Begin typing your search above and press return to search.
proflie-avatar
Login

സാഹിത്യ അക്കാദമി പുസ്തകങ്ങളിൽ സർക്കാറിന്‍റെ ‘വാർഷിക പരസ്യം’; എഴുത്തുകാർ പ്രതികരിക്കുന്നു

സാഹിത്യ അക്കാദമി പുസ്തകങ്ങളിൽ സർക്കാറിന്‍റെ ‘വാർഷിക പരസ്യം’; എഴുത്തുകാർ പ്രതികരിക്കുന്നു
cancel

സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ സർക്കാറിന്‍റെ രണ്ടാം വാർഷികത്തിന്‍റെ പരസ്യം ഉൾപ്പെടുത്തിയത്​ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നു. രൂക്ഷ വിമർശനവുമായി എഴുത്തുകാർ രംഗത്ത് വന്നതോടെ പരസ്യം ചേർത്തതിൽ വിയോജിപ്പും നീരസവും പ്രകടിപ്പിച്ച് ആദ്യം രംഗത്ത്​ വന്ന പ്രസിഡന്‍റ്​ കെ. സച്ചിദാനന്ദൻ, പിന്നീട് അഭിപ്രായം വ്യക്തിപരമാണെന്ന് വിശദീകരിച്ചു. എന്നാൽ പരസ്യം വന്നതിനെ ന്യായീകരിച്ച് അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ വിശദ കുറിപ്പുമായി രംഗത്തെത്തി.

സർക്കാറുകൾ വീഴാനും പുസ്തകങ്ങൾ നിൽക്കാനും ഉള്ളത് -കെ. സച്ചിദാനന്ദൻ (സാഹിത്യ അക്കാദമി പ്രസിഡന്‍റ്​)

‘ഇക്കാര്യം വേണമെങ്കിൽ തന്നെ പുസ്തകത്തിന്റെ രണ്ടാം പേജിൽ ചെറുതായി സൂചിപ്പിച്ചാൽ മതിയായിരുന്നു. അഥവാ റിലീസ് നടന്നപ്പോൾ പറയുക മാത്രം മതിയായിരുന്നു എന്നാണ് എന്റെ വിവേകം പറയുന്നത്’ -അക്കാദമിയുടെ 30 പുസ്തകങ്ങളിൽ സർക്കാർ എംബ്ലം ചേർത്തതിനെക്കുറിച്ച്​ പ്രസിഡന്‍റ്​ സച്ചിദാനന്ദൻ ഫേസ്ബുക്കിൽ പറഞ്ഞു. സർക്കാറുകൾ വീഴാനും പുസ്തകങ്ങൾ നിൽക്കാനും ഉള്ളതായതിനാൽ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്താൻ അക്കാദമിക്ക് ബാദ്ധ്യതയുണ്ടെന്നാണ് വ്യക്തിപരമായ അഭിപ്രായം. സർക്കാർ നിയന്ത്രണത്തിലുള്ള സാംസ്കാരിക സ്ഥാപനമാണ് സാഹിത്യ അക്കാദമി. ആ നിലയിൽ അത് തെറ്റായി കരുതാനാവില്ല. ലോഗോ ഉൾപ്പെടുത്തിയത് അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന്‍റെ തീരുമാനമാണ്. കുറച്ച് കോപ്പികൾ മാത്രമാണ് അടിച്ചത്. ഉടൻ രണ്ടാം എഡിഷൻ പ്രിന്‍റിങ് തുടങ്ങും. അതില്‍ ലോഗോ ഉണ്ടാവില്ല -അദ്ദേഹം വ്യക്തമാക്കി

രാഷ്ട്രീയമില്ല, ഉത്തരവാദിത്തം എനിക്ക് -സി.പി. അബൂബക്കർ (സാഹിത്യ അക്കാദമി സെക്രട്ടറി)

