Begin typing your search above and press return to search.
proflie-avatar
Login

തന്തക്കിണർ -കഥ

തന്തക്കിണർ -കഥ
cancel

അങ്ങനെയാണ് പറമ്പിന്റെ കിഴക്കേമൂലയിലെ മൂടാനിട്ടിരുന്ന ആ കിണർ പുതുക്കിയെടുക്കാൻ ഞാനങ്ങ് തീരുമാനിച്ചത്. മുപ്പതുവർഷമായി വീട്ടിലെ സകല മാലിന്യങ്ങളും, പഞ്ചായത്ത് റോഡിന്റെ കരാറുകാരൻ കൊണ്ടടിച്ച മണ്ണുമായി ഇനിയും കുറച്ച് തൊടികളേ നിറയാനുള്ളൂ. അത്രയുമായ ഒരു കിണർ വൃത്തിയാക്കിയെടുക്കുന്നത് വെളിപാട് കിട്ടിയിട്ടോ വെള്ളത്തിനോ വേണ്ടിയാണെന്ന് കരുതരുത്‌. അതെന്റെ ഒളിച്ചോട്ടമാണ്. വെറും ഇരുപതു മീറ്റർ അപ്പുറത്തെ സ്വന്തം വീട്ടിൽനിന്നുള്ള ഒളിച്ചോട്ടം. അതിനെപ്പറ്റി വിശദമായി പറഞ്ഞിട്ടാകാം, എന്റെ അച്ഛൻ വെട്ടിയ കിണറിന്റെ ചരിത്രവും വർത്തമാനവും.

ഊണുമേശയിലെ പൂപ്പാത്രത്തിൽ ചാരി​െവച്ചിരുന്ന മൊബൈലിൽ കാർട്ടൂണും നോക്കി ചോറ് തിന്നുകയായിരുന്നു എന്റെ കുട്ടി. മീനൊളിപ്പിച്ച ഒരുരുളയും നീട്ടിപ്പിടിച്ച്‌ ''തിന്നുമോനെ തിന്നുമോനെ'' എന്ന താളത്തിൽ എന്റെ ഭാര്യ. ആവർത്തിച്ചു കാണുന്ന ഈ രംഗത്തിൽ കലി കയറിയ ഞാൻ കുട്ടിയുടെ തലയിൽ ''തിന്നെടാന്ന്...'' ഊക്കിന് ഒരു തട്ട്. കുട്ടിയുടെ നെറ്റി മേശയുടെ കണ്ണാടിവക്കിന് തട്ടി ഒരു പൊട്ട്. മൂക്കിന്റെ പാലവും ചോറു ചവച്ച വായും കടന്ന് കരച്ചിലിനും മഞ്ഞ ഉടുപ്പിനും ചുവപ്പ് നിറം കൊടുത്ത് അതാ പോകുന്നു ചോര നൂല്. ഞാനെന്റെ മുണ്ടിന്റെ അറ്റംകൊണ്ട് ഇളംചോര ഒപ്പുന്നു. ഐസുകട്ടകൾ തുണിയിൽ പൊതിഞ്ഞു​െവച്ച്, ഭാര്യ ചോര നിർത്തുന്നു. ഞങ്ങൾ അവനെയും തോളിലിട്ട് കവലയിലെ ആശുപത്രിയിലേക്ക് വണ്ടി വിടുന്നു.

''ഉടൻ മഹാദേവി ഇടതുകൈയാൽ അഴിഞ്ഞ വാർപ്പൂങ്കുഴൽ ഒന്നൊതുക്കി, ജ്വലിച്ച കൺകൊണ്ടൊരു നോക്കു നോക്കി.'' എട്ടാം ക്ലാസിലെ വള്ളത്തോളിന്റെ വരികളുടെ ശിൽപഭംഗി എനിക്കപ്പോഴാണ് പൂർണബോധ്യം വന്നത്. ജീവിതത്തിലാദ്യമായി എനിക്കവളെ നോക്കാൻ പേടി തോന്നി. ചെറിയൊരു കാര്യത്തിന് നൂറ് വാക്കെങ്കിലും ചെലവാക്കുന്ന അവൾ ശ്വാസംവിടാൻപോലും മടിക്കുന്നു. കുട്ടിയുടെ കരച്ചിൽ അൽപം തോർന്നു. രക്തത്തിനെ കട്ടപിടിപ്പിക്കുന്ന വൈറ്റമിനെക്കുറിച്ച് ഞാൻ ചിന്തിച്ചു. ഭയംകൊണ്ട് ഏതോ ക്ലാസിൽ ആരോ പഠിപ്പിച്ച 'കെ'ട്ട ഉത്തരംപോലും ഓർമവന്നു. വണ്ടിയാകട്ടെ, കുട്ടിക്കുവേണ്ടി എന്നെയിട്ട് ഓടിക്കുന്നതുപോലെ നിരത്തിലൂടെ പാഞ്ഞു.

''കളിച്ചപ്പോൾ വീണതെന്നേ ഡോക്ടറോട് പറയാവൂട്ടോ മുത്തേ, ഇല്ലെങ്കിൽ അവര് നിന്റെ അപ്പനെ...'' കുട്ടിയെ നെഞ്ചിലേക്ക് ചേർത്തുപിടിച്ച ഭാര്യ, രഹസ്യമായി എന്റെ ഭാവിയോർത്ത് ഉപദേശിക്കുന്നു. ഞാൻ തല കുനിച്ചു. ''ഉം'', കുട്ടിയുടെ സമ്മതത്തിനൊപ്പം ഉള്ളിലെങ്ങോ ബാക്കികിടന്ന ഒരു ഏങ്ങലും പുറത്തുവന്നു.

''നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണം, സത്യം പറയുവാൻ ശക്തിയുണ്ടാകണം.'' ആശുപത്രിയുടെ മതിലിനോട് ചേർന്നിരിക്കുന്ന എന്റെ പ്രൈമറി വിദ്യാലയത്തിന്റെ തുരുമ്പൻ മഞ്ഞഗേറ്റ് പഴയൊരു പ്രാർഥന ഗാനം ഓർമിപ്പിക്കാൻ ശ്രമിച്ചു. ആശുപത്രിയിക്ക് തണലുവിരിച്ചുനിന്ന ഉറക്കംതൂങ്ങി മരത്തിന്റെ ചുവട്ടിൽ ഞാൻ വണ്ടി ഒതുക്കിനിർത്തി.

''കൊണ്ടുപോയിട്ട് വാ, കൊന്നാൽ പാപം, തിന്നാൽ...'' അവൾ സീറ്റിൽനിന്നിറങ്ങിയില്ല.

''ഓടിക്കളിക്കുമ്പോൾ ഊണ് മേശയിൽ ടപ്പോന്ന് മുട്ടിയതാ'', ചോദിക്കാതെ പറയുന്ന, കുട്ടികളുടെ ഉത്തരങ്ങളിൽ ചില അസ്വാഭാവികതകളുണ്ടല്ലോ. ഡോക്ടർ എന്നെയും മുറിവിന്റെ ആഴത്തിലേക്കും നോക്കി. ഒന്നേ രണ്ടേ കറുത്ത നൂലിട്ട് തുന്നൽ. മൂന്നേ നാലേ ഗുണന ചിഹ്നത്തിൽ വെളുത്ത ഒട്ടിപ്പ്. അഞ്ചേ ആറേ, രണ്ടുവീതം മൂന്നുനേരം ചുവന്ന ഗുളികകൾ. ഏഴിന്റന്ന് വന്നു തുന്നലെടുക്കണം. ഡോക്ടറുടെ താളം ഞാൻ ശ്രദ്ധിച്ചു.

''സ്കാൻചെയ്തു നോക്കണം.'' പേപ്പറിൽ ഡോക്ടർ അതിന് കുറിക്കുമ്പോൾ കുട്ടി പിന്നെയും പറഞ്ഞു.

''ഓടിക്കളിക്കുമ്പോൾ ഊണുമേശയിൽ എന്റെ ഈ തല ടപ്പോന്ന് ഒറ്റമുട്ട്...'' ഇത്തവണ ആ 'ടപ്പോയിൽ' ഡോക്ടർ വീണു.

''ഇനി ഓടുമ്പോൾ സൂക്ഷിക്കണം.'' കുട്ടി ചിരിച്ചു, ഡോക്ടറും ചിരിച്ചു. എന്റെ ചിരിയങ്ങനെ മരിച്ചു. കുറിപ്പുകളെഴുതിയ കടലാസ് ഡോക്ടർ എനിക്കു നീട്ടി.

''ഒന്നരാടം ഒട്ടിക്കണം, പഴുക്കാതെ നോക്കണം. കുട്ടികളാണ് കളിക്കും, തീരെയങ്ങ് മുതിരരുത്...'' മാമ്പഴത്തിന്റെ ചിത്രമുള്ള കവറിൽ പൊതിഞ്ഞ മിഠായികൾ കുട്ടിക്കും എനിക്കും ഡോക്ടർ തന്നു. ''വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ ദീർഘദർശനം ചെയ്യും...'' ഡോക്ടർ മാമ്പഴക്കവിത ഓർമിപ്പിച്ചു. തല കുനിഞ്ഞ്, കുട്ടിയെ തോളിൽ കിടത്തി ഡെറ്റോൾ മണമുള്ള ആ വരാന്തയിലൂടെ ഞാൻ നടന്നു. മാമ്പഴരുചിയുള്ള മിഠായി വായിൽക്കിടന്ന് കുട്ടിയുടെ പല്ലിനോട് എനിക്കെതിരെ ചില ഗൂഢാലോചനകൾ ഉണ്ടാക്കുന്നു.

ഐസ്ക്രീം കടയോട് ചേർത്ത് ഞാൻ വണ്ടി നിർത്തി. തൊട്ടപ്പുറത്തെ പൊലീസ്‌ സ്റ്റേഷനിൽ മഞ്ഞയിൽ കറുപ്പുള്ള ചുവരെഴുത്ത് 'കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണ്' ഞാനതിനെ സന്ദർഭത്തിൽ ചേർത്ത് വൈകാരികമായി വായിച്ചു. കുട്ടിയുടെ ചുണ്ടിൽ ക്രീം പുരണ്ട കൊതിമാത്രം. ഭാര്യയുടെ മുഖത്ത് മുറിവിന്റെ ആഴവും പരിഹാസവും. വാങ്ങിക്കൂട്ടിയിട്ടും എനിക്കും കുട്ടിക്കും മതിവരുന്നില്ല. വീട് വല്ലാത്തൊരു വേദനയോടെ അവരെ കാത്തുനിന്നു. കുട്ടിയുടെ കവിളിൽ വാതില് തൊട്ടു, എന്നെ ദേഷ്യത്തിൽ തടഞ്ഞു.

ചീരചേർത്ത ചോറിന്റെ ചുവന്ന ഉരുളയും നീട്ടി ഭാര്യ പിന്നെയും ഇരുന്നു. പൂപ്പാത്രത്തിലേക്ക് ഞാനെന്റെ ഫോണും ചാരി​െവച്ചിട്ട് വായന മുറിയിൽ കയറി വാതിൽ മുറുക്കിയടച്ചു. കസേരയിൽ അഴിച്ചിട്ടിരുന്ന രക്തക്കറയുള്ള എന്റെ മുണ്ട് വലിച്ചുകെട്ടിയ സ്‌ക്രീനുകണക്കെ അടിയും കരച്ചിലും രക്തവും മാത്രമുള്ള ഫ്ലാഷ് ബാക്ക് രംഗങ്ങൾ ആവർത്തിച്ചു കാണിക്കുന്നു. പത്രക്കടലാസിൽ പൊതിഞ്ഞെടുത്ത ആ മുണ്ടുമായി ഞാൻ കിണറ്റിലേക്ക് നടന്നു.

