള സിനിമ പ്രതിസന്ധിയുടെ ചരിത്രം

മലയാള സിനിമയും കെ.എസ്.ആർ.ടി.സിയും വ്യാവസായികമായി നോക്കിയാൽ ഏകദേശം ഒരുപോലെയാണെന്ന് കാണാൻ കഴിയും. ജനിച്ചപ്പോൾ മുതൽ പ്രതിസന്ധിയും ഇവരുടെ കൂടെപ്പിറപ്പായിരുന്നു. മലയാള സിനിമയിൽ പ്രതിസന്ധിയൊഴിഞ്ഞ കാലം അപൂർവ്വമാണെന്ന് പറയാം. കഴിഞ്ഞ 20 വർഷങ്ങളുടെ ചരിത്രം എടുത്താൽ ഇത് ബോധ്യമാകും. 2000ത്തിൽ മലയാള സിനിമയിൽ നിലനിന്ന പ്രതിസന്ധി ഇപ്പോഴത്തേതിന് സമാനമാണ്. അന്ന് സിനിമക്കാരുടെ സംഘടനകളിൽ ഏറ്റവും ശക്തം കേരള ഫിലിം ചോംബർ ഓഫ് കൊമേഴ്സ് ആയിരുന്നു. അഭിനേതാക്കൾക്കായി അമ്മ എന്ന സംഘടനയും അന്ന് സജീവമായിരുന്നു. ഈ കാലഘട്ടത്തിൽ മലയാള സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. തീയറ്ററുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന പരിദേവനങ്ങൾ എങ്ങും ഉയരുന്നുണ്ടായിരുന്നു. ഇതിനെ പ്രതിരോധിക്കാൻ ഫിലിം ചേംബർ ഓഫ് കൊമേഴ്സ് രംഗത്തിറങ്ങി. അവരുടെ കണ്ടെത്തൽ അനുസരിച്ച് താരങ്ങൾ ഗൾഫ് പരിപാടികളിലും ചാനൽ പരിപാടികളിലും പ​ങ്കെടുക്കുന്നതായിരുന്നു സിനിമാ വ്യവസായം നേരിടുന്ന പ്രധാന പ്രതിസന്ധി. അന്നും താരങ്ങൾ തന്നെയാണ് പ്രതികളെന്നോർക്കണം. ഒ.ടി.ടിക്ക് പകരം ചാനലും ഗൾഫ് ഷോയും ആകുന്നെന്ന് മാത്രം.

നടീനടന്മാർ ഗൾഫ് പരിപാടികളിലും ചാനൽ പരിപാടികളിലും പങ്കെടുക്കണമെങ്കിൽ ചേംബറിന്റെ അനുവാദം വാങ്ങണമെന്നും അല്ലാത്തപക്ഷം അവരെ ‘ബാൻ‘ ചെയ്യുമെന്നുമാണ് അന്ന് ​ഫിലിം ചേംബർ പ്രഖ്യാപിച്ചത്. ഇതിനെതിരെ താരങ്ങളും അവരോടൊപ്പമുള്ളവരും ആരംഭിച്ച പ്രക്ഷോഭം മലയാളസിനിമാ രംഗത്തെ മാസങ്ങളോളം സ്തംഭിപ്പിച്ചു. തുടർന്നിങ്ങോട്ട് മലയാള സിനിമാ രംഗം തുടർച്ചയായ സ്തംഭനങ്ങളും സമരാഹ്വാനങ്ങളും തിയേറ്റർ അടച്ചിടലുകളും ഷൂട്ടിങ് നിർത്തിവെക്കലുകളും കൊണ്ട് കലുഷമായിരുന്നു. പ്രതിസന്ധി മറി കടക്കാൻ കെ.എസ്.എഫ്. ഡി.സി യും സർക്കാരും മുൻ കൈ എടുത്ത് ചർച്ചകൾ നടത്തി. ഏറെ സങ്കീർണ്ണമായിരുന്ന ആ കാലഘട്ടത്തിലാണു തിലകനും പൃഥിരാജും മീരാ ജാസ്മിനും ബാബുരാജുമെല്ലാം ആദ്യമായി അമ്മയുടെ അച്ചടക്ക നടപടി നേരിട്ടത്. എറണാകുളത്തെ ഹോട്ടലിൽ രാത്രി വരെ നീണ്ട അസോസിയേഷന്റെ യോഗത്തിൽ ഇവരെക്കൊണ്ട് പരസ്യമായി മാപ്പു പറയിപ്പിക്കണമെന്ന് പല അംഗങ്ങളും ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഇവർ ‘ഖേദം പ്രകടിപ്പിച്ചു’ എന്ന് അന്ന് ജനറൽ സെക്രട്ടറിയായിരുന്ന മോഹൻലാൽ പിന്നീട് പത്രസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു.


