Begin typing your search above and press return to search.
proflie-avatar
Login

ബാൻല്യു സിനിമകൾ കാട്ടിത്തരുന്ന കുടിയേറ്റ ജീവിതങ്ങൾ

ബാൻല്യു സിനിമകൾ കാട്ടിത്തരുന്ന കുടിയേറ്റ ജീവിതങ്ങൾ
cancel

1995ൽ പുറത്തിറങ്ങിയ മാത്യു കസോവിറ്റ്സിന്റെ കൾട്ട് ക്ലാസ്സിക്കായ ലാ ഹെയ്നിലും കഴിഞ്ഞ വർഷം റിലീസ് ചെയ്ത റൊമെയ്ൻ ഗവ്റാസിന്റെ അഥീനയിലും പ്രകടമായി കാണാവുന്ന അപരവൽക്കരണത്തിന്റെയും വെറുപ്പിന്റെയും സാമൂഹികവും മനഃശാസ്ത്രപരവുമായ ഘടകങ്ങളെ വിശകലനം ചെയ്തുകൊണ്ട് ഫ്രാൻസിലെ രാഷ്ട്രീയ ഭൂമികയിൽ കുടികൊള്ളുന്ന കുടിയേറ്റ പ്രതിസന്ധികളുടെ സാമൂഹിക-രാഷ്ട്രീയ യാഥാർഥ്യങ്ങളിലേക്കൊരു തിരിഞ്ഞുനോട്ടം നടത്തുകയാണ് ഈ ലേഖനം.

ഗ്രീക്ക് പുരാണങ്ങളിൽ, സീയൂസ് ദേവന്റെ മകളായ അഥീനയെ യുദ്ധങ്ങളുടെ ദേവതയായിട്ടാണ് സങ്കല്പിക്കപ്പെടുന്നത്. ഇതിഹാസങ്ങളും പുരാണങ്ങളും പരിഗണിക്കുകയാണെങ്കിൽ മനുഷ്യോല്പത്തിക്കും എത്രയോ മുൻപ് തന്നെ പോർചരിത്രങ്ങളുടെ ഏടുകൾക്ക് മഷിപുരണ്ടു തുടങ്ങിയതായി കാണപ്പെടുന്നു. യുദ്ധങ്ങളുടെ അടിസ്ഥാനഹേതുവായി പരിപ്രവർത്തിക്കുന്ന മനോനില ‘വെറുപ്പാണ്’ എന്നതിൽ ആർക്കും സംശയമേതും ഉണ്ടാവാൻ ഇടയില്ല. Hatred എന്ന് ഇംഗ്ലീഷിലോ La Haine എന്ന് ഫ്രഞ്ചിലോ തർജമ ചെയ്യാവുന്ന മൗലികമായ ഈ വികാരത്തിൽ നിന്നാണ് മനുഷ്യരാശി സാക്ഷ്യംവഹിച്ചിട്ടുള്ള ഒട്ടുമിക്ക എല്ലാ കലാപങ്ങളുടെയോ യുദ്ധങ്ങളുടെയോ തുടക്കം.

പോളിഷ് സാമൂഹിക മനഃശാസ്ത്രജ്ഞനായ ഹെൻറി താജ്‌ഫെലിന്റെ സോഷ്യൽ ഐഡന്റിറ്റി തിയറി, വെറുപ്പിന്റെ ഇത്തരം സാമൂഹിക മാനങ്ങൾക്ക് സൈദ്ധാന്തികമായ വീക്ഷണം നൽകിയിട്ടുണ്ട്. മനുഷ്യൻ അവന്റെ ലോകത്തെ, സാമൂഹിക വർഗീകരണം (social categorization) എന്ന പരിചിന്തന പ്രക്രിയയിലൂടെ നമ്മളെന്നും അവരെന്നുമുള്ള രണ്ട് വിഭാഗങ്ങളായി വേർതിരിക്കുന്നു. ആളുകളെ വർഗങ്ങളായി വേർതിരിച്ച് വിവിധ ഗ്രൂപ്പുകളിലേക്ക് ചേർത്തുവായിക്കുന്ന ഈ പ്രക്രിയ (cognitive process) മനുഷ്യന്റെ വളരെ സ്വാഭാവിക ഗുണമായിട്ടാണ് ഹെൻറി താജ്‌ഫൽ വീക്ഷിക്കുന്നത്. എല്ലാത്തിനെയും എല്ലാവരെയും വിവിധ ഗ്രൂപ്പുകളായി വർഗീകരിക്കുന്ന ഇത്തരം കോഗ്നിറ്റീവ് പ്രക്രിയയിലൂടെ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള വൈജാത്യത്തെ വേർതിരിച്ചറിയാനും, ഓരോ ഗ്രൂപ്പിന്റെയും ഉള്ളിൽ നിലനിൽക്കുന്ന സാമ്യതകളെ മനസിലാക്കാനും നമ്മൾ ശ്രമിക്കുന്നു. ഇത്തരം സാമൂഹീകരണങ്ങളിലൂടെ നമ്മുടെ സ്വത്വബോധത്തിന് സ്പഷ്ടമായ മനോരേഖ നിർമിക്കപെടുന്നു. മുഖ്യധാരകളിൽ ഇടപഴകാനുള്ള സ്വാഭിമാനവും ആത്മവിശ്വാസവുമൊക്കെ നിർമിക്കപ്പെടുന്നതിൽ ഇത്തരം സ്വത്വബോധ നിർമിതികൾ വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാൽ നമ്മളെന്നും അവരെന്നുമുള്ളതിന് കൂടുതൽ പ്രാധാന്യം കൊടുക്കുകയാണെങ്കിൽ ഇതരവർഗത്തിലുള്ള (out group) അംഗങ്ങളോട് നിഷേധാത്മക സമീപനം സ്വീകരിക്കാൻ സാധ്യത കൂടുതലാണ്. ഇതരവർഗത്തിലെ ആളുകളോടുള്ള നിഷേധാത്മക ചിന്തകളെ വാർപ്പുമാതൃകകൾ എന്നും അതിൽ നിന്നും ഉടലെടുക്കുന്ന പ്രതിലോമപരമായ നിലപാടുകളെ മുൻവിധിയെന്നും അതിൽ നിന്നും രൂപീകരിക്കപ്പെടുന്ന നീതിരഹിതമായ പെരുമാറ്റങ്ങളെ വിവേചനമെന്നും നമുക്ക് വിളിക്കാം. വെറുപ്പ് എന്ന കേവല വികാരത്തിന്റെ സാമൂഹിക സംക്രമണങ്ങൾ പൊതുയിടങ്ങളിൽ പ്രാവർത്തികമാകുന്നത് ഈ മൂന്ന് മനഃശാസ്ത്ര ഘടനകളിലൂടെയാണ്.

