‘‘ആ കവിത വായിച്ചപ്പോൾ ഉമ്മയെ ഓർമവന്നു’’; വിയ്യൂർ അതിസുരക്ഷ ജയിലിലെ വായനക്കാരൻ മാധ്യമം ആഴ്ചപ്പതിപ്പിന് അയച്ച കത്ത് വായിക്കാം
text_fields
വിയ്യൂരിലെ അതീവ സുരക്ഷ ജയിലിൽനിന്നും മാധ്യമം ആഴ്ചപ്പതിന്റെ വായനക്കാരൻ മൻസിദ് തപാൽ വഴി അയച്ച കത്ത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1308ൽ എഴുത്തുകുത്ത് വിഭാഗത്തിലാണ് കത്ത് പ്രസിദ്ധീകരിച്ചത്. മാധ്യമം ആഴ്ചപ്പതിപ്പിൽ സെബാസ്റ്റ്യൻ എഴുതിയ ‘കാതിലോല’ എന്ന കവിതയാണ് മൻസിദിനെ കത്തെഴുതാൻ പ്രേരിപ്പിച്ചത്. സെബാസ്റ്റ്യൻ എഴുതിയ ‘കാതിലോല’ എന്തൊരു അഴകാണ് (ലക്കം: 1299)! അമ്പത് കഴിയുമ്പോഴേക്ക് ഓരത്താക്കപ്പെടുന്ന പെൺജീവിതങ്ങളുടെ കേൾക്കുവാനുള്ള അടങ്ങാത്ത ആശയും മക്കളെയും മക്കളുടെ മക്കളെയും...
Your Subscription Supports Independent Journalism
View Plansവിയ്യൂരിലെ അതീവ സുരക്ഷ ജയിലിൽനിന്നും മാധ്യമം ആഴ്ചപ്പതിന്റെ വായനക്കാരൻ മൻസിദ് തപാൽ വഴി അയച്ച കത്ത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1308ൽ എഴുത്തുകുത്ത് വിഭാഗത്തിലാണ് കത്ത് പ്രസിദ്ധീകരിച്ചത്. മാധ്യമം ആഴ്ചപ്പതിപ്പിൽ സെബാസ്റ്റ്യൻ എഴുതിയ ‘കാതിലോല’ എന്ന കവിതയാണ് മൻസിദിനെ കത്തെഴുതാൻ പ്രേരിപ്പിച്ചത്.
സെബാസ്റ്റ്യൻ എഴുതിയ ‘കാതിലോല’ എന്തൊരു അഴകാണ് (ലക്കം: 1299)! അമ്പത് കഴിയുമ്പോഴേക്ക് ഓരത്താക്കപ്പെടുന്ന പെൺജീവിതങ്ങളുടെ കേൾക്കുവാനുള്ള അടങ്ങാത്ത ആശയും മക്കളെയും മക്കളുടെ മക്കളെയും കേൾക്കുവാനുള്ള ഹൃദയത്തിന്റെ ദാഹവും അതിൽനിന്നെല്ലാം ദൂരത്താക്കി വൃദ്ധസദനത്തിലോ വീട്ടിന്റെ മൂലയിലോ തള്ളപ്പെടുന്നവരുടെ നിശ്ശബ്ദ വിതുമ്പലുകളും പകർത്തിയിരിക്കുന്നു. സൊറപറച്ചിലുകൾക്കും പരദൂഷണം പറച്ചിലിനും ചെവി കൂർപ്പിക്കുന്ന അയൽപക്ക കൂട്ടുകളുടെ നഷ്ടവും അങ്ങനെ എല്ലാം ഒളിച്ചുവെച്ച വരികൾ. തിളങ്ങുന്ന കാതിലകളും കമ്മലുകളും കാവലിരിക്കുന്ന കാതുകളിലൂടെ പുതിയ സൗഹൃദങ്ങൾ നെയ്തെടുക്കപ്പെടുന്നു. അവർ യൗവനത്തിൽ ജീവിതം നെയ്തതുപോലെ, ഭംഗിയായി!
വായിച്ചു തീർന്നപ്പോൾ അമ്പത് കഴിഞ്ഞ എന്റെ സ്വന്തം ഉമ്മയെയാണ് ഓർമവന്നത്. പാവത്തിന് അമ്പത് എത്തുന്നതിന്റെ എത്രയോ മുമ്പേ അതായത് പതിനാറാം വയസ്സ് മുതൽ ശ്രവണശേഷിക്ക് തകരാറ് വന്നു. പല ചികിത്സകളും നടത്തി. ആയകാലത്ത് വാപ്പയുടെ കീശ വെളുത്തതല്ലാതെ ഫലമുണ്ടായില്ല. എത്രയോ വർഷങ്ങളായി അവർക്ക് കേൾക്കാൻ കഴിയുന്നില്ല. മക്കളെ, മക്കളുടെ മക്കളെ, അയൽക്കാരെ, കൂട്ടുകാരികളെ ഒന്നും അവർക്ക് ശരിയായി കേൾക്കാൻ പറ്റുന്നില്ല. ഈയിടക്ക് നടത്തിയ ഒരു പരിശോധനയിൽ ചെവിക്കകത്ത് വെക്കാൻ കഴിയുന്ന വലുപ്പം കുറഞ്ഞ ശ്രവണസഹായി ഉപയോഗിച്ചാൽ കേൾക്കും എന്ന് മനസ്സിലായി. പക്ഷേ, ലക്ഷത്തോളം വിലയാവും എന്ന് പറഞ്ഞപ്പോൾ നിരാശ ഉള്ളിൽ മറച്ചുവെച്ച് ഉമ്മ ചിരിച്ചു. ഇത്രനാളും കേൾക്കാതെ ജീവിച്ചില്ലേ? ഇനിയും അങ്ങനെ തന്നെ ജീവിക്കാം എന്ന് പറഞ്ഞ് എന്നെ ഇങ്ങോട്ട് ആശ്വസിപ്പിച്ചു. അതാണ് ഉമ്മ.