അന്നും പ്രശ്നക്കാരായി വിലയിരുത്തപ്പെട്ടത് യുവതാരങ്ങളായിരുന്നു എന്നതാണ് രസകരം. പൃഥ്വിരാജ് എന്ന നടൻ ഇപ്പോൾ സിനിമാ സംഘടനകളുടെ പ്രിയപ്പെട്ട ആളാണെങ്കിൽ അന്ന് അതായിരുന്നില്ല സ്ഥിതി. പൃഥ്വിയെ സിനിമയിൽ നിന്ന് പുറത്താക്കാൻ പ്രതിജ്ഞ ചെയ്ത ഒരു സംഘം അന്ന് ഉണ്ടായിരുന്നു. ഷൂട്ടിങ് തുടങ്ങും മുമ്പ് ഫിലം ചേംബറുമായി കരാർ ഉണ്ടാക്കണമെന്ന നിബന്ധനയ്ക്കെതിരേ അക്കാലത്ത് വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ‘സത്യം’ എന്ന സിനിമയിൽ അഭിനയിച്ച പൃഥ്വിരാജ് സംവിധായകൻ വിനയനോടൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ വർഷങ്ങൾക്കു മുമ്പ് പിതാവ് സുകുമാരനെതിരെ നടന്ന വിലക്കിന്റെ ചരിത്രം ഓർമ്മിപ്പിച്ച് വികാര നിർഭരമായി സംസാരിക്കുന്നുണ്ട്. അന്ന് വെറും 21 കാരനായിരുന്നു ഈ നടൻ. ‘സത്യം’ സിനിമക്കുശേഷം പൃഥ്വിരാജ് താരസംഘടനയുടെ വിലക്കു നേരിട്ട നാളുകളിലാണു വിനയന്റെ ‘അത്ഭുത ദ്വീപ്‘ ഇറങ്ങിയത്. ‘അത്ഭുതദ്വീപി‘ന്റെ വിജയത്തോടെ പൃഥ്വിരാജ് തിരിച്ചെത്തുകയായിരുന്നു.

2000ങ്ങൾക്ക് ശേഷം മലയാള സിനി പ്രമേയപരമായ ദാരിദ്ര്യവും അനുഭവിച്ചു. സിനിമ സൂപ്പർ താരങ്ങൾക്ക് മാത്രം ചുറ്റുന്ന അവസ്ഥയുണ്ടായി. അവർക്കായി അതിമാനുഷ കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെട്ടു. സൂപ്പർ താര സംസ്കാരം മലയാള സിനിമയെ നശിപ്പിക്കും എന്ന് മുറവിളി ഉയർന്നു. ഇക്കാലത്ത് സിനിമയിലെ താരാധിപത്യത്തിനും ഗുണ്ടായിസത്തിനും എതിരേ പൊതുയോഗങ്ങൾ പോലും സംഘടിപ്പിക്കുന്നുണ്ട്. 2016 കാലത്തെ പ്രതിസന്ധി തീയറ്റർ വിഹിതത്തെ​െച്ചാല്ലിയായിരുന്നു. തിയറ്റര്‍ വിഹിതത്തെ ചൊല്ലി നിര്‍മാതാക്കളും തിയറ്റര്‍ ഉടമകളും തമ്മിലുള്ള തര്‍ക്കം സിനിമ നിര്‍മാണവും വിതരണവും പ്രതിസന്ധിയിലാക്കി. തിയറ്റര്‍ വിഹിതത്തിന്‍െറ പകുതി വേണമെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ നിലപാടെടുത്തു .