‘സര്‍ക്കാർ രണ്ട്​ വര്‍ഷം പൂര്‍ത്തിയാവുന്നതിന്‍റെ ഭാഗമായി വിവിധ സാംസ്കാരിക സ്ഥാപനങ്ങള്‍ ഓരോ പരിപാടികള്‍ ഏറ്റെടുത്തു. കുറെ സെമിനാറുകളും 500 പുസ്തകത്തിന്‍റെ ഡിജിറ്റലൈസേഷനും 30 പുസ്തകങ്ങളുടെ പ്രസാധനവുമാണ് സാഹിത്യ അക്കാദമി ഏറ്റെടുത്തത്. പ്രത്യേക പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളെന്ന് വേറിട്ട്​ കാണിക്കണമെന്ന ലക്ഷ്യത്തിലാണ് എംബ്ലം വെച്ചത്. എംബ്ലം വെക്കുന്നതിനെപ്പറ്റി അക്കാദമിയില്‍ ചര്‍ച്ചയോ തര്‍ക്കമോ നടന്നിട്ടില്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളില്‍ ഇതുപോലുള്ള സവിശേഷ എംബ്ലങ്ങള്‍ പല പ്രസാധകരും ചേര്‍ക്കാറുണ്ട്. സര്‍ക്കാറിന്‍റെ രണ്ടാം വാര്‍ഷികം സൂചിപ്പിക്കുന്ന എംബ്ലം ചേര്‍ക്കുന്നത് എങ്ങനെ മഹാപാതകമാവുന്നുവെന്ന് മനസ്സിലാവുന്നില്ല. രണ്ടുതവണ മുഖ്യമന്ത്രിയാവുന്ന ഒരാളുടെ പേര് എങ്ങനെ അസ്വീകാര്യമാവുന്നുവെന്നും അറിയില്ല. എംബ്ലം ചേര്‍ത്തതിന്‍റെ സമ്പൂര്‍ണ ഉത്തരവാദിത്തം സെക്രട്ടറിയെന്ന നിലയില്‍ എനിക്കാണ്’.

പി.എഫ് മാത്യൂസ് (കഥാകൃത്ത്, തിരക്കഥാകൃത്ത്)

സർക്കാരിന്റെ പരസ്യം ചുമക്കേണ്ട ബാധ്യത ഒരു പുസ്തകത്തിനുമില്ല. എഴുത്തിനേയും പുസ്തകത്തേയും അവഹേളിക്കുന്നതാണ് ഈ നടപടി. സാഹിത്യ അക്കാദമി ആ പുറംചട്ടകൾ പിൻവലിച്ച് പുസ്തകം മാന്യമായി ഇറക്കേണ്ടതാണ്.

അൻവർ അലി (കവി)

സർക്കാരിന്റെ പരസ്യം പതിച്ച് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ എഴുത്താളർ പരസ്യമായി ഇക്കാര്യത്തിലുള്ള താന്താങ്ങളുടെ നിലപാട് പറയേണ്ടതാണ്. അക്കാദമി പ്രസിഡന്റും ഇക്കാര്യത്തിൽ പരസ്യനിലപാട് എടുക്കണം. അദ്ദേഹം ഇത് അറിഞ്ഞിരുന്നില്ല എന്നാണ് ഒരു വാർത്താ മാധ്യമത്തിൽ നിന്ന് അറിഞ്ഞത്. അങ്ങനെയെങ്കിൽ കവി സച്ചിദാനന്ദൻ സർക്കാരിനെ തന്റെ എതിർപ്പറിയിക്കുകയും, അതിനുള്ള സർക്കാരിന്റെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ സ്വന്തം രാജിക്കത്ത് തയ്യാറാക്കാനോ പരസ്യമച്ചടിച്ച പുസ്തകങ്ങൾ പിൻവലിക്കാനോ അടിയന്തിര നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. സർക്കാരിന്റെ സാമ്പത്തികവും ഭരണപരവുമായ പരിരക്ഷ ഉള്ളതിനാൽ, അക്കാദമി പുസ്തകങ്ങളുടെ ചട്ട സർക്കാരിന്റെ പരസ്യപ്പലകയാക്കന്നതിൽ അനൗചിത്യമില്ലെന്ന് ഉദ്യോഗസ്ഥനായ സെക്രട്ടറി കരുതുന്നുണ്ടെങ്കിൽ, അത് അദ്ദേഹത്തിന്റെ ഔദ്യോഗികനിലപാടാണ്. ആയിക്കോട്ടേ. പക്ഷേ, അശോകൻ ചെരുവിൽ, സുനിൽ പി. ഇളയിടം, ഇ പി രാജഗോപാലൻ എന്നിത്യാദി അക്കാദമി നിർവ്വാഹക സമിതി അംഗങ്ങളുടെ നിലപാട് എന്താണ് ? അവർ ആയത് വ്യക്തമാക്കേണ്ടതാണ്.