റോഡ് കരാറുകാരന്റെ ടിപ്പറു തട്ടി, കിണറിന്റെ കൈവരിയുടെ ഒരു തുണ്ട് മുറിഞ്ഞിരിക്കുന്നു. മഴ വീണ് കെട്ടിക്കിടക്കുന്ന കിണറ്റിലെ വെള്ളത്തിൽ തവളയും മക്കളും കളിക്കുന്നു. മുണ്ട് വെള്ളത്തിൽ വീണിട്ടും ചുവപ്പ് മായുന്നില്ല. അമ്മത്തവള അതിന്റെ പുറത്തിരുന്ന് 'മഴ വരാൻ പോണേന്ന്​' കരഞ്ഞു. ഞാനും കരഞ്ഞു. അവൾ ചവറുതട്ടാൻ വരുമ്പോഴെല്ലാം ആ ചുവപ്പ് കാണും, ഇല്ലാ അതിനി ചിലപ്പോൾ മാഞ്ഞുപോകില്ല. അതിരിൽ നിന്ന ഒരു കൊന്നക്കമ്പ് ഒടിച്ചെടുത്ത് മുണ്ടിനെ കോർത്തു. ചുരുട്ടിയെടുത്ത് അടുത്ത പൂച്ചെടിക്കാട്ടിലേക്ക് എറിഞ്ഞു. കിണറ്റിന്റെ തൂണിൽ ചാരിയങ്ങനെ ഇരുന്നപ്പോഴാണ് അതിനെ പുതുക്കിയെടുക്കാമെന്ന ചിന്ത വന്നത്.


മുറിവ് ഊറിക്കൂടും, തുന്നലിന്റെ പാടുകളും മായും. കാലമുള്ള മറവിവന്ന് ദുഷിച്ച ആ രംഗങ്ങളും കുട്ടിയിൽ മായ്ക്കും. അതുവരെ എനിക്ക് ഈ കിണറ്റിലേക്ക് ഇറങ്ങിനിൽക്കാം. മുൻകോപികൾക്ക് കിണറുവെട്ടോളം മറ്റൊരു മികച്ച രക്ഷാവഴിയില്ലല്ലോ.

കിണറിന് എന്നെക്കാൾ ആറര വയസ്സിന് ഇളപ്പമാണ്. എന്റെ അച്ഛൻ വെട്ടിയത്. വെട്ടുകല്ലിലും കടുപ്പമുള്ള പാര് മണ്ണിലും വെട്ടിവെട്ടി വെള്ളം കാണിച്ച വാശി. അതും പോരാത്തതിന് ഒരാൾക്ക് കിടക്കാൻ പാകത്തിന് വീതിയുള്ള അരച്ചുവര് കെട്ടിയതും മിനുസ്സമുള്ള തൂണുണ്ടാക്കിയതും കണ്ണീരുവെള്ളം കോരിച്ചുമന്നതും ചിന്തിച്ച് ചിന്തിച്ച് ഞാൻ നടന്നു. കിണറുകളുടെ കാമുകനായ പൊന്നുമണി മേസ്തിരിയുടെ വീട് എന്നെ നോക്കിച്ചിരിച്ചു. വാക്കിൽ ഉറപ്പുകൾ... കരാറുകൾ. നാളെ കാലത്ത് കൃത്യം എട്ടിന്​ മൂന്നാള് പണിക്ക് വരും. ഒരു തുക പൊന്നുമണി മുൻകൂർ വാങ്ങി, മകളുടെ കുട്ടിക്ക് പനിയാണ് പോലും.

കിണറ്റിന്റെ സമീപം പിന്നെയും കുറേനേരമിരുന്നു. വീട്ടിൽ വിളക്കുകൾ ഇനിയും തെളിഞ്ഞിട്ടില്ല. കിണറിന്റെ ചുറ്റുമുള്ള കാടുകൾ പിഴുതുമാറ്റി, പണ്ടെന്നോ നട്ട ഒരു പനിനീർപ്പൂവിന്റെ വയസ്സൻ മൂട്, പരന്ന അലക്കുകല്ല്, ചെറിയ ഇരിപ്പുകല്ല്. പൂച്ചെടിക്കാട് വീണ്ടും തെളിഞ്ഞപ്പോൾ അതാ, അവിടെ ചോരക്കറയുള്ള മുണ്ട് പൂച്ചകണക്കെ പതുങ്ങുന്നു. വീട്ടിലേക്കുള്ള ഒറ്റയടിപ്പാതയുടെ ഇരുവശവും വൃത്തിയാക്കാനിരുന്നു. വർഷങ്ങളായി ഒളിവിൽ കഴിയുന്ന ചീവീടുകൾ വീടിന്റെ പിന്നിലൊരു വിളക്ക് തെളിഞ്ഞെന്ന് കാണിച്ചുതന്നു. അടുക്കള വാതിലുവഴി അകത്തേക്ക് കയറിയപ്പോൾ ഊണുമേശയിൽ കാത്തിരുന്ന ഭാര്യ കിടപ്പുമുറിയിലേക്ക് പോയി. മേശയിൽ രുചിമരിച്ച അത്താഴം അടക്കിയിരിക്കുന്നു. കുട്ടിക്കുവേണ്ടി സാക്ഷിനിന്ന പൂപ്പാത്രം എറിഞ്ഞുടയ്ക്കാൻ തോന്നി.