തര്‍ക്കത്തെ തുടര്‍ന്ന് സിനിമ നിര്‍മാണവും വിതരണവും നിര്‍ത്തിവെച്ചു. ഇറങ്ങിയ സിനികളെല്ലാം പരാജയപ്പെടുന്ന കാലമായിരുന്നു അത്. സാറ്റലൈറ്റ് അവകാശം മാത്രം ലക്ഷ്യമിട്ട് സിനിമകൾ നിർമിക്കുന്നു എന്നും ആരോപണങ്ങൾ ഉയർന്നു (ഇപ്പോൾ അത് ഒ.ടി.ടി ആയെന്നുമാത്രം). അത്തരം സിനിമകൾക്ക് വിലക്ക് ഏർപ്പെടുത്തും എന്ന് സിനിമാ സംഘടനകൾ പ്രഖ്യാപിച്ചു (എല്ലാത്തിന്റേയും പരിഹാരം അന്നും ഇന്നും വിലക്കാണെന്നതാണ് രസകരം). ‘പുതുതായി സിനിമയിലേക്ക് വരുന്നവരുടെ കഴിവ് നിരീക്ഷിക്കും’എന്നുവരെ അന്ന് മലയാള സിനിമാ സംഘടനാ നേതാക്കൾ പ്രഖ്യാപിക്കുന്നുണ്ട്. കുറേക്കാലം സിനിമയിലെ പ്രതിസന്ധിയായി പറഞ്ഞിരുന്നത് തീയറ്ററുകളുടെ നിലവാരമില്ലായ്മയായിരുന്നു. കുടുംബങ്ങൾ സിനിമ കാണാൻ വരുന്നില്ല എന്ന് വിലയിരുത്തലുണ്ടായി. ഇതോടെ തീയറ്ററുകൾ പുതുക്കിപ്പണിതു. അപ്പോൾ ടിക്കറ്റ് ചാർജ് കൂടുന്നു എന്നായി പരാതി. കോവിഡ് വന്നതോടെ മൊത്തം പ്രതിസന്ധിയായി, ചർച്ചയായി.

ആവർത്തിക്കുന്ന പ്രതിസന്ധികൾ

മലയാള സിനിമ വ്യവസായത്തിന്റെ പ്രതിസന്ധികളുടെ കാരണം അന്വേഷിച്ചാൽ ചില പ്രശ്നങ്ങൾ ആവർത്തിക്കുന്നതായി കാണാം. അതിൽ ഒന്നാമത്തേത് പ്രമേയ ദാരിദ്രമാണ്. ഇത് ഏറെക്കുറെ എല്ലാക്കാലത്തും സിനിമയിൽ ഉണ്ടായിരുന്നു. 2000മുതൽ 2011 വരെയൊക്കെ ഈ പ്രതിസന്ധി രൂക്ഷമായിരുന്നു. പിന്നീട് മലയാള സിനിമ ഒരു നവതരംഗത്തിന് സാക്ഷ്യംവഹിക്കുന്നുണ്ട്. യുവതാരങ്ങളാലും യുവസംവിധായകരാലും സിനിമ പരിവർത്തനം ചെയ്യപ്പെട്ടുതുടങ്ങി. റിയലിസ്റ്റിക് ആഖ്യാനത്തിലുള്ള സിനിമകൾ പെരുകി. സിനിമകൾ രാഷ്ട്രീയമായ ശരികൾക്ക് വേണ്ടി നിലകൊണ്ടു. ചെറിയ ബഡ്റ്റിൽ നിർമിച്ച മികച്ച സിനിമകൾ വന്നു. ഇവയെല്ലാം ഇപ്പോഴും തുടരുന്നുമുണ്ട്.