വീരാൻ കുട്ടി (കവി)

കേരള സാഹിത്യ അക്കാദമി ഈ വർഷം പുറത്തിറക്കിയ പുസ്തകങ്ങളിൽ സർക്കാർ പരസ്യം ഉൾപ്പെടുത്തിയത് അസാധാരണ നടപടിയാണ്. അക്കാദമികൾ അടക്കമുള്ള സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണാനുകൂലികളെ നിയമിച്ച് എതിർപ്പുകൾ ഏറ്റുവാങ്ങിയ മോദി സർക്കാർപോലും സ്വന്തം ഭരണത്തിന്റെ പരസ്യത്തിനായി അക്കാദമിയുടെ പുസ്തകങ്ങളെ ഉപയോഗിച്ചതായി അറിയില്ല. ഇനി അതും സംഭവിച്ചുകൂടായ്കയില്ല. അതിനുള്ള മാതൃക കേരള സാഹിത്യ അക്കാദമി മുൻകൂട്ടി കാണിച്ചുകൊടുത്തിരിക്കുന്നു. സർക്കാർ അക്കാദമിയോട് നേരിട്ട് ആവശ്യപ്പെട്ട് ചെയ്യിച്ചതാവാൻ വഴിയില്ല. പകരം പാർട്ടി വക നിയമനം കിട്ടിയ ഭാരവാഹികളിലാരെങ്കിലും തന്റെ വിധേയത്വമറിയിക്കാൻ ചെയ്തതാവാനേ വഴിയുള്ളു. അക്കാര്യം അവർ വിശദമാക്കട്ടെ. ഇത് ഒരു പുസ്തകക്കവറിന്റെ പ്രശ്നമല്ല. അക്കാദമികളുടെ പരസ്യമായ രാഷ്ട്രീയവൽക്കരണത്തിന്റെയും സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴടങ്ങലിന്റെയും സൂചനയതിലുണ്ട്. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കാൻ ഈ നടപടി ഇടയാക്കും. അതിനാൽ സാഹിത്യ അക്കാദമി പ്രസ്തുത പുസ്തകങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എസ്. ശാരദക്കുട്ടി (നിരൂപക)

"പേര് നെറ്റിയിൽ ഒട്ടിക്കുന്നൊരു നാടുണ്ട്.

ജാതി നെറ്റീൽ കാട്ടി നടക്കും നാടുണ്ട്.

കുരിശും കുറിയും തൊപ്പിയുമിട്ട്

വിശ്വാസങ്ങളെ വിളിച്ചു കാട്ടും

നാടുണ്ട്.

വിശ്വാസം വെളിക്കു കാട്ടി നടക്കുന്നത്

ശിശ്നം വെളിക്കു കാട്ടി നടക്കുന്നതു പോലെയാണെന്ന് ആരോ പറഞ്ഞിട്ടുണ്ട്.

എനിക്കറിയാം നിങ്ങൾക്ക് ശിശ്നമുണ്ടെന്ന്.

പക്ഷേ എനിക്കത് കാണണ്ട"

കെ. എ. ജയശീലനെഴുതിയ കവിതയാണ്. വിശ്വാസത്തിന്റെ പേര് നെറ്റിയിൽ വേണ്ട എന്നെഴുതിയ കവി വലിയ രാഷ്ട്രീയമാണ് പറഞ്ഞത്.

അദ്ദേഹത്തിന്റെയും അതേ പോലെ ചിന്തിക്കുന്നവരുടെയും നെറ്റിയിൽ നിന്ന് ആ സർക്കാർ പരസ്യം മാറ്റുന്നതായിരിക്കും കവികളുടെ വിശ്വാസങ്ങളെ മാനിക്കുവാൻ ബാധ്യതയുള്ള സാഹിത്യഅക്കാദമിയുടെ യശസ്സിന് നല്ലത്.

കുഴൂർ വിത്സൺ (കവി)

കേരളം ഭരിക്കുന്നത് തികഞ്ഞ ഒരു ഫാസിസ്റ്റാണെന്ന് നിരന്തരം പറയുന്ന ഒരാളാണ് ഇതെഴുതുന്നത്. കണ്ണൂർ സർക്കാർ എന്ന പ്രയോഗം മുമ്പ് എഴുതിയതാണ്. കള്ളിന്റെ കുപ്പിയിൽ പോലും എഴുതി വെക്കാൻ പാടില്ലാത്ത അശ്ലീലമാണ് സാഹിത്യ അക്കാദമി കെ.എ. ജയശീലന്റെ കവിതാ പുസ്തകത്തിനു മുകളിൽ ചെയ്തിരിക്കുന്നത്. നന്ദി വാലാട്ടിയും ചെരുപ്പ് നക്കിയും ഒക്കെയാണ് കാണിക്കേണ്ടത്. കവിതാ പുസ്തകങ്ങൾ നിങ്ങളുടെ അശ്ലീലങ്ങൾ അച്ചുകുത്താനുള്ള ഇടമല്ല.