ഹെൻറി താജ്‌ഫെൽ

ഗ്രീക്ക് ദേവത അഥീനയെയും ഹെൻറി താജ്‌ഫെല്ലിനെയും ഉദ്ധരിച്ചുകൊണ്ട് ഈ എഴുത്തിന്റെ സഞ്ചാരപഥം നീളുന്നത് പാരിസിന്റെ നഗരാതിർത്തികളിൽ അരികുവൽക്കരിക്കപ്പെട്ട യൂറോപ്യനിതര വംശജരായിട്ടുള്ള ഫ്രഞ്ച് ജീവിതങ്ങളിലേക്കാണ്. അവരിലേക്ക് നമ്മൾ എത്തിച്ചേരുന്നതാകട്ടെ പരീസിയൻ ബാൻല്യു (പാരിസ് നഗരപ്രാന്തങ്ങളിലെ ചേരി സമാനമായ പാർപ്പിട സമുച്ചയങ്ങൾ) ജീവിതങ്ങളെ അടയാളപ്പെടുത്തിയ രണ്ട്‌ ഫ്രഞ്ച് സിനിമകളെ വിശകലനം ചെയ്തുകൊണ്ടും. 1995ൽ പുറത്തിറങ്ങിയ മാത്യു കസോവിറ്റ്സിന്റെ കൾട്ട് ക്ലാസ്സിക്കായ ലാ ഹെയ്നിലും കഴിഞ്ഞ വർഷം റിലീസ് ചെയ്ത റൊമെയ്ൻ ഗവ്റാസിന്റെ അഥീനയിലും പ്രകടമായി കാണാവുന്ന അപരവൽക്കരണത്തിന്റെയും വെറുപ്പിന്റെയും സാമൂഹികവും മനഃശാസ്ത്രപരവുമായ ഘടകങ്ങളെ വിശകലനം ചെയ്തുകൊണ്ട് ഫ്രാൻസിലെ രാഷ്ട്രീയ ഭൂമികയിൽ കുടികൊള്ളുന്ന കുടിയേറ്റ പ്രതിസന്ധികളുടെ രാഷ്ട്രീയ-സാമൂഹിക-ചരിത്രപരമായ യാഥാർഥ്യങ്ങളിലേക്കൊരു തിരിഞ്ഞുനോട്ടം നടത്തുകയാണ് ഈ ലേഖനം.