പ്രതിസന്ധിക്കുള്ള മറ്റൊരു കാരണം അന്യഭാഷാ ചിത്രങ്ങളുടെ ‘തള്ളിക്കയറ്റ’മായിരുന്നു. ഈ വാദം എല്ലാക്കാലത്തും ആവർത്തിക്കുന്നതുകാണാം. അന്യർ എന്ന് നാം വിളിച്ച് ആക്ഷേപിക്കുന്നവർ നമ്മുടെ രാജ്യത്തുതന്നെയുള്ള മറ്റ് വിനോദ വ്യവസായ സംഘങ്ങളാണ്. അവരുടെ പണക്കൊഴുപ്പും ആഡംബരവും നമ്മെക്കാൾ വലുതായതിനാൽതന്നെ ഒരുതരം ഈർഷ്യ എപ്പോഴും അവരോട് ഇവിടത്തെ സിനിമക്കാർ പുലർത്തിയിരുന്നു. മറ്റൊരു കാരണം ബാഹ്യമായ സംവിധാനങ്ങളോ​ടുള്ള സഹകരണമാണ്. ടെലിവിഷൻ, സ്റ്റേജ് ഷോ, ഒ.ടി.ടി എന്നിങ്ങനെപോകുന്നു അത്. മറ്റൊരു ആവർത്തിക്കുന്ന പ്രശ്നം താരങ്ങളുടെ പ്രതിഫലം, അമിത ചിലവുകൾ, സ്വഭാവദൂഷ്യങ്ങൾ തുടങ്ങിയവയാണ്. പലപ്പോഴും ഒരു സിനിമ പരാജയപ്പെടുമ്പോഴുള്ള ധനനഷ്ടവും മറ്റുനഷ്ടങ്ങളുമെല്ലാം നിർമാതാവിനും അയാൾക്കൊപ്പമുള്ളവർക്കും മാത്രമായിരിക്കും. നടന്മാരുൾ​പ്പടെ പണവും വാങ്ങി സ്ഥലം വിടാറാണ് പതിവ്. ഇതിന്റെ വിരോധം സംവിധായകനും നിർമാതാക്കൾക്കും എല്ലാക്കാലത്തും അഭിനേതാക്കളോടുണ്ട്. അതുകൊണ്ടുതന്നെ താരങ്ങളുടെ തലക്കുമുകളിൽ വിലക്കിന്റെ വാൾ സിനിമാ സംഘടനകൾ എല്ലാക്കാലത്തും തൂക്കിയിടാൻ ശ്രദ്ധിക്കാറുണ്ട്.

പ്രതിസന്ധി 2.0

തുടക്കത്തിൽ സൂചിപ്പിച്ച പോലെ മലയാള സിനിമ പതിവ് പ്രതിസന്ധിയിലാണിപ്പോൾ. കാരണങ്ങളിൽ പലതും ആവർത്തിക്കുന്നതിനൊപ്പം ചിലതെല്ലാം പുതുതായി ആരോപിക്കപ്പെടുന്നുമുണ്ട്. താരങ്ങൾ ത​െന്നയാണ് പതിവുപോലെ പ്രതിസ്ഥാനത്ത്.പുതിയ കാരണങ്ങളിൽ പ്രധാനം സിനിമ മേഖലയിലെ ലഹരി ഉപയോഗമാണ്. ഇതൊരു ആരോപണം എന്നതിൽ കവിഞ്ഞ് വളർന്നിരിക്കുന്നു. ഇതിനുമുമ്പ് ഇങ്ങിനൊരു സ്ഥിതിവിശേഷം സിനിമയിൽ ഉണ്ടായിട്ടില്ല. മലയാള സിനിമാ വ്യവസായത്തിന് ഉള്ളിൽനിന്നുതന്നെ ലഹരി ആരോപണം വരുന്നു എന്നതും പുതുമയാണ്. സാറ്റലൈറ്റ് റൈറ്റ് കിട്ടാൻ സിനിമ എടുക്കുന്നു എന്നതിൽനിന്ന് ഒ.ടി.ടിക്കായി സിനിമ എടുക്കുന്നു എന്നതിലേക്ക് ആരോപണങ്ങൾ വികസിച്ചിട്ടുണ്ട്. പച്ചപിടിച്ചുവന്ന തീയറ്റർ വ്യവസായം പ്രതിസന്ധിയിലാണ് എന്നതും നിഷേധിക്കാനാവാത്ത സത്യമാണ്.