ടി.പി വിനോദ് (കവി)

സർക്കാരിന്‌‌ അതിന്റെ പരിപാടികളും സന്ദേശങ്ങളും ജനങ്ങളെ അറിയിക്കാനുദ്ദേശിച്ചുള്ള പ്രസിദ്ധീകരണങ്ങൾ പോലെയല്ല സാഹിത്യകൃതികൾ. അതിന്റെ കവറിൽ എഴുത്തുകാരുടെ താൽപ്പര്യമോ അനുമതിയോ ഇല്ലാതെ സർക്കാരിന്റെ പരസ്യം വെയ്ക്കുന്നത്‌ യാതൊരു നീതീകരണവുമില്ലാത്ത അധികാര ദുർവ്വിനിയോഗമാണ്‌.

ആ പരസ്യം സൂക്ഷിച്ച്‌ വായിച്ചാൽ തന്നെ അതിലെ അനൗചിത്യത്തിന്റെ ഉറവിടവും ഉദ്ദേശ്യവുമെല്ലാം വെളിപ്പെട്ടു കിട്ടും. രണ്ടാം പിണറായി സർക്കാർ എന്ന പ്രയോഗം ഇടതുപക്ഷ രാഷ്ട്രീയത്തിനെതിരെ കൃത്യമായ അജണ്ടയുമായി പ്രവർത്തിക്കുന്ന മാധ്യമങ്ങൾ പ്രചരിപ്പിച്ച ഒന്നാണ്‌ എന്നാണ്‌ എന്റെ ധാരണ. എൽ.ഡി.എഫ്‌ സർക്കാർ എന്ന് പറയേണ്ടിടത്തെല്ലാം പിണറായി സർക്കാർ എന്ന് പറയുന്നത്‌ പിണറായി = മോദി എന്ന കൽപ്പിത സമവാക്യത്തെ കാര്യമായി സഹായിക്കുമല്ലോ. അക്കാദമി പ്രസിദ്ധീകരിക്കുന്ന സാഹിത്യകൃതികളിൽ സർക്കാർ പരസ്യം അടിച്ചേൽപ്പിക്കുന്നതിന്റെ അശ്ലീലത്തിന്‌ പുറമെ വേറൊരു ലെവലിലുള്ള വൃത്തികേടായി തോന്നി രണ്ടാം പിണറായി സർക്കാർ എന്ന പ്രയോഗം അവിടെ വന്നത്‌. ഞാൻ, എന്റെ എന്നൊക്കെ വളരെ അപൂർവ്വമായി പറയുകയും ഞങ്ങൾ, ഞങ്ങളുടെ എന്ന് നിരന്തരം പറയുകയും ചെയ്യുന്ന ഒരാളായാണ്‌ പിണറായി വിജയൻ ജനങ്ങളോട്‌ സംസാരിക്കാറുള്ളത്‌. സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിലെല്ലാം എന്റെ പേരെഴുതി വെയ്ക്കണം എന്ന് ആദ്ദേഹം നേരിട്ട്‌ നിർദ്ദേശിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് തോന്നുന്നില്ല. ആരുടെയൊക്കെയോ ‘preemptive obedience’ ആവണം ഇവിടെ പ്രയോഗത്തിൽ വന്നത്‌. സച്ചിദാനന്ദൻ മാഷിന്‌ ഈ തോന്ന്യവാസത്തിൽ നേരിട്ട്‌ അറിവും പങ്കാളിത്തവുമുണ്ട്‌ എന്ന് വിചാരിക്കാൻ എന്റെ തലക്ക്‌ ഓളവുമില്ല. ഈ തെറ്റ്‌ എത്രയും പെട്ടെന്ന് തിരുത്തിയാൽ അത്രയും നന്നായിരിക്കും സാഹിത്യ അക്കാദമിക്ക്‌.

Show More expand_more
News Summary - Kerala Sahitya Akademi controversy