അതെ, ഊട്ടുപുരകളിലും തീന്മേശയിലും കാളനാകാമെങ്കിൽ കാളയുമാകാം!
text_fields

മേല്‍ക്കോയ്മാ ജാതി പ്രത്യയശാസ്ത്രം പല വേഷങ്ങളില്‍ സാംസ്കാരിക ജീവിതത്തിലേക്ക് ഇടിച്ചുകയറുന്നതിനെക്കുറിച്ചുള്ള സൂക്ഷ്മമായ വിമര്‍ശനങ്ങളെ ചിലര്‍ ‘ഇറച്ചി’ വേണോ വെണ്ടക്ക വേണോ എന്നതിലേക്ക് മാത്രമായി ചുരുക്കുന്നത് കാണുമ്പോഴാണ് സത്യമായും നാം ഭയപ്പെടേണ്ടത്. മത്സ്യമാംസങ്ങള്‍ കഴിക്കുന്നവര്‍പോലും ‘‘ഞാനിപ്പോഴത്രയൊന്നും കഴിക്കാറില്ല, എന്തൊക്കെ പറഞ്ഞാലും അത്...
Your Subscription Supports Independent Journalism
View Plansമേല്‍ക്കോയ്മാ ജാതി പ്രത്യയശാസ്ത്രം പല വേഷങ്ങളില്‍ സാംസ്കാരിക ജീവിതത്തിലേക്ക് ഇടിച്ചുകയറുന്നതിനെക്കുറിച്ചുള്ള സൂക്ഷ്മമായ വിമര്‍ശനങ്ങളെ ചിലര്‍ ‘ഇറച്ചി’ വേണോ വെണ്ടക്ക വേണോ എന്നതിലേക്ക് മാത്രമായി ചുരുക്കുന്നത് കാണുമ്പോഴാണ് സത്യമായും നാം ഭയപ്പെടേണ്ടത്. മത്സ്യമാംസങ്ങള്‍ കഴിക്കുന്നവര്‍പോലും ‘‘ഞാനിപ്പോഴത്രയൊന്നും കഴിക്കാറില്ല, എന്തൊക്കെ പറഞ്ഞാലും അത് ആരോഗ്യത്തിന് അത്രയൊന്നും നന്നല്ലല്ലോ, ആ കുഴിമന്തിയും ബീഫും കഴിച്ച് ദിവസവും എത്രപേരാണ് മരിക്കുന്നത്’’ എന്നും മറ്റും പറയുന്നത് കേള്‍ക്കുമ്പോള്‍ ആരായാലും ചിരിച്ചുപോകും! ആത്മഹത്യകളെപ്പോലും ‘കുഴിമന്തി’ കോളത്തില്‍ വരവുവെക്കുന്ന മാധ്യമങ്ങള്‍ മുതല്‍, ‘അറബി അഭിരുചികളുടെ’ വ്യാപനത്തില്‍ മനംനൊന്ത് വേദനിക്കുന്ന, ‘തനിമപ്രിയര്’വരെ, ‘കലോത്സവ വിവാദ’ ചെലവില്‍ ഇളകിമറിയുകയാണ്! യഥാർഥ പ്രശ്നത്തെ മറച്ചുവെക്കാന്‍ പാകത്തില്‍ ‘തദ്ദേശീയ ഭക്ഷണം’, ‘തനത് ഭക്ഷണം’ മുതല്‍ എന്തിന് ‘ആര്‍ഷഭാരത സംസ്കാരം’ വരെയുള്ള പരികൽപനകള് പോരിനിറങ്ങിക്കഴിഞ്ഞു. ഉത്തരേന്ത്യന്‍ കാലിത്തൊഴുത്ത് ന്യായങ്ങളിലേക്ക് കേരളത്തെയും ഉന്തിവീഴ്ത്താനാവുമെന്ന് ചിലര്‍ ചുമ്മാ മോഹിക്കുന്നു.
കഴിഞ്ഞ കൊല്ലമാണ് കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ ജനായത്ത സംസ്കാരത്തിന്, അവമാനമായ ‘മുട്ടലഹള’യുണ്ടായത്! സ്കൂളുകളില്‍ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ആഴ്ചയില്‍ മൂന്നുദിവസം മുട്ടവിതരണം ചെയ്തതാണ് ചില മഠാധിപന്മാരെ പ്രകോപിതമാക്കിയത്. വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് കുട്ടികളുടെ താൽപര്യം തള്ളി, മുട്ടവിരുദ്ധ മഠാധിപര്ക്കൊപ്പം കൂടുകയാണുണ്ടായത്! മധ്യപ്രദേശില്‍ മുമ്പ് ഭക്ഷ്യമന്ത്രിയായിരുന്ന ‘കാശ്യപ്’ കോഴിമുട്ടയെ ‘സസ്യവകുപ്പില്’ ഉള്പ്പെടുത്തിയതൊന്നും നാഗേഷ് മന്ത്രി അറിഞ്ഞുകാണില്ല! മുമ്പൊക്കെ ഹോസ്റ്റലില്‍ കോഴിമുട്ട, ബീഫ്, നേന്ത്രപ്പഴം എന്നിവ വിതരണം ചെയ്യുമ്പോള്‍, കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരം അവ പരസ്പരം കൈമാറി സൗഹൃദം പങ്കുവെക്കുകയാണ് പതിവ്. കോഴിമുട്ട വേണ്ടാത്തവര്‍, അത് കഴിക്കുന്നവര്‍ക്ക് കൊടുക്കുന്ന, ഭക്ഷണവിഭവങ്ങള്‍ പരസ്പരം കൈമാറുന്ന ആ സൗഹൃദത്തെയാണ്, ജനായത്തം ശക്തിപ്പെടുത്തേണ്ടത്. അതിനുപകരം, ഞങ്ങള്‍ കഴിക്കാത്തതൊന്നും, ആരും കഴിക്കരുതെന്ന് ആജ്ഞാപിക്കുന്നത്, എവിടത്തെ ന്യായമാണ്?
കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ വിക്രം സിങ്ങിനെ ഓര്‍ക്കുന്ന നമ്മള്, അതേ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സന്ദീപ് സിങ്ങിനെയും അദ്ദേഹത്തിന്റെ മകള്‍ ഗുര്‍മെഹർ കൗര്‍ എന്ന ‘സമാധാനത്തിന്റെ പടയാളി’യെയും മറക്കരുത്. ‘‘പാകിസ്താനല്ല യുദ്ധമാണ് എന്റെ അച്ഛന്റെ ജീവനെടുത്തത്’’ എന്ന ഒരൊറ്റ പ്രസ്താവനയുടെ പേരിലാണ്, ആ യുവപ്രതിഭയുടെ മേല്‍ ഭീകരപട്ടം കെട്ടിവെച്ചത്. ഫ്രിഡ്ജില്‍, ബീഫ് സൂക്ഷിച്ചു എന്നാരോപിച്ചാണ് അഖ്ലാഖിനെ കൊന്നത്! കലോത്സവത്തിലെ സ്വാഗതഗാനവും ഊട്ടുപുര വിവാദങ്ങളും മേല്‍ വിവരിച്ച കാര്യങ്ങളും തമ്മില്‍ നേര്‍ക്കു നേര്‍ക്ക് ഒരു ബന്ധവുമില്ല! എന്നാല്‍ സൂക്ഷിച്ചുനോക്കിയാല്‍, ‘കലോത്സവ മറവില്‍’ സംഘ്പരിവാര്‍ നടത്തുന്ന പ്രചാരണയുദ്ധം പരിശോധിച്ചാല്‍, ‘മേല്‍ക്കോയ്മാ പ്രത്യയശാസ്ത്ര’ത്തിന്റെ വേരുകള്‍ അതിലും കണ്ടെത്താന്‍ കഴിയും.
‘പഴയിടത്തെ പടിയിറക്കിയത് ഇടതു-ജിഹാദി കൂട്ടുകെട്ട്’ എന്ന് ‘ജന്മഭൂമി’! ‘‘ആരോഗ്യകരവും സൗകര്യവും ലാഭകരവുമായതുകൊണ്ടാണ് സ്കൂള്‍കലോത്സവത്തില്‍ സസ്യഭക്ഷണം വിളമ്പുന്നത്’’ എന്നും ആ മുഖപ്രസംഗം പറയുന്നു. മുമ്പ് എസ്കിമോകള്‍ എന്ന് തെറ്റായി വിളിക്കപ്പെട്ടിരുന്ന ‘ഇനൂയിറ്റ’ ജനവിഭാഗം, മാംസഭക്ഷണം മാത്രം കഴിക്കുന്നവരും, ഏറ്റവും കൂടുതല്‍ ആരോഗ്യമുള്ളവരും എന്നറിയപ്പെട്ടു. ഇതിന് ‘ഇനൂയിറ്റ പാരഡോക്സ്’ എന്ന് പേരിട്ടവര്‍, ഇപ്പോഴും ആ പഴയ പ്രത്യയശാസ്ത്രങ്ങളില്‍ പറ്റിനില്ക്കുന്നവരാണ്. മാംസഭക്ഷണം ആരോഗ്യത്തിന് ഹാനികരമാണ്. ‘ഇനൂയിറ്റര്’, മാംസം മാത്രം ഭക്ഷിക്കുന്നവരാണ്. എന്നിട്ടുമവര്‍, അമ്പോ, പൂര്‍ണ ആരോഗ്യവാന്മാരാണ് എന്ന മട്ടിലുള്ള ആ അതിശയപ്പെടലുണ്ടോ, അതൊക്കെ ‘അഴുക്കുചാലുകള്‍ക്ക്’ വിട്ടുകൊടുക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
പിന്നെ നിങ്ങള്‍ പറയുന്ന ‘സൗകര്യം!’ കേട്ടാല്‍ തോന്നും സർവസ്ഥലത്തും സൗകര്യം പരിഗണിച്ച് മാത്രമാണ് ഊട്ടുപുരകള്‍ കെട്ടിയുണ്ടാക്കുന്നതെന്ന്! ആരുടെ സൗകര്യം? സസ്യേതര ആഹാരവും താന്‍ വെച്ചുണ്ടാക്കിയതിനെപ്പറ്റി പഴയിടം മോഹനന് നമ്പൂതിരി സാക്ഷ്യപ്പെടുത്തിയെങ്കിലും നമ്മള് മറക്കരുത്. അടുത്തപ്രാവശ്യം കലോത്സവത്തിന് മാംസ-മത്സ്യ-സസ്യ ബിരിയാണികള്‍ നല്കാനായാല് അതാവും കൂടുതല്‍ സൗകര്യവും അതിലേറെ ആ നിറപ്പകിട്ടുള്ള നാനാത്വത്തെ ആഘോഷിക്കുന്ന സ്വാതന്ത്ര്യവും! ഇതൊന്നും ഇഷ്ടമില്ലാത്തവര്‍ക്ക്, അവര്‍ക്ക് ഇഷ്ടമുള്ളത് നല്കാന് ശ്രദ്ധിക്കുകയും വേണം. ഇതൊരു ഭക്ഷണപ്രശ്നം മാത്രമല്ല, ഒരുതവണ സ്വന്തം ഭക്ഷണത്തില്‍ കൈവെക്കാന്‍ സമ്മതിച്ചാല്‍, പിന്നെയവര്‍ മറ്റ് പലയിടത്തും കാല്‍വെക്കും.