വീട്ടിനുള്ളിൽ നിറഞ്ഞുനിന്ന വാക്കുകളും ചിരിയും ആ അടിയോടെ ഇറങ്ങിപ്പോയിരിക്കുന്നു. അവളുടെ മുഖത്ത് നോക്കാൻ കഴിയുന്നില്ല. കുട്ടി ഏതുനേരവും ഉറക്കമാണ്. ചിലപ്പോഴെല്ലാം ഒരു ഭയന്ന നോട്ടം എന്റെ നേർക്കയക്കുന്നുണ്ട്. വായനമുറിയിൽ ചെന്നിരുന്ന് കിണറ്റിന്‍റെ പുതുക്കൽ പദ്ധതിയിട്ടു. മൂന്നാള് ആയിരത്തി ഇരുനൂറ് വീതം ഏഴുദിവസം നല്ലൊരു തുകയാണ്. കയർ, കപ്പി, തൊട്ടികൾ, മോട്ടോർ അങ്ങനെ വാടക ഇനങ്ങൾ. കുടിവെള്ളം, ഊണ് ഒന്നിനും ആരും വീട്ടിലേക്ക് വരാത്ത വിധം ക്രമീകരിക്കണം.

കഴിക്കാനിരുന്നപ്പോൾ ആ പൂപ്പാത്രവും എന്നെ തുറിച്ചുനോക്കുന്നതായി തോന്നി. വിശപ്പില്ല, ഉറങ്ങാനായി ആ മുറിയിലേക്ക് കയറാനും തോന്നിയില്ല. ശബ്ദം നിരോധിച്ച ടീവിയും നോക്കി ഏറെനേരം സെറ്റിയിൽ കിടന്നു. അവരുണരും മുമ്പ് വീട്ടിൽനിന്നിറങ്ങാം. അലാറം ക്രമീകരിച്ചു. അടുപ്പിനോട് ചേർന്നുനിന്നാൽ കിണറ്റിന്റെ കരയിൽ പണികൾ നടക്കുന്നത് ഭാര്യക്ക്​ കാണാൻ കഴിയുമല്ലോ. ഉറങ്ങിപ്പോയി, ടീവി ഭാര്യ ഉണർന്ന് അണച്ചിട്ടുണ്ടാകും. പൂപ്പാത്രത്തിന്റെ സമീപത്തായി ചില്ലു ഗ്ലാസിൽ ചായയുണ്ട്. അതുമെടുത്ത് കിണറ്റിന്റെ കരയിലേക്ക് നടന്നു.

കിണറ്റിനുള്ളിൽനിന്ന് തൊട്ടിയിലേക്ക് കല്ലും മണ്ണും കോരിനിറയ്ക്കുന്ന പൊന്നുമണിയെ എനിക്കറിയാം. എണ്ണയിട്ട കപ്പിയിൽ ശബ്ദമില്ലാതെ വലിച്ചുകയറ്റുന്ന ഊമ മമ്മേനിയേയും അറിയാം. കോരി​െവച്ചത് കയറിലെ കൊളുത്തിൽനിന്നൂരി വേഗത്തിൽ ദൂരേക്ക് തട്ടുന്ന ആ ചെറുപ്പക്കാരൻ ആരാണ്. അവൻ ഉടുത്തിരിക്കുന്ന രക്തക്കറയുള്ള എന്റെ മുണ്ട്. കിണറ്റിനുള്ളിൽനിന്ന് അടുത്ത തൊട്ടിക്കൊപ്പം എന്റെ സംശയങ്ങൾക്കുള്ള ഉത്തരവും കയറിവന്നു.

''ആളെ മനസ്സിലായാ ഇത് നമ്മളെ ലാസറ് മേസ്തിരിയുടെ മോനാണ്...'' ചെറുപ്പക്കാരൻ എന്നെ നോക്കിയൊന്ന് അതേന്ന് ചിരിച്ചു.

''ലാസറിനെ ഈ ചെറുക്കൻ ഇന്നലെ ശരിക്ക് പൂശി.'' കിണറ്റിൽനിന്ന് ചിരിച്ചുകൊണ്ട് പൊന്തിവന്ന കഥകേട്ട് മമ്മേനിപോലും ശബ്ദമില്ലാതെ ചിരിച്ചു. എനിക്കുള്ളിൽ ഒരു ഭയം കയറി.

''അങ്ങേര് പണി സൈറ്റിൽ വെള്ളവുമടിച്ച് വന്നിട്ട് ആൾക്കാരെ മുന്നിൽ ​െവച്ച് എന്റെ തലയിൽ ഒരടി, മുഴക്കോല് പിടിച്ചുവാങ്ങി മുട്ടിനുതാഴെ നാലഞ്ചെണ്ണം ഞാനും കൊടുത്തു...'' ചെറുപ്പക്കാരൻ ചളികുഴഞ്ഞ മണ്ണ് മതിലിനോട് ചേർത്ത് തട്ടിയിട്ടു. അവന്റെ കരുത്തൻ മസിലുകളിൽ ഞാൻ പേടിയോടെ നോക്കി. മമ്മേനിയുടെ ചിരി അപ്പോഴും നിശ്ശബ്ദമായി വരുന്നുണ്ട്. ഞാൻ വീട്ടിലേക്ക് നോക്കി. അടുപ്പിന്റെ സമീപം ഭാര്യ നിൽക്കുന്നു. പുറത്തെ വാതിലിൽ കിണറിന്റെ ഭാഗത്തേക്ക് നോക്കിനിൽക്കുന്ന കുട്ടിയുടെ നെറ്റിയിലെ ഗുണനചിഹ്നവും കാണാം.

അടുത്ത തൊട്ടിയിൽ ചളികുഴഞ്ഞു വന്നത് ഇളംപച്ച നിറമുള്ള കളിപ്പാട്ടമായിരുന്നു. കുട്ടിക്ക് കൗതുകം കഴിഞ്ഞതും ചിറക് പൊട്ടിയതുമായ ഒരു തത്ത. ചളിയിൽനിന്നെടുത്ത് ഞാനതിനെ തടവിനോക്കി, മമ്മേനിയുടെ നോട്ടം കണ്ട് മാറ്റിയിട്ടു.