മഗ്‌രിബിന്റെ പോരാട്ടം

അൾജീരിയൻ വംശജരായ പൗരന്മാരോടുള്ള വംശീയവെറി ഫ്രഞ്ച് ദേശീയവാദികളുടെ പൊതുബോധങ്ങളിൽ വേരുപിടിക്കാൻ തുടങ്ങിയത് 1960കളുടെ തുടക്കത്തിലാണ്. നൂറ്റിമുപ്പത്തിരണ്ട് വർഷത്തോളം നീണ്ടുനിന്ന ഫ്രാൻസിന്റെ കൊളോണിയൽ ഭരണത്തിനു നേരെ അൾജീരിയൻ ജനത ഒന്നിച്ചു പോരാടാൻ ഉറപ്പിച്ച നാളുകളായിരുന്നു അത്. 1956ൽ അൾജീരിയയുടെ അയൽവാസികളും കോളനിയുടെ ഭാഗവുമായിരുന്ന മൊറോക്കോയും തുനീഷ്യയും ഫ്രാൻസിൽ നിന്ന് സ്വാതന്ത്രം നേടിയെങ്കിലും അൾജീരിയൻ വിമോചനം യാഥാർഥ്യമാവാൻ ആ ജനതക്ക് പിന്നീടും മുറവിളികൾ തുടരേണ്ടി വന്നു. കോളനി എന്നതിലുപരി അൾജീരിയൻ മണ്ണ് ഫ്രാൻസിന്റെ രാജ്യാതിർത്തിയിൽ പെട്ടതാണ് എന്നായിരുന്നു ഫ്രഞ്ച് വാദം. അവിടെ നിന്നും ലഭിച്ചിരുന്ന എണ്ണയുടെ സാമ്പത്തിക ലാഭവും അൾജീരിയൻ ജനതക്ക് സ്വാതന്ത്രം നിഷേധിക്കുന്നതിന് പ്രധാനകാരണമായി മാറി. 1954 മുതൽ അൾജീരിയയിൽ ശക്തിപ്രാപിക്കാൻ തുടങ്ങിയ സ്വാതന്ത്ര്യ മുന്നേറ്റങ്ങൾക്ക് 1956ന് ശേഷം കലാപങ്ങളുടെ സ്വഭാവം കൈവരിക്കാൻ തുടങ്ങി. ഫ്രൊണ്ട് ഡി ലിബറേഷൻ നാഷണൽ (FLN) എന്ന സൈനിക സ്വഭാവമുള്ള അൾജീരിയൻ രാഷ്ട്രീയ മുന്നണിയുടെ നേതൃത്വത്തിൽ രാജ്യത്താകമാനം സമര മുന്നേറ്റങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഏഴര വർഷത്തോളം നീണ്ടുനിന്ന അൾജീരിയൻ സ്വാതന്ത്ര്യ സമരത്തിനൊടുവിൽ 1962 ജൂലൈയിൽ ഫ്രഞ്ച് ഭരണകൂടത്തിന് മുട്ടുമടക്കേണ്ടി വന്നു. 1954ൽ തുടങ്ങിയ യുദ്ധസമാനമായ സ്വാതന്ത്ര്യ സമരങ്ങൾക്ക് തിരശ്ശീല വീണപ്പോഴേക്കും 42000 അക്രമണങ്ങളിലായി 43000 അൾജീരിയൻ പൗരന്മാർക്കും 10000ത്തിലധികം വരുന്ന യൂറോപ്യൻ പൗരന്മാർക്കും ജീവൻ നഷ്ടപ്പെട്ടു. രക്തകലുഷിതമായ ഈ രാഷ്ട്രീയ പിരിമുറുക്കങ്ങളുടെ സാമൂഹിക ചുറ്റുപാടുകളിലാണ് ഫ്രാൻസിന്റെ അതിർത്തി ഗ്രാമങ്ങളിൽ കുടിയേറ്റങ്ങൾ സജീവമാവാൻ തുടങ്ങുന്നത്. ഏഴര വർഷം നീണ്ടു നിന്ന ഫ്രഞ്ച്-അൾജീരിയൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസിൽ നിന്നും അൾജീരിയയിലേക്കും, തിരിച്ച് മഗ്‌രിബ് ഭാഗങ്ങളിൽ നിന്ന് ഫ്രാൻസിലേക്കും ജനങ്ങൾ പറിച്ചുനാട്ടപ്പെട്ടു. കൊളോണിയൽ ഭരണവും യുദ്ധവും സാമ്പത്തികമായി ഏറെ പിന്നോട്ടുവലിച്ച വടക്കൻ ആഫ്രിക്കയിലെ മൊറോക്കോ, അൾജീരിയ, തുനീഷ്യ പോലുള്ള രാജ്യങ്ങളിൽ നിന്ന് പാരിസിന്റെയും മാർസിയെല്ലിയുടെയും നഗരസീമകളിലേക്ക് സാമ്പത്തിക ഭദ്രത ലക്ഷ്യമിട്ട ജനങ്ങൾ കുടിയേറിപ്പാർക്കാൻ തുടങ്ങി. 1965ലെ കണക്കുകൾ പ്രകാരം അഞ്ചു ലക്ഷത്തോളം വരുന്ന അൾജീരിയൻ വംശജർ ഫ്രഞ്ച് നഗരങ്ങളിൽ കുടിയേറി പാർത്തിരുന്നു. 1946ൽ ഫ്രാൻസിൽ അധിവസിച്ചിരുന്ന വിദേശീയരുടെ എണ്ണം 1.7 മില്യൺ ആയിരുന്നെകിൽ യുദ്ധാനന്തര ഫ്രാൻസിലെ കണക്കുകൾ പ്രകാരം 1975 ആയപ്പഴേക്കും അത് 3.4 മില്യൺ ആയി ഇരട്ടിച്ചു എന്നാണ് പറയപ്പെടുന്നത്.