പ്രതികൾ താരങ്ങൾ

പതിവുപോലെ മലയാള സിനിമയിലെ സകല കുഴപ്പങ്ങൾക്കും കാരണം അഭിനേതാക്കളാണ് എന്നാണ് അന്തിമവിധി വന്നിരിക്കുന്നത്. പ്രതിഫലം കൂട്ടുന്നു, അച്ചടക്കമില്ല, കഞ്ചാവ് അടിക്കാരാണ് തുടങ്ങി ബഹുമുഖ ആരോപണങ്ങളാണ് ഇവർക്കെതിരേ ഉന്നയിച്ചിരിക്കുന്നത്. ഇവരിൽനിന്ന് ചില ബലിയാടുകളേയും കണ്ടെത്തിയിട്ടുണ്ട്. താരതമ്യേന പിടിപാടും സ്വാധീനവും കുറഞ്ഞ ചില കുഞ്ഞൻമാരെയാണ് ഇത്തവണയും പിടികൂടിയിരിക്കുന്നത്.

ശ്രീനാഥ് ഭാസി, ഷെയിൻ നിഗം

ഇവർ ചെയ്ത കുറ്റങ്ങൾ ബഹുരസമാണ്.സമയത്ത് സെറ്റിൽ വന്നില്ല, തനിക്ക് സിനിമയിൽ പ്രാധാന്യം വേണമെന്ന് പറയുന്നു, സഹതാരങ്ങളെ കളിയാക്കി തുടങ്ങിയവയാണ് എടുത്തുപറയുന്ന ആരോപണങ്ങൾ. ഇതുകേട്ടാൽ ഈ കുറ്റങ്ങളൊന്നും ചെയ്യാത്തവരാണ് സിനിമയിലെ സൂപ്പർ, മെഗാ താരങ്ങൾ ഉൾപ്പടെയുള്ളവർ എന്ന് ​തോന്നും. വമ്പന്മാർക്കും അവരുടെ മക്കൾക്കും അവരുടെ ശിങ്കിടികൾക്കും മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന സിനിമാ സംഘടനാ കാരണവന്മാർചോദിക്കാനും പറയാനും അധികമാരും ഇല്ലാത്തവരെ തിരഞ്ഞുപിടിച്ച് ശിക്ഷാമാതൃകകൾ സൃഷ്ടിക്കുകയാണെന്നതാണ് വാസ്തവം. പക്ഷെ ഇതുപോലുള്ളതോ ഇതിനേക്കാൾ ഗുരുതരമോ ആയ ആരോപണങ്ങളിൽക്കൂടി കടന്നുപോയവർ തന്നെയാണ് ഇന്നത്തെ താര സിംഹാസനങ്ങളിൽ ഇരിക്കുന്നവർ.

അമ്മാവൻ സിൻ​ട്രോം

സംഘടനകളുടെ ആധിഖ്യമുള്ള ഒരു വ്യവസായമാണ് മലയാള സിനിമ. സംഘടിക്കുമ്പോഴുണ്ടാകുന്ന ഗുണവും ദോഷവും ഈ ഇൻഡസ്ട്രിക്കുണ്ട്. അച്ചടക്കം, ചോദിക്കാനും പറയാനും ആളുണ്ടാവുക, മാന്യമായ വേതനം തുടങ്ങിയവയാണ് സംഘടന കൊണ്ടുള്ള ഗുണം. എന്നാൽ സംഘടന ഒരുതരം ഗോത്രവർഗ രീതികളും നീതികളും ഒപ്പം കൊണ്ടുവരും. ‘വിലക്ക്’എന്നത് മലയാള സിനിമയിൽ വ്യാപകമായത് സംഘടനകൾ വന്നതിനുശേഷമാണ്. വിലക്ക് ഒരു ഗോത്രരീതിയാണ്. കൂട്ടത്തിൽനിന്ന് പുറത്താക്കുക എന്നതാണ് അതിലെ യുക്തി. എല്ലാ പ്രശ്നങ്ങളുടേയും പരിഹാരമായ ഒറ്റമൂലിയാണ് ഇന്ന് മലയാള സിനിമയിൽ വിലക്ക്. ഏറെ എളുപ്പമുള്ള പരിഹാരമാണത്. മറ്റ് ആലോചനകൾ, ചിന്തകൾ, പരിഹാര മാർഗങ്ങൾ ഒന്നും ആലോചിക്കാൻ സിനിമാ സംഘടനകളിലെ നേതൃത്വത്തിന് കഴിയുന്നില്ല എന്നതാണ് വാസ്തവം. എളുപ്പമുള്ള ഇരകളെ കണ്ടെത്തുക, വിലക്കുക അതോടെ സർവ്വ പ്രശ്നങ്ങൾക്കും പരിഹാരമായി എന്ന് വിശ്വസിക്കുകയാണവർ.