''ഇങ്ങനെ ഏതെങ്കിലും പ്ലാസ്റ്റിക് കിട്ടിയാൽ മാറ്റിയിടണം...'' ചെറുപ്പക്കാരൻ സമ്മതമെന്ന് തലകുലുക്കി. വീട്ടിലേക്ക് നടക്കുമ്പോൾ കുട്ടി വാതിലിൽ നിൽക്കുന്നുണ്ട്. കൈയിൽ ലാസറിനെ തല്ലിയ ''മുഴക്കോലുണ്ടോ''. ചായ കൊണ്ടുവന്ന ഗ്ലാസ് കിണറിന്റെ കൈവരിയിൽ മറന്നു​െവച്ചത് എടുക്കാനായി ഞാൻ തിരികെ നടന്നു. ഒരു തവണ കൂടെ വീട്ടിലേക്ക് തിരിഞ്ഞുനോക്കി. ഇല്ല, വാതിലിൽ കുട്ടിയില്ല, കൈയിൽ ലാസറിന്റെ മുഴക്കോലുമില്ല. ചെറുപ്പക്കാരൻ ഗ്ലാസിലേക്ക് നോക്കി.

''അത് തണുത്തിട്ടുണ്ടാകും.'' ബാക്കിയുള്ള ചായ ഒഴിച്ചുകളഞ്ഞിട്ട് ഞാൻ വീട്ടിലേക്ക് നടന്നു.

കുളി കഴിഞ്ഞു കാപ്പികുടിക്കാൻ ചെല്ലുമ്പോൾ പൂപ്പാത്രത്തിന്റെ അടുത്ത് ഫോണില്ല. മകൻ സ്വയം വാരിക്കഴിക്കുന്നു. എന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചു, പക്ഷേ പുറത്തുവന്നില്ല. കഴിച്ചെന്നു വരുത്തിയിട്ട് ഞാൻ കിണറ്റിന്റെ അടുത്തേക്ക് നടന്നു.

അതിനുള്ളിലിപ്പോൾ ചെറുപ്പക്കാരനാണ്. അടർന്നുവീണിരുന്ന കിണറിന്റെ കൈവരിക്കെട്ട് അടുക്കി​െവച്ചിരിക്കുന്നു. ഒരു പാറക്കല്ലിൽ ചുറ്റിക പതിയുന്ന ശബ്ദം. ഒപ്പം ചെറുപ്പക്കാരന്റെ നാടൻപാട്ട്. കാലംചെയ്ത വീട്ടുപകരണങ്ങളും പ്ലാസ്റ്റിക്കും തുണികളും ചളിയിൽ നിന്നും മാറ്റിയിടുന്ന മമ്മേനി. അമ്മയുടെ മരണവും, പഴയ വീട് പുതുക്കിയെടുക്കാൻ നടത്തിയ ശ്രമങ്ങളും മാറ്റിയിട്ട പല വസ്തുക്കളും ഓർമിപ്പിച്ചു. പാറക്കല്ലുകൾ ചെറിയ കഷണങ്ങളായി കയറിവരുന്നു. പൊന്നുമണിയുടെ വലിയിൽ കപ്പിയിൽ നിന്ന് നേർത്ത മൂളലുകൾ, താഴെ അതിനെ മറികടന്ന് നാടൻ പാട്ടിന്റെ താളം.

ഉച്ചഭക്ഷണത്തിനാണ് ചെറുപ്പക്കാരൻ കയറിവന്നത്. ഞാൻ അവനെ വെറുതെ നോക്കിയിരുന്നു. കാലിൽ ഒന്നുരണ്ട് ഭാഗങ്ങളിൽ മുറിവ്.

''അത് കുപ്പികൾ പൊട്ടിയതാണ്'', മുണ്ടിലേക്ക് ചെറുപ്പക്കാരൻ രക്തക്കറ തുടച്ചു. മമ്മേനി മാറ്റിയിട്ടതിലേക്ക് ഞാൻ നോക്കി. പൊട്ടിയ ഗ്ലാസുകൾ, ബിയർ ബോട്ടിലുകൾ, പഴയ ടെലിവിഷൻ സെറ്റ്. ഊണുകഴിഞ്ഞിറങ്ങുന്ന പൊന്നുമണിയുടെ കാലിൽ ചാക്ക് ചെരുപ്പുപോലെ കെട്ടിയിരുന്നു. പഴയ ഷൂസുകൾ കളയാതെ​െവച്ചത് ഇവർക്ക് നൽകാൻ ഞാനാഗ്രഹിച്ചു.

കിണറിന്റെ അടർന്നുവീണ ഭാഗങ്ങളിൽ ഞാൻ തൊടുന്നത് കണ്ടപ്പോൾ ചെറുപ്പക്കാരൻ ചിരിച്ചു.

''അത് ഞാൻ കെട്ടിത്തരാം, ഒരിത്തിരി സിമന്റ് മതി.'' ഞാൻ ഇതുവരെ അതിനുള്ള തുക വിലയിരുത്തിയില്ലല്ലോ എന്നോർത്തു. ചെറുപ്പക്കാരൻ ഊക്കിൽ വലിച്ചുകയറ്റുന്നത് അഴുകിയ ഇലകളും കറുത്ത വെള്ളവും. കപ്പി വല്ലാതെ കരയുന്നു. എനിക്ക് ആ കരച്ചിൽ ഭൂതകാലത്തിലെങ്ങോ ഓർമയുണ്ട്. മമ്മേനിയപ്പോഴും മൂടാനിട്ട പഴയ ഓർമകളെ ചികഞ്ഞു ​വെക്കുകയാണ്. ഭൂതചിത്രം ഉള്ളിൽ തെളിഞ്ഞപ്പോൾ തിടുക്കത്തിൽ ഞാൻ വീട്ടിലേക്ക് നടന്നു, അല്ല ഓടുകയായിരുന്നു.