സിനിമാ ഡി ബാൻല്യു

യുദ്ധാനന്തര ഫ്രാൻസിൽ ഉടലെടുത്ത ‘കുടിയേറ്റ പ്രശ്നം’ വിഷയങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി പാരിസിന്റെയും മറ്റു നഗരങ്ങളുടെയും പ്രാന്തപ്രദേശങ്ങളിൽ ഒരുപാട് പാർപ്പിട സമുച്ചയങ്ങൾ പണിയാൻ ഫ്രഞ്ച് ഭരണകൂടം നിർബന്ധിതരായി. അമേരിക്കയിലെ നഗരമൂലകളിൽ കാണപ്പെടുന്ന സബർബൻ (suburban) കെട്ടിടമാതൃകകളോട് ഉപമിക്കാമെങ്കിലും ബാൻല്യു എന്നറിയപ്പെടുന്ന ഇത്തരം നഗരസീമകളുടെ സാമ്പത്തിക-സാമൂഹിക-വർഗ സ്വഭാവത്തിന് കൂടുതൽ സാമ്യം മൂന്നാംലോക രാജ്യങ്ങളിൽ കാണപ്പെടുന്ന ഗലികളോടും, ചേരികളോടുമാണ്. അതുകൊണ്ട് തന്നെ വംശീയവും സാമൂഹികവുമായ വൈവിധ്യങ്ങളുടെ കൂടിച്ചേരലുകൾ ബാൻല്യുകളുടെ പൊതുവിടങ്ങളിൽ നമുക്ക് കാണാൻ കഴിയും. ഭരണകൂടവും മാധ്യമങ്ങളും മുഖ്യധാരകളിൽ നിന്ന് അവഗണിച്ച സമൂഹമായതിനാലും തീവ്രദേശീയവാദികളുടെ വിവേചനങ്ങൾക്ക് നിരന്തരം ഇരയാകേണ്ടി വരുന്നതുകൊണ്ടും ഇത്തരം സാമ്പത്തിക-രാഷ്ട്രീയ അരക്ഷിതാവസ്ഥകളിൽ നിന്ന് ഉടലെടുക്കുന്ന അസ്വാസ്ഥ്യങ്ങൾ ഇവിടുത്തെ യുവാക്കൾക്കിടയിൽ സജീവമാണ്. ബാൻല്യുകളിലെ യുവാക്കളുടെ ജീവിതത്തെ അതിന്റെ തന്മയത്വത്തോടുകൂടി ദൃശ്യവത്കരിച്ച ആദ്യ സിനിമ ഒരുപക്ഷേ ലാ ഹെയ്നായിരിക്കും. ബാൻല്യുകളിലെ മൂന്ന് യുവാക്കളുടെ ഒരു ദിവസത്തെ മാത്യു കസോവിറ്റ്സ് ക്യാമറയിൽ പകർത്തിയപ്പോൾ പിറന്നത് മികച്ചൊരു കലാസൃഷ്ടി മാത്രമായിരുന്നില്ല ഫ്രഞ്ച് സിനിമക്ക് അന്നേവരെ പരിചിതമല്ലായിരുന്ന ‘സിനിമ ഡി ബാൻല്യു’ എന്ന യോണർ കൂടിയായിരുന്നു.

ബാൻല്യു

ഫ്രഞ്ച് വിപ്ലവത്തിന് ശേഷം അവിടുത്തെ ജനത നേടിയെടുത്തു എന്ന് കരുതപ്പെടുന്ന പരമമായ സ്വാതന്ത്രം (ലിബേർട്ടി, ഇക്വാലിറ്റി, ഫ്രറ്റേണിറ്റി), കോളനിയാനന്തര ഫ്രാൻസിൽ എല്ലാ പൗരന്മാരും ഒരേപോലെ അനുഭവിക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഒട്ടുമിക്ക ബാൻല്യു സിനിമകളും മുന്നോട്ട് വെക്കുന്നത്. പോലീസിന്റെ അധികാര ദുർവിനിയോഗവും യുവാക്കളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലുമാണ് ഇത്തരം ഫ്രഞ്ച് സോഷ്യൽ-റിയലിസ്റ്റിക് സിനിമകളിൽ മിക്കപ്പോഴും നാം കാണുന്നത്. കസോവിറ്റ്സിന്റെ ലാ ഹെയ്നിലും ജാക്വസ് ഓടിയാർഡിന്റെ പാം ഡി ഓർ നേടിയ ധീപ്പനിലും ലാഡ്ജ് ലിയുടെ ലെസ് മിസ്‌റബിൾസിലും അപരസമൂഹത്തോട് വെച്ചുപുലർത്തുന്ന വെറുപ്പും, മുൻവിധികളിൽ നിന്നും വിവേചന നയങ്ങളിൽ നിന്നും ഉടലെടുക്കുന്ന ആക്രമണങ്ങളും നമുക്ക് കാണാൻ കഴിയും. പലപ്പോഴും ഫിക്ഷണൽ സിനിമ എന്നതിലുപരി ഫ്രാൻസിന്റെ രാഷ്ട്രീയപ്രതലങ്ങളിൽ പ്രകടമായി കാണാവുന്ന വംശീയ ഏറ്റുമുട്ടലുകളുടെ ഡോക്യുമെന്ററികളായും ബാൻല്യു സിനിമകൾ മാറുന്നുണ്ട്.