‘‘മാംസഭക്ഷണം കഴിച്ച പലര്‍ക്കും ഭക്ഷ്യവിഷബാധയേല്‍ക്കുകയും ചിലര്‍ മരിക്കുകയുമൊക്കെ ചെയ്യുന്നതില്‍ ജനങ്ങള്‍ ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് ഇതൊക്കെ കലോത്സവത്തിലും ആവര്ത്തിക്കാനിടയാക്കുന്ന ഒരു ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്’’ (ജന്മഭൂമി). ഭക്ഷ്യവിഷബാധ ഒരു പൊതുപ്രശ്നമെന്ന നിലയില്‍ പരിഹരിക്കപ്പെടേണ്ടതാണ്. എന്നാല്‍, സംഘ്പരിവാര്‍ മാംസഭക്ഷണത്തില്‍ ‘സ്പെഷല്‍ വിഷബാധ’ കാണുന്നതിന്റെ ഗുട്ടന്‍സ് മനസ്സിലാവുന്നില്ല. ബാക്ടീരിയകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രീണനങ്ങള്‍ക്കും വിവേചനങ്ങള്ക്കുമപ്പുറമുള്ളൊരു കാര്യമായതിനാല്‍, ഏതെങ്കിലുമൊരു ഭക്ഷണ ‘ഐറ്റ’ത്തെക്കുറിച്ചു മാത്രം വല്ലാതെ ബേജാറാവേണ്ട കാര്യമില്ല. എന്നാല്‍, കലോത്സവ സംവാദത്തെ വിവാദമാക്കിമാറ്റുന്ന, സവർണസ്വത്വമേല്ക്കോയ്മാ വാദികളെയും സംഘ്പരിവാര്‍ പ്രതിഭകളെയും വല്ലാതെ അസ്വസ്ഥമാക്കുന്നത്, ‘കേരളത്തനിമ’ പൊളിഞ്ഞുപോകുമല്ലോ എന്ന ഉത്കണ്ഠയാണ്. അതോടൊപ്പം കലോത്സവ വിവാദത്തിന്റെ വേര് കിടക്കുന്ന സ്ഥലം തങ്ങള്‍ കൃത്യം കണ്ടെത്തിക്കഴിഞ്ഞതിലുള്ള ആഹ്ലാദവും!
‘‘ജിഹാദികളുടെ പണംപറ്റി അവര്‍ക്ക് വിടുപണി ചെയ്യുന്നവരാണ് ഈ വിവാദത്തിന് തിരികൊളുത്തിയതെങ്കിലും അതിന്റെ വേര് കിടക്കുന്നത് മറ്റൊരിടത്താണ്. ‘‘കാളനാവാമെങ്കില്‍ കാളയുമാവാം’’ എന്നു കുറച്ചുകാലംമുമ്പ് ഒരു മൗദൂദി മാര്‍ക്സിസ്റ്റ് പറയുകയുണ്ടായല്ലോ. അതാണ് യുവജനോത്സവത്തിന്റെ പാചകപ്പുരയില്‍ വേവിച്ചെടുത്തത്.’’ ജന്മഭൂമിയുടെ നിലപാടനുസരിച്ച്, സാംസ്കാരിക വിമര്‍ശകനായ ഡോ. അരുണ്‍കുമാര്‍ അടക്കമുള്ളവര്‍, ജിഹാദികളുടെ പണംപറ്റി വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്ന ‘പാവം’ ആചാരപ്രിയരാണ്!
ലേഖനത്തിന്റെ പൂർണരൂപം വായിക്കാൻ - അതെ, ഊട്ടുപുരകളിലും തീൻമേശയിലും കാളനാകാമെങ്കിൽ കാളയുമാകാം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.