അടുത്തദിവസം കുട്ടിയുടെ നെറ്റിയിലെ ഒട്ടിപ്പ് അധികചിഹ്നമായി. ഞാൻ കിണറിന്റെ അരികിലേക്ക് നടക്കുമ്പോൾ അവൻ എന്നെയൊന്ന് മുട്ടിനടന്നുപോയി. ഭാര്യ ഏതോ കറിയുടെ രുചിനോക്കുകയായിരുന്നു. അടുക്കള വഴി ഒരു വയർ കിണറ്റിലേക്ക് എടുത്തിരിക്കുന്നത് ശ്രദ്ധിച്ചു. തെളിഞ്ഞു തുടങ്ങിയ വെള്ളമാണിപ്പോൾ മോട്ടോറിൽ ഘടിപ്പിച്ച കുഴലുകൾ പുറത്തേക്ക് തള്ളുന്നത്. പ്ലാസ്റ്റിക്കു സാധനങ്ങൾ ഒരു വലിയ ചാക്കുകളിൽ നിറച്ചിരിക്കുന്നു. കറന്റിന്റെ ബന്ധം ഒഴിവാക്കാൻ വീട്ടിലേക്ക് നടക്കുന്ന മമ്മേനിയുടെ മുഖത്ത് കച്ചവടച്ചിരി. അയാൾ മടങ്ങിവരുമ്പോൾ ഒരു ജാറിൽ കട്ടൻകാപ്പിയും ഗ്ലാസുകളും.

പഴയ സ്‌കൂൾ ബാഗ്, കുടകൾ, തുകൽച്ചെരിപ്പ്‌ കയറിവരുന്നവരിൽ പലതിനും എന്നെ പരിചയമുണ്ട്. അവയുടെ കഥയോർത്ത് കൈവരിയിൽ ഞാനിരുന്നു. പൊന്നുമണി കയറിവന്ന് ഒരു ബീഡിനേരവും കട്ടൻകാപ്പിയും. അതിനിടയിൽ കിണറ്റിലേക്ക് മമ്മേനിയുടെ ഇറങ്ങിപ്പോക്കുപോലും ആരുമറിഞ്ഞില്ല. പഴകിയ ഓർമകൾ കുന്നുകൂടുകയാണ്. ഇപ്പോൾ കയറിവന്ന വീഡിയോക്കാസറ്റ് ഒരിക്കൽ ഞാൻ അത്രയും രഹസ്യമായി കിണറ്റിലേക്ക് എറിഞ്ഞതാണ്. പിന്നെ വന്നവ പലതും എന്റെ യൗവനത്തിന്റെ ഗൂഢശേഷിപ്പുകളാണ്. വലിച്ചുകയറ്റുന്ന ചെറുപ്പക്കാരനെ ഞാനൊന്നു നോക്കി. അവനുമാത്രമായിരിക്കും അതെല്ലാം എളുപ്പത്തിൽ വെളിപ്പെടാൻ ഇടയുള്ളത്. വീട്ടിലേക്ക് നടക്കുമ്പോൾ കാപ്പിക്കപ്പുകളും ഫ്ലാസ്‌കും പൊന്നുമണി ഓർമിപ്പിച്ചു. അത് വാങ്ങാനായി ഭാര്യ കൈനീട്ടിയപ്പോൾ ഗ്ലാസുകൾ തമ്മിൽ മുട്ടിച്ചിരിച്ച് എന്റെ വിറ അവളെയും അറിയിച്ചു.

അന്നു രാത്രി ഞാൻ തീവണ്ടിയിൽക്കയറി ഒരു യാത്രപോയി. എവിടേക്ക്? അങ്ങനെ ലക്ഷ്യമൊന്നും എനിക്കുണ്ടായിരുന്നില്ല. പക്ഷേ രണ്ടാമത്തെ ദിവസം വീട്ടിലേക്ക് പോരാനും കിണറുകാണാനും ആഗ്രഹം തോന്നി. ഒരു പുലരിയിൽ തീവണ്ടി എന്നെ നാട്ടിലെ സ്റ്റേഷനിൽ തുപ്പി​െവച്ചു. ഇഷ്ടനിറമുള്ള ഹൽവകൾ കൈമാറുമ്പോൾ ഭാര്യ എന്നെ അൽപനേരം രൂക്ഷമായി നോക്കി നിന്നു. എന്നിട്ട് കുട്ടിയും അവളും ഒന്നിച്ചിരുന്നു അതെല്ലാം കഴിച്ചു. ഞാൻ വായനമുറിയിൽ കയറി വെറും നിലത്ത് കിടന്നു.

അടുത്ത ദിവസം കുട്ടിക്ക് സമാന്തരമായ രണ്ടുവരിയുള്ള‌ ഒട്ടിപ്പായിരുന്നു. പൂപ്പാത്രം നിലത്ത് ഉടഞ്ഞുകിടന്നത് ചൂലുമായി ഭാര്യ വൃത്തിയാക്കുന്നു. ഒരിറ്റ് കുറ്റബോധവും കുസൃതിച്ചിരിയുമായി കുട്ടി എന്നെ ഒരു തവണ നോക്കി. കാപ്പി നിറച്ച ജാറും കപ്പുകളും അവളെന്നെ ഓർമിപ്പിച്ചു. മോട്ടോറിലെ കുഴലുവഴി പുറത്തേക്ക് തള്ളുന്നത് നല്ല തെളിഞ്ഞ വെള്ളം. ഒടിഞ്ഞ കസേരയും പഴയ ക്ലോക്കും അതിൽ കഴുകുന്ന മമ്മേനിയുടെ ചിരിയിലും തെളിച്ചം. കറന്റ് ഒഴിവാക്കാൻ ചെറുപ്പക്കാരൻ വീട്ടിലേക്ക് നടക്കാൻ തുടങ്ങിയതും അത് നിന്നു. അടുക്കളവാതിലിൽ നിന്ന് ''ഞാനത് ചെയ്തെന്ന്'' അവരോട്‌ കൈവീശുന്ന ഭാര്യ. കിണറ്റിലേക്കുള്ള വഴിയുടെ പകുതിയോളം വന്നുനിൽക്കുന്ന കുട്ടി. കപ്പിയുടെ കരച്ചിൽ ഏറെനേരം നീണ്ടുനിന്നിട്ടാണ് ചളിയും വെള്ളവും കയറിവരുന്നത്.