വെറുപ്പിന്റെ 24 മണിക്കൂർ

ലാ ഹെയ്ന്റെ തിരക്കഥ കസോവിറ്റ്സ് എഴുതാൻ തുടങ്ങുന്നത് 1993 ഏപ്രിൽ 7നാണ്; കൃത്യമായി പറഞ്ഞാൽ കസ്റ്റഡിയിൽ വെച്ച് ഫ്രഞ്ച് പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയ മകോമേ എം. ബൊവോൽ എന്ന കോംഗോ വംശജനായ കൗമാരക്കാരന്റെ മരണവാർത്ത കേട്ടതിന്റെ പിറ്റേദിവസം. കൗമാരക്കാർക്ക് നേരെയുള്ള ഫ്രഞ്ച് പോലീസിന്റെ നരഹത്യ പിന്നീടും തുടർന്നു, 1994 ജനുവരി 27ന് റോവനിൽ വെച്ച് കാർ മോഷ്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഫ്രഞ്ച് പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയ ഇബ്റാഹിം എന്ന കൗമരക്കാരന്റെ മരണവാർത്തയും ലാ ഹെയ്ന്റെ എഴുത്തിനു തീപിടിപ്പിച്ചു കാണണം. ‘ഞങ്ങളെ വെടിവെച്ചിടാൻ നിങ്ങൾക്ക് എളുപ്പമാണ്, ഞങ്ങളുടെ കൈകളിൽ അവശേഷിക്കുന്നത് വെറും കല്ലുകളാണ്’ എന്ന സംഭാഷണ ശകലത്തിലൂടെ ലാ ഹെയ്നിന് തുടക്കംകുറിക്കാൻ കസോവിറ്റ്സിനെ പ്രേരിപ്പിച്ചത് ഇത്തരം കലാപ കാഴ്ചകളായിരിക്കാം. ലാ ഹെയ്ൻ തുടങ്ങുന്നത് ഇതുപോലുള്ള കലാപങ്ങളുടെ യഥാർഥ ദൃശ്യങ്ങളിലൂടെയാണ്, പോലീസിന്റെ ആക്രമണങ്ങളെ എതിർക്കുന്ന യുവാക്കൾക്കിടയിൽ നിന്നും ലഭിച്ച വീഡിയോ ശകലങ്ങളിലൂടെ തുടങ്ങുന്നത് വഴി താൻ ആരുടെ പക്ഷത്താണ് നിലനിൽക്കുന്നതെന്ന് അടിവരയിടാൻ കസോവിറ്റ്സിന് സാധിക്കുന്നുണ്ട്.


ഡോക്യുമെന്ററി സ്വഭാവത്തിൽ തുടങ്ങുന്ന സിനിമയ്ക്ക് ഫിക്ഷണൽ മാനം കൈവരിക്കുന്നത് പൊലീസ് സേനയ്ക്ക് എതിർവശത്തു നിൽക്കുന്ന സൈദിന്റെ അടച്ചു പിടിച്ച കണ്ണുകൾ തുറക്കുന്നിടത്താണ്. മഗ്‌രിബ് വംശജനായ സൈദിന്റെയും ബ്ലാക്ക് ആഫ്രിക്കൻ വംശജനായ ഹ്യുബെർട്ടിന്റെയും കിഴക്കൻ യൂറോപ്യൻ ജൂത വംശജനായ വിൻസിന്റെയും ഒരു ദിവസത്തെ ജീവിതത്തിലൂടെയാണ് പിന്നീട് കഥ സഞ്ചരിക്കുന്നത്. ഈ മൂന്ന് പേരുടെയും സമപ്രായക്കാരനായ അബ്ദെൽ ഇകാക്ക പോലീസിന്റെ മർദ്ദനത്തിന് ഇരയായി കോമയിൽ കിടക്കുന്നതിന്റെ വാർത്ത പാരിസിലെ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ദിവസമാണ് അത്. തുടർന്ന് പോലീസുമായുണ്ടായ കലാപത്തിൽ ഒരു പൊലീസ് റിവോൾവർ വിൻസിന് കളഞ്ഞുകിട്ടുന്നു. കോമയിൽ കിടക്കുന്ന അബ്ദെലിന് വല്ലതും സംഭവിച്ചു കഴിഞ്ഞാൽ കളഞ്ഞു കിട്ടിയ തോക്കു കൊണ്ട് പോലീസിനോട് പ്രതികാരം ചെയ്യുമെന്ന് വിൻസ് തന്റെ സുഹൃത്തുക്കളോട് പ്രഖ്യാപിക്കുന്നു.

അധികാരവർഗവും മാധ്യമങ്ങളും തങ്ങളെ മുൻവിധികളോടെയും സംശയദൃഷ്ടിയോടെയുമാണ് കാണുന്നതെന്ന് ഉറച്ചുവിശ്വസിക്കുന്ന ഈ മൂന്നുപേരും പക്ഷേ അക്രമത്തിന്റെ വഴിയിലൂടെയല്ലാതെ സമൂഹത്തിൽ നിലനിൽക്കുന്ന ഉച്ചനീചത്വങ്ങളെ വെല്ലു വിളിക്കാനാവില്ല എന്ന ധാരണയിലാണ് തോക്കുമായിട്ടിറങ്ങുന്നത്. അബ്ദെലിന്റെ പോലീസ് മർദ്ദനം ബാൻല്യു പ്രാന്തങ്ങളെ തീപിടിപ്പിച്ച രാഷ്ട്രീയ സാഹചര്യത്തിൽ തോക്കുമായി സഞ്ചരിക്കുന്ന ഇവർ മൂന്നുപേരും പല പ്രതിസന്ധികളിലൂടെയും കടന്നുപോകുന്നു. സംശയാസ്പദ സാഹചര്യത്തിൽ പോലീസിന്റെ പിടിയിലകപ്പെടുന്ന സൈദിനും ഹ്യുബെർട്ടിനും കായികവും മാനസികവുമായ പീഡനങ്ങൾ നേരിടേണ്ടിവരുന്നു. മേൽപറഞ്ഞ സോഷ്യൽ ഐഡൻറിറ്റി സിദ്ധാന്തത്തിലെ അവകലനം (othering) എങ്ങനെയാണ് സമൂഹത്തിന്റെ അധികാരശ്രേണികളിൽ പ്രവർത്തിക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ രംഗങ്ങൾ.