യുവാക്കളോടുള്ള അസഹിഷ്ണുതയും സിനിമാ സംഘടനകളുടെ നേതൃത്വത്തിന് കലശലാണ്. വീട്ടിലേയും നാട്ടിലേയും യുവാക്കളെപ്പറ്റി അമ്മാവന്മാർ പറയുന്നതുതന്നെയാണ് സിനിമാ കുടുംബത്തിലെ പുതുമുറക്കാരപ്പറ്റിയുമുള്ളത്. അച്ചടക്കമില്ല, കഞ്ചാവാണ്, ഉത്തരവാദിത്വമില്ല, ബഹുമാനമില്ല, അഹങ്കാരികളാണ് എന്നിങ്ങ​നെ പോകുന്ന ആ ആ​രോപണങ്ങൾ.

എന്താണ് യഥാർഥ പ്രതിസന്ധി

മലയാള സിനിമയിൽ പ്രതിസന്ധിയുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്നുതന്നെയാണ് ഉത്തരം. അതിന് ഏറിയും കുറഞ്ഞും പലതരം കാരണങ്ങളും ഉണ്ട്. അതിൽ നടന്മാരും, സംവിധായകരും, നിർമാതാക്കളും, എഴുത്തുകാരും ഒക്കെ പ്രതികളാണ്. യഥാർഥത്തിൽ ഈ പ്രതിസന്ധി മലയാളത്തിൽ മാത്രമല്ല ഉള്ളത്. ലോക സിനിമ ആകമാനം ഒരുതരം മാന്ദ്യത്തിന്റെ നിഴലിലാണ്. സൂക്ഷ്മമായി പരിശോധിച്ചാൽ സിനിമയല്ല തീയറ്റർ വഴി നടക്കുന്ന സിനിമ കച്ചവടം ആണ് പ്രതിസന്ധിയിലെന്ന് കാണാം. സിനിമകൾ പൂക്കുകയും തളിർക്കുകയും തഴച്ചുവളരുകയുമാണ്. എന്നാൽ അതിലെ കച്ചവടം എന്ന എലമെന്റ് തീയറ്ററുകളിൽ നിന്ന് പതിയെ തെന്നിമാറുന്നുണ്ട്. ഇതിന് പ്രധാന കാരണം താരങ്ങളുടെ കഞ്ചാവ് അടിയോ, തമാശപറച്ചിലോ അല്ല. അല്ലെങ്കിലത്തന്നെ ഒന്നോ രണ്ടോ നടന്മാർ സെറ്റിലെത്താൻ താമസിച്ചതാണ് ഈ വർഷമിറങ്ങിയ 50 സിനിമകൾ പരാജയപ്പെടാൻ കാരണം എന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടാകുമോ എന്നറിയില്ല.


പ്രതിസന്ധിയുടെ പ്രധാന കാരണം തീയറ്റർ എന്ന ഏകയിടത്തുനിന്ന് വിനോദവ്യവസായം ചുവടുമാറുന്നുണ്ട് എന്നതാണ്.പണ്ട് ടെലിവിഷനും, സ്റ്റേജ്ഷോയും അപഹരിച്ച തീയറ്റർ സ്​പെയ്സിലേക്ക് ഒരുപാട് പുതുതലമുറ വിനോദോപാധികൾ വന്നിരിക്കുന്നു. അതിൽ പ്രധാനം ഒ.ടി.ടിയാണ്. ലോകത്തിലെ ഏത് സിനിമയും ഇന്ന് വിരൽത്തുമ്പിൽ ലഭ്യമാണ്. തീയറ്റർ എന്ന ഒറ്റ സാധ്യതയിൽ നിന്ന് സിനിമ എന്ന ഉത്പ്പന്നം മോചിപ്പിക്കപ്പെട്ടിരിക്കുന്നു. കിടക്കുമ്പോൾ, നടക്കുമ്പോൾ തുടങ്ങി തിന്നുമ്പോഴും കുടിക്കുമ്പോഴും വരെ സിനിമ കാണാനാവുന്ന സാഹചര്യത്തിലാണ് ഇന്ന് മനുഷ്യനുള്ളത്. പിന്നെ എന്തിനാണ് തീയറ്റർ എന്ന ഇരുട്ടിലേക്ക് വാഹനം എടുത്ത് ആളെക്കൂട്ടി പൈസ ചെലവാക്കി വരേണ്ടത് എന്ന് ഒരാൾ ചിന്തിച്ചാൽ കുറ്റം പറയാനാകില്ല.