''രണ്ട് ദിവസം എവിടായിരുന്നു? അങ്ങറ്റമെത്തി, നാളെ നമ്മളിത് തീർക്കും.'' ചെറുപ്പക്കാരന്റെ വലിക്ക് വല്ലാത്ത വേഗം. കാപ്പിക്കപ്പ് കൈമാറുമ്പോൾ എനിക്ക് വിറച്ചില്ല, ഇടതുകൈ ഭാര്യയെ തൊടുകയും ചെയ്തു.

''നാളെ തുന്നലെടുക്കാൻ ഞാനും മോനും പോകാം. പാടൊന്നും വീഴരുതെന്നാണ്...'' അവളുടെ വാക്കുകൾക്ക് ആദ്യരാത്രിയുടെ അതേ കുളിര്. എന്നിട്ടും ഞാൻ കുളിമുറിയിലേക്ക് ഓടി, കരഞ്ഞു. ഷവറിൽ പെയ്യുന്നത് കുഴൽക്കിണറിന്റെ ചൂട്. ഞാൻ കിണറിന്റെ കരയിൽനിന്ന് കുളിക്കുന്നത് ഓർത്തു. തണുപ്പ്.

തലയിൽ ഒട്ടിപ്പില്ലാതെ പാഞ്ഞു നടക്കുന്ന കുട്ടി. എന്റെ നോട്ടം നെറ്റിയിൽ നിന്നു. മുന്നിലേക്ക് വീണു കിടക്കുന്ന മുടികൾ ആ മുറിഞ്ഞ ഭാഗത്തെ എനിക്കു മറച്ചുപിടിക്കുന്നു.

''അത്ര വലിയ പാടൊന്നും വീണിട്ടില്ല...'' അവൾ എന്റെ നേർക്ക് നനവുള്ള കണ്ണോടെ നോക്കി. ഞാൻ കുട്ടിയെ തൊടാൻ കൈ നീട്ടി. അവൻ ഭയന്ന് രണ്ടടി പിന്നോട്ട് മാറി, ഭാര്യയെ കെട്ടിപ്പിടിച്ചു. കൈയിലിരുന്ന പപ്പടം നിലത്ത് വീണു. ഞാൻ കിണറിനെ ലക്ഷ്യമാക്കി വേഗത്തിൽ നടന്നുകളഞ്ഞു.

''അപ്പാ ഞങ്ങളും കിണറുകാണാൻ വരട്ടെ...''കുട്ടിക്കും ഭാര്യക്കും ഒരേ ചിരിയും കൗതുകവും. ഭാര്യ എനിക്കു വേണ്ടി കുട്ടിയുടെ നെറ്റിയിൽ വീണുകിടന്ന മുടിയൽപം മുകളിലേക്ക് ഉയർത്തി. ഒരു ചെറിയ ന്യൂനചിഹ്നം. അതും മുടിയിലേക്ക് ഒളിച്ച് നിൽക്കുന്നു. ഞാനും ചിരിക്കാൻ ശ്രമിച്ചു. മമ്മേനി കിണറ്റിലേക്കുള്ള വഴി വൃത്തിയാക്കിയിരിക്കുന്നു. മൂന്നാൾക്കും ഒന്നിച്ച് നടക്കാം. ഞങ്ങളുടെ കൈകളിൽ തൂങ്ങിയ കുട്ടി കിണറുകാണാൻ ആവേശപ്പെടുന്നു.

ചെറുപ്പക്കാരൻ കിണറിന്റെ അടർന്ന ഭാഗം ഭംഗിയായി പൂർത്തിയാക്കുന്നു. ഇപ്പോഴവിടെ മുറിവുണ്ടായിരുന്നുവെന്ന നേർത്ത തോന്നൽ മാത്രം. ഒരൽപം മഴയും വെയിലും വന്നുപോയാൽ ആ തോന്നലും ഇല്ലാതെയാകും. പരിസരമാകെ മാറി. പഴയ അലക്കുകല്ലും തൊട്ടികുഴിയും പുനർജനിച്ചിരിക്കുന്നു. വയസ്സൻ പനിനീർക്കുറ്റിയിൽ ഒരു പൂവ്, ഭാര്യ അതിനെ തൊടുന്നു. പുതിയ കയറും കപ്പിയും ഒരുക്കുന്ന പൊന്നുമണി. കുട്ടി ഒരു കുഞ്ഞ് കല്ലെടുത്ത് കിണറ്റിലേക്കെറിഞ്ഞു. ഞാനും എത്തിനോക്കി. പാളകുഴിയും കടന്ന് ഭൂമിയുടെ കനിവ് അതിനെ നിറയ്ക്കുന്നു. പൊന്നുമണി കണക്ക് പറയാൻ തുടങ്ങിയപ്പോൾ ഭാര്യ കുട്ടിയുമായി വീട്ടിലേക്ക് നടന്നു.

''ഇരുട്ടും മുമ്പ് പോന്നോളൂട്ടോ...'' ഭാര്യയിട്ട വാക്കിന്റെ വളത്തിൽ ഞാനാകെ പൂക്കാൻ തുടങ്ങി.


ഏറ്റവും ഒടുവിൽ കോരിത്തട്ടിയ കറുത്ത മണ്ണിൽ അപ്പനിട്ടിരുന്ന ആ പ്ലാസ്റ്റിക് ചെരുപ്പ് കണ്ടു. ചാക്കിലേക്ക് മമ്മേനി അതെടുത്തിടും മുൻപ് ഞാനത് മാറ്റിയിട്ടു. കോരിയെടുത്ത വെള്ളത്തിൽ മുഴക്കോല് കഴുകുന്ന ചെറുപ്പക്കാരനോട് ഞാൻ ലാസറിനെക്കുറിച്ച് ചോദിച്ചു. അയാളിൽ ഒരു ചിരി.