മാത്യു കസോവിറ്റ്സ്

പടിഞ്ഞാറിന്റെ സാംസ്‌കാരിക-ബോധങ്ങളോട് ഇഴകിച്ചേരാൻ ശ്രമിക്കുന്ന യൂറോപ്യനിതര വംശജരായിട്ടുള്ള യുവാക്കൾ നേരിടേണ്ടി വരുന്ന സ്വത്വപരമായ അനിശ്ചിതത്വം ഇവരിൽ മൂന്നു പേരിലും നമുക്ക് കാണാൻ കഴിയും. മതപരമായും ഗോത്രപരമായും പൂർവികരിൽ നിന്ന് തങ്ങൾക്ക് ലഭിച്ച ഐഡൻറിറ്റി ഒരു വശത്ത് നിൽകുമ്പോൾ, തങ്ങളുടെ സമപ്രായക്കാരായ യൂറോപ്യരുടെ ജീവിതശൈലികളോട് താദാത്മ്യം പ്രാപിക്കേണ്ടി വരുന്ന ഘട്ടത്തിൽ ഉടലെടുക്കുന്ന സ്വത്വപരമായ അനിശ്ചിതത്വങ്ങൾ ഒരുപക്ഷേ കൂടുതൽ കാണാൻ കഴിയുക മഗ്‌രിബിൽ നിന്നുള്ള മുസ്ലിം കുടിയേറ്റക്കാരിലായിരിക്കും. താജ്‌ഫെലിനെ കടമെടുക്കുകയാണെങ്കിൽ ഇത്തരം സ്വത്വ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ബാൻല്യു യുവാക്കളുടെ സ്വത്വരൂപീകരണത്തിൽ വരുന്ന മന്ദഗതി അവരുടെ സാമൂഹികപരമായ കൊടുക്കൽ വാങ്ങലുകളെ പ്രതിരോധത്തിലാഴ്ത്തുന്ന മറ്റൊരു ഘടകമാണ്. തൊഴിലില്ലായ്മക്കും ദാരിദ്ര്യത്തിനും ഭരണകൂട നിർമിതമായ ആക്രമണങ്ങൾക്കും പുറമെയാണ് രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന സാംസ്‌കാരിക ഏറ്റുമുട്ടലുകളോട് കലഹിച്ചു തീർക്കേണ്ടി വരുന്ന സ്വത്വപരമായ അനിശ്ചിതത്വമെന്നത്.

ലാ ഹെയ്നിലെ ഒരു രംഗം

ഹിംസയല്ല തങ്ങളുടെ നൈസർഗിക മനോവൃത്തി എന്ന് മൂവരും തിരിച്ചറിയുന്ന ഘട്ടത്തിലാണ് ഭരണകൂടം ഞൊടിയിടയിൽ വീണ്ടും അവരുടെ ജീവിതത്തെ കീഴ്മേൽ മറിക്കുന്നത്. നീട്ടിപ്പിടിച്ച രണ്ട് തോക്കുകൾക്ക് നടുവിൽ കണ്ണടച്ചു നിൽക്കുന്ന സൈദിന്റെ മുഖത്തേക്ക് ക്യാമറ സൂം-ഇൻ ചെയ്യുമ്പോൾ പ്രേക്ഷകർ കേൾക്കുന്ന അനിശ്ചിതത്വത്തിന്റെ വെടിയൊച്ചയോടെ സിനിമ അവസാനിക്കുന്നു. ജീവിതം തുലാസിൽ നിർത്തേണ്ടി വരുന്ന യൂറോപ്യനിതര ഫ്രഞ്ച് പൗരന്മാരുടെ പച്ചയായ ജീവിതകാഴ്ചയായി ലാ ഹെയ്ൻ മാറുന്നു.