വർഷങ്ങളായി കേൾവിയുടെ ലോകത്തുനിന്ന് അകലെയാക്കപ്പെട്ട പെറ്റവയറിനെ ഓർത്തപ്പോൾ കണ്ണ് നിറഞ്ഞുപോയി. ‘കാതിലോല’യുടെ താളിൽ ഉതിർന്ന് വീണ് നനഞ്ഞുപോയി.
‘കാതിലോല’ എല്ലാ അമ്മമാരുടെയും കവിതയാണ്. എല്ലാ പെൺജീവിതങ്ങളുടെയും കവിതയാണ്. നാരങ്ങാമിഠായിപോലെ, വല്യ പേരൊന്നുമില്ലാതെ, വർണക്കടലാസിന്റെ പത്രാസില്ലാതെ ഞാൻ ‘ചീനി’ എന്ന് വിളിക്കുന്ന എന്റെ ഉമ്മച്ചിയെ പോലെയുള്ള എല്ലാ അമ്മമാരുടെയും മധുരമുള്ള ജീവിതത്തെ ഓർമിക്കുന്ന കവിത. മക്കൾക്കുവേണ്ടി പുകയൂതി പുകയൂതി കരിപിടിച്ച കൈകളാൽ വെളുത്ത ചോറൂട്ടിയും വെറുപ്പ് പിടിച്ചാൽ കണ്ണുരുട്ടുന്ന അമ്മമാരുടെ കവിത, എനിക്കുവേണ്ടി നടന്നുനടന്ന് ചെരുപ്പ് തേഞ്ഞ വാപ്പച്ചിക്ക് തണലായ ചീനിയെപ്പോലുള്ള അമ്മമാരുടെ ജീവിതങ്ങളുടെ കവിത.
സെബാസ്റ്റ്യന് അഭിനന്ദനങ്ങൾ
ഒപ്പം ആഴ്ചപ്പതിപ്പിനും.
മൻസീദ്, C 322, വിയ്യൂർ
സെബാസ്റ്റ്യൻ എഴുതിയ കവിത -കാതിലോല വായിക്കാം
അമ്പതു കഴിയുമ്പോൾ
പെണ്ണുങ്ങളുടെ കാതിൽ
ഇരു ചന്തങ്ങൾ കയറിയിരുന്ന് പ്രകാശം പരത്തും.
കുണുങ്ങുന്ന തിളക്കങ്ങൾ
ഉള്ളിലേക്ക് വലിയും.
വട്ടമൊപ്പിച്ച് ഒച്ചയുടെ കാവൽക്കാരെന്നപോലെ;
ജാഗ്രതയോടെ അവ ഇരിക്കും.
ഇരുത്തം വന്ന രണ്ട് കാട്ടുദേവതകളെപ്പോലെ
മുടിച്ചാർത്തിനക്കരെയിക്കരെയിരുന്ന്
ശാന്തരായി പുഞ്ചിരിക്കും.
അവർക്ക് രുചിഭേദങ്ങളില്ല.
സ്വരങ്ങളേതും നുണഞ്ഞിറക്കും
അമ്പതു കഴിയുമ്പോൾ സ്ത്രീകളുടെ കാതുകൾ
ഹൃദയത്തിന്റെ അറകളായി ഉരുവപ്പെടും.
ഇരു ചെവിയറിയാതെയാണ് അവ തമ്മിൽ തൊടുക.
സ്വകാര്യമായ സ്നേഹത്തിന്റെ നിശ്വാസമേറ്റ്
അവരുടെ ഉള്ള് ഊഷ്മളമാവും.
ഇണക്കങ്ങൾ കോർത്തെടുക്കുന്ന സൂചികൊണ്ട്
സൗഹൃദങ്ങൾ തുന്നിയെടുത്തണിയും.
ഒച്ചയില്ലാത്ത സങ്കടങ്ങളുടെ ചില്ലകളിൽ
അവ ഋതുക്കളെ ഓരോന്നായി എടുത്തുവെക്കും.
അമ്പതു കഴിയുമ്പോൾ സ്ത്രീകളുടെ കാതുകൾ
വയസ്സറിയിക്കുന്നു.
താഴെ വീഴാത്ത കനികളായി
എത്താതെ നിന്ന്
ലോകത്തെ മോഹിപ്പിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