''ആ തന്തക്കിപ്പം കൈയാളും പണിക്കാരികളും ഒക്കെക്കാണും ഒന്ന് വീണ് കിടക്കുമ്പോൾ ഞാനേ ഉണ്ടാവൂ...'' ചെറുപ്പക്കാരൻ മുറിവ് കെട്ടിയ കിണറിന്റെ ഭാഗത്ത് ഞാൻ എന്തോ ഓർത്തിട്ട് തൊട്ടുനോക്കി. ഞാനും ചിരിച്ചു. പൊന്നുമണി അടുത്ത തൊട്ടി വെള്ളം കോരി.

''ഇടയ്ക്കിടെ കോരിനോക്കണം ഇല്ലെങ്കിൽ കിണറിനും ശ്വാസംമുട്ടും...'' ഞാൻ തലയാട്ടി.

''ഈ ചെരുപ്പിനൊപ്പം കണ്ണാടി പൊട്ടിയ ഒരു വാച്ചു കിട്ടിയിരുന്നോ..?'' ചെരുപ്പിന്റെ ചളികളഞ്ഞ് ഞാൻ കിണറിന്റെ തൂണിനോട് ചാരി​െവച്ചു.

''അതൊക്കെ എന്നേ ദ്രവിച്ചുപോയിട്ടുണ്ടാകും'', പൊന്നുമണിയുടെ വാക്കുകളിൽ നിസ്സംഗത.

''ഇല്ല'', അയാളോട് എന്റെ വാക്കുകൾ അൽപം പരുക്കനായി. വീട്ടിലേക്ക് വളരെ വേഗത്തിൽ നടന്നു.

കിണറ്റിനു മുകളിൽ ഇരുമ്പിന്റെ വല കെട്ടിക്കണം, മോട്ടർ വെക്കണം, കുളിയും കുടിയും അതിലാക്കണം. നാളെമുതൽ പണികൾ തുടങ്ങണം. അൽപനേരം ടീവിയുടെ മുന്നിലിരുന്നു. ഒരു മഴ പെട്ടെന്ന് പെയ്യാൻ തുടങ്ങി. മുറിവ് കെട്ടിയ ഭാഗത്തെ ഓർത്തപ്പോൾ ടോർച്ചുമായി കിണറ്റിന്റെ കരയിലേക്ക് ഓടി. ചാക്കുകൾ മൂടിയിട്ടാണ് ചെറുപ്പക്കാരൻ പോയത്. നനഞ്ഞുകയറി വരുമ്പോൾ അടുക്കള വാതിലിൽ തോർത്തുമായി ഭാര്യ നിൽക്കുന്നു. പിന്നിലേക്ക് മറച്ചു പിടിക്കാൻ ശ്രമിച്ച ആ ഒറ്റച്ചെരിപ്പ് അവൾ കണ്ടു.

കിടപ്പുമുറിയിൽ ഇനിയും വെളിച്ചം കെട്ടിരുന്നില്ല. അവൾക്കും കുട്ടിക്കുമിടയിൽ എന്റെ ആ ഇടം ഒഴിഞ്ഞുകിടക്കുന്നു. ഞാൻ നൂണുകയറി. കുട്ടിയുടെ നെറ്റിയിൽ ഞാൻ വിരലോടിച്ചു.

''അതൊക്കെ മായും അവനതെല്ലാം മറക്കും.'' ഭാര്യ എന്റെ നേർക്ക് തിരിഞ്ഞുകിടന്നു. കെട്ടിപ്പിടിച്ചു, കഴുത്തിൽ തുരുതുരാ ഉമ്മ​െവച്ചു.

''അമ്മ എന്നോടും ആ കിണറിന്റെ കഥ പറഞ്ഞിട്ടുണ്ട്. അച്ഛന്റെ വാച്ചിന്റെ കണ്ണാടി പൊട്ടിച്ചതും, ആ ദേഷ്യത്തിൽ പിടിച്ചുതള്ളിയതും, വീണ് നെറ്റിപൊട്ടിയതും. അമ്മ കാപ്പിപ്പൊടി ഒപ്പിയതും, തമ്മിൽ മിണ്ടാതിരുന്നതും, വീട്ടിൽ കയറാതെ അച്ഛൻ കിണറുവെട്ടാൻ തുടങ്ങിയതും. അത് പൂർത്തിയായ അന്നു രാത്രിയിലല്ലേ...'' എന്റെ നെറ്റിയിലെ മുറിവിന്റെ ചാലിൽ അവൾ വിരലോടിച്ചു വീണ്ടുമെന്നെ ഉമ്മ ​െവച്ചു. മകന്റെ നെറ്റിയിൽ ഞാനും ഒരു ഉമ്മതൊട്ടു. ഞങ്ങൾ കരഞ്ഞു. പുറത്തൊരു മഴയും നെഞ്ചിലിടിച്ച്‌ കരഞ്ഞു. അവളുടെ കാലുകൾ എന്നെ കെട്ടിപ്പിടിച്ചു.

''അത്രയും ആഴത്തിൽ വീണതെല്ലാം എടുത്തുമാറ്റാൻ പ്രയാസമാണ്. അത് കിണറ്റിലായാലും മനസ്സിലായാലും...''

കിണറ്റിലെ കപ്പിയിൽ തൂങ്ങിയാടി നിന്ന അച്ഛനെ ആഴത്തിൽനിന്നും നാട്ടുകാർ വലിച്ചുകയറ്റുന്ന രംഗങ്ങളോർത്തപ്പോൾ ഞാനാകെ വിയർത്തുപോയി. കപ്പിയുടെ കൂട്ടക്കരച്ചിലുകൾ ചെവിയിൽ മുഴങ്ങി. എഴുന്നേറ്റുപോകാൻ ഞാനൊന്ന് കുതറിനോക്കി. അത്രയും മുറുക്കെ ഭാര്യ എന്നെ അപ്പോൾ കെട്ടിപ്പിടിച്ചു..!

Show More expand_more
News Summary - madhyamam weekly story