കലാപ ഭൂമിയിലെ ഗ്രീക്ക് സറിയലിസം

കസോവിറ്റ്‌സ് തുടക്കം കുറിച്ച ബാൻല്യു സിനിമകളിൽ ഏറ്റവും പുതിയതാണ് കഴിഞ്ഞ സെപ്റ്റംബറിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത റൊമെയ്ൻ ഗവ്റാസിന്റെ അഥീന. ബാൻല്യു സിനിമകൾ പൊതുവെ സോഷ്യൽ റിയലിസ്റ്റിക് നരേഷനിലൂടെയാണ് കഥ പറഞ്ഞ് പോകാറ്. എന്നാൽ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഗ്രീക്ക് ട്രാജഡികളോട് സാമ്യം പുലർത്തുന്ന രീതിയിലാണ് അഥേനയുടെ കഥാഘടന അവലംബിച്ചിട്ടുള്ളത്. പാരിസിലെ അഥീന എന്ന ഒരു സാങ്കല്പിക നഗരാതിർത്തിയിലാണ് കഥ നടക്കുന്നത്. അൾജീരിയൻ വംശജനായ ഇദിർ എന്ന പതിമൂന്നുകാരനെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലാണ് അഥീന. കൊലപാതകത്തോടുള്ള ഇദിറിന്റെ മൂന്ന് സഹോദരന്മാരുടെ പ്രതികരണത്തിലൂടെയാണ് കഥ നീങ്ങുന്നത്. ജനങ്ങളോട് സമാധാനം കൈവെടിയരുതെന്നും ഇദിറിന്റെ കൊലപാതകികളെ കണ്ടെത്തുന്നതിൽ പോലീസിനെ വിശ്വസിക്കണമെന്നും പറയുന്ന അബ്ദേലും സമാധാനത്തിനും ചർച്ചകൾക്കും അഥീനയിൽ ഇനി ഇടമില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് മോളോട്ടോവ് കോക്ക്ട്ടൈയിൽ (മണ്ണെണ്ണ ബോംബ്) പോലീസ് സ്റ്റേഷനിലേക്ക് എറിയുന്ന കരീമും ഇദിറിന്റെ സഹോദരങ്ങൾ എന്നതിലുപരി ഫ്രഞ്ച് കുടിയേറ്റ ജനതയുടെ വിഭിന്നതകളെ പ്രതിനിധീകരിക്കുന്ന ഒരേ വീട്ടിലെ രണ്ടു യുവാക്കളാണ്.


ഏകദേശം പതിനൊന്ന് മിനിറ്റോളം നീണ്ടു നിൽക്കുന്ന സിംഗിൾ ഷോട്ടിന്റെ ചടുലതയെയും ടെക്‌നിക്കൽ സാധ്യതകളെയും ഉപയോഗിച്ച് പോലീസ് സ്റ്റേഷൻ ആക്രമണം ചിത്രീകരിച്ചത് വഴി കലാപ ഭൂമിയിലേക്ക് പ്രേക്ഷകരെ കൂടി കൊണ്ടുപോകാൻ ഗവ്റാസിന് സാധിച്ചിട്ടുണ്ട്. എന്നാൽ ലാ ഹെയ്നിൽ കസോവിറ്റ്സ് എടുത്തത് പോലൊരു ശക്തമായ പൊളിറ്റിക്കൽ സ്റ്റാൻഡ് എടുക്കാൻ ഗവ്റാസിന് കഴിഞ്ഞിട്ടില്ല. പ്രതിലോമകരമായ ആക്രമണങ്ങൾ അഴിച്ചുവിടുന്ന ബാൻല്യു യുവാക്കളും നയപരമായ സമാധാനം കൈവിടാത്ത ഫ്രഞ്ച് പോലീസും തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന രീതിയിൽ ഫ്രഞ്ച് ദേശീയവാദികളുടെ പൊതുബോധങ്ങളെ തൃപ്തിപ്പെടുത്തുന്ന സമീപനമാണ് സംവിധായകന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.

അബ്ദേലിനും കരീമിനുമിടയിൽ ഉടലെടുക്കുന്ന രാഷ്ട്രീയപരമായ ഏറ്റുമുട്ടലുകൾക്ക് നടുവിലും സാഹോദര്യത്തിന്റെ വികാരപരമായ കെട്ടുറപ്പ് നിലനിൽക്കുന്നതായി നമുക്ക് കാണാൻ കഴിയും. തങ്ങളുടെ ഇളയ സഹോദരന്റെ കൊലപാതകത്തിന്റെ വ്യഥ വേട്ടയാടുന്നത് പോലെ തന്നെ ഇരുവർക്കുമിടയിൽ നിലനിൽക്കുന്ന ആശയപരമായ ദ്വന്ദയുദ്ധവും അവരെ വേദനിപ്പിക്കുന്നതായി നമുക്ക് കാണാം. വിശ്വാസങ്ങളും തെറ്റിദ്ധാരണകളും നിലപാടുകളും ബന്ധങ്ങളുടെ കെട്ടുപാടുകൾക്ക് വിള്ളൽ വരുത്തുന്ന ഇത്തരം വികാരപരമായ ഏറ്റുമുട്ടലുകൾക്ക് സാക്ഷ്യംവഹിക്കുന്നതിനാലാണ് അഥീനക്ക് ഒരു ഗ്രീക്ക് ട്രാജഡിയുടെ സ്വഭാവം കൈവരിക്കുന്നത്. ഇവിടെ രണ്ട് പേരുടെയും കഥാപാത്ര രൂപീകരണവും എടുത്തുപറയേണ്ടതാണ്. ഫ്രാൻസിനോട് കൂറുള്ള സൈനികനായിരിക്കെ തന്നെ തന്റെ ജനങ്ങൾ ഭരണകൂട ഭീകരതക്ക് ഇരയാകേണ്ടി വരുമ്പോൾ അബ്ദെൽ അനുഭവിക്കുന്ന സ്വത്വപരമായ ആശങ്കകൾ കഥാപാത്രത്തിന്റെ മാനസികമായ ഏറ്റുമുട്ടലുകൾക്ക് കാരണമാവുന്നു. കരീമിന്റെ കഥാപാത്രമാണെങ്കിലോ ഒരു മോളോടോവ് കോക്‌ടൈയ്‌ലിനോളം വിസ്‌ഫോടകരമായ വികാരത്തള്ളിച്ചകൾ കൊണ്ട് തിളച്ചുമറിയുകയാണ്.