പരിഹാരം

മലയാള സിനിമകൾ അതിന്റെ മൂല്യത്തിലും കലാപരതയിലും പ്രമേയവൈവിധ്യത്തിലും ഇന്ത്യൻ സിനിമയെത്ത​െന്ന സ്വാധീനിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് പ്രതിസന്ധി വരുന്നത് എന്നതാണ് രസകരം. ഒരു സിനിമ തിയറ്ററിൽ വിജയിക്കുന്നതിന് കലാപരതയോ മൂല്യമോ ബാധകമല്ല എന്നാണിത് കാണിക്കുന്നത്. സിനിമ വ്യവസായം ഗൗരവകരമായൊരു വഴിപിരിയലിന് സമയമായിരിക്കുന്നു. തീയറ്ററിനുവേണ്ടിയുള്ള സിനിമകൾ പ്രത്യേകമായി ഇവിടെ ഉണ്ടാവേണ്ടതുണ്ട്. തീയറ്റർ അനുഭവം എന്നത് കുറേയൊക്കെ സാ​ങ്കേതികമാണ്. വലിയ സ്ക്രീൻ, മികച്ച ശബ്ദം, കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യപരത തുടങ്ങിയവയുള്ള സിനിമകൾ ഉണ്ടായാൽ മാത്രമേ തീയറ്ററിൽ ആളുകൾ എത്തുകയുള്ളൂ. അന്യഭാഷയിൽനിന്ന് ഇവിടെയെത്തി തീയറ്റർ വിജയം കൊയ്യുന്ന സിനിമകൾ ഇത്തരത്തിലുള്ളതാണെന്ന് കാണാൻ കഴിയും.

മലയാള സിനിമാ വ്യവസായം കൂട്ടുബിസിനസ് എന്ന നിലയിലേക്ക് വളരേണ്ട സന്ദർഭമാണിത്. നിർമാണ കമ്പനികളും, കൂട്ടായ്മകളും കൂടുതലായി ഉണ്ടാകേണ്ടിയിരിക്കുന്നു. പഴയ ഉദയായുടേയും നവോദയായുടേയും പുതുരൂപങ്ങൾ ഉണ്ടാവേണ്ടതും അനിവാര്യതയാണ്. സിനിമാ നിർമാണത്തിൽ ഒറ്റയാൾ വിപ്ലവങ്ങൾ ഇനിമുതൽ സാധ്യമാകില്ല.അവർക്ക് അനുയോജ്യമായ സിനിമാ വിഷയങ്ങളും ആലോചനകളും ഉണ്ടാകണം. സിനിമകളുടെ എണ്ണം കുറക്കുകയും ക്യാൻവാസ് വലുതാക്കുകയും വേണം. ആത്യന്തികമായി ഐക്യവും കൂട്ടായ ആലോചനകളും ഉണ്ടാകണം. താരങ്ങൾ തുരുത്തുകളായി നിന്നാൽ കാലിന് ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമെന്ന് തീർച്ചയാണ്. ഷാരുഖും സൽമാനും ഒന്നിക്കുന്ന സിനിമകളെപ്പറ്റിയാണ് ബോളിവുഡ് ആലോചിക്കുന്നത്. വൈകാതെ കമലും രജനിയും സ്ക്രീൻ പങ്കിടുന്നതും കാണേണ്ടിവന്നേക്കാം. അതല്ലാതെ വിലക്കുകളും വടിയൈടുക്കലും ഈ സിനിമാ വ്യവസായത്തിന് ഒരു ഗുണവും ചെയ്യുകയില്ല എന്നത് നിസംശയമാണ്.

Show More expand_more
News Summary - malayalam filim crisis and Solutions