റൊമെയ്ൻ ഗവ്റാസ്

ഇദിറിന്റെ കൊലപാതകത്തിനും തുടർന്നുണ്ടായ കലാപങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചത് പോലീസ് വേഷമണിഞ്ഞു വന്ന പേരില്ലാത്ത ഒരുപറ്റം നിയോനാസികളാണെന്ന് ഒടുക്കത്തിൽ കാണിക്കുന്നതിലൂടെ ഫ്രഞ്ച് പോലീസിനെയും ഭരണകൂടത്തേയും പ്രതിസ്ഥാനത്തു നിന്നും രക്ഷിക്കുന്നുണ്ട് സിനിമ. പോലീസിന്റെ അധികാരപരിധി വിസ്തൃതമാക്കുന്നതിനായി 2017ൽ ഫ്രാൻസിൽ നിലവിൽ വന്ന നിയമത്തെ തുടർന്ന് പോലീസ് വെടിവെപ്പുകൾ ഗണ്യമായി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പോലീസിന് അനുകൂലമായ കഥപറച്ചിൽ രീതി സംവിധായകൻ സ്വീകരിക്കുന്നത്. വലതുപക്ഷ നിലപാടുകൾ ഫ്രാൻസിന്റെ പ്രതിരോധസേനകളിൽ മാത്രമല്ല അധികാരവർഗങ്ങളിലും പ്രതിഫലിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളുകളായി. ഇസ്ലാമിക മതവേഷങ്ങൾ സ്കൂളുകളിൽ നിന്നും വിലക്കുന്നതുമായി ബന്ധപ്പെട്ട് 2004ൽ പ്രാബല്യത്തിൽ വന്ന വെയിൽ ബാനും 2011ലെ ബുർഖാ ബാനും നീന്തൽ വസ്ത്രമായ ബുർക്കിനിയുടെ നിരോധനവുമൊക്കെ ഫ്രഞ്ച് ഭരണകൂടത്തിന്റെ തീവ്രവലതുപക്ഷ നയങ്ങളുടെയും ഇസ്ലാമോഫോബിക് ചായ്‌വിന്റെയും ഉദാഹരണങ്ങളാണ്. ഫ്രഞ്ച് നാഷണൽ കമ്മീഷൻ ഓൺ ഹ്യൂമൻ റൈറ്റ്‌സിന്റെ (CNCDH) റിപ്പോർട്ട് പ്രകാരം ഫ്രാൻസിലെ ന്യൂനപക്ഷ സമൂഹങ്ങളിൽ ഏറ്റവും കൂടുതൽ വിവേചനം അനുഭവിക്കുന്ന വിഭാഗം നോർത്ത് ആഫ്രിക്കൻ മുസ്ലിങ്ങളാണ്. ഫ്രഞ്ച് സംസ്കാരത്തിന് ഇസ്ലാം മതം ഒരു ഭീഷണിയാണെന്ന് 44% ഫ്രഞ്ച് വംശജരും വിശ്വസിക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്.

അഥീനയിലെ ഒരു രംഗം

ലാ ഹെയ്നും അഥീനയും ഇത്തരം വംശീയ വിവേചനങ്ങളിൽ നിന്ന് ഉടലെടുക്കുന്ന വെറുപ്പുകളുടെ ഏറ്റുമുട്ടലുകളെയാണ് ഇതിവൃത്തമായി മാറ്റുന്നത്. ആൾകൂട്ടങ്ങളുടെ മനഃശാസ്ത്രവും സാമൂഹിക ഘടനകളിലെ അധികാരത്തിന്റെ മനഃശാസ്ത്രവും എപ്പോഴും സങ്കുചിതമായ അതിർവരമ്പുകളിൽ ചുറ്റികറങ്ങാനാണ് ശ്രമിക്കുക. ഇന്ത്യയിൽ ബീഫിന്റെ പേരിൽ നടക്കപെടുന്ന ആൾക്കൂട്ട കൊലപാതകങ്ങളും അമേരിക്കയിൽ പോലീസിന്റെ നരഹത്യക്ക് ഇരയാകേണ്ടി വരുന്ന ആഫ്രിക്കൻ അമേരിക്കൻ വംശജരും അതിനുദാഹരണമാണ്. വർഗ ബോധങ്ങളുടെ നൈതികമായ ബഹുജന സംഘാടനത്തിലൂടെയാണ് ഇത്തരം അപരവൽക്കരണങ്ങളിൽ നിന്നുള്ള വിമോചനം സാധ്യമാവൂ. ഒരർഥത്തിൽ ലാ ഹെയ്നും അഥീനയും മുന്നോട്ടുവെക്കുന്ന പ്രധാന ആശയവും മറിച്ചൊന്നല്ലതാനും.


Show More expand_more
News Summary - on cinema de banlieue